സ്വകാര്യ ചാനലിലെ ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മിനിസ്‌ക്രീൻ താരം മേഘ്ന വിൻസെന്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹ മോചന വാർത്തയാണ് ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
2017 ഏപ്രിൽ മുപ്പതിനായിരുന്നു മേഘ്നയും ബിസിനസ്സുകാരനായ ഡോണും തമ്മിലുള്ള വിവാഹം. എന്നാൽ ലോകം ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരം അനാവശ്യ ചർച്ചകൾ എന്തിനാണ് സൃഷ്ടിക്കുന്നത് എന്നാണ് ഡോൺ ചോദിക്കുന്നത്.
ഞങ്ങൾ വിവാഹ മോചിതരായി എന്നത് സത്യമാണ്. 2019 ഒക്ടോബർ അവസാന വാരമാണ് ഞങ്ങൾ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോൾ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഇനി മുതൽ രണ്ടു വഴിയിൽ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നുവെന്നും ഡോൺ പറയുന്നു.
ലോകം കോവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ അനാവശ്യമായി വാർത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ഡോൺ പറയുന്നു. ഞങ്ങൾ 2018 മുതൽ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വർഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതിൽ ഒന്നുമില്ല. എങ്കിലും ഇപ്പോൾ ഈ വാർത്ത എവിടെ നിന്നു പൊങ്ങി വന്നു എന്നറിയില്ല.
എന്തായാലും ഇപ്പോൾ ഇത്തരം ചർച്ചകൾക്ക് പറ്റിയ കാലമല്ലല്ലോ. ഡോൺ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് മേഘ്‌ന വിവാഹമോചിയായി എന്ന വാർത്തയും ഡോൺ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകന്‍ പി.കെ. രാജ്മോഹന്‍(47) അന്തരിച്ചു. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ചാണ് അന്ത്യം. രാജ്മോഹന്‍ എന്നും സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊറോണ ആണോ എന്ന സംശയത്തില്‍ സംവിധായകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ‘അഴൈപ്പിതഴ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. കേദായം എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം. ഈ സമയത്താണ് ലോക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
അതേസമയം ചെന്നൈയിലെ കോയന്‍പേട് മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ലോക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സീല്‍ ചെയ്യപ്പെട്ട മേഖകളിലും റെഡ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ ചെന്നൈയിലെ വിവിധ മേഖലകളില്‍ സംഘടിച്ചത്, സംഘര്‍ഷത്തിനിടയാക്കി. ഇക്കാര്യത്തില്‍ നോഡല്‍ ഓഫിസറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെയാണ് സമരം അവസാനിച്ചത്.
കര്‍ണാടകയില്‍ ഇന്നലെ രാത്രിയും ഇന്നുമായാണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേവനഗരയില്‍ രണ്ടു പേരും ബിഡാരിയില്‍ ഒരാളുമാണ് മരിച്ചത്. മരണസംഖ്യ 25 ആയി. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രാ പ്രദേശില്‍ ഇന്ന് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയില്‍ ഇന്നലെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1044 ആണ് രോഗബാധിതര്‍. 464 പേര്‍ രോഗമുക്തരായി. 28 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി.
ലോഹിതദാസ് മലയാളിക്ക് സമ്മാനിച്ച മികച്ച സിനിമകളില്‍ ഒന്നായിരുന്നു 2003-ല്‍ ഇറങ്ങിയ കസ്തൂരിമാന്‍. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി വന്ന മനോഹരമായ പ്രണയകഥ. ഈ ചിത്രത്തില്‍ നിര്‍ണായകമായ മറ്റൊരു കഥാപാത്രമായിരുന്നു ഷമ്മി തിലകന്‍ ചെയ്ത ഇടിയന്‍ രാജപ്പന്‍ എന്ന പോലീസുകാരന്‍. ഷമ്മിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് കസ്തൂരിമാനിലെ ഇടിയന്‍ രാജപ്പന്‍. എന്നാല്‍ ഈ കഥാപാത്രം ആദ്യം ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമായിരുന്നുവെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇടിയന്‍ രാജപ്പന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ച എങ്ങനെയായിരുന്നുവെന്നു ഷമ്മി തിലകന്‍ പങ്കുവയ്ക്കുന്നത്.
ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
ഇടിയന്‍ രാജപ്പന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം ചെയ്യുവാന്‍ എന്നെ ലോഹിയേട്ടന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, ഇത് ഒരു കാമ്പസ് പ്രണയകഥയാണ്… ഇതില്‍ ‘ഗസ്റ്റ് അപ്പിയറന്‍സ്’ ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്; ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്! അങ്ങനെ പോയി ചെയ്ത സീനുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്!
എന്നാല്‍, ഈ സീനുകള്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങി പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു; ഷമ്മീ, ചിലപ്പോള്‍ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും; ചാക്കോച്ചന്റെ കൂടെ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട് എന്ന്. അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളില്‍ നിന്ന് കൊണ്ടുള്ള സീന്‍! ആ സീനും കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു, ‘ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും’ എന്ന്! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടന്‍ ജന്മം കൊടുത്തത്.
ഈ സിനിമയില്‍ ഞാന്‍ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വന്‍സിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം. 2003-ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്ന ഈ കഥാപാത്രം; പ്രസ്തുത ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടന്‍ ഏല്പിച്ചത്..!
നന്ദി ലോഹിയേട്ടാ..! എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!
ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് അര്‍ജുന്‍ കപൂര്‍, മിനി മാതുര്‍, കരണ്‍ വാഹി എന്നീ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഐസിയുവില്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ചും ആശുപത്രി ജീവനക്കാര്‍ക്ക് എതിരെയുമാണ് താരങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്നും എന്ത് സംഭവവും ആദ്യം എത്തിക്കുന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇത്തരം പ്രവർത്തികള്‍ക്കു പിന്നിലെന്നും അർജുൻ കപൂർ പറഞ്ഞു. വിഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നയാളാണ് മല്ലിക സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന് പല ഉദ്ദാഹരണങ്ങളുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുമായി ബന്ധപ്പെടുത്തി മല്ലികയെ ഒന്നു ട്രോളാമെന്നു കരുതി വന്നയാള്‍ക്കും കിട്ടി കണക്കിന്. ഒരു ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു മല്ലിക.
ലോക് ഡൗണ്‍ കാലവും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് പോകുമ്പോഴായിരുന്നു പരിഹാസ ചോദ്യവുമായി ഒരാള്‍ എത്തുന്നത്. അയാള്‍ക്ക് അറിയേണ്ടത് പൃഥ്വിയുടെ ലംബോര്‍ഗിനിയെ കുറിച്ചായിരുന്നു. ലംബോര്‍ഗിനി ഇപ്പോള്‍ എവിടെയാണമ്മേ എന്നായിരുന്നു കക്ഷിക്ക് അറിയേണ്ടിയിരുന്നത്. ഒട്ടും വൈകിയില്ല മറുപടിക്ക്. ‘ അതിവിടെ അലമാരയില്‍ വച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള ആ തിരിച്ചടി!
മുന്‍പ് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് വാങ്ങിയ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തില്‍ ഇല്ലെന്നുള്ള മല്ലികയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേയുള്ള വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു ഈ ചോദ്യവും. എന്തായാലും ഈ ചോദ്യവും അതിനുള്ള ഉത്തരവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് പ്രിയതാരങ്ങള്‍ ലോകത്തോട് വിടപറഞ്ഞത്. ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണം സിനിമാലോകത്ത് തീരാനഷ്ടമായിരിക്കുകയാണ്. ഇരുവരുടെയും വിയോഗത്തില്‍ വേദന മാറും മുന്‍പേ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമായ നസറുദ്ദീന്‍ ഷായുടെയും മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.
നസ്റുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചുവെന്നും അടക്കമുളള അഭ്യൂഹങ്ങളാണ് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്തകള്‍ കണ്ടതോടെ പ്രതികരണവുമായി നസറുദ്ദീന്‍ ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി.
വാര്‍ത്തകള്‍ തെറ്റാണെന്നും നസറുദ്ദീന്‍ ഷായ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നും ഷായുടെ ഭാര്യയും പ്രശസ്ത നടിയുമായ രത്ന പഥക് വ്യക്തമാക്കി. അദ്ദേഹം ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ നസറുദ്ദീന്‍ ഷാ തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരണവുമായി രംഗത്ത് വന്നു.
”തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. താന്‍ സുഖമായി വീട്ടിലിരുന്ന് ലോക്ക്ഡൗണ്‍ നിരീക്ഷിക്കുകയാണ്. അഭ്യൂഹങ്ങളൊന്നും ദയവ് ചെയ്ത് വിശ്വസിക്കാതിരിക്കുക” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
”പ്രശ്നങ്ങളൊന്നുമില്ല. ബാബ സുഖമായിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുളള എല്ലാ പ്രചാരണങ്ങളും വ്യാജമാണ്. അദ്ദേഹം സുഖമായി തുടരുന്നു. ഇര്‍ഫാന്‍ ഭായിക്കും ചിന്റു ജിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ വളരെ അധികം മിസ്സ് ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത് വളരെ വേദനിപ്പിക്കുന്നു നഷ്ടമാണ്” എന്ന് ഷായുടെ മകന്‍ വിവാന്‍ ഷായും പ്രതികരിച്ചു.
ഇര്‍ഫാന് ഖാന് പിന്നാലെ ഋഷികപൂറിന്റെയും വിയോഗം ബോളിവുഡിന് നല്‍കിയത് കനത്ത ആഘാതമായിരുന്നു.ലോക്ക് ഡൗണിനിടെ സംഭവിച്ച ഈ തീരാനഷ്ടത്തില്‍ പ്രിയ നടനെ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും പലര്‍ക്കും സാധിച്ചില്ല.
ഇപ്പോഴിതാ ആശുപത്രിക്കിടക്കയില്‍ വച്ച് പാട്ട് ആസ്വദിക്കുന്ന ഋഷി കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചികിത്സയിലിരിക്കവെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍ ആണ് ‘ദീവാന’ എന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചത്.പാട്ടിനിടയ്ക്ക് ഋഷി കപൂര്‍ ഇടയ്ക്ക് അതി മനോഹരം എന്നു പറയുന്നതും കേള്‍ക്കാം.
പാടി കഴിഞ്ഞപ്പോള്‍ അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച് അദ്ദേഹം അനുഗ്രഹിച്ചു. കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയെന്നും ചിലപ്പോള്‍ ഭാഗ്യം തുണയ്ക്കുമെങ്കിലും ഉന്നതിയില്‍ എത്താന്‍ അധ്വാനിക്കണമെന്നും അദ്ദേഹം ഡോക്ടറെ അനുഗ്രഹിച്ചു കൊണ്ടു പറയുന്നു.
മൂന്ന് മാസം മുന്‍പേയുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
പുതിയ ചിത്രമായ ഹംഗാമ 2വിനു വേണ്ടി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും ഈ സിനിമ നിരസിച്ചതായി സംവിധായകന്‍ പ്രിയദര്‍ശന്‍.
‘ഹംഗാമ 2’വിനായി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും നിരസിച്ചതായി സംവിധായകന്‍ പ്രിയദര്‍ശന്‍. 2003-ല്‍ പുറത്തിറങ്ങിയ ‘ഹംഗാമ’ എന്ന ചിത്രത്തിന് സീക്വല്‍ ഒരുക്കുന്ന കാര്യം പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍ എന്നിവരെ സമീപിച്ചിരുന്നതായും അവരെല്ലാം നിരസിച്ചതായാണ് പ്രിയദര്‍ശന്‍ പറയുന്നത്.
”നേരിട്ട് എത്തിയില്ലെങ്കിലും ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരോട് എന്റെ ആശയം വിവരിച്ചു. അവരെല്ലാം നിരസിച്ചു. നടന്‍ മീസാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഔട്ട്‌ഡേറ്റഡ് ആയ സംവിധായകനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. അഞ്ച് വര്‍ഷമായി ഹിന്ദി സിനിമാ രംഗത്തില്ലല്ലോ” എന്ന് പ്രിയദര്‍ശന്‍ പിടിഐയോട് പറഞ്ഞു.
”അവര്‍ ഒട്ടും താത്പര്യം കാണിച്ചില്ല. മുഖത്ത് നോക്കി പറഞ്ഞില്ല. നടന്‍മാരോട് യാചിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യം. സിനിമയില്‍ അഭങിനയിക്കണമെന്ന് പറഞ്ഞ് കുറേ തവണ നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ ബഹുമാനത്തോടെ ഒരു കോഫി ഓഫര്‍ ചെയ്യും നിങ്ങളെ ഒഴിവാക്കും. അവര്‍ നിങ്ങളെ വിശ്വസിക്കാത്തതിനാലാവാം ഇങ്ങനെ” എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം ഇപ്പോൾ വിവാഹ മോചിതയായെന്നു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സീരിയലില്‍ നിന്നും അപ്രതീക്ഷിതമായാണ് മേഘ്ന വിടവാങ്ങിയത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. 2017 ഏപ്രില്‍ 30നായിരുന്നുഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ദാമ്ബത്യം അവസാനിച്ചതായി റിപ്പോര്‍ട്ട്. ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളില്‍ വന്നതോടെയാണ് വിവാഹമോചന വാര്‍ത്ത വീണ്ടും ഉയര്‍ന്നത്.
പ്രമുഖ ബോളിവുഡ് താരം റിഷി കപൂർ മുംബൈയിൽ അന്തരിച്ചു. 67 വയസായിരുന്നു. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. അമിതാഭ് ബച്ചൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2018-ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നില അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട ഇദ്ദേഹം 1973-ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
1955 ൽ ‘ശ്രീ 420 ‘ എന്ന ചിത്രത്തിലൂടെ ‘പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ’ എന്ന ഗാനരംഗത്തിലൂടെയാണ് ഋഷി കപൂർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ‘മേരാ നാം ജോക്കർ’ എന്ന ഹിറ്റ് സിനിമയിലൂടെ അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തുടർന്ന് ബോബി, ലൈല മജ്നു, രണഭൂമി, ഹണിമൂൺ തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി ചിത്രങ്ങളുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്.