Movies

മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയിൽ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുൻനിരനായികാ പദവിയിലേക്ക് ഉയർന്നു.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു. ലോക്ഡൗൺ കാലത്ത് രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.

സാമ്പത്തിക മേഖല മെല്ലെ തിരിച്ചുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വലിയ ജനസംഖ്യയാണ് നമ്മുടേത്. എങ്കിലും രോഗവ്യാപനവും മരണവും കുറയ്ക്കാനായി. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. നൂതന സങ്കേതങ്ങള്‍ തേടിയാലേ കോവിഡിനെതിരായ പോരാട്ടം ജയിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നു. മേയ്ക്് ഇന്‍ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോല്‍സാഹിപ്പിക്കുന്നു. കുടിയേറ്റതൊഴിലാളികള്‍ക്കായി ഓട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്‍. മൈഗ്രേഷന്‍ കമ്മിഷനും സ്കില്‍ മാപ്പിങ്ങും അതില്‍ ചിലതെന്നും മോദി പറഞ്ഞു.

അതേസമയം, വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നതായി പ്രധാനമന്ത്രി. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

നേരം എന്ന ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. യുവ താരം നിവിൻ പോളി ആയിരുന്നു അതിലെ നായക വേഷം ചെയ്തത്. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രം പ്രേമം ആയിരുന്നു. നിവിൻ പോളി തന്നെ നായക വേഷം ചെയ്ത ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ആ ചിത്രം തമിഴ്‌നാട്ടിൽ 250 ദിവസത്തിലധികം പ്രദർശിപ്പിച്ചു പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

245 ദിവസത്തോളം മദ്രാസ് സഫയർ തീയേറ്ററിൽ പ്രദർശിപ്പിച്ച മമ്മൂട്ടിയുടെ ഒരു സി ബി ഐ ഡയറികുറിപ്പിന്റെ റെക്കോർഡ് ആണ് പ്രേമം തകർത്തത്. അതുപോലെ ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ അഞ്ചു ഹിറ്റുകളിൽ പുലി മുരുകൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി, ദൃശ്യം എന്നിവക്ക് പുറകിൽ സ്ഥാനമുള്ള ചിത്രവുമാണ് പ്രേമം. പ്രശസ്ത സംവിധായകനായ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തു അഞ്ചു വർഷം തികയുമ്പോൾ അൽഫോൻസ് പുത്രൻ പറയുന്നത് ഇതിൽ ആദ്യം നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല എന്നാണ്.

താനും ഇതിന്റെ നിർമ്മാതാവായ അൻവർ റഷീദും ഇതിലെ കേന്ദ്ര കഥാപാത്രമായി മനസ്സിൽ കണ്ടത് യുവ താരം ദുൽഖർ സൽമാനെ ആണെന്നും എന്നാൽ നിവിൻ പോളിയോടുള്ള വ്യക്തിപരമായ അടുപ്പം വെച്ചാണ് പിന്നീട് ആ ചിത്രം നിവിനെ വെച്ച് ചെയ്തത് എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. പ്രേമത്തിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു ഫിലിം കംപാനിയന് വേണ്ടി അൽഫോൻസ് പുത്രനുമായി ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. അതോടൊപ്പം താനിപ്പോൾ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു.

നടന്‍ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയില്‍ ഇല്ലാതാവാന്‍ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.  മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.നിര്‍ഭാഗ്യമെന്നു പറയട്ടെഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല.

കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കു്വെക്കാം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.
നിർഭാഗ്യമെന്നു പറയട്ടെ
ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല.

കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു് പലവുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കു്വെക്കാം.

ഭരത് അവർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല.

എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.

ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്.

സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.

അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്.

എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.

എൻഡോസൽഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്.

പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ
ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണു്.

അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ച് നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം
സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം.

മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽനഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ടു് ഈ മഹത്വം.

എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായ് സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.

പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി.. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും.

വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം.

തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു.

തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്.
കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതൻ്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണ്ണം.

ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്.

അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ.

കുചേലൻ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം.

സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന്ഉടമ.

മലയാള സിനിമയിലെ അപൂർവ്വ ജനസ്സ്.

ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മുന്നര സെൻ്റും വീടും വാങ്ങി നൽകിയാണ്.

എന്തിന് ആലപ്പുഴ MP ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.
ആരിഫിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.

ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിൻ്റെ മനുഷ്യ സ്നേഹത്തിന് മാനദണ്ഡമല്ല.

നിർഭാഗ്യമെന്നു പറയട്ടെ
സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.

ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക് .

ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി .പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല.

പൊതു നീതി നടപ്പാക്കാൻ
പറ്റാത്ത സംഘടനയുടെ
ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്.

തന്നിൽ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന്‌ സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു.

എന്നാൽ ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.

പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടു് – എന്നാൽ വിമർശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്.

ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.

ഇത് കുടി പറഞ്ഞു ഞാൻ നിർത്തുന്നു.
പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല.

പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല.

എൻ്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്…

ആലപ്പി അഷറഫ്

സിനിമകളുടെ ഡിജിറ്റല്‍ റിലീസില്‍ തിയറ്ററുകള്‍ക്ക് ഇനി ആശങ്കയില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിയന്ത്രണങ്ങളോടെ പുതിയ സിനിമകള്‍ തുടങ്ങുക പ്രായോഗികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു

നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയറ്ററുകള്‍ തുറക്കുന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ടോ?

പുതിയ സിനിമകള്‍ തുടങ്ങുന്ന കാര്യം സമീപ മാസങ്ങളിലൊന്നും ചിന്തിക്കാനാകില്ല. പകുതി പൂര്‍ത്തിയായതും എണ്‍പത് ശതമാനത്തോളം പണികള്‍ തീര്‍ന്നതുമായ ചിത്രങ്ങളും മിനുക്കുപണികള്‍ മാത്രം നടത്തിയാല്‍ റിലീസ് ചെയ്യാനാകുന്നതുമായ സിനിമകളും ഉണ്ട്. ഈ സിനിമകള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോഴെല്ലാവരും ആലോചിക്കുന്നത്. അപ്പോഴും തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഉറപ്പാക്കാതെ കൂടുതല്‍ സിനിമകളും പൂര്‍ത്തിയാക്കുന്ന കാര്യം നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാകില്ല. മലയാള സിനിമകള്‍ ഇപ്പോള്‍ ദുബായില്‍ റീ റീലീസ് ചെയ്തല്ലോ എന്താണ് സംഭവിച്ചത്. അഞ്ചോ പത്തോ ആളുകളാണ് ഓരോ ഷോയ്ക്കും വന്നത്. സിനിമ റിലീസ് ചെയ്യാനാകുന്ന സാഹചര്യമില്ലാതെ നിര്‍മ്മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുമോ, വിപണിയില്ലാതെ ഇപ്പോള്‍ പണം മുടക്കാന്‍ ആരാണ് തയ്യാറാവുക. 90 ശതമാനം ആളുകളും ഫൈനാന്‍സിയേഴ്‌സില്‍ നിന്ന് പണം പലിശക്കെടുക്കുന്നവരാണ്. തിയറ്ററുകള്‍ ഓപ്പണ്‍ ആകാതെ നിര്‍മ്മാതാക്കള്‍ക്ക് പണം ആരെങ്കിലും കൊടുക്കുമോ?. മുന്‍നിര താരങ്ങള്‍ ആരെങ്കിലും ഷൂട്ടിംഗിന് തയ്യാറാകുമോ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാലും പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ എത്തുമെന്ന് തോന്നുന്നില്ല. അത് പ്രായോഗികവുമല്ല.

ഈ ഘട്ടത്തില്‍ ആശ്വാസകരമായ ഏക മാര്‍ഗ്ഗം ഡിജിറ്റല്‍ റിലീസ് അല്ലേ, കുറച്ച് സിനിമകളെങ്കിലും ഒടിടി റിലീസ് നടത്തിയാല്‍ കെട്ടിക്കിടക്കുന്ന സിനിമകള്‍ കുറയും, കുറേ നിര്‍മ്മാതാക്കള്‍ക്കെങ്കിലും സാമ്പത്തികമായി അത് ആശ്വാസമാകും, അതിനെ തിയറ്ററുടമകള്‍ എതിര്‍ക്കേണ്ടതുണ്ടോ?

ഒ.ടി.ടി ത്രൂ റിലീസുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തരത്തിലും പേടിയില്ല. തിയറ്ററുകളില്‍ റിലീസ് വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യട്ടേ. പക്ഷേ തിയറ്ററുകളിലും ഓണ്‍ലൈനിലും ഒരേ സമയം റിലീസിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഡിജിറ്റല്‍ റിലീസിന് കൊടുക്കുന്നവര്‍ കൊടുക്കട്ടേ എന്നാണ് ചിന്തിക്കുന്നത്. മലയാളത്തില്‍ നിന്ന് 2 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സിനിമകളൊന്നും ആമസോണോ, നെറ്റ്ഫ്‌ളിക്‌സോ ഉള്‍പ്പെടെ വാങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ ഉയര്‍ന്ന പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘നിങ്ങള്‍ തിയറ്ററുകള്‍ ടെന്‍ഷന്‍ അടിക്കേണ്ട വമ്പന്‍ പടങ്ങളൊന്നും ഞങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല’ എന്നാണ്. ഒടിടി റിലീസ് എന്നത് കുറച്ച് പേരുടെ സമ്മര്‍ദ്ദം കൂടിയാണെന്നാണ് മനസിലാക്കുന്നത്.

ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മലയാളം ചെറിയ മാര്‍ക്കറ്റ് ആണ്. വേള്‍ഡ് റിലീസിംഗിലൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലാഭമുണ്ടാക്കുന്നത്. ബോളിവുഡോ, തമിഴോ, തെലുങ്കോ പോലെ വലിയൊരു ഓഡിയന്‍സിന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും അവര്‍ക്ക് കിട്ടില്ല. മലയാളം പടമാകുമ്പോള്‍ കേരളം വിട്ടാല്‍ ഒരു കുട്ടി കാണാനുണ്ടാകില്ല. അതല്ലാത്ത സിനിമകള്‍ തിയറ്ററുകളുടേത് പോലെ ചില എഗ്രിമെന്റിലാണ് വാങ്ങുന്നത്. കാണുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലാഭവിഹിതം എന്ന രീതിയിലൊക്കെ. ഞങ്ങള്‍ തിയറ്ററുകള്‍ നല്‍കുന്ന 60-40 അനുപാതത്തിലുള്ള ധാരണ പോലെ സുതാര്യമായി ഈ പ്ലാറ്റ്‌ഫോം നല്‍കുമെന്ന് കരുതുന്നുണ്ടോ. ഒരു മലയാള സിനിമ ലാഭം കണ്ടെത്തുന്നത് കേരളത്തിലെ തിയറ്റര്‍ റിലീസ്, ഗള്‍ഫ് റിലീസ്, മറ്റ് രാജ്യങ്ങളിലെ വിതരാണവകാശം, സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ സ്ട്രീമിംഗ് റൈറ്റ്‌സ് ഉള്‍പ്പെടെ നല്‍കിയാണ്. ബാക്കിയുള്ള എല്ലാ വിപണിയും നിര്‍ജീവമായതിനാല്‍ ഒടിടി അവകാശം നല്‍കിയാല്‍ തന്നെ ചെറിയൊരു ശതമാനം പണമല്ലേ തിരിച്ചുകിട്ടുന്നുള്ളൂ.

ചുരുക്കത്തില്‍ ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ട എന്നാണ് തീരുമാനം

എതിര്‍പ്പുണ്ട്. അത് തിയറ്ററുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിലാണ്. അല്ലെങ്കില്‍ തിയറ്ററുകളില്‍ ഓടുന്ന സമയത്ത് തന്നെ ഈ പ്ലാറ്റ്‌ഫോമില്‍ വരുന്നതിനോടും എതിര്‍പ്പുണ്ട്. പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം സിനിമ വാങ്ങുന്ന രീതിയിലേക്കാണ് ഒടിടി കമ്പനികളും പോവാന്‍ സാധ്യത. മലയാളം സിനിമക്ക് ഏറ്റവും കുറഞ്ഞ ബജറ്റ് ആണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. ആമസോണിനോ നെറ്റ്ഫ്‌ളിക്‌സിനോ വേണ്ടി ലോ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ച് തിയറ്റര്‍ വേണ്ടെന്ന് വച്ചാല്‍ അവര്‍ എടുക്കുമായിരിക്കും, അങ്ങനെ സിനിമകള്‍ വന്നോട്ടെ. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ മുതല്‍ ഫഹദോ, ടൊവിനോ പോലുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ ചെയ്യുമോ?, ഇല്ലെന്നാണ് എന്റെ വിശ്വാസം. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ഒരാഴ്ചക്കുള്ളില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഭീഷണിയാണ്. നേരത്തെ ചാനലുകളില്‍ സിനിമ കാണിക്കുന്ന കാര്യത്തില്‍ ഇത്ര ദിവസത്തിന് ശേഷമെന്ന ധാരണ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ നിലപാടാണ് ഡിജിറ്റല്‍ റിലീസിന്റെ കാര്യത്തിലും.

വിഷുവിന് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് പെരുന്നാളും കടന്നു പോയി, ഓണം റിലീസും ഈ ഘട്ടത്തില്‍ പ്രയാസകരമല്ലേ്?

ഇപ്പോള്‍ അങ്ങനെ ഒരു ഉറപ്പുമില്ല. വേഗത്തില്‍ തിയറ്ററുകള്‍ തുറക്കണമെന്ന് നമ്മളും ഈ അവസരത്തില്‍ ചിന്തിക്കരുതല്ലോ. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിയാതെ അതൊന്നും ഇനി എളുപ്പമല്ല. ് തിയറ്ററുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയാലും പ്രേക്ഷകര്‍ വന്ന് തുടങ്ങണമല്ലോ.

മള്‍ട്ടിപ്ലെക്‌സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച പ്രപ്പോസലുകളെ കുറിച്ച് കേട്ടിരുന്നു, നിയന്ത്രണങ്ങളോടെ നാല്‍പ്പത് ശതമാനം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള റിലീസ് തുടങ്ങി ഗൈഡ്‌ലൈനുകള്‍?

അതൊന്നും കേരളത്തിലെ തിയറ്ററുകളില്‍ വര്‍ക്ക് ഔട്ട് ആകില്ല. ഏത് പ്രൊഡ്യൂസര്‍ ഇത് പോലൊരു വ്യവസ്ഥയില്‍ റിലീസിന് പടം കൊടുക്കും. തരക്കേടില്ലാത്ത ഒരു സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളുകള്‍ തിരിച്ചെത്തൂ.

ഇനി സിനിമ പുനരാരംഭിക്കുമ്പോള്‍ മലയാളത്തിലെ സിനിമകളുടെ ബജറ്റിലും പ്രതിഫലത്തിലും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ?

ഏഴ് കോടിക്ക് താഴെയുള്ള സിനിമകള്‍ മാത്രമേ കുറച്ച് കാലത്തേക്ക് നമ്മുക്ക് ആലോചിക്കാനാകൂ എന്നാണ് തോന്നുന്നത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യമൊന്നും പ്രായോഗികമല്ല. ഫെഫ്കയ്ക്ക് കീഴിലുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുന്ന കാര്യം ചിലപ്പോള്‍ നടക്കുമായിരിക്കും. ടെക്‌നീഷ്യന്‍സ് ചിലപ്പോള്‍ അതിന് തയ്യാറാകുമായിരിക്കും. പക്ഷേ താരങ്ങള്‍ എത്രത്തോളം തയ്യാറാകുമെന്ന് സംശയമുണ്ട്. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാം ഡേറ്റ് കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. സിനിമാ വിപണി താരങ്ങളെ കേന്ദ്രീകരിച്ചല്ലേ. ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാന്‍ മറ്റുള്ളവരുടെ പ്രതിഫലങ്ങള്‍ കുറക്കാനാണ് നിര്‍മ്മാതാവും നോക്കുക. ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്, മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയാല്‍ അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ ഞാന്‍ തയ്യാറാകും. മമ്മൂട്ടിയാണെങ്കിലും അങ്ങനെ.

താരങ്ങള്‍ കുറക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തരാം ഡേറ്റ് വേണം എന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമോ. കേരളത്തില്‍ തന്നെയല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഫലം വെട്ടിക്കുറക്കല്‍ പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. കൊവിഡ് കാലത്തല്ല പല കാലങ്ങളിലും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പക്ഷേ ആരെങ്കിലും ഒരാള്‍ ചോദിക്കുന്ന പ്രതിഫലം കൊടുത്ത് ആ ചര്‍ച്ച തന്നെ അട്ടിമറിക്കും. മൂന്ന് മാസം ഇടവേളയായതിനാല്‍ പ്രതിഫലം കൂട്ടുന്ന കാര്യത്തിലായിരിക്കും ചിലപ്പോള്‍ താരങ്ങളും ആലോചിക്കുന്നുണ്ടാവുക.

വലിയ റിസ്‌ക് നിര്‍മ്മാതാക്കളുടേതായിരിക്കുമല്ലോ, അനിശ്ചിതാവസ്ഥ തുടരുന്ന വിപണിയിലേക്കാണ് പൂര്‍ത്തിയായ സിനിമയുമായും, തുടങ്ങാനിരിക്കുന്ന സിനിമയുമായും വരേണ്ടത്?

മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങള്‍ക്കും സ്വന്തം നിര്‍മ്മാണ കമ്പനിയോ വിതരണ കമ്പനിയോ ഉണ്ട്. അവര്‍ക്ക് ഞങ്ങളെ പോലുള്ള നിര്‍മ്മാതാക്കള്‍ വേണമെന്ന് നിര്‍ബന്ധമില്ല. താരങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തമുള്ളതോ, അവര്‍ തന്നെ നിര്‍മ്മിക്കുന്നതോ ആയ സിനിമകളാവും ഇനി കൂടുതലും വരാനിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നിടത്തും പ്രതിഫലത്തില്‍ കുറവ് വരുത്തുന്നിടത്തുമാണ് മലയാള സിനിമക്ക് ഭാവിയുള്ളത്. ആറോ ഏഴോ മാസം കൊണ്ട് പഴയ പ്രതിഫലത്തിലേക്കും പഴയ ബജറ്റിലേക്കും വരാന്‍ സാധിക്കുമായിരിക്കും. സര്‍ക്കാര്‍ ചെയ്ത് തരേണ്ട കാര്യങ്ങളുണ്ട്. ജിഎസ്ടിയും അല്ലാത്ത ടാക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. പക്ഷേ അതൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നുന്നു. ചാനലുകളൊന്നും പഴയ പോലെ സിനിമ എടുക്കുന്നില്ല. അവര്‍ക്ക് പരസ്യവരുമാനം കുത്തനെ കുറഞ്ഞു. ലോക്ക് ഡൗണിന് ശേഷം ചാനലുകള്‍ നല്‍കിയ അഡ്വാന്‍സ് കാന്‍സല്‍ ചെയ്ത സംഭവം വരെയുണ്ട്. പിന്നെ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ അവര്‍ക്ക് ആ പടം റിലീസ് ചെയ്യണമെങ്കില്‍ വേള്‍ഡ് മാര്‍ക്ക് സാധാരണ നിലയിലാകണം.

ചില തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയെന്ന പേര് ചാര്‍ത്തിക്കിട്ടിയ നടിയാണ് കസ്തൂരി.മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി തനിക്ക് സിനിമാ രംഗത്തു നിന്നു നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളെപ്പറ്റി തുറന്നു പറഞ്ഞതാണ് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.ഇപ്പോള്‍ വീണ്ടുമൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് നടി.

താന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ആ കാര്യത്തെ കൂള്‍ ആയിത്തന്നെ താന്‍ ഡീല്‍ ചെയ്തുവെന്നും കസ്തൂരി പറയുന്നു..താന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ തന്നോട് ഗുരുദക്ഷിണയായി ചോദിച്ചത് തന്റെ ശരീരമായിരുന്നുവെന്ന് കസ്തൂരി തുറന്നു പറഞ്ഞു.

ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല.എന്നാല്‍ തനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ താന്‍ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരി ച്ചിട്ടേയില്ലെന്നും കസ്തൂരി പറഞ്ഞിരിന്നു.

പിന്നെ തനിക്കു മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നായിരുന്നുവെന്നും അദ്ദേഹം ഒരു നിര്‍മ്മാതാവായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.

പക്ഷെ അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും തനിക്കു പറയാന്‍ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു.സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി വ്യക്തമാക്കുന്നു.

സിനിമ താരം ഗോകുലനും ധന്യയും വിവാഹിതരായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനെത്തിയത്. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്ത്രതില്‍ വെച്ച് ചടങ്ങുകള്‍ നടന്നു. ചടങ്ങിനു ശേഷം ഇരുവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തു.

കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സ് ആണ് ഗോകുലന്റെ ആദ്യ സിനിമ. ആമേന്‍ എന്ന സിനിമയില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ അഗര്‍ബത്തീസ് കരിയര്‍ ബ്രേക്ക് ചിത്രമായി. ചിത്രത്തില്‍ ജിബ്രൂട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഗോകുലന്‍ അവതരിപ്പിച്ചത്. കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പുണ്യാളനിലെ ജിബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്‌കരയിലെ വെല്‍ഡര്‍, ഇടി എന്ന ചിത്രത്തിലെ കള്ളന്‍ എന്നിവയും ഗോകുലനെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയ കഥാപാത്രങ്ങളാണ്. വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലും ഗോകുലന്‍ മികച്ച കഥാപാത്രങ്ങളായെത്തിയിരുന്നു. നാടക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ഗോകുലന്‍.

വീട്ടുകാര്‍ വഴിയാണ് പെരുമ്പാവൂർ അയ്മുറി സ്വദേശിയായ ധന്യയുടെ വിവാഹാലോചന വരുന്നത്. പിന്നീടുണ്ടായ കൂടിക്കാഴ്ചയില്‍ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു, ലോക്ഡൗണ്‍ ആയതിനാല്‍ നിശ്ചയ ചടങ്ങുകള്‍ ഒന്നും നടത്താതെ നേരെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗോകുലന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനു ശേഷം മമ്മൂട്ടി തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും ഗോകുലന്‍ പറഞ്ഞു. സിനിമ മേഖലയിലെ നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്തയെ (25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹിന്ദിയിലെ പ്രശസ്ത ടിവി പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്‍ഡോറിലെ സ്വന്തം വീട്ടില്‍വച്ചാണ് പ്രേക്ഷ ജീവനൊടുക്കിയത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്നാണ് പോസ്റ്റില്‍ താരം കുറിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ നടിയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.

ബംഗളൂരുവില്‍ നിന്ന് തൃശ്ശൂരിലെ വീട്ടിലേയ്ക്ക് എത്തിയ നടി ഭാവനയുടെ സ്രവം സാംപിള്‍ എടുത്ത ശേഷം ക്വാറന്റൈലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് താരം മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് എത്തിയത്.

അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് തൃശ്ശൂരിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായവുകയും ചെയ്യുകയായിരുന്നു.

ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ആവേശമായി. സെല്‍ഫി എടുക്കാനും തിടുക്കം കൂട്ടലായി, പലരും സാമൂഹിക അകലമൊക്കെ പാലിച്ച് സെല്‍ഫി പകര്‍ത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹോം ക്വാറന്റൈനിലേക്ക് പോലീസ് അകമ്പടിയോടെയായിരുന്നു താരത്തിന്റെ തുടര്‍ന്നുള്ള യാത്ര.

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് താരം താമസിക്കുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം. കന്നഡ സിനിമാ മേഖലയിലാണ് ഭാവന ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് സുഹാസിനി. പ്രശസ്ത സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി എൺപതുകളിലും തൊണ്ണൂറുകളിലും നായികാ വേഷത്തിൽ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞു നിന്ന നടിയാണ്. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ നടി ഒരിടവേളക്ക് ശേഷം അമ്മ വേഷങ്ങളിലൂടെയും മലയാളത്തിലെത്തി കയ്യടി നേടി. കുറച്ചു നാൾ മുൻപ് ഒരു തമിഴ് ദൃശ്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ അവതാരിക സുഹാസിനിയോട് ചോദിച്ചത് കൂടെ അഭിനയിച്ചിട്ടുള്ള നായക നടന്മാരിൽ ഏറ്റവും മികച്ച ജോഡിയായി സുഹാസിനിക്ക് തോന്നിയ നടൻ ആരാണെന്നാണ്. അതിനു സുഹാസിനി കൊടുത്ത മറുപടി മമ്മൂട്ടി എന്നാണ്.

മമ്മൂട്ടിയുടെ നായികയായി സുഹാസിനി ഒട്ടേറെ ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ചിലതാണ് കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിൻ രാഗസദസ്സിൽ, അക്ഷരങ്ങൾ, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ എന്നിവ. അത് കൂടാതെ സുഹാസിനി ഭാഗമായിട്ടുള്ള മലയാളത്തിലെ മറ്റു ചില മികച്ച ചിത്രങ്ങളാണ് സമൂഹം, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, നമ്മൾ, വാനപ്രസ്ഥം, തീർത്ഥാടനം, വിലാപങ്ങൾക്കപ്പുറം, മകന്റെ അച്ഛൻ എന്നിവ.

ഇനി മലയാളത്തിൽ റിലീസ് ചെയ്യാനുള്ള മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തിൽ മാത്രമേ സുഹാസിനി അഭിനയിച്ചിട്ടുള്ളു. തമിഴ്, തെലുങ്കു, കന്നഡ ഭാഷകൾ കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള സുഹാസിനി ഇന്ദിര എന്ന് പേരുള്ള ഒരു ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. രാവണൻ, ഇരുവർ, തിരുട തിരുട എന്നീ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായും ജോലി ചെയ്തിട്ടുള്ള സുഹാസിനി മണി രത്‌നം മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ടു കേരളാ സംസ്ഥാന അവാർഡും രണ്ടു തമിഴ്നാട് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

Copyright © . All rights reserved