Movies

300 കോടി ബഡ്ജറ്റിൽ രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുദിരം ( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം പറയുന്നത് 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ്. ചിത്രത്തിൽ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവിന്റെ വേഷത്തിലാകും ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 

വാർത്ത ശരി വെക്കുക ആണെങ്കിൽ ജൂനിയർ എൻ.ടി ആറിനൊപ്പമുള്ള മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമാകും ഇത്. നേരത്തെ 2016ൽ പുറത്തിറങ്ങിയ ജനത ഗ്യാരേജിൽ ഇരുവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രം രണ്ട് ദേശീയ അവാർഡുകളും സ്വന്തമാക്കിയിരുന്നു.

രാംചരന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാറും, പ്രൊഡക്‌ഷൻ ഡിസൈനിങ് സാബു സിറിലും, കഥ വി. വിജയേന്ദ്ര പ്രസാദും, സംഗീതം കീരവാണിയും, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹനനും, എഡിറ്റിങ് ശ്രീകർ പ്രസാദും, കോസ്റ്റ്യൂം രാമ രാജമൗലിലും നിർവഹിക്കുന്നു. രണ്ട് യഥാർത്ഥ പോരാളികൾ ഉള്ള ഒരു സാങ്കൽപ്പിക കഥയാണ് ഇത് എന്നാണ് രാജമൗലി ചിത്രത്തെക്കുറിച്ച് പറയുന്നത്. ഒരു കാര്യവും ചെറിയരീതിയിൽ ചെയ്യുവാൻ ആഗ്രഹിക്കാത്ത ഒരാളാണ് താനെന്നും അതിനാലാണ് ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്നതെന്നും രാജമൗലി പറയുന്നു.

അഞ്ചാം പാതിരയിലെ സൈക്കോ സൈമൺ എന്ന കഥാപാത്രം യഥാർഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയാരിന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പുതിയ കണ്ടുപിടുത്തം. കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സൈക്കോ സൈമണെ സൃഷ്ടിച്ചതെന്നാണ് നവനീത് എന്ന പ്രേക്ഷകൻ പറയുന്നത്.

നവനീതിന്റെ കുറിപ്പ് വായിക്കാം:

സ്പോയിലർ ( അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക)

അഞ്ചാം പാതിര എന്ന സിനിമയിൽ മെയിൻ കില്ലറെക്കാൾ ആൾക്കാരെ വേട്ടയാടിയത് സൈക്കോ സൈമൺ എന്ന കഥാപാത്രമാണ്. ഇത് റിയൽ ലൈഫ് സംഭവമാണെന്ന് എത്ര പേർക്കറിയാം?

2017 ലാണ് സംഭവം. തിരുവനന്തപുരം നന്ദൻകോട് ബേൽസ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപം ഉള്ള പ്രൊഫസർ രാജാ തങ്കം , ഡോക്ടർ ജീൻ പത്മ ദമ്പതികളുടെ വീട്ടിൽ നിന്ന് രാത്രി പുകയും തീയും വരുന്നത് കണ്ട് ജനങ്ങൾ ആ വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നു. വീട്ടിൽ മൊത്തം നാല് മൃതദേഹങ്ങൾ കത്തി കരിഞ്ഞ് പുഴുവരിച്ച നിലയിൽ ജനങ്ങൾ കണ്ടെത്തുന്നു. മരിച്ചത് രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ്‌. മകൻ കേഡൽജീൻസണെ അവിടെ കാണാനും ഇല്ല.

പൊലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാൽ കൊല നടത്തിയ ശേഷം ചെന്നൈയിൽ ഒളിവിൽ പോയ കേഡൽ ജീൻസൺ ഒരാഴ്ചകകം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പൊങ്ങുന്നു. പൊലീസ് ഇവനെ തൽക്ഷണം അറസ്റ്റ് ചെയ്തു. എന്തായിരുന്നു കൊലപാതകകാരണം എന്ന് ചോദിച്ചപ്പോൾ മുപ്പത്കാരനായ അവൻ പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നൽകിയത്.

” ആസ്ട്രൽ പ്രൊജക്‌ഷൻ ”

ഇതായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തിൽ ഇവനെന്താണ് പറയുന്നത് എന്ന് പൊലീസിന് ഒന്നും മനസിലായില്ല. അതിനാൽ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോൾ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ” മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത് ” . ഇതാണ് കേദൽ മനശാസ്ത്രജ്ഞർക്ക് നൽകിയ മറുപടി. ആദ്യം കൊന്നത് അമ്മയെ.

ഉച്ചയോടെ കംപ്യൂട്ടറിൽ താൻ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അവൻ തൻ്റെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി. കംപ്യൂട്ടർ ടേബിലിന് മുമ്പിൽ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി.മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്ലറ്റിൽ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയിൽ അപ്പനെയും പെങ്ങളെയും. അന്ന് രാത്രി കണ്ണ് കാണാത്ത 69 കാരി വല്യമ്മ ലളിതയെയും. കൊന്ന ശേഷം അവൻ മൂന്ന് ദിനത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു. വീട്ടിലെ ആൾക്കാർ ഇപ്പൊഴും ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ അവൻ അഞ്ചാൾക്കുള്ള ഫുഡ് ഹോട്ടലീന്ന് വാങ്ങി.വേലക്കാരിയോട് ബന്ധുവിൻ്റെ കല്യാണത്തിന് വീട്ടുകാര് ദൂരെ പോയിരിക്കുവാ. അതോണ്ട് കുറച്ച് ദിനം വീട്ടിലേക്ക് വരണ്ടാന്ന് പറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷം രാത്രി അവനാ നാല് മൃതദേഹങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു.കൂടെ ഒരു കാര്യം കൂടി അവൻ ചെയ്തു. അവൻ്റെ ശരീരത്തിൻ്റെ ആകൃതിയിൽ ഒരു ഡമ്മി ഉണ്ടാക്കി അവൻ മരിച്ചു എന്ന് കാണിക്കാനായി അവൻ ആ ബോഡി കത്തിച്ചു.

തുടർന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കേഡൽ മൊഴിമാറ്റി. കുടുംബത്തിൽ നിന്ന് ഉള്ള അവഗണനയാണ് കൊലപാതകകാരണം എന്ന് അവൻ പറഞ്ഞു. പോലീസ് വിശ്വസിച്ചതും അംഗീകരിച്ചതും ഈ മൊഴിയാണ്.

ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പ്ലസ്ടുവിന് ശേഷം തുടർ പoനത്തിന് പോയ കേ‍ഡൽ കോഴ്സ് ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. തന്നെ വെറും +2 കാരനായും തൊഴിൽ രഹിതനാകും ആണ് വീട്ടുകാർ കണ്ടിരുന്നത് എന്നും അതേ ചൊല്ലി വീട്ടിൽ എന്നും താൻ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കേദൽ പൊലീസിന് വീണ്ടും മൊഴി മാറ്റി നൽകി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം കേദലിന് ഉണ്ട് എന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തി.

മാനസിക രോഗി എന്ന നിലകണക്കിലെടുത്ത് കേദലിനെ ജയിലിൽ അടക്കുകയും അവിടുന്ന് സഹതടവുകാരുടെ ഇടയിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളും അക്രമങ്ങളും കാരണം ഇയാളെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടയ്ക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. അത് ഭേദമായി. ഇന്നും കേദൽ കേരളത്തിലെ ഏതോ ഒരു മാനസികാശുപത്രിയിലാണ്.

സമൂഹത്തിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ജീവിക്കുന്നവർ ആണ് കേഡലിന്റെ ഫാമിലി. അപ്പൻ പ്രൊഫസർ, അമ്മ ഡോക്ടർ, പെങ്ങൾ ചൈനയിൽ എം.ബി.ബി.എസ് പഠനം കഴിഞ്ഞ് വന്ന വിദ്യാർഥി.

പുറമെ സൗമ്യനും ശാന്തനുമായ കേഡൽ വളരെ ഇൻട്രൊവേർടാണ്. കേദൽ സമൂഹത്തിൽ നിന്ന് അകലം പാലിച്ച് വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ താൻ പഠിച്ച ഗെയിമിങ്ങിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സിലും മുഴുകി ഗെയിം വികസിപ്പിച്ചെടുക്കുന്ന പരിപാടി ആണെന്ന് പറയപ്പെടുന്നു. വർഷങ്ങളായി ആ വീട്ടിൽ താമസിച്ചിട്ടും അവനെ അയൽപക്കക്കാർക്കോ നാട്ടുകാർക്കൊ പോലും അറിയില്ല. എന്നും ഒരു നീലയും, കറുത്തതുമായ റ്റി ഷെർട് മാത്രമേ കേദൽ ധരിക്കുമായിരുന്നുള്ളു എന്ന് ആ വീട്ടിലെ വേലക്കാരി സാക്ഷ്യപ്പെടുത്തുന്നു. അന്ന് താനാ വീട്ടിലുണ്ടായിരുന്നെങ്കിൽ താനും കൊല്ലപ്പെടുമായിരുന്നു എന്നും അവർ പറയുന്നു.

നന്ദൻകോട്ടെ ഇവർ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിൻ്റെ നിലവിലത്തെ അവസ്ഥ ഒരു പ്രേതാലയം പോലെയാണ്. ഒരു ഞെട്ടിക്കുന്ന ത്രില്ലർ ഇനി വരണമെങ്കിൽ അതിന് വേണ്ട എല്ലാ എലമെന്റ്സും കേ‍‍ഡലിന്റെ ജീവിതത്തിൽ ഉണ്ട്.

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു താരം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ യൂത്ത് ഐക്കണായി മാറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യന്‍ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താരം. നേരിട്ട് ക്യാംപുകളിലേക്ക് സാധനങ്ങളെത്തിക്കാനും വീടുകളില്‍ കുടുങ്ങിപ്പോയവരെ ക്യാംപുകളിലേക്ക് മാറ്റാനുമൊക്കെ താരവും സജീവമായിരുന്നു.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെക്കുകയായിരുന്നു. തിയേറ്ററുകള്‍ അടച്ചിട്ടതോടെ റിലീസുകളും നിര്‍ത്തുകയായിരുന്നു. വീട്ടിലിരിക്കാനുള്ള നിര്‍ദേശം പാലിക്കുകയെന്ന ഉത്തരവാദിത്തമാണ് നമുക്ക് ഇപ്പോഴുള്ളതെന്ന് ടൊവിനോ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മനസ്സിലാണ് ആഘോഷങ്ങളുടെ തിരി തെളിയുന്നതെന്നും താരം പറയുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാത്ത ഈസ്റ്ററായിരുന്നു കഴിഞ്ഞുപോയതെന്നും താരം പറയുന്നു.

ഈസ്റ്ററിന് എല്ലാവരും ഒരുമിച്ച് കൂടുന്ന പതിവാണ് തങ്ങളുടേതെന്ന് ടൊവിനോ പറയുന്നു. രുചികരമായ വിഭവങ്ങളാണ് ഈസ്റ്ററിന് അമ്മ ഉണ്ടാക്കാറുള്ളത്. ആ ദിവസത്തെ പ്രധാന പ്രത്യേകതയും അത് തന്നെയാണ്. ഇത്തവണത്തെ വലിയ നഷ്ടവും അതായിരുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാതെയായിരുന്നു ഈസ്റ്റര്‍ കടന്നുപോയത്. ആഘോഷങ്ങള്‍ക്കെല്ലാം പരിധി നിശ്ചയിക്കേണ്ടി വന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റര്‍.

അനിയത്തിയുടെ ചികിത്സയ്ക്കായി അമ്മയും വെല്ലൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഹോം ക്വാറന്റൈനിലാണ് അമ്മ ഇപ്പോള്‍. കുട്ടികളെ വീട്ടില്‍ നിര്‍ത്തണ്ട എന്ന് തീരുമാനിച്ചിരുന്നു. ഭാര്യയും കുഞ്ഞും ചേട്ടന്റെ ഭാര്യയും കുടുംബവും അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു. ഈസ്റ്ററിന് അവര്‍ വീട്ടിലില്ലാത്തതും സങ്കടമുള്ള കാര്യമാണ്.

സഹോദരിയുടെ വിവാഹ ശേഷം ചേട്ടനും താനും ബാച്ചിലേഴ്‌സ് ആയിരുന്നപ്പോഴുള്ള ഈസ്റ്റര്‍ ആഘോഷമാണ് ഓര്‍മ്മയില്‍ വരുന്നത്. ആഘോഷങ്ങളിലെല്ലാം പാചകവും ഒരുമിച്ചാണ്. അമ്മയുടെ കൈയെത്താതെ തൃപ്തി വരാറില്ല. ഇത്തവണ അമ്മയെ അടുക്കളയില്‍ കയറ്റിയില്ല. അമ്മയെ അമ്മയുടെ മുറിയില്‍ നിന്നും പുറത്ത് ഇറക്കുന്നില്ല. വീട്ടില്‍ അമ്മയും അപ്പനും ചേട്ടനും മാത്രമുള്ള അവസ്ഥയാണ് ഇപ്പോഴത്തേത്.

അമ്മ ചെയ്തിരുന്ന ജോലികളെല്ലാം ഇപ്പോള്‍ അപ്പനും മക്കളും ചേര്‍ന്നാണ് ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ചേട്ടന് ജോലികളില്‍ ചെറിയൊരു ഇളവ് കൊടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ അമ്മയുടെ കൈപ്പുണ്യം മിസ്സ് ചെയ്‌തെന്നും താരം പറയുന്നു. ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ ഇരിക്കുക, ഈ നിര്‍ദേശം എന്തിന് വേണ്ടിയെന്ന് മനസ്സിലാക്കി അത് പാലിക്കലാണ് ഇപ്പോഴത്തെ ഉത്തരവാദിത്തം. ഫെഫ്കയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ താനും ഭാഗമാണെന്നും ടൊവിനോ പറയുന്നു.

ബ്രേക്ക് ദ ചെയ്ന്‍ ക്യാംപയിനുമായും ടൊവിനോ സഹകരിക്കുന്നുണ്ട്. വീട്ടില്‍ ഇരുന്ന് നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട സമയമാണ് ഇപ്പോഴത്തേത്. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോഡ് കൗണ്‍ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ചിത്രത്തിലേക്ക് പോവുമെന്നും ടൊവിനോ തോമസ് പറയുന്നു.

ബോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് ബിഗ് ബി എന്ന് ആരാധകര്‍ വിളിക്കുന്ന അമിതാഭ് ബച്ചന്‍. താരത്തിന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്നെ അന്ധത ബാധിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നെന്ന് തുറന്നെഴുതിയിരിക്കുകയാണ് ബിഗ് ബി.

അമിതാഭ് ബച്ചന്‍ തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുകയാണ് ബ്ലോഗിലൂടെ. ‘മങ്ങിയ കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. പലപ്പോഴും കാഴ്ചകള്‍ ഇരട്ടിക്കുന്നതായും അനുഭവപ്പെടുന്നു. എന്നെ പിടികൂടിയിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ അന്ധതയും ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍” എന്ന് അദ്ദേഹം കുറിച്ചു.

കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണില്‍ വെച്ചുതരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടാറുണ്ടെന്നും ,കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുമ്പോള്‍ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകള്‍ എല്ലാം ഇപ്പോഴും ചെയ്യാറുണ്ടെന്നും ബച്ചന്‍ പറയുന്നു.

അമ്മ ചെയ്യാറുള്ളതുപോലെ ചൂടുവെള്ളത്തില്‍ ടവല്‍ മുക്കി കണ്ണില്‍ വെക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നും മരുന്നുകള്‍ കണ്ണിലൊഴിക്കുന്നുണ്ടെന്നും ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ബ്ലോഗില്‍ കുറിച്ചു.

കൊവിഡ് 19 പ്രതിരോധത്തിനായി 3 കോടി സംഭാവന നല്‍കിയ നടന്‍ രാഘവേന്ദ്ര ലോറന്‍സിനെ പ്രശംസിച്ചും മലയാളത്തിലെ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളെ ട്രോളിയും നടന്‍ ഷമ്മി തിലകന്‍. പുതിയ ചിത്രത്തിന് അഡ്വാന്‍സ് ലഭിച്ച മൂന്ന് കോടി രൂപ സംഭാവന നല്‍കുന്നുവെന്ന രാഘവേന്ദ്ര ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഷമ്മി തിലകന്റെ സര്‍ക്കാസം കലര്‍ത്തിയ പോസ്റ്റ്. ലോറന്‍സിന്റെ സംഭാവന കാര്യം അറിഞ്ഞ് തമിഴിലെയും,തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങള്‍ ഉല്‍കണ്ഠാകുലര്‍ ആണെന്നും ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാത്ത പതിനഞ്ചര കമ്മിറ്റി കൂടിയാലോചന നടത്തുന്നുതായും അറിയുന്നുവെന്ന് താരസംഘടന അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍.

അമ്മ സംഘടനയില്‍ അധീശത്വം ഉള്ളവര്‍ എന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ പറഞ്ഞതും ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മലയാള സിനിമ നിയന്ത്രിക്കുന്ന 15 അംഗ ലോബിയെയുമാണ് പരാമര്‍ശിച്ചതെന്ന് ഷമ്മി വിശദീകരിക്കുന്നുണ്ട്. അമ്മയുടെ സൂപ്പര്‍ബോഡി എന്ന പേരില്‍ അമ്മ അംഗങ്ങളുടെ ഇടയില്‍ കുപ്രസിദ്ധി നേടിയവരുമായ ‘ചില’ മഹല്‍വ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ ‘സൂപ്പര്‍ ബോഡിക്കാര്‍’ ‘തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും’..; എന്നാല്‍, ‘ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടന്‍മാര്‍ക്ക് പോലും കഴിയാതെ പോയി’ എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതില്‍ ഖ്യാതിയുള്ള നടന്മാര്‍ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചതെന്നും ഷമ്മി തിലകന്‍. ചേട്ടന്‍ എത്രയാണ് സംഭാവന നല്‍കിയത് എന്ന കമന്റിലെ ചോദ്യത്തിന് കുറച്ചു നാളുകളായി ചെയ്ത ജോലിക്കുള്ള കൂലി പോലും തരാന്‍ മുതലാളിമാര്‍ കൂട്ടാക്കുന്നില്ല. അതിനാല്‍ സംഭാവന നല്‍കാന്‍ കൈയില്‍ തല്‍ക്കാലം ഇല്ല.. ഈ പോസ്റ്റിനെ തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങളില്‍ മലയാള സിനിമയിലെ കോടിപതികള്‍ നല്‍കാന്‍ പോകുന്ന കോടികളില്‍ ഒരു ചെറിയ ഭാഗം എന്റേത് കൂടിയായി കരുതാവുന്നതാണ്. എന്നാണ് ഷമ്മി തിലകന്റെ മറുപടി.

വീട്ടിനകത്ത് ഐസൊലേഷനിലാണെങ്കിലും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർ വെറുതെയിരിക്കുകയല്ല. അമിതാഭ് ബച്ചനും രജനികാന്തും മമ്മൂട്ടിയും മോഹൻലാലും രൺബീർ കപൂറുമെല്ലാം ചേർന്നു തയ്യാറാക്കിയ ‘കറുത്ത കണ്ണട’യുടെ കഥ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതരംഗമായിക്കഴിഞ്ഞു. ഇപ്പോഴിതാ 22 സെക്കന്റ് മാത്രമുള്ള വേറിട്ടൊരു ‘ജാഗ്രതാ’ സന്ദേശം പുറത്തുവിട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരവും ദേശീയ പുരസ്‌കാര ജേതാവുമായ സുരാജ് വെഞ്ഞാറമൂട്.

ഭാര്യ സുപ്രിയ വളരെ ഗൗരവത്തില്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിലേക്ക് ടെന്‍ഷനോടെ നോക്കുന്ന സുരാജ്.അച്ഛനെന്തിനാ അമ്മയുടെ ഫോണില്‍ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണില്‍ നോക്കികൂടെ എന്ന് മകന്റെ ചോദ്യവും.ഇത് അച്ഛന്റെ ഫോണ്‍ ആണ് എന്ന സുരാജിന്റെ അപ്പോഴത്തെ രസകരമായ മറുപടിയാണ് വീഡിയോയില്‍ ചിരിയുണര്‍ത്തുന്നത്.

സുരാജിന്റെ മകന്‍ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ”ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe,’ എന്നീ ക്യാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

 

View this post on Instagram

 

ഭയമല്ല ജാഗ്രതയാണ് വേണ്ടത് 😜😜😜 #stayhome #staysafe Shot by @__kasinadh_ss_

A post shared by Suraj Venjaramoodu (@surajvenjaramoodu) on

ലോക്ഡൗണ്‍ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ വീട്ടിലെത്തിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നഞ്ചമ്മയ്ക്കും പെന്‍ഷന്‍ പണം വീട്ടിലെത്തി. ആ സന്തോഷവും നഞ്ചമ്മ പങ്കിട്ടത് പാട്ട് പാടികൊണ്ടാണ്. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേഝിലൂടെ നഞ്ചമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

”ക്ഷേമ പെന്‍ഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീണ്ടും ചെല്ലുന്നത്. അതെ, സര്‍ക്കാര്‍ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായിട്ടാണ് തരുന്നത്,”

”ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നാളെയേ ട്രാന്‍സ്ഫര്‍ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെന്‍ഷന്‍ വിതരണത്തിനെന്നപോലെ ബാങ്കുകളില്‍പോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ മതി. പോസ്റ്റുമാന്‍ വീട്ടില്‍ക്കൊണ്ടുതരും. ഇതിനു പോസ്റ്റോല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.”

”പതിവുപോലെ ഓരോ തവണയും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെന്‍ഷന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങള്‍,” തോമസ് ഐസക് കുറിക്കുന്നു.

 

തെലുങ്കു സീരിയല്‍ നടി വിശ്വശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

വിശാഖപട്ടണം സ്വദേശിയായ ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി.

സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:

കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു.  പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. മകന്‍ അച്ഛനായി കുറിച്ചത്.  ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി എന്ന് വ്യക്തമാക്കി അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായത്.

കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി അച്ഛന്‍ ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.

ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.

ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.

പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.

RECENT POSTS
Copyright © . All rights reserved