തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്. ഇളയ ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റേഴ്സ് സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് അരങ്ങേറി. ആരാധകർക്ക് ആവേശമേറ്റി കറുപ്പ് അണിഞ്ഞാണ് വിജയ് വേദിയിലെത്തിയത്. കറുപ്പ് സ്യൂട്ടും ബ്ലേസറുമണിഞ്ഞെത്തിയ താരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ രീതിയിലാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്.

ലോകേഷ് കനകരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓഡിയോ ലോഞ്ചിൽ ആരാധകർ കാത്തിരുന്നത് വിജയിയുടെ വാക്കുകൾക്കായിരുന്നു. ആദായ നികുതി വകുപ്പിന്റെ റെയ്ഡും ക്ലീൻ ചിറ്റ് നൽകലിനുമൊക്കെ ശേഷം പൊതു വേദിയിൽ താരമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ലോഞ്ചിന്.

ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് പരോക്ഷ പരാമർശം നടത്തുകയും ചെയ്തു വിജയ്. ചെറുപ്പകാലത്തെ വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന് അവതാരകൻ ചോദിച്ചപ്പോൾ എനിക്ക് എന്റെ പഴയ ജീവിതം തിരികെ വേണം. അത് റെയ്ഡുകളൊന്നുമില്ലാതെ വളരെ സമാധാനപരമായിരുന്നു എന്നാണ് താരം മറുപടി നൽകിയത്.

സഹതാരമായ ശന്തനു ഭാഗ്യരാജിനും സംഗീത സംവിധായകൻ അനിരുദ്ധ് രവി ചന്ദറിനുമൊപ്പം തകർപ്പൻ നൃത്തച്ചുവടുകളോടെയാണ് വിജയ് വേദി കീഴടക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ പ്രശസ്ത വാചകങ്ങളിലൂടെ പ്രസംഗം തുടങ്ങി. ‘എൻ നെഞ്ചിൽ കുടിയിറുക്കും…ആദ്യം തന്നെ ക്ഷമാപണം നടത്തുന്നു. എന്റെ ആരാധകർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ. കൊറോണ വൈറസ് കാരണം ചെറിയ ചടങ്ങായാണ് നടത്തുന്നത്’. വിജയ് പറഞ്ഞു.

തമിഴകത്തെ മറ്റൊരു സൂപ്പർ താരമായ അജിത്തിനെക്കുറിച്ച് താരം പറഞ്ഞതാണ് മറ്റൊരു പ്രത്യേകത. എന്റെ സുഹൃത്തായ അജിത്തിനെപ്പോലെ ഞാനും ബ്ലേസർ ധരിച്ചാണ് എത്തിയിരിക്കുന്നത്. ഞാനും അജിത്തും രണ്ട് വ്യക്തികളല്ല. ഒന്നാണ്.

വിജയ് സേതുപതി ഒഴിവാക്കാൻ പറ്റാത്ത ഒരാളായി മാറിയിരിക്കുന്നു. നമ്മൾ പല തരത്തിലുള്ള വില്ലൻ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ വിജയ് സേതുപതിയുടെ മാസ്റ്റേഴ്സിലെ കഥാപാത്രം അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നതായിരിക്കും. ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു എന്താണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന്. അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഇഷ്ടമായതുകൊണ്ടാണെന്നാണ്. താരം പറയുന്നു.