സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായമായി മതം മാറുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് ട്രാൻസ്. അതീവ ഗൗരവമായ വിഷയം ശക്തമായി തന്നെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് അൻവർ റഷീദ്. ഭക്തി മൂത്തു ഭ്രാന്താവുന്ന സമൂഹത്തിൽ ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് ചിത്രം. അറിവുള്ളതാണെങ്കിലും നാം എല്ലാവരും പറയാൻ മടിക്കുന്ന വിഷയം. വിവാദങ്ങൾ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സത്യങ്ങളെ ഉച്ചത്തിൽ, നല്ല ഉച്ചത്തിൽ വിളിച്ചുപറയുകയാണ് ട്രാൻസ്.
കന്യാകുമാരിയിൽ അനിയനോടൊത്തു താമസിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദിനെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ചിത്രം പിന്നെ അദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങളിലൂടെ മുന്നേറുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം കന്യാകുമാരിയിൽ നിന്നും മുംബൈയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് JC ആയി മാറുന്നത് കാണിച്ചുതരുന്നതോടൊപ്പം എൻഗേജിങ് ആയാണ് ഒന്നാം പകുതിയിൽ കഥ പറച്ചിൽ. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആഴത്തിലാണ് കഥ പറയുന്നത്. JC യുടെ മാനസിക വൈകാരിക തലങ്ങൾ കൈകാര്യം ചെയ്യുന്ന കഥ നല്ലൊരു പ്രീ ക്ലൈമാക്സ് സീൻ നൽകുന്നുണ്ട്.
ഫഹദിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു fafa ഷോ തന്നെയാണ് ചിത്രം. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ; അവന്റെ അഭിനയത്തിനൊരു അവാർഡ് കൊടുക്കേണ്ടിവരും. നസ്രിയയ്ക്ക് നല്ല സ്ക്രീൻ പ്രസൻസ് കിട്ടിയപ്പോൾ കുറച്ചു നേരത്തെ പ്രകടനത്തിലൂടെ ശ്രീനാഥ് ഭാസിയും വിനായകനും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുന്നുണ്ട്. സൗബിൻ, ഗൗതം മേനോൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും നന്നായി സ്‌ക്രീനിൽ നിറയുന്നുണ്ട്. 35 കോടി മുതൽമുടക്കിൽ വന്ന പടം ഗംഭീര കാഴ്ചകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ വേറിട്ട ക്യാമറ കാഴ്ചകൾ തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണ്. മലയാളത്തിൽ ആദ്യമായി ബോൾഡ് ഹൈ സ്പീഡ് സിനിബോട് ക്യാമറ ഉപയോഗിച്ച ചിത്രം കൂടിയാണിത്. അതുപോലെ തന്നെയാണ് സുഷിൻ ശ്യാം, ജാക്ക്സൺ വിജയൻ എന്നിവരുടെ ബിജിഎം. രണ്ടാം പകുതിൽ കുറച്ച് പിന്നോട്ട് വലിയുന്ന കഥയെ കൈവിട്ടുപോകാതെ പിടിച്ചുനിർത്തുന്നത് ശക്തമായ ബിജിഎം ആണ്. ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനും സിനിമ മുതിരുന്നുണ്ട്. 2 മണിക്കൂർ 50 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തുന്ന വികാരമായി മതം മാറ്റപ്പെടുമ്പോൾ അതിന് പിന്നിൽ ചരടുവലി നടത്തുന്നവരെ കൂടി കാട്ടിത്തരുന്നുണ്ട് ചിത്രം. “ആടുകളെ പോലെ നിങ്ങളുടെ മുമ്പിൽ വരുന്ന പ്രവാചകന്മാരെ വിശ്വസിക്കരുത്. അവർ ചെന്നായ്ക്കളെപോലെ വലിച്ചുകീറും. ” അത്ഭുതപ്രവാചകനും ആൾദൈവങ്ങളുമൊക്കെ അടക്കിവാഴുന്ന സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതവും സിനിമ ചർച്ചചെയ്യുന്നു. 35 കോടി തിരിച്ചുപിടിക്കുമോ എന്ന് ചോദിച്ചാൽ അറിയില്ല…രണ്ടാം പകുതിയിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദിന്റെ ക്രാഫ്റ്റ് ചിത്രത്തിലുടനീളം തെളിഞ്ഞുകാണാം. ഗംഭീര ചിത്രം എന്ന് പറയാൻ കഴിയില്ല. ആഘോഷിക്കാനുള്ള സിനിമ എന്നതിലുപരി ഗൗരവമായ വിഷയത്തെ നല്ല അഭിനയങ്ങളിലൂടെയും ക്വാളിറ്റി മേക്കിങിലൂടെയും മാത്രം അവതരിപ്പിക്കുന്ന ചിത്രമായി ട്രാൻസ് മാറുന്നു.
ഷെറിൻ പി യോഹന്നാൻ
ഇനി ജോക്കർ എന്ന് പറയുമ്പോ എനിക്ക് ആദ്യം ഓർമ വരുന്നത് ആർതർ ഫ്‌ളെക്ക് എന്ന പേരായിരിക്കും. അത്രമേൽ പ്രേക്ഷനോട് സംവദിക്കുന്നുണ്ട് ഈ ജോക്കർ. നിരന്തരം ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ആർതർ എന്ന സ്റ്റാൻഡ്അപ്പ് കോമേഡിയന്റെ ജീവിതം ആണ് സിനിമ. ജോക്കർ ആയി ജീവിക്കുകയാണ് ജാക്വിൻ ഫീനിക്സ്. അസാധ്യ പ്രകടനം…. ഗൺ വൈലൻസും കൊലപാതകങ്ങളും ഉള്ള സിനിമ തന്നെയാണ് ജോക്കർ. അത്കൊണ്ട് എല്ലാ തരം പ്രേക്ഷകനും തൃപ്തിപ്പെടണമെന്നില്ല.
അത്രയും വലിയ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾക്കേ അത്ര ക്രൂരനായ ഒരാളാവാൻ കഴിയൂ. അതുതന്നെയാണ് സിനിമ പറയുന്നത്. ഒരു വില്ലൻ കഥാപാത്രത്തെ നായകനാക്കി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നില്ല. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മ. രണ്ടാം പകുതിയിലെ സീനുകളൊക്കെ അതിഗംഭീരമാണ്. ശക്തമായ പശ്ചാത്തലസംഗീതം. നാം നിലനിൽക്കുന്നുപോകുന്ന സിസ്റ്റത്തെ കൂടി ചോദ്യം ചെയ്യുന്നുണ്ട് സിനിമ.ക്ലൈമാക്സ് സീനുകൾ പറയുന്നതും അത് തന്നെ.
ഒരു മാസ്സ് സിനിമ അല്ല ജോക്കർ. വലിയ ഇമോഷൻസ് പ്രേക്ഷകന് മുന്നിൽ വെച്ചു നീട്ടുന്ന ചിത്രമാണ്. അറിയാതെ കൈയടിച്ചു പോകുന്ന സീനുകളുമുണ്ട്. പ്രേക്ഷക മനസിനെ കുത്തിതുളയ്ക്കുന്ന സീനുകളുമുണ്ട്. സിനിമ അതിന്റെ മുഴുവൻ സമയവും ആർതറിന്റെ മാനസിക വൈകാരിക തലങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്ലോ പേസിൽ കഥ പറഞ്ഞു പോകുമ്പോൾ അനാവശ്യ സീനുകൾ ഒന്നും തന്നെ ഉൾകൊള്ളിച്ചിട്ടില്ല. മികച്ച സിനിമയാണ് ജോക്കർ. എന്നാൽ എല്ലാ തരം പ്രേക്ഷകനും സ്വീകരിക്കണമെന്നില്ല. ഇത്തവണ ഓസ്കാറിൽ ജോക്കറിനെ കാത്ത് അനേക പുരസ്‌കാരങ്ങൾ ഇരിക്കുന്നു എന്നുറപ്പ്. ടോഡ് ഫിലിപ്സിന്റെ മാസ്റ്റർപീസ് വർക്ക് തന്നെയാണ് ജോക്കർ.
ഷെറിൻ പി യോഹന്നാൻ
മികച്ച ചിത്രം , മികച്ച വിദേശ ചിത്രം , മികച്ച സംവിധായകൻ , മികച്ച തിരക്കഥ ഏന്നീ പുരസ്‌കാരങ്ങളാണ് 92മത് ഓസ്കറിൽ പാരാസൈറ്റ് എന്ന കൊറിയൻ ചിത്രം
വാരിക്കൂട്ടിയത്
കാൻ ചലച്ചിത്ര മേളയിൽ മികച്ച വിദേശ ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം… 2019ലെ മികച്ച ചിത്രമെന്ന് നിരൂപകർ വിലയിരുത്തിയ ചിത്രം…. ഓക്ജ, മെമ്മറീസ് ഓഫ് മർഡർ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ ബോങ് ജൂൺ വിന്റെ പുതിയ ചിത്രം…. ഏതൊരു സിനിമ പ്രേമിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം… പാരാസൈറ്റ്
ഐഎഫ്എഫ്കെയിൽ ‘ നിന്നുകണ്ട ‘ ചിത്രമാണിത്. കിം കി ടേകിന്റെയും കുടുംബത്തിന്റെയും ജീവിതം ആണ് ചിത്രം. ഒരു തൊഴിൽരഹിതനായ അദ്ദേഹം ഭാര്യയും മകനും മകളും ആയി ചെറിയൊരു വീട്ടിലാണ് താമസം. കുടുംബത്തിലാകെ ദാരിദ്ര്യം ആണ്. അങ്ങനെയിരിക്കെ ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിത്തിൽ അരങ്ങേറുന്നു. കിമ്മിന്റെ മകനായ കി – വൂവിന് ഒരു സമ്പന്ന കുടുംബത്തിൽ ഇംഗ്ലീഷ് ട്യൂട്ടർ ആയി ജോലി കിട്ടുന്നു. കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് അദ്ദേഹം ജോലിയ്ക്ക് പോകുന്നത്. തുടർന്നുള്ള സംഭവങ്ങൾ ആണ് അപ്രതീക്ഷിതം.
ജോലിക്ക് കയറിയ വീട്ടിലെ അനുകൂല സാഹചര്യം മുതലാക്കി നിലവിൽ ഉണ്ടായിരുന്ന ജോലിക്കാരെയൊക്കെ തന്ത്രത്തിൽ ഒഴിവാക്കി കിമ്മിന്റെ കുടുംബം മുഴുവൻ ആ വീട്ടിൽ കയറി പറ്റുന്നു. ഒപ്പം കിം വൂ ആ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നു. ദാരിദ്ര്യത്തിൽ നിന്ന് പെട്ടെന്നു സമ്പന്നതയിലേക്ക് എത്തിയ അവർ ആ കുടുംബത്തിൽ ബന്ധം സ്ഥാപിക്കുന്നത് സ്വപ്നം കാണുന്നു. കഥ ഒരു രാത്രിയിലേക്കാണ് ഫോക്കസ് ചെയുന്നത്. ആ രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങൾ, ത്രില്ലടിപ്പിച്ച്, ചിരിപ്പിച്ച്, ഞെട്ടിപ്പിച്ച് തന്നെ പ്രേക്ഷകന് സംവിധായകൻ സമ്മാനിക്കുന്നു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിരിച്ചു കണ്ടിരിക്കുന്ന സിനിമ ഒരു നിമിഷത്തിലാണ് ട്രാക്ക് മാറുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷനെ ഞെട്ടിപ്പിച്ചാണ് ഓരോ സീനും മുന്നേറുന്നത്. ക്ലൈമാക്സ് ഒക്കെ അതിഗംഭീരം എന്ന് പറയാതിരിക്കാൻ ആവില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ, നഷ്ടപെടലുകൾ, ഒരു നിമിഷത്തിലെ ചിന്തയിലൂടെ ഉണ്ടാകുന്ന കൈയബദ്ധങ്ങൾ എന്നിവയെല്ലാം ഗംഭീരമാകുന്നത് അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയാണ്. തിരക്കഥയിലും ഛായാഗ്രഹണയത്തിലും ഒരു പടി മുന്നിൽ നിൽക്കുന്നുണ്ട് പാരസൈറ്റ്. സമ്പന്ന – ദരിദ്ര ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം ആണ് സിനിമ. ഇത്തവണ ഓസ്കാറിൽ ഈ ചിത്രം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയാൽ അത്ഭുതപ്പെടാനില്ല. ഒരു നിമിഷം പോലും ബോറടിക്കാതെ ഈ ഗംഭീര സിനിമ കാണാം ;
സച്ചി തന്നെ തിരക്കഥ എഴുതിയ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ഒരു പുതിയ പതിപ്പ് എന്ന നിലയിൽ ഈ സിനിമയെ സമീപിക്കാം. എന്നാൽ തമാശ നിറച്ചല്ല ഈ സിനിമ സച്ചി ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പികുന്നില്ല. അതാണ് ഈ സിനിമയുടെ വിജയം.
മുണ്ടൂര് മാടൻ എന്ന് വിളിക്കുന്ന എസ് ഐ അയ്യപ്പൻ നായരുടെയും റിട്ടയേർഡ് ഹവിൽദാർ കോശി കുര്യന്റെയും പകയുടെ കഥയാണ് ‘അയ്യപ്പനും കോശിയും’. അട്ടപ്പാടിയിലെ ഒരു രാത്രിയിൽ ആരംഭിക്കുന്ന കഥ വളരെ പെട്ടെന്ന് തന്നെയാണ് ഒരു കോൺഫ്ലിക്റ്റിലേക്ക് നീങ്ങുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തിത്തന്നെയാണ് സച്ചി കഥ പറയുന്നത്. പണത്തിന്റെയും അധികാരത്തിന്റെയും പേരിൽ അഹങ്കരിക്കുന്ന കോശിക്ക് ഒരു വൻ വെല്ലുവിളിയായി അയ്യപ്പൻ നായർ മാറുന്നത് രണ്ടാം പകുതിയിലാണ്.
ഒന്നാം പകുതിയിൽ കയ്യടിനേടുന്ന പ്രത്വിരാജിനെ കവച്ചുവെക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ ബിജു മേനോൻ. പോലീസ് യൂണിഫോമിൽ നിന്നിറങ്ങി ഇനി തനിക്ക് നിയമമില്ല എന്ന് പറയുന്നിടത്ത്, മുണ്ടൂര് മാടൻ ആയ കഥ പറയുന്നിടത്ത്, 25 വയസ്സിൽ ഒതുക്കി വച്ച തന്റെ കാടൻ സ്വഭാവത്തെ പുറത്തെടുക്കുന്നിടത്ത്, പക വീട്ടുന്നിടത് അയ്യപ്പൻ നായർ കിടു ആയി സ്‌ക്രീനിൽ നിറയുന്നുണ്ട്. ഉള്ളിലെ മൃഗത്തെ പുറത്തുകാട്ടുന്ന അയ്യപ്പൻ നായരോട് പ്രേക്ഷകന് വെറുപ്പ് തോന്നില്ല. ബിജുമേനോന്റെ ഗംഭീര പ്രകടനം. ഒപ്പം കുര്യൻ ജോണിനെ അവതരിപ്പിച്ച രഞ്ജിത്ത്, സിഐ ആയി വന്ന വ്യക്തി, കോൺസ്റ്റബിൾ സുദീപ്, കോശിയുടെ ഡ്രൈവർ, നായരുടെ ഭാര്യ കണ്ണമ്മ തുടങ്ങിയവരും മികച്ച പ്രകടനം ആണ്. കണ്ണമ്മയുടെ ഡയലോഗ് ഡെലിവറി ഒക്കെ നന്നായി തോന്നി. നാടൻപാട്ടിന്റെ താളം ഒന്നിച്ചു ചേരുന്ന പശ്ചാത്തല സംഗീതവും കാടിന്റെ വന്യതയും മനുഷ്യനുള്ളിലെ വീറും (ക്ലൈമാക്സിലെ ഫൈറ്റ് ഉൾപ്പെടെ ) കാട്ടിത്തരുന്ന ഛായാഗ്രഹണവും സിനിമയുടെ മികച്ച വശങ്ങളാണ്.
ശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ചിത്രം കൂടിയാണിത്. പണവും അധികാരവും അനാവശ്യത്തിന് ഉപയോഗിക്കുമ്പോൾ അതിനോടാണ് അയ്യപ്പൻ നായർ പൊരുതുന്നത്. മനുഷ്യനുള്ളിലെ ഈഗോ തന്നെയാണ് പ്രധാന പ്രശ്നമാവുന്നതും. ധാരാളം അർത്ഥതലങ്ങളിൽ ചേർത്തുനിർത്തി ചർച്ച ചെയ്യാവുന്ന ചിത്രം കൂടിയാണിത്. വളരെ എൻഗേജിങ് ആയി കഥ പറയുന്ന ആദ്യ പകുതിയോടൊപ്പം ഗംഭീരമായ രണ്ടാം പകുതി ചേരുമ്പോൾ തിയേറ്റർ കാഴ്ചകളിൽ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ചിത്രമായി അയ്യപ്പനും കോശിയും മാറുന്നു.
ഷെറിൻ പി യോഹന്നാൻ
ഒരു യന്ത്രം കണക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മണിലാൽ രാമചന്ദ്രൻ.. നിർവികാരമായി മുന്നോട്ട് പോകുന്ന ജീവിതം… അന്യനാട്ടിലെ ഏകാന്തവാസം അയാളെ തീർത്തും ഒരു മരവിച്ച മനസ്സിന് ഉടമയാക്കി തീർത്തു. ഇവിടെ നിന്നാണ് കൃഷാന്ദ് സംവിധാനം ചെയ്ത വൃത്താകൃതിയിലുള്ള ചതുരം കഥ പറഞ്ഞു തുടങ്ങുന്നത്. മലയാളത്തിൽ നിന്ന് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച രണ്ടുചിത്രങ്ങളിൽ ഒന്ന്.
കൊറിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് മണി. ഇന്റർവ്യൂന് വേണ്ടി തന്റെ പ്രൊഫൈൽ കാണാതെ പഠിക്കുന്ന മണിയെ ആണ് ആദ്യം പരിചയപ്പെടുക. എന്നാൽ അപ്രതീക്ഷിതമായ ആ വിളി അയാളെ നാട്ടിലേക്ക് പോകാൻ നിർബന്ധിതനാകുന്നു. സ്വന്തം അച്ഛന്റെ മരണവാർത്തയാണ്. യാതൊരു ഭാവമാറ്റവും കൂടാതെ മണി അത് കേൾക്കുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന മണി പിന്നീട് നടത്തുന്ന യാത്രകളും കണ്ടുമുട്ടുന്ന ജീവിതയാഥാർഥ്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഒറ്റയ്ക്കു ജീവിച്ച അച്ഛൻ വീട്ടിൽ കിടന്ന് മരിച്ച്, നാല് ദിവസം അവിടെ തന്നെ കിടക്കുന്നു. ആദ്യം ‘തന്നെ’ കാണാതെ പഠിച്ച മണി പിന്നീട് അച്ചന്റെ മരണത്തെ കാണാതെ പഠിക്കുന്നു. പിന്നീട് അച്ചന്റെ സൈക്കിളിൽ എറണാകുളത്തേക്കും പിന്നീട് കുംതയിലേക്കും അവിടെ നിന്ന് മൃദുലനും ചിന്നുമായി വരാണസിയിലേക്കും യാത്ര നടത്തുന്ന മണി ജീവിതം തിരിച്ചറിയുന്നു.. കുടുംബബന്ധങ്ങൾ അറിയുന്നു… മനുഷ്യനെ അടുത്തറിയുന്നു. കൊറിയയും കേരളവും കർണാടകയും വരാണസിയും സിനിമയിൽ നിറയുന്നു. സൈക്കിളും വിമാനവും തീവണ്ടിയും യാത്രയ്‌ക്കെത്തുന്നു.. പുഴയും മലയും കാടും കാഴ്ചക്കാരന് വിരുന്നേകുന്നു.
യാത്രയും മരണവും ജീവിതവും കൂട്ടിയിണക്കിയ ചിത്രം. അവസാനം മോക്ഷഗംഗയിൽ മുങ്ങിനിവരുന്ന മണി അസ്വസ്ഥമായ സ്വപ്നങ്ങളിൽ നിന്നും മോചിതനാവുന്നു… വികാരമുള്ളവനായി മാറ്റപ്പെടുന്നു. ഏകാന്ത വാസവും നഷ്ടമാകുന്ന പിതൃ – പുത്ര ബന്ധവും സിനിമയിൽ നിറയുന്നു. മരണവും നീണ്ട യാത്രയും കൂട്ടിയിണക്കി സ്വാഭാവിക നർമത്തിൽ തന്നെ കഥ പറഞ്ഞവസാനിപ്പിക്കുന്നു. മാതാപിതാക്കളെ ഒറ്റയ്കാക്കുന്ന മക്കൾ കണ്ടിരിക്കേണ്ട ചിത്രം.
റോഷിൻ എ റഹ്‌മാൻ
എബ്രിഡ്, നിങ്ങൾ വീണ്ടുമെന്നെ വിസ്മയിപ്പിക്കുന്നു..! എന്നെക്കൊണ്ട് ആദ്യമായി ഒരു സിനിമാ നിരൂപണം എഴുതിച്ചത് താങ്കളാണ് (താങ്കൾ ഒരുപക്ഷേ അത് അറിഞ്ഞിട്ടുണ്ടാവുകപോലുമില്ല!). അന്നത്തെ ആ എഴുത്തും ഒരു പാതിരാത്രിയിലായിരുന്നു, ഇന്നത്തേതു പോലെ… പൂമരം കണ്ടിറങ്ങി ഉറക്കം വരാത്ത രാത്രികളിലൊന്നിൽ അത്രമേൽ ഉള്ളിൽ തട്ടി എഴുതിയൊരു റിവ്യൂ പോലെ അതിനു മുൻപോ ശേഷമോ എഴുതിയിട്ടില്ല… ഇന്ന് ‘കുങ്ഫു മാസ്റ്റർ’ കണ്ടിറങ്ങിയപ്പോഴും ഉള്ളിൽ അകാരണമായൊരു വിങ്ങൽ! ഒരുപക്ഷേ, ചുറ്റും ഒഴിഞ്ഞു കിടന്ന സീറ്റുകൾ കണ്ടിട്ടാവാം; അതുമല്ലെങ്കിലൊരുപക്ഷേ, ഇത്ര നല്ലൊരു സിനിമ കാണാൻ അധികമാളുകൾക്ക് ഭാഗ്യം ലഭിക്കുന്നില്ലല്ലോ എന്നോർത്തുള്ള സങ്കടവുമാകാം…
പൂമരത്തിലൂടെയുള്ള താങ്കളുടെ ‘നിതാ പിള്ള’ എന്ന കണ്ടെത്തൽ ഒട്ടും തെറ്റായിരുന്നില്ല എന്ന് ഈ ചിത്രം അടിവരയിട്ടു പറയുന്നു. നായകനെയും വില്ലനെയും പുതുമുഖങ്ങളാക്കാനുള്ള താങ്കളുടെ മനോധൈര്യം അപാരം തന്നെ! അവർ പുതുമുഖങ്ങളാണെന്നു അവസാനം എഴുതി കാണിച്ചപ്പോഴാണ് മനസ്സിലായതെന്നത് താങ്കളുടെ ബ്രില്യൻസ്! അത്രമേൽ തന്മയത്വത്തോടെ ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ പകർന്നാടിയിരിക്കുന്നു… ഇങ്ങനെയൊരു പ്രമേയം മലയാള സിനിമയിൽ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്! (ഇനിയുള്ളതൊക്കെയും തുടർച്ചകളോ ആവർത്തനങ്ങളോ മാത്രമാണല്ലോ.) കൃത്രിമത്വമില്ലാത്ത സീനുകളാണ് എബ്രിഡ്, താങ്കളെ നല്ലൊരു സംവിധായകനും എഴുത്തുകാരനുമാക്കുന്നത്; താങ്കളുടെ പേര് മാത്രം കണ്ട് ഞങ്ങളെ തിയേറ്ററുകൾ മാടിവിളിക്കുന്നത്..! ക്ളൈമാക്‌സ് ട്വിസ്റ്റുകൾക്കായി പ്രേക്ഷകനെ മുഷിച്ചിലോടെ കാത്തിരിപ്പിക്കുന്ന സ്ഥിരം സിനിമാ ശൈലികളിൽ നിന്ന് താങ്കൾ മാറ്റിയൊഴുക്കുന്ന മഷിയാണ് ഞങ്ങൾ നിങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസം. അത് ഈ തവണയും തെറ്റിയില്ല. ‘കുങ്ഫു മാസ്റ്റർ’ എന്ന ഈ സിനിമയെക്കുറിച്ച് എന്ത് പറയാനാണ്? അത്രമേൽ മനോഹരമായൊരു ദൃശ്യവിസ്മയമെന്നോ, അതോ ഹിമാലയൻ സൗന്ദര്യം വരച്ചുവച്ച സുന്ദരമായൊരു ക്യാൻവാസ് എന്നോ, അതുമല്ല, ത്രസിപ്പിക്കുന്നൊരു ആക്ഷൻ സിനിമയെന്നോ? സംവിധായകനും അഭിനേതാക്കളുമെല്ലാം ഒരേ മനസ്സോടെ മത്സരിച്ചു ചെയ്ത ഈ സിനിമക്ക് മാർക്കിടാൻ എന്റെ കൈയിലുള്ള അളവുകോലുകൾക്കാവുന്നില്ല, മാപ്പ്…
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തന്റെ കരിയറിൽ ആദ്യമായാണ് മിഥുൻ മാനുവൽ തോമസ് ഒരു ത്രില്ലർ ചിത്രം എടുക്കുന്നത്. ഫീൽ ഗുഡ് മൂവീസിന്റെ വേലിയേറ്റം മൂലം മലയാളത്തിൽ ത്രില്ലർ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ ഇറങ്ങിയിരുന്നുള്ളു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ പൊലീസുകാരെ മാത്രം തിരഞ്ഞെടുത്ത് കൊല നടത്തുന്ന ഒരു സീരിയൽ കില്ലർ. വളരെ മൃഗീയമായി കൊല നടത്തുന്ന കില്ലറെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ് സേന. ഇവരോടൊപ്പമാണ് ക്രിമിനോളജിസ്റ്റ് ആയി അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ )ചേരുന്നത്. തുടർന്നുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുന്നതാണ് അഞ്ചാം പാതിരാ.
സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്ന് ബിജിഎം തന്നെയാണ്. സുഷിൻ ശ്യാമിന്റെ വർക്ക് ഒരു ത്രില്ലർ മൂഡ് സിനിമയുടെ അവസാനത്തോളം നിലനിർത്തുന്നതിന് സഹായിച്ചട്ടുണ്ട്. അതുപോലെ തന്നെ ഷൈജു ഖാലിദിന്റെ ക്യാമറയും. സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചത് ഉണ്ണിമായ പ്രസാദും കുഞ്ചാക്കോ ബോബനുമാണ്. ജാഫർ ഇടുക്കിയും ശ്രീനാഥ് ഭാസിയും തങ്ങൾക്ക് കിട്ടിയ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. ഭാസിയുടെ കൗണ്ടറുകളൊക്കെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സീരിയൽ കില്ലർ ആര് എന്ന ചോദ്യത്തിൽ അവസാനിച്ച ഒന്നാം പകുതിയായിരുന്നു രണ്ടാം പകുതിയേക്കാൾ മെച്ചം. കില്ലറെ കണ്ടെത്തിയശേഷം പഴയ ത്രില്ലർ പടങ്ങളുടെ പതിവുരീതിയിലേക്ക് സിനിമ മടങ്ങി പോയത് വേണ്ടായിരുന്നെന്ന് തോന്നി.
പ്രതികാര ദാഹിയായ ഒരു കൊലപാതകിയുടെ മുൻകാല ജീവിതം പറഞ്ഞ്, അദ്ദേഹത്തോട് പ്രേക്ഷകന് സഹതാപം തോന്നുന്നിടത്താണ് സിനിമ അല്പം പിറകോട്ടു വലിയുന്നത്. ഒരു സൈക്കോ കില്ലറെ അല്ല ഇവിടെ നമ്മൾ കാണുന്നത്. സഹതാപതരംഗം സൃഷ്ടിച്ച്, വില്ലന്റെ ഭാഗത്തുനിന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച്, ഇനിയെന്ത് എന്നൊരു തോന്നൽ നൽകിയെങ്കിലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിവെച്ചത് നന്നായി തോന്നി. കണ്ടുകൊണ്ടിരിക്കുമ്പോൾ മുകളിൽ പറഞ്ഞ പോരായ്മകൾ ഒന്നും പ്രേക്ഷനെ കൊണ്ട് സിനിമ ചിന്തിപ്പിക്കുന്നില്ല. ബോറടിപ്പിക്കാതെ ത്രില്ലർ മൂഡിൽ തന്നെയാണ് സിനിമ കഥ പറയുന്നത്. രണ്ടര മണിക്കൂർ ഉണ്ടെങ്കിലും ലാഗ് അനുഭവപ്പെടുകയില്ല. ടെക്നിക്കൽ വശങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണിത്. മലയാളികൾക്ക് കുറേകാലം കൂടി കാത്തിരുന്നു കിട്ടിയ നല്ലൊരു ത്രില്ലർ ചിത്രം… തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാട് നാടായി മാറുന്നിടത്താണ് കാന്തൻ കഥപറയുന്നത്. മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ചുനിരത്തിയും പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നാമൊക്കെ തീർച്ചയായും ഈ ചിത്രം കാണണം. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം സംവിധാനം ചെയ്തത് ഷരീഫ് സി ആണ്. വയനാട്ടിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തിയ ചിത്രമാണിത്. പത്തു വയസ്സുകാരൻ കാന്തനും അവന്റെ മുത്തശ്ശിയും പിന്നെ ഒരു നായ്കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാടിന്റെ കഥയാണ് ചിത്രം പറയുന്നത്.
തന്റെ ലോകം നിറമുള്ളതായി കാണാൻ കാന്തൻ ആഗ്രഹിക്കുന്നു. എന്നാൽ ആ നിറം കാരണം തന്നെ അവന്റെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു. ദാരിദ്ര്യം മൂലം ഒറ്റ യൂണിഫോം ധരിക്കേണ്ടി വരുന്നു. എന്നാൽ തന്റെ ലോകം നിറമുള്ളതാക്കാൻ പരിശ്രമിക്കുന്ന കാന്തൻ വൃക്ഷങ്ങളാണ് അതിനായി തിരഞ്ഞെടുത്തത്.
കളഞ്ഞുകിട്ടിയ ഒരു മാവിൻ തൈ കൊണ്ടുവന്ന് നട്ട്, പരിപാലിച്ച് കൂടെ കൊണ്ടുനടക്കുന്ന കാന്തൻ മരം മുറിച്ചുമാറ്റുന്നവരെ ഭയപ്പെടുന്നവൻ കൂടിയാണ്. മാറ്റി നിർത്തപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നതോടൊപ്പം കർഷക ആത്മഹത്യയും ആദിവാസികളുടെ തനത് ജീവിത ശൈലിയും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. വൃക്ഷത്തെ അത്രമാത്രം സ്നേഹിക്കുന്നത്കൊണ്ടാണ് അവൻ ഇത്തിയമ്മയോട് ആവശ്യപ്പെടുന്നത്, മരിച്ചാലും ഒരു മരമായി മുളച്ചുവരാൻ… എന്നാൽ മരങ്ങൾക്ക് എന്നും ഈ പ്രകൃതിയിൽ നിലനില്പില്ലെന്ന് ഒരു നിമിഷത്തിൽ തിരിച്ചറിയുന്ന കാന്തൻ സ്വയം പറിച്ചു മാറ്റി നടുന്ന മാവിനോടൊപ്പം മണ്ണിൽ ലയിച്ചുചേരുന്നുണ്ട്.
ഫെസ്റ്റിവൽ സിനിമകളുടെ സ്ലോ പേസ് തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായ് ആണ് ഇത്തിയമ്മ ആയി അഭിനയിക്കുന്നത്. കാലിഡോസ്കോപ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മികച്ച സന്ദേശം നൽകി, തിരിച്ചറിവിന്റെ പാഠങ്ങൾ മനുഷ്യന് മുന്നിൽ തുറന്നിടുന്ന കാന്തനെ തീർച്ചയായും പരിചയപ്പെടുക
Android Kunjappan Version 5.25 Movie Review:
വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും? വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയിരിക്കുകയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
പയ്യന്നൂരിലെ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ’ന്റെ കഥ നടക്കുന്നത്. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.
ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. അവിടെ നിന്നുമാണ് സിനിമ കൗതുകമേറിയൊരു കാഴ്ചയായി മാറുന്നത്.
നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
വളരെ ഫ്രഷായ ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിനെ രസകരമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.
വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.
സുരാജ് വെഞ്ഞാറമൂടിന്റെ പവർപാക്ക് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സുരാജിനെ അല്ലാതെ മറ്റൊരു നടനെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിഞ്ഞെന്നുവരില്ല. കാരണം തന്നേക്കാൾ ഇരട്ടിപ്രായമുള്ള അച്ഛൻ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞപ്പനെന്ന ഹ്യൂമനോയിഡിനെ മകനെ പോലെ സ്നേഹിക്കുന്ന, ചരട് ജപിച്ചു കെട്ടി കൊടുക്കുന്ന, മഴയത്ത് നനയുമ്പോൾ തല തോർത്തി കൊടുക്കുന്ന, പോകുന്നിടത്തെല്ലാം കയ്യും പിടിച്ചു നടക്കുന്ന ഭാസ്കര പൊതുവാൾ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കും.
സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് കുഞ്ഞപ്പൻ എന്ന് ഒരു നിമിഷം പ്രേക്ഷകർ മറന്നുപോയാലും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.
ചിത്രത്തിലെ സംഭാഷണങ്ങളാണ് ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകം. ജാതിമത ഭേദങ്ങൾക്കും ചിന്താഗതികൾക്കും അപ്പുറത്തേക്ക് മനുഷ്യൻ മാറേണ്ട ഒരു കാലത്തിനെ ഉൾകൊള്ളുന്നുണ്ട് ചിത്രം. എങ്ങനെ ഒരു മികച്ച മനുഷ്യനാവാം എന്ന് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ പറയുമ്പോൾ കുറച്ചുപേരിലെങ്കിലും ആ വാക്കുകൾ ഇരുണ്ട ചിന്താഗതികളിലേക്ക് വെളിച്ചം വീശിയേക്കാം എന്നതാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തരുന്ന പ്രത്യാശകളിലൊന്ന്.
സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വളരെ പുതുമയുള്ളൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികൾക്കൊപ്പം തിയേറ്ററിൽ പോയി കാണേണ്ട ചിത്രങ്ങളിലൊന്നാണ്. കളിയും ചിരിയും കാര്യവുമൊക്കെയായി ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികളുടെ ഹൃദയം കവരുമെന്ന് ഉറപ്പ്.
Nivin Pauly ‘Moothon’ Movie Review and Rating:
ഒരു തുരുത്തിൽ നിന്ന് നിലയില്ലാക്കയത്തിലേക്ക്, അവിടെ നിന്നും ഒരിക്കലും തിരിച്ചു വരാനാകാത്ത ഒരു ചുഴിയിലേക്ക്… ‘മൂത്തോന്‍’ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സ് കറുത്ത് കലങ്ങി, രൗദ്ര ഭാവത്തിലുള്ള തിരമാലകൾ അലയടിക്കുന്ന ഒരു കടല്‍ പോലെയാകും. ആ തിരമാലകൾക്കു താഴെ, വെളിച്ചത്തിന്റെ കണികകൾ ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത ആഴങ്ങളില്‍പ്പെട്ട് മുങ്ങിത്താഴുന്ന ‘മൂത്തോനിലെ’ കഥാപാത്രങ്ങളും, അവരുടെ ജീവിതങ്ങളും.
മുല്ലയെന്ന കുട്ടി തന്റെ മൂത്ത സഹോദരനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിലെ കാമാത്തിപുരയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് മൂത്തോന്റെ ഇതിവൃത്തം. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന സിനിമ. അറിയാത്ത ഏതോ കാരണത്താൽ തന്റെ ദ്വീപിൽ നിന്നും നാടുവിട്ടു പോകേണ്ടി വരുന്ന മുല്ലയുടെ ചേട്ടൻ അക്ബർ പിന്നെ കാമാത്തിപുരയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന അക്ബർ ഭായ് ആവുന്നതിന്റെ കാരണങ്ങളാണ് ‘മൂത്തോന്‍’ അന്വേഷിക്കുന്നത്.
മൽസ്യബന്ധനം നടത്തിയും , ‘പരിചകളി’ നൃത്തം ചെയ്തും ദ്വീപിലെ ശാന്ത ജീവിതം നയിച്ച അക്ബർ എന്ന ചെറുപ്പക്കാരൻ, കാമാത്തിപുരയിലെ അരണ്ട വെളിച്ചങ്ങളിൽ, സിരകളിൽ ലഹരിയും നിറച്ച്, വികാരങ്ങൾ തീണ്ടാത്ത മനസുമുള്ള ഭായ് ആയി മാറിയതിനു കാരണം സമൂഹം അന്യവൽക്കരിക്കുന്ന, അംഗീകരിക്കാൻ തയ്യാറാകാത്ത പ്രണയ സങ്കൽപ്പങ്ങൾ കൂടിയാണെന്ന് സംവിധായിക ഗീതു മോഹന്‍ദാസ് ഈ സിനിമയിലൂടെ പറയുന്നു. ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്‍’. അക്ബർ എന്ന കഥാപാത്രത്തിനു അമീർ എന്ന സംസാരശേഷിയില്ലാത്ത ചെറുപ്പക്കാരനോട് തോന്നുന്ന സ്നേഹം, പ്രണയമാകുന്ന കാഴ്ചകളെല്ലാം ചിത്രം അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. മുല്ല എന്ന കുട്ടിക്കുണ്ടാകുന്ന ജെന്‍ഡര്‍ ക്രൈസിസിനെ സമൂഹം പ്രശ്നവൽക്കരിക്കുന്നതും സിനിമ ചോദ്യം ചെയ്യുന്നു.
ലക്ഷ്വദ്വീപിലെ തുറസ്സായ കടൽത്തീരങ്ങളിൽ നിന്ന് കാമാത്തിപുരയിലെ ഇടുങ്ങിയ, ജീർണിച്ച ഇടങ്ങളിൽ എത്തുമ്പോൾ അക്ബർ എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റം നിവിൻ അത്ഭുതാവഹമായി അഭിനയിക്കുന്നുണ്ട്. തന്റെ ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും ചങ്കു കൊത്തി പറിക്കുന്ന വേദനകൾ മറക്കാൻ ലഹരി കുത്തി നിറയ്ക്കുന്ന അക്ബറിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെ ഭംഗിയായിട്ടാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ, അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിച്ച സംവിധായികയുടെ ശ്രമങ്ങള്‍ വലിയ കയ്യടി അര്‍ഹിക്കുന്നു. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. കാമാത്തിപുരയുടെ ഇരുണ്ട ഇടവഴികളും, മങ്ങിയ ഉള്ളറകളും, ലക്ഷ്വദ്വീപിന്റെ നീലിമയും, കാണാകാഴ്ചകളുമെല്ലാം സിനിമയുടെ ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്നേഹ ഖാൻവാൽക്കറും ഗോവിന്ദ് വസന്തയും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാവവുമായി ഇണങ്ങി പോവുന്നതാണ് അതിലെ പശ്ചാത്തല സംഗീതം.
മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത, കാണാൻ മടിക്കുന്ന പല കാഴ്ചകളെയും ചങ്കൂറ്റത്തോടെ, ഒരു വീട്ടുവീഴ്ചയുമില്ലാതെ വെള്ളിത്തിരയിൽ എത്തിച്ച ഗീതു മോഹൻദാസ് തന്നെയാണ് അഭിനന്ദനത്തിന്റെ സിംഹഭാഗം അർഹിക്കുന്നത്. മനുഷ്യന്റെ പല തരത്തിലുള്ള വീർപ്പുമുട്ടലുകളെ, അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ അവതരിപ്പിക്കുന്ന ‘മൂത്തോനെ’ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
Nalpathiyonnu Movie Review:
സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ശബരിമല. മലയെയും വിശ്വാസത്തെയും ആചാരങ്ങളെയും യുക്തിവാദത്തെയും കമ്യൂണിസത്തെയും ചേര്‍ത്തുവച്ച് പലതരത്തില്‍ പല കോണുകളില്‍നിന്നു ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ആ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാക്കി ഒരു സിനിമയുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ 25-ാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന് (41). ബിജു മേനോന്‍, നിമിഷ സജയന്‍, ശരണ്‍ ജിത്ത്, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വടക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന കഥയാണ് നാല്‍പ്പത്തിയൊന്നിന്റേത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ശബരിമലയിലേക്കുള്ള യാത്ര.
ഒന്നാം പകുതി ലാല്‍ ജോസ് പൂര്‍ണമായും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് കഥാപാത്രങ്ങളെയും സ്ഥാപിച്ചെടുക്കാനും രണ്ടാം പകുതിയിലെ യാത്രയ്ക്കുള്ള കളമൊരുക്കാനുമായാണ്. ചിത്രം തുടങ്ങുന്നത് തന്നെ ഉല്ലാസ് മാഷിനെ അവതരിപ്പിച്ചു കൊണ്ടാണ്.വ്യവസായിയായ ദൈവം എന്ന പുസ്തകമെഴുതിയിട്ടുള്ള യുക്തിവാദിയാണ് ഉല്ലാസ്. ആള്‍ദൈവങ്ങളുടെ മാന്ത്രികശക്തിയ്ക്കു പിന്നിലെ കളവ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഉല്ലാസ്. തന്റെ മുന്നിലുള്ളവര്‍ തനിക്ക് കയ്യടിക്കുന്നുണ്ടെങ്കിലും തന്നെ വിശ്വസിക്കുന്നില്ലെന്ന് വരുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ വരെ ഉല്ലാസ് മാഷ് തയ്യാറാകുന്നുണ്ട്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് ഈ രംഗത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. വരാനിരിക്കുന്നത് വിശ്വാസവും യുക്തിവാദവും തമ്മിലുള്ള മത്സരമാണെന്ന് ആ രംഗം പറയുന്നു. ഈ മത്സരത്തില്‍ ആര് ജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ചിത്രത്തിന്റെ പ്ലസുകളിലേക്ക് നോക്കാം ആദ്യം. നാല്‍പ്പത്തിയൊന്ന് കണ്ടിറങ്ങുന്നവരില്‍ വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്‍ജിത്തും മായാതെ നില്‍ക്കും. ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ചവച്ചിരിക്കുന്നതും ശരണ്‍ജിത്താണ്. സിനിമയില്‍ ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ബിജുമേനോനെപ്പോലും പിന്നിലാക്കുന്നതായിരുന്നു ശരണിന്റെ പ്രകടനം. സിനിമയില്‍ ഒരു തുടക്കക്കാരനാണെന്ന തോന്നല്‍ ഒരിടത്തും തോന്നിപ്പിക്കാതെ വാവാച്ചി കണ്ണനെ ശരണ്‍ മനോഹരമാക്കി.
പല തരത്തിലുള്ള മദ്യപാനികളെയും മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും തോന്നാത്തൊരു അടുപ്പം വാവാച്ചി കണ്ണനോട് തോന്നും. ദേഷ്യം, പ്രണയം, സങ്കടം, തുടങ്ങി വാവാച്ചി കണ്ണന്റെ പല ഭാവങ്ങളും മുഖങ്ങളും ശരണ്‍ജിത്ത് അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നടന്റെ റെയ്ഞ്ച് വെളിവാകുന്ന പ്രകടനം. കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന അഭിനേതാവാണ് ശരണ്‍.
വാവാച്ചി കണ്ണന്റെ ജീവിതസഖിയായ സുമയായി എത്തിയ ധന്യ അനന്യയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സാധാരണ രംഗങ്ങളെ പോലും അതിമനോഹരമാക്കുന്നു. തുടക്കക്കാരാണെന്ന തോന്നല്‍ അനുഭവപ്പെടുത്താതെ പ്രണയരംഗമടക്കം അവതരപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുമയും വാവാച്ചിയും ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത് ഇരുവരുടെയും പ്രകടനത്തിന്റെ മികവുകൊണ്ടാണ്.
പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാകുമ്പോള്‍ ഏത് ഭാഗത്തായിരിക്കും ചിത്രം നില്‍ക്കുക, അല്ലെങ്കില്‍ അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ച്ക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം തേടിയായിരിക്കും ചിത്രം കാണാന്‍ തീരുമാനിക്കുന്നതും. ഇവിടെ ഒരു ഭാഗത്തേക്ക് നില്‍ക്കാതെ നിഷ്പക്ഷമായി നില കൊള്ളുകയാണ് ലാല്‍ ജോസ്. അല്ലെങ്കില്‍ അങ്ങനെയാണ് താനെന്ന് മറ്റുള്ളവര്‍ കരുതണമെന്നാണ് ലാല്‍ ജോസ് ആഗ്രഹിക്കുന്നത്.
ഒരിക്കല്‍ പോലും രണ്ടിലാരാണ് വിജയിക്കുന്നതെന്ന് പറയുന്നില്ലെങ്കിലും പറയാതെ തന്നെ ലാല്‍ ജോസ് പലപ്പോഴും ഒരു ഭാഗത്തേക്ക് ചായുന്നതായി കാണാം. പ്രധാനമായും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഒന്നാണ്. യുക്തിയെ കൂട്ടുപിടിക്കണമോ വിശ്വാസത്തെ കൂട്ടുപിടിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരാള്‍ വിശ്വാസി ആയതുകൊണ്ടോ അതല്ല യുക്തിവാദി ആയതുകൊണ്ടോ മാറ്റിനിര്‍ത്തേണ്ടതില്ല. അതിനാല്‍ സംവിധായകന്റെ ചായ്‌വിനെ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
പക്ഷെ, ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്തുള്ളവരെ പരിഹസിക്കേണ്ടതില്ല. ആക്ഷേപഹാസ്യമെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാം പകുതിയിലുടനീളം ഇത്തരത്തിലുള്ള പരിഹാസമാണ് കാണാനാവുന്നത്. കമ്യൂണിസത്തെയും യുക്തിവാദത്തെയും പലയിടത്തായി പരിഹസിക്കുന്നുണ്ട്.
2019 ഈ അവസാന കാലത്തും നവോത്ഥാനം എന്നത് പരിഹാസത്തിനുള്ള വിഷയമായി മാറേണ്ടതാണോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന ഉല്ലാസ് മാഷിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ഇനി ഇവിടെയും കൂടി മാത്രമേ താമര (ആംഗ്യത്തില്‍) ബാക്കിയുള്ളൂവെന്ന് പറയുന്നതൊക്കെ ഏത് നരേറ്റീവിന് അനുകൂലമായ തമാശയാണെന്നത് സംവിധായകന്‍ ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇത്തരത്തില്‍ പലയിടത്തും ആക്ഷേപ ഹാസ്യമെന്ന പേരില്‍ വരുന്ന തമാശകള്‍ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.
പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും അത് മൈലേജ് നല്‍കുന്ന നരേറ്റീവുകള്‍ പ്രശ്‌നമാണ്. ജാതിരാഷ്ട്രീയം പറയാന്‍ പലയിടത്തും ലാല്‍ ജോസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉപരിപ്ലവമായ സമീപനം മാത്രമാണ്.
ബിജുമേനോന്‍ പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്‍പ്പത്തിയൊന്നിലും ആവര്‍ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്‍ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങളെ ബിജുമേനോന്‍ അനായാസം അവതരിപ്പിക്കുന്നു. കൂടുതല്‍ ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന്‍ മനോഹരമാക്കി. നാട്ടിന്‍പുറത്തുകാരിയില്‍നിന്നു നിമിഷയ്ക്ക് ഉടനെ ഒരു മോചനം ആവശ്യമാണെന്ന് തോന്നുന്നുണ്ട്. നിമിഷയിലെ അഭിനേത്രിയെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള വേഷമായിരുന്നിട്ടു കൂടി കഥാപാത്ര സൃഷ്ടിയിലെ അലസത ആ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതയിലെ ഇഴച്ചില്‍ വല്ലാത്തൊരു അലോസരമാകുന്നുണ്ട്. ഒന്നാം പകുതിയിലെ അവതരണ രീതിയില്‍ നിന്നും പൂര്‍ണമായും വേറിട്ടതാണ് രണ്ടാം പകുതി.യാത്ര വരുന്നത് ഇവിടെയാണ്. അലസമായ തിരക്കഥയാണ് രണ്ടാംപകുതിയിലെ വില്ലന്‍. ക്ലൈമാക്‌സ് രംഗത്തിലേക്ക് എത്തുമ്പോഴേക്കും ഈ ചിത്രത്തിനും ശബരിമല കയറിയ ക്ഷീണമാണ്. ഇവിടെയും ശരണ്‍ജിത്തിന്റെ അഭിനയം ഒരു ആശ്വാസമാണ്. മൊത്തത്തില്‍ കഠിനമായൊരു മലകയറ്റമാണ് നാല്‍പ്പത്തിയൊന്ന്.
ദളപതി വിജയ് ചിത്രങ്ങൾ എന്നും ആരാധകർക്ക് സമ്മാനിക്കുന്നത് ആവേശത്തിന്റെ ഉത്സവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ഇത്തവണ അവർക്കായി ഒരു സ്പോർട്സ് ആക്ഷൻ സിനിമയാണ് വിജയ് എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള പ്രദർശന ശാലകളിൽ എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ. രാജ റാണി, തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലീ സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് ആറ്റ്ലീയും എസ് രമണ ഗിരിവാസനും ചേർന്നാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 150 കോടിയോളം രൂപ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷെറോഫ്, വിവേക് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്ലറും വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.
രായപ്പൻ എന്നും മൈക്കൽ എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾക്ക് ആണ് വിജയ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്. അച്ഛനും മകനും ആയ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആവേണ്ടി വരുന്ന മൈക്കൽ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളിലൂടെയും ഫ്ലാഷ് ബാക്കുകളിലൂടെയും ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്.
ആറ്റ്ലി- വിജയ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ഒരിക്കൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് ഇത്തവണയും ഈ കൂട്ടുകെട്ട് ആരാധകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. തങ്ങളുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പോർട്സ് എന്ന ഘടകം നൽകുന്ന ആവേശവും കൂടി ബിഗിലിന്റെ ഭാഗമാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. എല്ലാവിധ വിനോദ ഘടകങ്ങളും കോർത്തിണക്കിയാണ് ആറ്റ്ലിയും രമണ ഗിരിവാസനും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ മാസ്സ് എലമെന്റുകൾ എല്ലാം നൽകിയപ്പോൾ തന്നെ വിജയ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. രസ ചരട് പൊട്ടാതെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കു അർഹമായ പ്രാധാന്യം നൽകിയും സ്ത്രീകളുടെ പ്രാധാന്യവും ശക്തിയും എടുത്തു പറഞ്ഞുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നിരുന്നാലും ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ഇഴച്ചിൽ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഓരോ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മാസ്സ് ആയി അവതരിപ്പിച്ചതിനൊപ്പം ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ഐഡന്റിറ്റി നൽകാനും അവർ വന്നു ചേരുന്ന കഥാ സന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ വമ്പൻ ആക്ഷൻ രംഗങ്ങളും, വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള കിടിലൻ ഡയലോഗുകളും ആവേശവും കോമെഡിയും പ്രണയവും അടക്കം എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് തന്നെയാണ് ആറ്റ്ലി ഒരുക്കിയിരിക്കുന്നത്. വിജയ്- നയൻതാര ലൗ ട്രാക്കും നിലവാരം പുലർത്താത്ത കോമഡിയും അതുപോലെ പെട്ടെന്ന് കയറി വരുന്ന ഗാനങ്ങളും കല്ലുകടി ആയിട്ടുണ്ട്. ഫുട്ബാൾ രംഗങ്ങൾ അത്ര മികച്ച രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചിട്ടില്ല എന്നതും അത്തരം രംഗങ്ങളിൽ ചക് ദേ ഇന്ത്യ എന്ന സിനിമയുമായി അറിഞ്ഞോ അറിയാതെയോ ഉണ്ടായ സാമ്യവും ചിത്രത്തിന് ഗുണകരമായിട്ടില്ല. വളരെയധികം പ്രവചനീയമായ രീതിയിൽ ആണ് ചിത്രം മുന്നോട്ടു പോകുന്നത് എന്നതും പറഞ്ഞേ പറ്റൂ. അതേ സമയം, ഫെമിനിസം, സ്ത്രീ ശാക്തീകരണം, അച്ഛൻ- മകൻ ബന്ധം എന്നിവയിലൂടെയെല്ലാം പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് വിജയ് ഈ ചിത്രത്തിന് വേണ്ടി നൽകിയത്. സ്ക്രീൻ പ്രസൻസ് കൊണ്ടും മികച്ച ഡയലോഗ് ഡെലിവറി കൊണ്ടും സ്പോർട്സ്- ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ അസാമാന്യ മെയ് വഴക്കം കൊണ്ടും വിജയ് മുഴുവൻ സിനിമാ പ്രേമികളുടെയും കയ്യടി നേടി. അച്ഛനും മകനും ആയി വിജയ് തന്ന പെർഫോമൻസ് ഏറ്റവും മികച്ചതായിരുന്നു എങ്കിലും രായപ്പൻ എന്ന അച്ഛൻ കഥാപാത്രം ആയുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫിസിയോ തെറാപ്പിസ്റ്റ് കഥാപാത്രമായെത്തിയ നയൻതാരക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ആണ് പിന്നെയും എന്തെങ്കിലും ഈ നടിക്ക് ചെയ്യാൻ സാധിച്ചത്. ജാക്കി ഷറോഫിനും ഒരു നടനെന്ന നിലയിൽ ശക്തമായ വേഷമല്ല ലഭിച്ചത്. ശക്തനായ ഒരു വില്ലൻ ഇല്ലാത്തത് ചിത്രത്തിന്റെ നെഗറ്റീവ് തന്നെയാണ്. ഇവർക്കൊപ്പം വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, രാജ്‌കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദര്യ രാജ, ഐ എം വിജയൻ, വനിതാ ഫുട്ബോൾ പ്ലയെര്സ് ആയി എത്തിയ ഇന്ദുജ രവിചന്ദ്രൻ, റീബ മോനിക്കാ ജോൺ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, ഇന്ദ്രാജാ, ഗായത്രി റെഡ്ഢി എന്നിവരും ഈ ചിത്രത്തിൽ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് നൽകിയത്.
ഈ സ്പോർട്സ്- ആക്ഷൻ ചിത്രത്തിന് വേണ്ടി ജി കെ വിഷ്ണു ഒരുക്കിയത് മികച്ച ദൃശ്യങ്ങളാണ്. ഒരു സ്പോർട്സ് ചിത്രത്തിന്റെ ആവേശവും ആക്ഷൻ ചിത്രത്തിന്റെ എനർജിയും ഒരേപോലെ നല്കാൻ വിഷ്ണു ഒരുക്കിയ മികവാർന്ന ദൃശ്യങ്ങൾക്കായി. എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചു നിന്നു. വിജയ്‌യുടെ ഇൻട്രോ ഗാനം ആയ വെറിതനം ഗംഭീരമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സിംഗ പെണ്ണേ എന്ന ഗാനവും മികച്ചു നിന്നു. തരക്കേടില്ലാത്ത വേഗതയിൽ ഈ ചിത്രം മുന്നോട്ടു പോയത് എഡിറ്റർ റൂബന്റെ കൂടി കഴിവിന്റെ ഫലമാണ്. എന്നാൽ നിരാശപ്പെടുത്തിയത് വി എഫ് എക്‌സ് ആണ്. ഫുട്ബാൾ രംഗങ്ങളിൽ വന്ന വി എഫ് എക്‌സ് നിലവാരം പുലർത്തിയില്ല.
ചുരുക്കി പറഞ്ഞാൽ ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്. ആവേശത്തിന്റെ അപൂർവ കോമ്പിനേഷൻ ആയ സ്പോർട്സും ആക്ഷനും ചേർന്ന ഈ ചിത്രം പതിവ് പോലെ ഒരു കംപ്ലീറ്റ് വിജയ് ഷോ ആണെന്ന് പറയാം. വിജയ്- ആറ്റ്‌ലി ടീം ഹാട്രിക്ക് വിജയം നേടുമെന്നുറപ്പ്.