Movies

പ്രശസ്ത ഹോളിവുഡ് അഭിനേത്രി ലീ ഫിയറോ കൊറോണ ബാധിതയായി അന്തരിച്ചു. 91 വയസുണ്ടായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ JAWS എന്ന സിനിമയിലെ മിസിസ് കിന്റ്‌നര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഫിയറോ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചിത.

JAWS ചിത്രീകരിച്ച അമേരിക്കയിലെ മാസചൂസിറ്റ്‌സിലെ മാര്‍ത്താസ് വിനിയാര്‍ഡ് ദ്വീപിലായിരുന്നു ഫിയറോ താമസിച്ചിരുന്നത്. ഇവിടുത്തെ തിയേറ്റര്‍ വര്‍ക്ഷോപ്പ് ഡയറക്ടറായും മെന്ററായും 25 വര്‍ഷത്തോളം ഫിയറോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആയിരത്തോളം യുവ അഭിനേതാക്കള്‍ക്ക് അഭിനയത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത അധ്യാപികയുമായിരുന്നു അവര്‍.

40 വര്‍ഷത്തെ ദ്വീപ് ജീവിതത്തിനൊടുവില്‍ 2017 ല്‍ കുടുംബത്തോടൊപ്പം ഒഹിയോയിലേക്ക് ഫിയറോ താമസം മാറ്റിയിരുന്നു. മരണം സംഭവിക്കുന്നതും ഇവിടെവച്ചാണ്.

നെറ്റ്ഫ്‌ളിക്‌സിലെ ക്രൈം പരമ്പര ‘യൂ’വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും ‘ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍’, ‘ക്രോക്കഡൈല്‍ ഡോണ്‍ഡി’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ മാര്‍ക്ക് ബ്ലം, സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ആന്‍ഡ്രൂ ജാക്, മൈക്കലാഞ്ചലോ അന്റോണിയോനിയുടെ സ്റ്റോറി ഓഫ് എ ലൗവ് അഫയര്‍(1950), യുവാന്‍ അന്റോണിയോ ബാര്‍ഡെമിന്റെ ഡെത്ത് ഓഫ് എ സൈക്ലിസ്റ്റ്(1955) എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയതാരമായ ലുചിയ ബോസെ എന്നീ പ്രശസ്തര്‍ക്കു പിന്നാലെ കൊറോണ മൂലം മരണമടയുന്ന മറ്റൊരു പ്രമുഖ താരമാണ് ലീ ഫിയറോ.

പ്രധാനമന്ത്രി മോദിയുടെ ലോക്ഡൗണിനെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ഡൗണ്‍ എന്ന് കമല്‍ഹാസന്‍. കൈയ്യിലുള്ളവര്‍ ബാല്‍ക്കണിയില്‍ നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് കമല്‍ഹാസന്‍ പരിഹസിക്കുന്നു.

കമല്‍ഹാസന്‍ പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് പരാമര്‍ശം. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നതായും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ഹാസന്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം….

ഈ രാജ്യത്തെ ഉത്തരവാദിത്ത ബോധമുള്ള പൗരനെന്ന നിലയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഈ രാജ്യത്തിന്റെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഇപ്പോഴൂം താങ്കള്‍. ഈ പ്രതിസന്ധിഘട്ടത്തില്‍ താങ്കളുടെ എല്ലാ നിര്‍ദേശങ്ങളും രാജ്യത്തെ 140 കോടി ജനങ്ങളും അനുസരിക്കും. ഇന്ന് ഒരുപക്ഷേ മറ്റൊരു ലോകനേതാവിനും ഇത്രയും ജനപിന്തുണയില്ല. നിങ്ങള്‍ പറയുന്നു. അവര്‍ അനുസരിക്കുന്നു. ഇന്ന് രാജ്യം അവസരത്തിനൊത്ത് താങ്കളുടെ ഓഫിസില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നതിനായി കരഘോഷം മുഴക്കാനുള്ള ആഹ്വാനം താങ്കളുടെ വിമര്‍ശകര്‍ പോലും അനുസരിച്ചത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. താങ്കളുടെ ഉത്തരവുകള്‍ അനുസരിക്കുന്നത് ഞങ്ങളുടെ വിധേയത്വമായി കാണരുത്.

നോട്ടു നിരോധനം എന്ന ബുദ്ധിമോശം കുറച്ചുകൂടി വലിയ തോതില്‍ ആവര്‍ത്തിക്കപ്പെടുകയാണ് എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. നോട്ടുനിരോധനം അങ്ങേയറ്റം ദരിദ്രരായ മനുഷ്യരുടെ ജീവനോപാധികളും സമ്പാദ്യവും നഷ്ടപ്പെടുത്തിയപ്പോള്‍ കൃത്യമായ ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ഈ ലോക്ഡൗണ്‍ ജീവന്റെയും ഉപജീവനോപാധികളുടെയും നാശത്തിലേക്കാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്

പാവപ്പെട്ടവര്‍ക്ക് താങ്കളല്ലാതെ മറ്റാരുമില്ല സര്‍, പ്രതീക്ഷയര്‍പ്പിക്കാന്‍. ഒരു വശത്ത് നിങ്ങള്‍ പ്രത്യേകാനുകൂല്യങ്ങളും വിശേഷാവകാശങ്ങളുമുള്ള ഒരു വിഭാഗം ജനതയോട് ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്യുമ്പോള്‍, മറുവശത്ത് പാവപ്പെട്ടവരുടെ ജീവിതം തന്നെ ഒരു കെട്ടുകാഴ്ചയായി മാറുകയാണ്. ഉള്ളവരുടെ ലോകം ബാല്‍ക്കണിയില്‍നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

രാജ്യത്തെ അഭിസംബോധന ചെയ്തുള്ള താങ്കളുടെ അവസാന രണ്ടു പ്രസംഗങ്ങളും ഈ പ്രതിസന്ധികാലത്ത് ജനങ്ങളെ ശാന്തരാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ഉള്ളവരുടെ ഉത്കണ്ഠകളും ആകുലതകളുമകറ്റാനുള്ള സൈക്കോതെറാപ്പി തന്ത്രങ്ങളായിരുന്നു അവ. എന്നാല്‍, അതിനേക്കാള്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെയുണ്ടായിരുന്നു ചെയ്യാന്‍. ആഹ്‌ളാദാരവം മുഴക്കാനും കരഘോഷം നടത്താനും ബാല്‍ക്കണി സ്വന്തമായുള്ളവരുണ്ട്. എന്നാല്‍ തലയ്ക്കു മീതെ മേല്‍ക്കൂര പോലുമില്ലാത്തവരുടെ കാര്യമോ? പാവപ്പെട്ടവരെ പാടെ അവഗണിച്ച് ബാല്‍ക്കണിക്കാര്‍ക്കു വേണ്ടിയുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവാന്‍ താങ്കളുടെ ഭരണകൂടം ആഗ്രഹിക്കുന്നില്‌ളെന്ന് എനിക്ക് തീര്‍ച്ചയാണ്. ദരിദ്രരാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകം. സമൂഹത്തിന്റെ അടിത്തറയാണ് അത്. അതിനു മുകളിലാണ് മധ്യവര്‍ഗവും സമ്പന്നവര്‍ഗവും അവരുടെ ജീവിതം പണിയുന്നത്. പാവപ്പെട്ടവര്‍ മുന്‍പേജ് വാര്‍ത്തകളാവുന്നില്ല. പക്ഷേ രാഷ്ട്രനിര്‍മ്മാണത്തിലും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലും പാവപ്പെട്ടവന്റെ സംഭാവനകള്‍ അവഗണിക്കാനാവില്ല. അടിത്തറ തകര്‍ക്കാനുള്ള ഏതു ശ്രമവും മുകള്‍ത്തട്ടിന്റെ വീഴ്ചയിലേക്കു നയിച്ചതായി ചരിത്രം തെളിയിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ മുകള്‍ത്തട്ടിലുള്ളവര്‍ താഴത്തേട്ടിലുള്ളവര്‍ക്ക് ബാധിക്കുന്നതിനിടയാക്കിയ ആദ്യ പകര്‍ച്ചവ്യാധിയും ആദ്യ പ്രതിസന്ധിയുമാണിത്. ദശലക്ഷക്കണക്കിന് ദിവസവേതനക്കാരും തെരുവുവണ്ടിക്കച്ചവടക്കാരും റിക്ഷ, ടാക്‌സി ഡ്രൈവര്‍മാരും കുടിയേറ്റ തൊഴിലാളികളും ജീവിക്കാന്‍ പാടുപെടുകയാണ് ഇപ്പോള്‍. വിശപ്പിന്റെയും ഉപജീവനോപാധികളുടെ ശോഷണത്തിന്റെയും ഫലമായി പാവപ്പെട്ടവര്‍ ഈ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഈ അവസ്ഥ കോവിഡ് 19 എന്ന വൈറസിനേക്കാള്‍ മാരകമാണ്. കൊറോണ പോയാലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

താങ്കള്‍ സുഖദായകമായ ഒരു സ്ഥലത്തിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആശയങ്ങള്‍ പോലെ ഓരോന്ന് പുറത്തുവിടുകയാണ്. ഉത്തരവാദിത്തബോധത്തിന് സാധാരണജനങ്ങള്‍ക്കും സുതാര്യതയ്ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ക്കും പുറംപണി കരാര്‍ കൊടുത്ത് താങ്കള്‍ സുഖിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നല്‌ളൊരു ഭാവിക്കും വര്‍ത്തമാനത്തിനുമായി ധിഷണാശക്തി ഉപയോഗിച്ച് ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്ക് താങ്കളെപ്പറ്റി ഇങ്ങനെയൊരു കാഴ്ചപ്പാടാണുള്ളത്. ഞാനിവിടെ ബുദ്ധിജീവി എന്ന പദം പ്രയോഗിച്ചത് താങ്കള്‍ക്ക് നീരസമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. കാരണം എനിക്കറിയാം, താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാറിനും ആ വാക്ക് ഇഷ്ടമല്ല എന്ന്. പക്ഷേ ഞാന്‍ പെരിയാറിന്റെയും ഗാന്ധിയുടെയും അനുയായി ആണ്. അവര്‍ പ്രാഥമികമായി ധിഷണാശാലികളായിരുന്നുവെന്ന് എനിക്കറിയാം. ശരിയായ പാത തെരഞ്ഞെടുക്കുന്നതിനും എല്ലാവര്‍ക്കും സമത്വവും അഭിവൃദ്ധിയും ഉറപ്പു വരുത്തുന്നതിനും നമ്മെ സഹായിക്കുന്നത് ബുദ്ധിയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിവില്ലാത്തവരും വിഡ്ഢികളുമായ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ താങ്കളുടെ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ലോകാരോഗ്യ സംഘടനയ്ക്കുള്ള ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് 2019 ഡിസംബര്‍ എട്ടിനാണ് ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. അഭൂതപൂര്‍വമായ വിധത്തില്‍ ഈ മാരകരോഗം നാശം വിതയ്ക്കുമെന്ന് ലോകത്തിനു മുഴുവന്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനുവരി 30നാണ്.

ഇറ്റലിയില്‍ എന്താണ് സംഭവിച്ചത് എന്നറിയാമായിരുന്നിട്ടും നാം അവിടെ നിന്ന് പാഠങ്ങള്‍ പഠിച്ചില്ല. വെറും നാലു മണിക്കൂര്‍ മാത്രം സമയം നല്‍കി 140 കോടി ജനങ്ങളുടെ ജീവിതം അടച്ചുപൂട്ടുകയാണ് താങ്കള്‍ ചെയ്തത്. നാലു മാസത്തെ നോട്ടീസ് പിരീഡ് ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ക്ക് കൊടുത്തത് വെറും നാലു മണിക്കൂര്‍. ദീര്‍ഘദര്‍ശിത്വമുള്ള നേതാക്കള്‍ പ്രശ്‌നങ്ങള്‍ വലുതാവുന്നതിനു മുമ്പ് അതിന് പരിഹാരം കണ്ടത്തെുന്നവരാണ്്. ഇക്കാര്യത്തില്‍ താങ്കളുടെ വീക്ഷണം പരാജയമായിരുന്നു,സര്‍.

എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചോട്ടെ. ഇത്രയും വലിയ ഒരു പ്രതിസന്ധിക്ക് തയാറെടുക്കാതിരുന്നതിന്റെ പേരില്‍ സാധാരണ ജനങ്ങളെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ ഇതിന്റെ പേരില്‍ നിങ്ങള്‍ കുറ്റപ്പെടുത്തപ്പെടും.

ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

അറിയാമോ ശശി എന്ന നടൻ കലിംഗ ശശി ആയത് ആദ്യ സിനിമയിൽ പറ്റിയ തെറ്റുകാരണമാണ്. അല്ലാതെ കോഴിക്കോട് കലിംഗ തീയറ്റേഴ്സിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല, ആ നാടക സമിതിയുമായി ഒരു ബന്ധവുമില്ല.

1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട്‌ അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക്‌ തന്നെ തിരിച്ചുപോയി.

‘പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ’ സിനിമയാക്കാൻ തീരുമാനിച്ച രഞ്ജിത്ത്‌ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതില്‍നിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാന്‍ നിശ്ചയിച്ചു. അതിൽ പങ്കെടുത്ത നടനും സംവിധായകനുമായ വിജയന്‍ വി. നായർ എന്ന പരിചയക്കാരെനെ കാണാന്‍ ശശി ഒരുനാള്‍ ക്യാമ്പിലെത്തി. ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ശശിയും ക്യാമ്പിൽ തുടരാണമെന്ന്. അങ്ങനെ 3 നാൾ മാത്രം ശശിയും ക്യാമ്പിൽ.

രഞ്ജിത് ചിത്രമായ പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആ സെറ്റിൽ നിറയെ ശശിമാർ ഉണ്ടായിരുന്നുവത്രെ. അവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ അവർ സഹകരിച്ച നാടക സമിതിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ പേരിന്റെകൂടെ ‘കലിംഗ’ എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താന്‍ ശ്രമിച്ചപ്പോള്‍, വര്‍ക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. അങ്ങനെ പ്രോഡക്ഷൻ എക്സിക്യൂട്ടീവ് ശശി എന്ന ഒരു നടന്റെ പേരിന്റെ ബ്രായ്ക്കറ്റിൽ കലിംഗ എന്ന് എഴുതി ചേർക്കുകയായിരുന്നു.

കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ ‘കലിംഗ തിയറ്റേഴ്‌സി’ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. പിന്നീട് അത് തിരുത്താൻ സാധിച്ചില്ല. എങ്കിലും ആ പേര് തന്നെയാണ് തന്റെ ഐശ്വര്യമെന്ന് കലിംഗ ശശി ഒരു പ്രമുഖ ചാനൽ ഷോയിൽ പറഞ്ഞു. അങ്ങനെ നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ കുന്നമങ്ങലം കാരൻ ശശി പിന്നീട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ സഹായത്താൽ (തെറ്റാൽ) കലിംഗ ശശി ആയിത്തീർന്നു! ആ പേര് അക്ഷാരര്‍ഥത്തില്‍ ഭാഗ്യനക്ഷത്രമായി.

പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം.ഒരു കാലം… അതിന്റെ പേരാണ് എം.കെ.അര്‍ജുനൻ. പാട്ടിന്റെ കസ്തൂരി മണമുണ്ട് ആ ജീവിതത്തിന്. മാഷുടെ ഈണത്തിൽ നമ്മുടെ സ്വപ്നങ്ങൾ അലിഞ്ഞു.

ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തില്‍ അദ്ദേഹത്തിന് 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

ലോക്‌ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ കന്നഡ നടിയും സുഹൃത്തും അപകടത്തിൽപെട്ടു. കന്നഡ സിനിമാ താരം ഷർമിള മാന്ദ്രെയും സുഹൃത്ത് കെ.ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവിൽ അപകടത്തിൽപെട്ടത്. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. വസന്ത് നഗറിനടുത്ത് ഇവർ സഞ്ചരിച്ച കാർ തൂണിൽ ഇടിക്കുകയായിരുന്നു. ഇവരുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അപകടം നടന്നത് ജയSouth Actress Sharmila Mandre Went Out In The Midnight In Lockdown ...നഗറിലാണെന്നാണു ആദ്യം പറഞ്ഞത്. എന്നാൽ വസന്ത് നഗറിലാണ് അപകടമുണ്ടായതെന്നു വ്യക്തമായി. തെറ്റായ വിവരം നൽകി കാർ കടത്താൻ ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. അപകടം നടന്ന ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 33കാരിയായ നടിയുടെ മുഖത്തു പരുക്കുണ്ടെന്നാണു വിവരം. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കൈക്ക് പൊട്ടലുണ്ട്.

അപകടം നടന്ന സ്ഥലത്ത് പൊലീസെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ താനാണ് കാർ ഓടിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഇയാളോടു രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതോടെ മൊഴി മാറ്റുകയായിരുന്നു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണു വിവരം

ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നന്ദി- മോദി ട്വീറ്റ് ചെയ്തു.

 

ശനിയാഴ്ചയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു-എന്നായിരുന്നു മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിയിരുന്നു. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പ്രിയദർശൻ ഇപ്പോൾ.

“വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തിൽ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയിൽ അത്തരത്തിൽ കുറെ ആളുകൾ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം” പ്രിയദർശൻ പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്‌ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.

ബ്ലസിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചതാരമാണ് ലക്ഷ്മി ശര്‍മ. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് അത്രകണ്ട് ശോഭിക്കാന്‍ അവര്‍ക്കായില്ല. പിന്നീട് അവസരങ്ങള്‍ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി. ഇതിനിടെയില്‍ ഒരു സീരിയല്‍ സംവിധായകന്‍ ഇക്കിളി മെസേജുകള്‍ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി. സിനിമ നടിയായതിനാല്‍ വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശര്‍മ്മയുടെ തുറന്നുപറച്ചില്‍.

2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ നടിമാരെ വിവാഹം കഴിക്കാന്‍ വന്‍കിടക്കാര്‍ ക്യൂനില്‍ക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശര്‍മ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്.പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ലക്ഷ്മി ‘അമ്മോ ഒക്കടോ തരികു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലും കന്നടയിലും അവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പളുങ്ക് കൂടാതെ പാസഞ്ചര്‍, കരയിലേക്ക് ഒരു കടല്‍ ദൂരം, ചിത്രശലഭങ്ങളുടെ വീട്, ആയുര്‍രേഖ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സംയുക്തയുടേതായി ഉണ്ട്.

RECENT POSTS
Copyright © . All rights reserved