Movies

ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ വീട്ടില്‍ അടുക്കള കൈയേറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് നോക്കുന്ന ഭാര്യ സുചിത്രയേയും ചിത്രങ്ങളില്‍ കാണാം. താരം ഉണ്ടാക്കുന്നത് എന്ത് ഭക്ഷണമാണ് എന്നാണ് ആരാധകരുടെ സംശയം. ദ്രാവക രൂപത്തിലെ ഭക്ഷണം പാകപ്പെടുത്തി ഓംലെറ്റ് രൂപത്തില്‍ മറ്റൊരു പാത്രത്തിലേക്ക് വിളമ്പുന്നതും ചിത്രങ്ങളില്‍ കാണാം.

ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.

അതേസമയം, ദൃശ്യം 2വിന്റെയും റാം ചിത്രത്തിന്റെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ദൃശ്യം 2വിന്റെയും റാമിന്റെയും എഡിറ്റിംഗിലേക്ക് ഒരേസമയം കടന്നിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.

ആരാധകര്‍ക്ക് ദീപാവലി സമ്മാനാവുമായി ‘മാസ്റ്റര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിജയ് ആരാധകര്‍ക്കും വിജയ് സേതുപതി ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. വിജയ്‌യും സേതുപതിയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്.

സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് വേഷമിടുന്നത്.

ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ‘വാത്തി കമ്മിങ്’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സത്യന്‍ സൂര്യ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

സ്ത്രീകൾ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ച ഇക്കാലത്തും സിനിമയ്ക്കുള്ളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്ന് സോനം കപൂർ. സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായെന്നും സോനം പറയുന്നു. ബോളിവുഡിലെ സെക്‌സിസ്റ്റ് നിലപാടുകളോടാണ് താരത്തിന്റെ പ്രതികരണം.

‘ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും, നടപ്പും പെരുമാറ്റവുമൊക്കെ ചിലരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവർ ഇന്നും സിനിമാരംഗത്തുണ്ട് . സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകൾക്കെതിരെ ഈ മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുളള സിനിമകളിൽ നിന്ന് സ്ത്രീകൾ സ്വയം പിന്മാറിയാൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളു. സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്’. സോനം കോസ്‌മോപോളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി .

അത്തരം സിനിമയിൽ പ്രവർത്തിക്കാൻ നടിമാർ തയ്യാറാവുന്നതോടെ നാം സ്വയം ഇല്ലാതാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ നായകനായി താന്‍ മാത്രം മതിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പവന്‍ കല്യാണ്‍. നായകനായി താന്‍ മാത്രം മതിയെന്നും ക്ലൈമാക്‌സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവന്‍ കല്യാണിന്റെ നിര്‍ദേശം. അതേസമയം, തിരക്കഥ തിരുത്താനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. ഇതില്‍ തെലുങ്ക് റീമേക്കിന്റെ തിരക്കഥയാണ് തിരുത്തണമെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്.

നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു. ഒരു വിവാഹത്തിനും ഒരു ലിവിം​ഗ് ​ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി
പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റം​ലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.

റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും വിവാഹിതനാകുന്നവെന്ന വാർത്ത പ്രഭു​ദേവ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സിനിമാ ആസ്വാദനത്തിനു കട്ട് പറയാന്‍ കോവിഡിന് സാധിച്ചില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സൂര്യയുടെ സൂരരൈ പോട്ര് ആരാധകരുടെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്നു. തിയറ്റില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആ പരിമിതി മറികടക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനം. ഇടവേളയ്ക്കു ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവു കൂടിയായി ചിത്രം. മാരനായി സൂര്യ തകര്‍ത്തഭിനയിച്ചെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനവും കെെയ്യടി നേടുന്നു. സമീപ കാലത്തെ ഏറ്റവും ശക്തയായ നായികമാരില്‍ ഒരാളാണ് അപര്‍ണയുടെ കഥാപാത്രമെന്നും ആരാധകര്‍ പറയുന്നു. ഉര്‍വശിയും മികച്ച പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.

“സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞത്.

ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മുക്തയാവുന്നേയുള്ളൂ മേഘ്ന. പ്രിയപ്പെട്ടവന്റെ നഷ്ടമുണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കാൻ മകൻ എത്തിയ സന്തോഷത്തിലാണ് താരം. അടുത്തിടെയാണ് മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

ചിരുവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ വാചാലയാവുന്ന മേഘ്നയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെന്നെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പുകള്‍ ചുമത്തിയ കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും. നേരത്തേയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. സിസിടിവി ദൃശ്യങ്ങളും ചില തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഭിച്ച ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ എത്തിയത്. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് എന്നാല്‍ വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.

ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്കി.

അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ബിജെപി മുന്നണിയില്‍ ചേരില്ലെന്ന് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ദേവന്‍. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്നും ദേവന്‍ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.

ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

RECENT POSTS
Copyright © . All rights reserved