ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാട് നാടായി മാറുന്നിടത്താണ് കാന്തൻ കഥപറയുന്നത്. മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ചുനിരത്തിയും പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നാമൊക്കെ തീർച്ചയായും ഈ ചിത്രം കാണണം. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം സംവിധാനം ചെയ്തത് ഷരീഫ് സി ആണ്. വയനാട്ടിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തിയ ചിത്രമാണിത്. പത്തു വയസ്സുകാരൻ കാന്തനും അവന്റെ മുത്തശ്ശിയും പിന്നെ ഒരു നായ്കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാടിന്റെ കഥയാണ് ചിത്രം പറയുന്നത്.

തന്റെ ലോകം നിറമുള്ളതായി കാണാൻ കാന്തൻ ആഗ്രഹിക്കുന്നു. എന്നാൽ ആ നിറം കാരണം തന്നെ അവന്റെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു. ദാരിദ്ര്യം മൂലം ഒറ്റ യൂണിഫോം ധരിക്കേണ്ടി വരുന്നു. എന്നാൽ തന്റെ ലോകം നിറമുള്ളതാക്കാൻ പരിശ്രമിക്കുന്ന കാന്തൻ വൃക്ഷങ്ങളാണ് അതിനായി തിരഞ്ഞെടുത്തത്.

കളഞ്ഞുകിട്ടിയ ഒരു മാവിൻ തൈ കൊണ്ടുവന്ന് നട്ട്, പരിപാലിച്ച് കൂടെ കൊണ്ടുനടക്കുന്ന കാന്തൻ മരം മുറിച്ചുമാറ്റുന്നവരെ ഭയപ്പെടുന്നവൻ കൂടിയാണ്. മാറ്റി നിർത്തപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നതോടൊപ്പം കർഷക ആത്മഹത്യയും ആദിവാസികളുടെ തനത് ജീവിത ശൈലിയും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. വൃക്ഷത്തെ അത്രമാത്രം സ്നേഹിക്കുന്നത്കൊണ്ടാണ് അവൻ ഇത്തിയമ്മയോട് ആവശ്യപ്പെടുന്നത്, മരിച്ചാലും ഒരു മരമായി മുളച്ചുവരാൻ… എന്നാൽ മരങ്ങൾക്ക് എന്നും ഈ പ്രകൃതിയിൽ നിലനില്പില്ലെന്ന് ഒരു നിമിഷത്തിൽ തിരിച്ചറിയുന്ന കാന്തൻ സ്വയം പറിച്ചു മാറ്റി നടുന്ന മാവിനോടൊപ്പം മണ്ണിൽ ലയിച്ചുചേരുന്നുണ്ട്.

ഫെസ്റ്റിവൽ സിനിമകളുടെ സ്ലോ പേസ് തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായ് ആണ് ഇത്തിയമ്മ ആയി അഭിനയിക്കുന്നത്. കാലിഡോസ്കോപ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മികച്ച സന്ദേശം നൽകി, തിരിച്ചറിവിന്റെ പാഠങ്ങൾ മനുഷ്യന് മുന്നിൽ തുറന്നിടുന്ന കാന്തനെ തീർച്ചയായും പരിചയപ്പെടുക