തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.
ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ തൊടുപുഴയില്‍ വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില്‍ സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നവംബറോടെ ചിത്രീകരണം അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്.
അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.
‘ദൃശ്യം’ സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം
നാലു പതിറ്റാണ്ടിലധികം മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന നടൻ മോഹൻലാലിന് 2023-ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യ പ്രകടനം, വൈദഗ്ധ്യം, കഠിനാധ്വാനം എന്നിവയെ തിരിച്ചറിഞ്ഞ് ഇന്ത്യൻ സർക്കാരാണ് ഈ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി നൽകുന്നത്.
പുരസ്കാര വാർത്ത പുറത്തുവിട്ട കുറിപ്പിൽ, തലമുറകളെ പ്രചോദിപ്പിക്കുന്ന മോഹൻലാലിന്റെ സിനിമായാത്രയെ കുറിച്ച് പറയുന്നുണ്ട് . നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹം മലയാള സിനിമയുടെയും ഇന്ത്യയിലെ ചലച്ചിത്ര ലോകത്തിന്റെയും ചരിത്രത്തിൽ സുവർണ്ണ സ്ഥാനം നേടിയ വ്യക്തിയാണ്. 2025 സെപ്റ്റംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സിൽ പുരസ്കാരം വിതരണം ചെയ്യും.
1969-ൽ രാജ്യത്തെ ആദ്യ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ദാദാ സാഹേബ് ഫാൽകെയുടെ സ്മരണ നിലനിർത്താനാണ് കേന്ദ്രസർക്കാർ പുരസ്കാരം ആരംഭിച്ചത്. 2004-ൽ അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു, മിഥുൻ ചക്രവർത്തി കഴിഞ്ഞ വർഷം ബഹുമതി നേടിയിരുന്നു.
മോഹൻലാൽ നായകനായി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. ഓഗസ്റ്റ് 28-ന് ഓണം റിലീസായി എത്തി, വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം 10 വർഷത്തിന് ശേഷം സത്യൻ അന്തിക്കാടുമായുള്ള അദ്ദേഹത്തിന്റെ കൂട്ടായ്മയാണ്. സിദ്ദീഖ്, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്‌സ്, മാളവിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിലും പുണെയിലുമായാണ് കഥ നടക്കുന്നത്. അഖിൽ സത്യൻ കഥ ഒരുക്കിയപ്പോൾ, അനൂപ് സത്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ടി.പി. സോനു തിരക്കഥ എഴുതി, അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.
ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന വാർത്തക്ക് സ്ഥിരീകരണം ലഭിച്ചു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈമ പുരസ്കാരച്ചടങ്ങിൽ കമൽഹാസൻ പ്രസ്താവിച്ച ഈ വാർത്ത ലോകമെങ്ങുള്ള ആരാധകർ ഏറ്റെടുത്തു . സൈമ പുരസ്കാരച്ചടങ്ങിൽ സംസാരിക്കവേ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.
. “ഞങ്ങൾ ഒരുമിക്കുന്നു” എന്ന് കമൽഹാസന്റെ പ്രഖ്യാപനം ആരാധകരെ ആവേശകൊടുമുടിയിൽ എത്തിച്ചു . രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത് എന്ന് കമലഹാ സൻ പറഞ്ഞു. നിർമ്മാതാവ്, സംവിധായകൻ ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരമില്ല. നേരത്തെ ലോകേഷ് കനകരാജ് രജനിയും കമലിനെയും ഒരുമിപ്പിച്ച് ഗ്യാങ്സ്റ്റർ സിനിമ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു.
ചരിത്രവിജയമായ മലയാള ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യില്‍ ഒരു വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധായകന്‍ ഡൊമിനിക് അരുണ്‍ കഥ പറഞ്ഞിരുന്നു. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ലോക‘ ചിത്രത്തില്‍ ഉണ്ടോ എന്നായിരുന്നു താരങ്ങളില്‍ ഒരാളുടെ ചോദ്യം. ‘ലോകയില്‍ ഒരുവേഷം ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തില്ല. വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. വേറെ കുറച്ച് കാരണം കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല’, എന്നായിരുന്നു ബേസിലിന്റെ പ്രതികരണം.
കല്യാണി പ്രിയദര്‍ശന്‍ ‘ചന്ദ്ര’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഇതിന് പുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.
വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.
‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.
മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
എ.എം.എം.എയില്‍ വനിതാ പ്രസിഡന്റിന് സാധ്യതയേറുന്നു. താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കാന്‍ കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതായാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണ് ഉള്ളത്. എ.എം.എം.എയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
എ.എം.എം.എയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന അഭിപ്രായം താരസംഘടനയില്‍ ശക്തമായി ഉയരുന്നുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നേതൃത്വത്തിലേക്ക് വനിതകള്‍ എത്തണമെന്ന് അഭിപ്രായം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് താരസംഘടന കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉചിതമായ മറുപടിയായിരിക്കും എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഒരു ജനാധിപത്യ സംഘടനയല്ല എ.എം.എം.എയെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നുമുള്ള പേരുദോഷം മാറ്റാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് എ.എം.എം.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍. ജഗദീഷ് പിന്മാറുന്നത് ശ്വേതാ മേനോനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ രവീന്ദ്രനും പിന്മാറാന്‍ സാധ്യത ഉണ്ട്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 3-യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആശിർവാദ് സിനിമാസ് പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് നിർമ്മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന ഒരു റീല്‍ പങ്കുവെച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ഈ വാർത്ത പുറത്തുവിട്ടത്. ‘ദൃശ്യം 3 ഉടൻ വരുന്നു’ എന്ന് റീലില്‍ വ്യക്തമാക്കുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാല്‍, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ‘ലൈറ്റ്, ക്യാമറ, ഒക്ടോബർ’ എന്നും വീഡിയോയില്‍ ചേർത്തിട്ടുണ്ട്.2025 ഒക്ടോബറില്‍ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ആകാംഷ ഉണർത്തുന്ന അടിക്കുറിപ്പോടെയാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ് ഈ പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിംഗും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച് അടുത്ത വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ഹിന്ദി അണിയറപ്രവർത്തകരുടെ പദ്ധതി.
2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും, അത് മറച്ചു വെക്കാനുള്ള നായക കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രമങ്ങളും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിർത്തി. 2021-ലാണ് ‘ദൃശ്യം 2: ദി റെസംപ്ഷൻ’ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.