പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ചില സ്വഭാവങ്ങള്‍ അടുത്ത സുഹൃത്തും പ്രമുഖ ഗായകനുമായ എസ് പി ബാലസുബ്രഹ്‌മണ്യത്തെ പോലും വേദനിപ്പിച്ചിരുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അത്തരം സംഭവങ്ങള്‍ മലയാളത്തിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘പാട്ട് മുഴുവനും പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെന്നാണ് ദിനേഷ് പറയുന്നത്. മാര്‍ക്കോസ് അടക്കം ഓപ്പണ്‍ സ്റ്റേജില്‍ പാടുന്ന എത്ര ഗായകര്‍ക്ക് പാടണമെങ്കില്‍ മുഴുവനായും പണം തരണമെന്ന് പറഞ്ഞ് യേശുദാസിന്റെ മൂത്തമകന്‍ കത്ത് അയക്കുമായിരുന്നു.
ആരെങ്കിലും അങ്ങനെ കൊടുത്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. യേശുദാസ് ചെയര്‍മാനായി സമം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. മലയാളത്തിലെ ഗായകര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നിത്.
ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ പേരില്‍ എന്‍കെയും എപ്പോതും എന്ന പ്രോഗ്രാമായിരുന്നു. യേശുദാസ് അടക്കം പലരും വീഡിയോയിലൂടെ പാടി അയച്ച് കൊടുത്തിരുന്നു.
ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. അതിന്റെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമയ്ക്ക് കിട്ടി. ഗായകരെല്ലാം ഫ്രീയായി വന്ന് പാടുന്നത് കൊണ്ട് അതില്‍ നിന്നും കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.
അങ്ങനെ അതൊരു വലിയ പരിപാടി പോലെ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി അടക്കമുള്ളവര്‍ വരെ അതില്‍ പാടുന്നുണ്ടായിരുന്നു. പക്ഷേ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കവേ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ, അവര്‍ക്കൊരു കത്ത് അയക്കുന്നു. ഈ പ്രോഗ്രാമില്‍ ബാലസുബ്രഹ്‌മണ്യം പാടി ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം വേണമെന്ന് പറഞ്ഞു. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയുന്നത്. നോക്ക് കൂലി വാങ്ങിയത് പോലെയായി പോയത്. അതെനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേശ് വ്യക്തമാക്കി.
മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
സിനിമാ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്.
നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.
സിനിമയുടെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.
മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.
ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്.
ഷെറിൻ പി യോഹന്നാൻ
വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.
ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ് ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.
പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം
ദേവരാജന്‍ മാസ്റ്ററുടെ ഗാനം വെള്ളിത്തിരയില്‍ പാടി അവതരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയന്‍ പറയുന്നത്.
സൗഹൃദ സദസ്സുകളില്‍ ദേവരാജന്‍ മാഷിനെ അനുസ്മരിക്കുമ്പോള്‍ അധികവും പാടിയിട്ടുള്ളത് അഗ്രജനിലെ തന്നെ മറ്റൊരു പാട്ടാണ്. നെടുമുടി വേണു പാടി അഭിനയിച്ച ‘ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍’ എന്നത്. സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തോടാണ് മനോജ് പ്രതികരിച്ചത്.
”അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.”
”നിരുപദവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു” എന്നാണ് നടന്‍ പറയുന്നത്. ദേവരാജന്‍ മാഷിന്റെ ഗാനം പാടി അവതരിപ്പിക്കാന്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും ഇപ്പോഴും വരികള്‍ മനഃപാഠമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയില്‍ നിന്നും ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. നവോദയ അപ്പച്ചന്‍ നിര്‍മ്മാതാവായ സിനിമയിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമയ്ക്ക് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടു വരണം എന്നാണ് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത് എന്നും സുരേഷ് ഗോപി സൂര്യ ടിവിയിലെ പരിപാടിക്കിടെ പറഞ്ഞു.
അനിയത്തി പ്രാവ് ആണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ച ചിത്രം. ഫാസില്‍ ചിത്രത്തിന് തനിക്ക് ലഭിച്ചത് അമ്പതിനായിരം രൂപയാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബന്‍ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു.
അതേസമയം, പാപ്പാന്‍, ഒറ്റക്കൊമ്പന്‍, കാവല്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒഴിവാക്കി വിട്ടിരുന്നതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ സിനിമ ചെയ്യാന്‍ പേടിയായിരുന്നു എന്നാണ് ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളായിരുന്നല്ലോ. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പിലല്ലേ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തന്റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. താന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി.
പിന്നീട് സംവിധായകന്‍ പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി കാരണം വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയെന്നും താരം പറയുന്നു. താന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും ഇന്ദ്രന്‍സ് പറയുന്നു.
അതേസമയം, ഇന്ദ്രന്‍സിന്റെ ഹോം സിനിമ വന്‍ വിജയം നേടുകയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് ആണ് ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്.
വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. രണ്ടാഴ്‌ച മുമ്പായിരുന്നു ഭാര്യയുടെ മരണം. ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതൽ തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർച്ചന കവി. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മി, സാൾട്ട് ആന്റ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
2016 ൽ സിനിമയിൽ നിന്നും വിട്ടു നിന്ന താരം പിന്നീട് ടെലിവിഷൻ അവതരികയായാണ് ശ്രദ്ധ നേടിയത്. അതോടൊപ്പം മ്യുസിക് ആൽബങ്ങളിലും വെബ്‌സീരീസുകളിലും താരം അഭിനയിച്ചു. മനോരമ മാക്സിനു വേണ്ടി പണ്ടാരംപറമ്പിൽ ഹൗസ് എന്ന വെബ്‌സീരിസ് സംവിധാനവും,നിർമാണവും ചെയ്യുകയാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തടി കുറച്ചിതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത് വൈറലാവുകയാണ്. ലോക്ഡൗൺ സമയത് തടി കൂടിയെന്നും എന്നാൽ അടുത്ത കാലത്ത് ഓൺലൈൻ വഴി പരിചയപ്പെട്ട ഫിറ്റ്നസ് ട്രെയിനർ തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചെന്ന് അർച്ചന കവി പറയുന്നു.
സിനിമ നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.
ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിംഗ് സര്‍വീസും ഉണ്ട്. മലയാളത്തിൽ ഇറങ്ങിയ ഒട്ടനവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയായ നഷാദിന്റെ ഭാര്യ രണ്ടാഴ്ച മുൻപാണ് മരണപ്പെട്ടത്.