രാജ്യം കൊവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡും. ലോക്ക്ഡൗൺ കാരണം കഷ്ടപ്പാടിലായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടി പണം കണ്ടെത്തുന്നതിനായി ‘ഐ ഫോർ ഇന്ത്യ’ എന്ന ലൈവ് കൺസേർട്ടുമായി ബോളിവുഡ് ഒന്നടങ്കം സോഷ്യൽമീഡിയയിൽ കഴിഞ്ഞദിവസം എത്തിയിരുന്നു.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഹൃതിക് റോഷൻ, ആയുഷ്മാൻ ഖുറാന എന്നീ താരങ്ങളെല്ലാം കൺസേർട്ടിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ആരാധകരോട് ദരിദ്രരെ സഹായിക്കുന്നതിനായി മുന്നോട്ട് വരുവാനും തങ്ങളാൽ കഴിയുന്ന സഹായം നൽകുവാനും താരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സോഷ്യൽ ലോകത്തിന്റെ കണ്ണ് ഉടക്കിയത് താരങ്ങളിലൊന്നുമല്ല. ഷാരൂഖ് ഖാന്റെ വീഡിയോയിലെ താരത്തിന്റെ സ്വീകരണ മുറിയുടെ സവിശേഷതയായിരുന്നു ആരാധകരെ ആകർഷിച്ചത്. ഈ കണ്ടെത്തലിനു പിന്നാലെ അദ്ദേഹത്തെ അഭിനനം കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ.
തന്റെ സ്വീകരണമുറിയിൽ ഷാരൂഖ് ഗണപതി വിഗ്രഹവും വിശുദ്ധ ഖുറാനും സൂക്ഷിച്ചിരിക്കുന്നതാണ് നെറ്റിസൺസിന്റെ അഭിനന്ദനങ്ങൾക്ക് കാരണമായത്. നിരവധി ട്വീറ്റുകളാണ് ഷാരൂഖിനെ അഭിനന്ദിച്ച് വന്നത്.
ഷാരൂഖ് ഖാൻ റാപ്പർ ബാദ്ഷാ ചിട്ടപ്പെടുത്തിയ ‘സബ് സഹി ഹോവ ജായേഗ’ എന്നീ ഗാനമാണ് പാടിയത്. ഷാരൂഖ് ഖാന്റെ മകൻ അബ്റാമും വീഡിയോയിൽ വന്നിരുന്നു.