കൊല്ലം തുളസിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ഈ നടൻ ചെയ്തിട്ടുണ്ട്. തൻറെ ചെറുപ്പം മുതൽ നാടക മേഖലയിൽ സജീവമായിരുന്നു ഇദ്ദേഹം. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. അധികവും വില്ലൻ വേഷങ്ങളാണ് കൊല്ലം തുളസി ചെയ്തിട്ടുള്ളത്. കുറേയേറെ ഹാസ്യ കഥാപാത്രങ്ങളിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. വളരെ രസകരമായ രീതിയിലാണ് ഈ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് 200 ലധികം മലയാള സിനിമകളിലും, മുന്നൂറിലധികം റേഡിയോ നാടകങ്ങളിലും, ഇരുന്നൂറിൽപ്പരം ടെലിവിഷൻ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ ക്യാൻസർ ബാധിതനായിരുന്ന സമയത്തു അദ്ദേഹത്തിന് കിട്ടിയ സഹായത്തെ പറ്റി തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. അസുഖം ആയിരിക്കുന്ന സമയത്ത് നേരിട്ട് വിളിച്ചാണ് നടൻ ദിലീപ് കാര്യങ്ങളൊക്കെ തിരക്കിയിരുന്നത്.
അതുകൊണ്ടു തന്നെ ദിലീപിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല. പലപ്പോഴും ഞാൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് വിളിച്ച് ചേട്ടാ എങ്ങനെയുണ്ട് എന്നൊക്കെ അദ്ദേഹം ചോദിക്കും. ഒരിക്കൽ നമ്മുടെ പടത്തിൽ ഒരു ചെറിയ വേഷം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വേഷമായിരുന്നു. ചേട്ടൻ വന്നു അഭിനയിച്ചാൽ മാത്രമേ രസം ആവുകയുള്ളൂ എന്നൊക്കെ പറഞ്ഞു. അങ്ങനെ സുഖമില്ലാതെ കിടന്നിരുന്ന തന്നെ കൊണ്ടു പോയി അഭിനയിപ്പിച്ചു.
ആകെ രണ്ടു മൂന്നു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ തനിക്ക്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം ആണ് തനിക്ക് ലഭിച്ചത്. താൻ അഭിനയിച്ച സിനിമയുടെതല്ല പ്രതിഫലം എന്ന് മനസ്സിലായി. സാമ്പത്തികമായി സഹായിക്കാൻ സ്വീകരിച്ച വഴിയായിരുന്നു അത്. മറ്റു തരത്തിൽ തന്നാൽ ഞാൻ വാങ്ങില്ല എന്ന് അറിയാം. താൻ യാതൊരു ഔദ്ധാര്യവും സ്വീകരിക്കില്ല എന്ന് അറിഞ്ഞു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്. മഹാമനസ്കതയും, ദയാശീലവും കരുണയും ഒക്കെ ഉള്ള ആളാണ് ദിലീപ്. കൊല്ലം തുളസി വ്യക്തമാക്കി.
ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്നേഹ ഇക്കാര്യം അറിയിച്ചത്. സാന്ദ്ര അഞ്ച് ദിവസം ഐസിയുവിലായിരുന്നു.
ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാർഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്കാന് കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു. സ്നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, സ്നേഹ കുറിച്ചു.
കോവിഡ് ബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പൂവച്ചൽ ഖാദർ മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജീവിത വഴിയില്‍ വേര്‍പിരിഞ്ഞ രണ്ടു താരങ്ങള്‍ ഒന്നിച്ച വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നടന്‍ രഞ്ജിത്തും നടി പ്രിയ രാമനുമാണ് ആ ദമ്പതികൾ. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തില്‍ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമായത്.
‘ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.-പ്രിയ രാമനെ ചേര്‍ത്തു നിര്‍ത്തി രഞ്ജിത്തിന്റെ വാക്കുകള്‍. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.
1999 ല്‍ നേസം പുതുസ് എന്ന സിനിമയ്ക്കിടെയാണ് രഞ്ജിത്തും പ്രിയാരാമനും അടുപ്പത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
മലയാള സിനിമയിലെ പ്രിയതാരം സുകുമാരന്റെ ഓർമ്മ ദിവസം ആയിരുന്നു ഇന്നലെ. സുകുമാരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് പല താരങ്ങളും ഇന്നലെ വന്നിരുന്നു. ആ കൂട്ടത്തിൽ കവയിത്രി ശാരദക്കുട്ടിയും സുകുമാരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കയായിരുന്നു. കുറിപ്പ് വായിക്കാം,
ഇന്ന് പ്രിയ നടൻ സുകുമാരന്റെ ഓർമ്മ ദിവസം . എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും . എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു . വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ സന്തോഷജീവിതത്തിനായി സുകുമാരനൊപ്പം ചേർത്തു പടം പിടിച്ചു വെച്ചതിനെക്കുറിച്ച് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. സുകുമാരനൊപ്പമാണെങ്കിൽ അവർക്കു കരയേണ്ടി വരില്ല എന്ന് എന്നോട് ആ നോട്ടവും മുഖവും കുസൃതിയും ധൈര്യം തന്നിരുന്നു. എന്റെ സുകുമാരനിലുള്ള വിശ്വാസം ശരിയാണെന്ന് മല്ലികാ സുകുമാരൻ സ്വന്തം പ്രസരിപ്പും സ്വാശ്രയത്വ ശീലവും സാമ്പത്തികഭദ്രതയും ഒക്കെ കൊണ്ട് തെളിയിച്ചു. മല്ലികയുടെ ജീവിതം, അതിജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ്. തകരാതെയും തളരാതെയും അവർ ജീവിതത്തെ നേരിട്ട രീതികൾ !! എത്രയെത്ര ദുർഭൂതങ്ങളോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു അവർക്ക് .!! ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്നവർക്കുണ്ടെന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകൾ . ഒടുവിൽ , എല്ലാത്തരത്തിലും വിജയിച്ച സ്ത്രീയെന്ന് തന്നെ അവർ അടയാളപ്പെട്ടു. അൻപതെത്തുന്നതിനു മുൻപ് സുകുമാരൻ പോയി. മല്ലികയും മക്കളും ആ സ്നേഹത്തിന്റെ ബലത്തിൽ സ്വന്തം കഴിവുകളിൽ ഉറച്ചു നിന്ന് ജീവിച്ചു.. പണം ധൂർത്തടിക്കാത്ത പുരുഷൻ, സ്ത്രീയെ സ്വയം പര്യാപ്തയായി നിലനിർത്തുന്ന പുരുഷൻ, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷൻ ഇത്രയുമൊക്കെ ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. എല്ലാവർക്കും കിട്ടേണ്ട അവകാശമെന്നാണ് പറയേണ്ടത്.
പക്ഷേ ലോട്ടറിയടിക്കുന്നതു പോലെ ചിലരിലേക്കു മാത്രമേ അത് ചെന്നെത്താറുള്ളു. അങ്ങനെ ഞാനുൾപ്പെടെ അന്നത്തെ പല പെണ്ണുങ്ങൾ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരൻ . കാട്ടുകുറിഞ്ഞിപ്പൂവും ചൂടി എന്ന പാട്ടു പാടി രാധ എന്ന പെൺകുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന ഈ പെൺകുട്ടിക്ക് . വേനൽ, അണിയാത്ത വളകൾ, കൊച്ചു കൊച്ചു തെറ്റുകൾ, നിർമ്മാല്യം, ബന്ധനം, എന്റെ നീലാകാശം, ശാലിനി എന്റെ കൂട്ടുകാരി, കലിക : ഞാൻ ശരിക്കും പെട്ടു പോയിരുന്നു. സ്ക്രീനിൽ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല. ഈ ഓർമ്മദിനത്തിൽ ആ ദിവസങ്ങളേകിയ ശാരീരികാനന്ദങ്ങൾക്ക് ഞാൻ പ്രിയ നടൻ സുകുമാരനുമായി സ്നേഹപൂർവ്വം ഒരു ഗാനം പങ്കിടുകയാണ്.നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങൾക്കെടുക്കാം. ഇതാണ് എന്റെ സുകുമാരൻ . സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ നിറയും മിഴിയോടെ വിട പറയും ദിനവധുവിൻ കവിളിൽ വിടരും കുങ്കുമരാഗം.
രണ്ടാം സംവിധാന സംരംഭം തുടങ്ങാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനു പേര്‍ ‘ബ്രോ-ഡാഡി.’ നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത് ബിബിന്‍.
‘എന്റെ അടുത്ത സംവിധാന സംരംഭമായ ‘ബ്രോ-ഡാഡി’യേയും മുന്നില്‍ നിന്ന് നയിക്കുന്നത് ലാലേട്ടന്‍ തന്നെയാണ്. ഒപ്പം ഞാന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ നിരയുമുണ്ട്. ഇതൊരു ഫണ്‍-ഫാമിലി ഡ്രാമയാണ്. ഈ തിരക്കഥ നിങ്ങളെ ഏവരെയും പുഞ്ചിരിപ്പിക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ചലച്ചിത്രമാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. നല്ല സന്തോഷം തരുന്ന ഒരു ചിത്രം നമുക്ക് കിട്ടേണ്ടത് ഈ സമയത്ത് അത്യാവശ്യവുമാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ ഉടനടി,’ പൃഥ്വിരാജ് കുറിച്ചു.
ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബർ പബ്ജി മദൻ (മദൻ കുമാർ) അറസ്റ്റിൽ. ധർമപുരിയിൽനിന്നുമാണ് ഇയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ധർമപുരിയിൽ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ മദൻ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനൽ അഡ്മിനിസ്ട്രേറ്റർ ഭാര്യ കൃതികയാണ്. ഇവർക്കെതിരെയും കേസെടുത്തിരുന്നു.
മദന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരെ 157 സ്ത്രീകളാണ് പോലീസിൽ പരാതി നൽകിയത്. ‘മദൻ’, ‘ടോക്സിക് മദൻ 18+’ എന്നിവ ഉൾപ്പെടെ മദന്‍ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്
സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിലേക്ക് താൻ കയറിപറ്റുകയായിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പ്രതികരിച്ചത്.
തിരുവനന്തപുരത്ത് തൻറെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിൽ ആണെന്ന് സൗബിന്‍ പറഞ്ഞു.
തൻറെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ “എനിക്ക് ഡെയ്റ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന് ചോദിച്ചു. “അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.
സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.
പ്രേക്ഷകരോട് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. യുഎസിലെ പഠനകാലത്ത് താന്‍ നേരിട്ട വെല്ലുവിളികള്‍ മുതല്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടം വരെയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ നീണ്ട കത്തിലൂടെ പങ്കു വെച്ചത്.ഷൂട്ടിനിടെ മാരക പരുക്കേറ്റ തനിക്ക് ലോക് ഡൗണ്‍ മാര്‍ച്ച് രണ്ടിന് തന്നെ തുടങ്ങിയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.
അപകടത്തേത്തുടര്‍ന്ന് മൂന്ന് സ്റ്റിച്ച് എന്റെ മൂക്കിലുണ്ട്. ആ അപകടത്തില്‍ നിന്നുണ്ടായ ഏറ്റവും ചെറിയ മുറിവാണത്. കുറച്ചുനാളത്തേക്ക് അല്ലെങ്കില്‍ എല്ലാക്കാലത്തേക്കും ആ പാട് എന്റെ മുഖത്തുണ്ടാകും.
തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖം തറയിലടിക്കുന്നതിന് മുന്നേ കൈ കുത്താന്‍ കഴിഞ്ഞതാണ് രക്ഷയായത്.വീഴ്ച്ചയുടെ ഞെട്ടലില്‍ 80 ശതമാനം പേര്‍ക്കും അത് കഴിയാറില്ല. അദ്ദേഹം കുറിച്ചു.
പുതിയ ചിത്രമായ ‘മലയന്‍കുഞ്ഞിന്റെ’ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയായിരുന്നു ഞാന്‍. എന്റെ ലോക്ക്ഡൌണ്‍ കലണ്ടര്‍ അത് കൊണ്ട് തന്നെ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ ആരംഭിച്ചു. അപകടത്തില്‍ നിന്നും ഞാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ്, കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ‘ട്രോമ’ കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു,’ ഫഹദ് കുറിച്ചു.
മഹേഷ് നാരായണ്‍ ചിത്രം ‘മാലിക്’ ഓ ടി ടയില്‍ റിലീസ് ചെയ്യും എന്നും ഫഹദ് കുറിപ്പില്‍ അറിയിച്ചു. ‘ഓ ടി ടിയില്‍ റിലീസ് ചെയ്ത എന്റെ മറ്റു ചിത്രങ്ങള്‍ പോലെയല്ല, ‘മാലിക്’ ഒരു തിയേറ്റര്‍ അനുഭവം എന്ന രീതില്‍ തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സിനിമയാണ്. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കാണിക്കാനായി നൂറു ശതമാനം റെഡി ആക്കപ്പെട്ടിരുന്ന സിനിമ. ഓ ടി ടി റിലീസ് എന്നത് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കൂട്ടയില്‍ എടുത്ത ഒരു തീരുമാനമാണ്.’
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കില്‍’ അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ഫാസിൽ എത്തുന്നു. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദിന്റെ വളരെ വ്യത്യസ്‌ത ലുക്കിലുള്ള മേക്കോവർ ശ്രദ്ധേയമായിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സനു ജോൺ വർഗീസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ‘ബാഹുബലി’ സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം സംവിധാനം ചെയ്യുന്നത്.
തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്ന് ഫഹദ് കുറിപ്പിൽ പറഞ്ഞു. നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറഞ്ഞു.
“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്ത് എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു” ഫഹദ് കുറിച്ചു.
ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടയിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായർ (47)ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
ശ്രീകാന്ത് വണ്ടർ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.