മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇന്ന് ഇന്ത്യൻ സിനിമാ ലോകം തന്നെ ഏറെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ മാസം ഇരുപത്തിയാറിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. മാർച്ച് ആറാം തീയതി മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോഴും ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങാണ്. ഈ അഞ്ചു ഭാഷകളിലുമായി ഏകദേശം ഒരു കോടി ഇരുപതു ലക്ഷത്തിനടുത്തു കാഴ്ചക്കാരാണ് കേവലമഞ്ചു ദിവസം കൊണ്ടീ ചിത്രത്തിന്റെ ട്രൈലെർ കണ്ടത്. മലയാള സിനിമയിലിത് സർവകാല റെക്കോർഡാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ മോഹൻലാൽ മരക്കാരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ ബാഹുബലി എന്ന് മരക്കാരിനെ പറയരുത് എന്നും, കാരണം ബാഹുബലി ഭാവന മാത്രമുപയോഗിച്ചു അമർ ചിത്ര കഥ പോലെ ഒരുക്കിയ ഒരു ചിത്രമാണെന്നും മോഹൻലാൽ പറയുന്നു.
എന്നാൽ മരക്കാർ എന്നത് ഒരു ചരിത്ര കഥാപാത്രത്തെ കുറിച്ച് ലഭ്യമായ വിവരങ്ങളും അതോടൊപ്പം കുറച്ചു സിനിമാറ്റിക്കായ കാര്യങ്ങളും ചേർത്ത്, വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ഒരു ഇമോഷണൽ പാട്രിയോട്ടിക് ചിത്രമാണെന്നും മോഹൻലാൽ പറയുന്നു. ഈ വരുന്ന മാർച്ച് 19 നു മരക്കാരിന്റെ ഒരു സ്പെഷ്യൽ സ്ക്രീനിംഗ് ഇന്ത്യൻ നേവി ഒഫീഷ്യൽസിനു മുന്നിൽ നടത്തുമെന്നും ഈ ചിത്രം അവർക്കു ഇഷ്ട്ടപ്പെട്ടാൽ ഇന്ത്യൻ നേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവനായിരുന്ന ആളാണ് കുഞ്ഞാലി മരക്കാർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് എന്നും ഒരു മിനിമം ഗാരന്റീ നൽകാറുണ്ട്. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആശിർവാദ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.
മലയാള സിനിമ പ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശിർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയുന്ന കമ്പിനി എന്ന നിലയിൽ ഒരു പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് തങ്ങളോട് ഉണ്ടെന്ന് ആന്റണി വ്യക്തമാക്കി. നിർമ്മിച്ച ഭൂരിഭാഗം ചിത്രങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരാണ് സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷം കഴിഞ്ഞെങ്കിലും ഓരോ ചിത്രവും നിർമ്മിക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടെന്നും എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകാൻ ആഗ്രഹിക്കുന്നുമില്ല എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബഡ്ജറ്റിൽ മരക്കാർ ഒരുക്കിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിത്രത്തിന്റെ ഒരാഴ്ച ഷൂട്ടിങ്ങിന് ചിലവഴിച്ച കാശ് കൊണ്ട് മലയാളത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന മറുപടിയാണ് ആന്റണി നൽകിയത്. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യൻന്മാരുടെ സ്വപ്നങ്ങൾക്ക് ഒപ്പമാണ് താൻ ചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മീഡിയാ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. കേരളം അതീവ ജാഗ്രതയോടും കൃത്യതയോടെയും നീങ്ങുമ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷ ഉണ്ടാക്കിയ നാടകത്തെ പൊളിച്ചടുക്കിയാണ് ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാന്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ കുറിച്ചു.
ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ മാളങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.
ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.
പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.
തമിഴ് നടന്‍ വിജയ്‌യുടെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. വീടിനടുത്തുള്ള ഓഫീസിലും പരിശോധന നടത്തുന്നുണ്ട്. ചെന്നൈയിലെ പനയൂരിലെ വീട്ടിലാണ് റെയ്ഡ്. ഫെബ്രുവരി 5 ന് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്സി’ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് വിജയ്യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ ആണ് ഇപ്പോള്‍ ആദായനികുതിവകുപ്പ് പരിശോധിക്കുന്നത്.
അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു. സീരിയല്‍ നടനാണ് ഷാജി തിലകന്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസം.
തൊണ്ണൂറുകളുടെ അവസാനത്തില്‍ സാഗര ചരിതം എന്ന സീരിയലില്‍ ചെറിയ വേഷം ചെയ്താണ് ഷാജി തുടക്കം കുറിച്ചത്. എന്നാല്‍, ആ പരമ്പര പുറത്തുവന്നിരുന്നില്ലെന്ന് ഗണേഷ് ഓലിക്കര പറയുന്നു. 2014ല്‍ അനിയത്തി എന്ന പരമ്പരയില്‍ ഒരു വില്ലന്‍ വേഷം ചെയ്താണ് ശ്രദ്ധേയമായത്. ആ വേഷം കുടുംബപ്രേക്ഷകര്‍ ഇന്നും ഓര്‍ത്തുവെക്കുന്നു.
എന്നാല്‍ അഭിനയത്തില്‍ ഷമ്മി തിലകനെ പോലെ മികവ് തെളിയിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ല. സീരിയലുകളില്‍ ചില വേഷങ്ങള്‍ ചെയ്തു.
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടിയാണ് അമല പോൾ. മുംബൈ സ്വദേശിയായ ഗായകൻ ഭവ്‍നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭവ്‍നിന്ദറിന്റെ സാമൂഹ്യ മാധ്യമത്തിലാണ് അമല പോളിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്.
അതേസമയം അമല പോളും ഭവ്‍നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അമല പോള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. താൻ വീണ്ടും വിവാഹിതയാകുമെന്നും അമല പോള്‍ പറഞ്ഞിരുന്നു.
സിഡ്നി: ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വിൽസണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് തങ്ങൾ ഇരുവർക്കും കൊറോണ വൈറസ് ബാധിച്ചെന്ന വിവരം അദ്ദേഹം പങ്കുവച്ചത്. പനി ബാധിച്ചതിനേത്തുടർന്ന ഓസ്ട്രേലിയയിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ഉത്സവങ്ങളും, സിനിമാ തിയേറ്ററുകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. റിലീസ് തീയതികളെല്ലാം മാറ്റിയിരിക്കുകയാണ്. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് റിലീസ് തീയതികള്‍ മാറ്റിയത്. നാടകം പോലുള്ള കലാപരിപാടികളും ഉണ്ടാകില്ല.
മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ വ്യാപനം തുടരുകയാണെങ്കില്‍ തീയതിക്ക് മാറ്റമുണ്ടാകും. ടൊവിനോയുടെ കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്.
ബലാത്സംഗ കേസില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീന് 23 വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്ക് കോടതിയാണ് വീന്‍സ്റ്റീന് ശിക്ഷ വിധിച്ചത്. ഹോളിവുഡിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിവച്ച മീ ടൂ ലൈംഗികാതിക്രമ ആരോപണങ്ങളില്‍, കുപ്രസിദ്ധി നേടിയ നിര്‍മ്മാതാവാണ് ഹാര്‍വി വീന്‍സ്റ്റീന്‍. ശിക്ഷ അഞ്ച് വര്‍ഷത്തിലൊതുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജഡ്ജി ജയിംസ് ബൂര്‍ക്ക് തള്ളിക്കളഞ്ഞു.
സ്ത്രീകളോട് വീന്‍സ്റ്റീന്‍ കാണിച്ച അതിക്രമങ്ങള്‍ കണക്കിലെടുത്തും ചെയ്ത കുറ്റകൃത്യങ്ങളില്‍ അദ്ദേഹത്തിന് യാതൊരു പശ്ചാത്താപവുമില്ലാത്ത നിലയ്ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2017 ഒക്ടോബറില്‍ നിരവധി സ്ത്രീകളാണ് ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയത്. 2006ല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിറിയം ഹാലിയെ ലൈംഗികമായി പീഡിപ്പച്ചതും 2013ല്‍ നടി ജസീക്ക മാനെ ബലാത്സംഗം ചെയ്‌തെന്നുമുള്ള കേസുകളിലാണ് ഹാര്‍വി വീന്‍സ്റ്റീനെ ശിക്ഷിച്ചത്.
അതേസമയം ചെയ്ത കാര്യങ്ങളില്‍ താന്‍ പശ്ചാത്തപിക്കുന്നതായും മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുമെന്നും വീന്‍സ്റ്റീന്‍ കോടതിയില്‍ പറഞ്ഞു. പ്രായവും ആരോഗ്യ സ്ഥിതിയും ആതുരസേവന പ്രവര്‍ത്തനങ്ങളുമെല്ലാം കണക്കിലെടുത്ത് ഇളവുകള്‍ നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
ഷെറിൻ പി യോഹന്നാൻ
വളരെ സിംപിളാണ് കപ്പേള. കുടുംബത്തെ കൂട്ടി ഒരു പടത്തിന് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് കപ്പേള തിരഞ്ഞെടുക്കാം. വയനാട്ടിലെ പൂവർമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് തുടങ്ങി കോഴിക്കോടെന്ന നഗരത്തിൽ അവസാനിക്കുന്ന ചിത്രം. ഇതിനിടെ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ഗൗരവമേറിയ ഒരു കഥ പറയുകയാണ് നവാഗത സംവിധായകൻ മുഹമ്മദ് മുസ്തഫ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിൽ കൂടി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കപ്പേളയ്ക്ക് കഴിയുന്നുണ്ട്.
1 മണിക്കൂർ 53 മിനിറ്റിൽ തീരുന്ന ചിത്രം പ്രധാനമായി ജെസ്സിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെയാണ് കാട്ടിത്തരുന്നത്. ഒരു മലയോരഗ്രാമത്തിലെ പെൺകുട്ടിയുടെ പ്രണയവും അതുവഴി അവൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും ഒരു നഗരമധ്യത്തിൽ അവൾ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും ആണ് ചിത്രം പ്രധാനമായി കാണിച്ചുതരുന്നത്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് സിനിമയിൽ എടുത്തുപറയേണ്ടത്. ജെസ്സിയെ അവതരിപ്പിച്ച അന്ന ബെന്നും വിഷ്ണുവിനെ അവതരിപ്പിച്ച റോഷൻ മാത്യുവും റോയിയെ അവതരിപ്പിച്ച ശ്രീനാഥ് ഭാസിയും ഗംഭീരമായി തങ്ങളുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്ന്. ഗ്രാമത്തിലെ മനോഹര കാഴ്ചകളെ ജിംഷി ഖാലിദ് എന്ന ഛായാഗ്രാഹകൻ സ്‌ക്രീനിൽ നിറച്ചിട്ടുണ്ട്. ചിത്രത്തിലെ ‘കപ്പേള’ വളരെയധികം ഇഷ്ടപ്പെട്ടു. സുഷിൻ ശ്യാമിന്റെ സംഗീതവും മികച്ചുനിന്നു. പ്രണയത്തിലെ ചതിക്കുഴികളെ പറ്റി പറയുന്നതോടൊപ്പം മൂന്നു സാഹചര്യത്തിൽ നിന്നുള്ളവർ ഒരിടത്തേക്ക് എത്തുന്ന കാഴ്ചകളെ ബോറടിപ്പിക്കാത്ത വിധം സ്‌ക്രീനിൽ നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസ്സും മസാലയും നിറച്ച കഥപറച്ചിലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല.
ഏവർക്കും അറിവുള്ള, എന്നാൽ ഇന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്ന ഒരു വിഷയത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ പുതമയുള്ള കഥാസന്ദർഭങ്ങൾ സിനിമയിൽ ഇല്ല. മോശമല്ലാത്ത ഒന്നാം പകുതിയോടൊപ്പം കുറച്ചു ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും ചേരുമ്പോൾ ഒരു ആവറേജ് സിനിമ ആയാണ് കപ്പേള എനിക്കനുഭവപ്പെട്ടത്. റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോൾ തന്നെ അവതരണത്തിൽ പിന്നോട്ട് വലിയുന്നുണ്ട് ചിത്രം. ഇക്കാലത്തും ‘സ്മാർട്ടഫോൺ എന്താണെന്ന് ‘ ചോദിക്കുന്ന സീനിലെ വിശ്വാസ്യതയും ആലോചിച്ചുപോകും. എന്നാൽ ഒരു മലയോര ഗ്രാമത്തിലെ കഥ എന്ന നിലയ്ക്ക് അവയെ മറന്നുകളയാം. ക്ലൈമാക്സ് രംഗങ്ങളിൽ ഫീൽ ഗുഡ് എലമെന്റ് കുത്തികയറ്റാൻ ശ്രമിച്ചതായും അനുഭവപ്പെട്ടു.
കപ്പേള പറയുന്നത് പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. പ്രണയത്തിലെ ചതികുഴികളോടൊപ്പം നിഗൂഢതകൾ ഒളിപ്പിക്കുന്ന മനുഷ്യസ്വഭാവത്തെയും സിനിമ കാട്ടുന്നു. കണ്ടിരിക്കാവുന്ന ചിത്രമായാണ് കപ്പേള അനുഭവപ്പെട്ടത്. ഗംഭീരമെന്ന് പറയാനാവില്ലെങ്കിലും ഇത്തരം കൊച്ചു സിനിമകളും തിയേറ്ററിൽ വിജയിക്കട്ടെ.
നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബനെ ഇന്നലെ വിസ്തരിച്ചു. മുൻപ് ദിലീപിനെതിരെ നൽകിയ മൊഴിയിൽ കുഞ്ചാക്കോ ബോബൻ ഉറച്ചു നിന്നതായാണ് റിപ്പോർട്ട്. വലിയ ഇടവേളക്ക് ശേഷം നടി മഞ്‍ജു വാര്യർ അഭിനയത്തിലേക്ക് മടങ്ങി വന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഒപ്പം അഭിനയിച്ചിരുന്നു.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കരുത് എന്ന രീതിയിൽ ദിലീപ് തന്നോട് സംസാരിച്ചതായി നേരത്തെ കുഞ്ചാക്കോ ബോബൻ മൊഴി നൽകിയിരുന്നു.പൊലീസിന് നൽകിയ ഈ മൊഴി ഇന്നലെ പ്രത്യേക കോടതിയിൽ കുഞ്ചാക്കോ ബോബൻ ആവർത്തിച്ചതായാണ് റിപ്പോർട്ട്. മുൻപ് രണ്ടു തവണ ഹാജരാകണമെന്ന് കോടതി കുഞ്ചാക്കോ ബോബനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇന്നലെ നടൻ തിരികെ നൽകി.
നടി ബിന്ദു പണിക്കരും ഇടവേള ബാബുവും വിസ്താരത്തിനിടെ ദിലീപിന് അനുകൂലമായി കൂറ് മാറിയിരുന്നു. രമ്യ നമ്പീശൻ, സഹോദരൻ സുബ്രഹ്മണ്യൻ, ഡ്രൈവർ സതീശൻ എന്നിവരെ കോടതി ഇനി വിസ്തരിക്കും. ഇതിനോടകം 36 പേരെ കോടതി വിസ്ഥരിച്ചു കഴിഞ്ഞു. തന്റെ സിനിമയിലെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ് എന്നും അതിൽ താൻ അഭിപ്രായം പറയാറില്ല എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ട്രഷറർ ആയിരുന്ന തന്നെ അപ്രതീക്ഷിതമായി മാറ്റിക്കൊണ്ടാണ് ദിലീപ് ആ സ്ഥാനത്തേക്ക് വന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ നിന്ന് ദിലീപ് നേരിട്ട് പറഞ്ഞാൽ താൻ പിന്മാറാം എന്നായിരുന്നു കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി. എന്നാൽ, ദിലീപ് അങ്ങനെ ആവശ്യപ്പെട്ടില്ല. താൻ സിനിമയിൽ നിന്ന് സ്വയം പിന്മാറണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം എന്നും കുഞ്ചാക്കോ ബോബൻ നേരത്തെ പറഞ്ഞിരുന്നു.