Movies

പ്രശസ്ത തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും മയില്‍സാമി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യകാലങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെങ്കിലും ഒരു നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

‘ധൂല്‍’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്‍’, ‘വീരം’, ‘കാഞ്ചന’, ‘കണ്‍കളാല്‍ കൈദു സെയ്’ എന്നീ സിനിമകളിലെ മയില്‍സാമിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 2004ല്‍ ‘കൺഗൾ കയ്ദു സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മയില്‍സാമി മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങള്‍’, ‘ദി ലെജന്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻമാരായ കമൽഹാസൻ, ശരത് കുമാർ തുടങ്ങിയ പ്രമുഖർ മയിൽസാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

തന്റെ 24 മത് വയസില്‍ ക്യാന്‍സര്‍ വന്നതിനെക്കുറിച്ചും അതിനെ വിജയകരമായി അതിജീവിച്ചതിനെക്കുറിച്ചും നടി മംമ്ത മോഹന്‍ദാസ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അടുത്തിടെ തന്നെ ബാധിച്ച ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മംമ്തയുടെ വാക്കുകള്‍

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.

അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല.

പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും.

ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മീരാ നന്ദൻ. നടി എന്നതിലുപരി നല്ലൊരു ഗായികയും മോഡലുമാണ് താരം. ലൈസൻസ് എന്ന ചിത്രത്തിനുവേണ്ടിയാണ് മീര ആദ്യമായി ഗാനമാലപിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു ഐഡിയ സ്റ്റാർ സിംഗറിൽ അവതരികയായിട്ടായിരുന്നു താരം ആദ്യമായി മിനിസ്ക്രീൻ ലോകത്തെത്തുന്നത്.

പുതിയ മുഖം, ഒരിടത്തൊരു പോസ്റ്റുമാൻ, മല്ലുസിംഗ്, കടൽകടന്നൊരു മാത്തുക്കുട്ടി, മദിരാശി, തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. മലയാളത്തിനുപുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് അഭിനയത്തിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത താരം എന്നാലും ന്റെ അളിയാ എന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന താരം അഭിനയത്തിലേക്ക് തിരിച്ചുവന്നെങ്കിലും മോഡലിംഗ് രംഗത്ത് സജീവമാണ്. നിരവധി തവണ ഡ്രെസിങ് രീതിയിക്കും ബോഡി ഷെമിങ്ങിനും ഇരയായിട്ടുണ്ട് മീര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തനിക്കെതിരെയുള്ള കമെന്റുകൾക്കെതിരെ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വീഡിയോയ്ക്കായിരുന്നു കടുത്ത വിമർശനം ഉണ്ടായത്. പഴയ മീര അല്ല ഇപ്പോൾ കാശിനുവേണ്ടി എന്തിക്കെയോ ചെയ്യുന്നു , മോൾക്ക് അങ്ങോട്ട് കാശു തരാം ഒരു ട്രൗസർ വാങ്ങി ഇടു തുടങ്ങിയ നിരവധി മോശം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആളുകൾ എഴുതിയത്.

തന്റെ വസ്ത്രത്തിന്റെ നീളം അളക്കാൻ താൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. തന്റെ പേജിൽ തനിക്കിഷ്ട്ട മുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. നിരവധി പേർ താരത്തിന് പിന്തുണയായി എത്തി.

പീഡനശ്രമപരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണിമുകുന്ദൻ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദൻ്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു. കേസിൽ നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചാണ് ഹരജിയിൽ വാദംകേൾക്കുക.

2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.

എന്നാൽ തന്‍റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.

പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ സ്വദേശം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ടൈറ്റാനിയം ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14 ലോകമെമ്പാടുമുള്ള കമിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായാണ് കരുതപ്പെടുന്നത്. എന്നെന്നും ഓർക്കാനും പരസ്പരം ഓർമിക്കപ്പെടാനും ഒരുപാടു ബാക്കിയുള്ള കമിതാക്കളുടെ പ്രിയപ്പെട്ട ദിവസം. പ്രണയത്തിന് പല മാനങ്ങളും ഉണ്ട്, പല തലങ്ങളും ഉണ്ട്. പ്രണയത്തിൻറെ വ്യത്യസ്തമായ തലത്തെ കുറിച്ച് മരിച്ചു പോയ നടി കെപിഎസി ലളിത തന്നോട് പറഞ്ഞ ഒരു കഥ പങ്കു വച്ചിരിക്കുകയാണ് നടി മഞ്ജുപിള്ള.

പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ മനസ്സിൽ ആദ്യം വരുന്നത് കെപിസി ലളിത പറഞ്ഞ ആ യഥാർത്ഥ സംഭവത്തിന്റെ കഥയാണെന്ന് മഞ്ജുപിള്ള പറയുന്നു. അത് ഒരു സ്ത്രീയുടെ കാത്തിരിപ്പാണ്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം അവരുടെ ഭർത്താവ് ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയി. എന്നാൽ ആ യാത്രയിൽ കപ്പൽ മുങ്ങി. ഭർത്താവിനെ കുറിച്ച് ഒരു വിവരവും പിന്നീട് ലഭിച്ചില്ല. മൃതദേഹം പോലും കിട്ടിയില്ല. മരിച്ചുവെന്ന് 100% ഉറപ്പാണ്. പക്ഷേ ആ സ്ത്രീ മാത്രം അത് വിശ്വസിക്കാൻ തയ്യാറായില്ല.

സംഭവം നടന്നു 30 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും താലി അഴിച്ചു മാറ്റാതെ അവർ തൻറെ ഭർത്താവിന് വേണ്ടി കാത്തിരിക്കുകയാണ്. ഭർത്താവിൻറെ മൃതദേഹം കാണാതെ ഒരിക്കലും അദ്ദേഹം മരിച്ചു എന്ന് വിശ്വസിക്കില്ല എന്നാണ് അവർ പറയുന്നത്. ഭർത്താവ് മരിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അദ്ദേഹം തിരിച്ചു വരും എന്നാണ് ഇപ്പോഴും ആ സ്ത്രീ വിശ്വസിക്കുന്നത്.

ഇത്രയും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഒരു സ്ത്രീ ഒരു പുരുഷന് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ ആ ചുരുങ്ങിയ കാലത്തിനിടെ എത്രമാത്രം സ്നേഹം ആയിരിയ്ക്കും അയാൾ അവർക്ക് പകർന്നു നൽകിയിട്ടുണ്ടാവുക, അതല്ലേ യഥാർത്ഥ പ്രണയം എന്ന് മഞ്ജു ചോദിക്കുന്നു.

നടന്‍ കലാഭവന്‍ മണിയെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ വിനയൻ. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2000-ലെ ദേശീയ അവാര്‍ഡ് കലാഭവൻ മണിക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ ബോധം കെട്ടു വീണു. ആ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചുവോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോള്‍ താനും വല്ലാതെ പതറിപ്പോയെന്ന് വിനയൻ പറയുന്നു.

വിനയന്റെ വാക്കുകൾ:

”ഈ ജീവിതയാത്രയിലെ ഓര്‍മ്മച്ചിന്തുകള്‍ കുത്തിക്കുറിക്കുന്ന ജോലി ഞാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളില്‍ കുറച്ചു സമയം ആ എഴുത്തുകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്.. അതില്‍ നിന്നും ചില വരികള്‍ ഇങ്ങനെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു.

കലാഭവന്‍ മണിയെപ്പറ്റി എഴുതുന്നതിനിടയില്‍ ഇന്നെന്റെ കണ്ണു നിറഞ്ഞു പോയി എന്നതാണ് സത്യം. ചെറുപ്പത്തില്‍ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോള്‍ വളരെ വേഗം പൊട്ടിക്കരയും. ചെറിയ സന്തോഷങ്ങളില്‍ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്‌കളങ്കനായ ഒരു കലാകാരനായിരുന്നു മണി. ആ മണി 2000-ലെ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തനിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാര്‍ത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല..

ചിലരൊക്കെ അതു തമാശയാക്കി എടുത്തു. ചിലരൊക്കെ മണിയെ കളിയാക്കി. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ഒരു കൊച്ചു സിനിമ കേരളത്തില്‍ സുപ്പര്‍ഹിറ്റായി ഓടിയപ്പോള്‍ മണിക്ക് അവാര്‍ഡ് ലഭിക്കും എന്നൊക്കെ അയാളെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ നമ്മുടെ സിനിമകളൊന്നും അവാര്‍ഡിലേക്ക് പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട… നമ്മളാ ജെനുസില്‍ പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രൂപത്തില്‍ ഞാന്‍ പറയുമായിരുന്നു.

പിന്നെ അത്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാന്‍ ആ കമ്മിറ്റിയില്‍ ആരെങ്കിലും ഉണ്ടായാല്‍ അത് ഭാഗ്യം എന്നും ഞാന്‍ പറഞ്ഞിരുന്നു. മണിയുടെ തന്നെ കരുമാടിക്കുട്ടനും, പക്രുവിന്റെ അത്ഭുതദ്വീപിനും ഒക്കെ ഇത്തരം രസകരമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാന്‍ പോയിട്ടുമില്ല. കാരണം നമ്മളാ ജെനുസ്സില്‍ പെട്ട ആളല്ലല്ലോ?

2000-ലെ ദേശീയ അവാര്‍ഡ് സമയത്ത് ചാലക്കുടിയില്‍ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനല്‍ അന്നൗണ്‍സ്‌മെന്റ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിര്‍ബ്ബന്ധപൂര്‍വ്വം ഞാന്‍ മണിയോട് പറഞ്ഞെങ്കിലും എന്റെ അവാര്‍ഡ് ഉറപ്പാസാറെ.. എന്നോടു പറഞ്ഞവര്‍ വെളീലുള്ളവര്‍ അല്ലല്ലോ. അത് സത്യമാ സാറെ.. സാറൊന്ന് ചിരിക്ക് എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല.

പക്ഷേ എന്റെ മനസ്സ് പറഞ്ഞപോലെ തന്നെ മണിക്ക് അവാര്‍ഡ് കിട്ടിയില്ല. ആശ്വാസ അവാര്‍ഡ് പോലെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും, ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡും ആ സിനിമയ്ക്ക് തന്നു. ആ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചുവോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോള്‍ ഞാനും വല്ലാതെ പതറിപ്പോയി. എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഒക്കെ എന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പിന്നിട് നിങ്ങള്‍ക്ക് വായിക്കാം.”- വിനയൻ കുറിച്ചു.

വിവാഹ വാഗ്ദാനം നൽകി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു ഗർഭിണിയായതിന് പിന്നാലെ വിവാഹത്തിൽ നിന്നും പിന്മാറി. പ്രശസ്ത യുവ ഗാനരചയിതാവ് വിഷ്ണു എടവനെതിരെ പരാതിയുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് യുവതിയുടെ ആരോപണം.

സംവിധായകൻ ലോകേഷ് കനകരാജിന്റെ സഹസംവിധായകൻ കൂടിയാണ് വിഷ്ണു. വിഷ്ണുവുമായി കുറെ നാളുകളായി പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിലെ ഏർപ്പെട്ടെന്നും ഗർഭിണിയായതോടെ ബന്ധത്തിൽ നിന്നും ഇയാൾ പിന്മാറിയെന്നുമാണ് യുവതിയുടെ പരാതി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി,മാസ്റ്റർ,വിക്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി വിഷ്ണു പ്രവർത്തിച്ചിരുന്നു.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിനുശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിൽ സഹതാരമായി അഭിനയിച്ചെങ്കിലും പിന്നീടുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, ചെസ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലോലിപോപ്പ്, ട്വന്റി ട്വന്റി തുടങ്ങി മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും കന്നഡയിലുമായി ചില ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നീട് തന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് സിനിമയിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ പോലും സജീവമായിരുന്നില്ല. ഇപ്പോഴിതാ അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഷറഫുദ്ധിൻ ചിത്രമായ ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. ഇത്രയും നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോൾ ഇങ്ങനെയൊരു ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം.

ഇനിയങ്ങോട്ട് മലയാളം സിനിമ ചെയ്യണ്ടെന്നു തിരുമാനിച്ചിരിക്കുകയായിരുന്നു താനെന്ന് ഭാവന പറയുന്നു. പലപ്പോഴും ഇനിയൊരു തിരിച്ചു വരവില്ലെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിലും അതിന് തനിക്ക് സാധിക്കുനില്ല. സിനിമയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കാൻ നല്ല രസമുണ്ടായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ താൻ വലിയ ഡിപ്രെഷനിലൂടെയായിരുന്നു കടന്നുപോയത്. സിനിമയൊന്നും ചെയ്യാൻ കിട്ടിയില്ലെങ്കിൽ ഇനി എന്തു സംഭവിക്കുമെന്ന ഭയം തന്നെ അലട്ടിയിരുന്നെന്ന് ഭാവന പറയുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ഇങ്ങനെയൊരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും വേണ്ടന്നായിരുന്നു തന്റെ തീരുമാനം. ചിത്രത്തിന്റെ കഥകേൾക്കാൻപോലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കഥപറയാൻ വേണ്ടി തന്റെ അടുത്തേക്ക് സംവിധാനയകനും മറ്റും വന്നപ്പോൾ കഥപറഞ്ഞു പോയിക്കോട്ടെ താൻ എന്തായാലും അഭിനയിക്കുന്നില്ല എന്നരീതിയിലായിരുന്നു നിന്നത്. ഈ സിനിമ ചെയ്യാണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തനിക്ക് ഒരുപാട് സമയമെടുക്കേണ്ടി വന്നിരുനെന്ന് താരം പറയുന്നു. തന്റെ ഫാമിലിയും കൂട്ടുകാരും തന്നെ ഒരുപാട് നിർബന്ധിച്ചു.പിന്നീട് തനിക് അത് ചെയ്യാമെന്ന് തോന്നി. അങ്ങനെയായിരുന്നു ന്റെ ഇക്കാകാക്കോരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് ഭാവന പറയുന്നു.

തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.

ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.

താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.

കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.

Copyright © . All rights reserved