അശ്ലീല സൈറ്റിൽ തന്റെ സെൽഫി ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതിൽ രോഷവുമായി നടൻ ഉണ്ണി മുകുന്ദൻ. ചെറി എന്ന പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സോഷ്യൽ മീഡിയയിൽ ഇനി സെൽഫികൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയെന്ന് ഉണ്ണി പറയുന്നു. ‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’
ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു.
ഇതിനുമുൻപും സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾക്കെതിരെ താരം രംഗത്തുവന്നിട്ടുണ്ട്. നടന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയതും വാര്‍ത്തയായിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന് പരാതി നല്‍കിയിട്ടുണ്ട്.
ചുവന്ന കുറി തൊട്ട് മുറുക്കി ചുവപ്പിച്ച് കൈ പിന്നില്‍ കെട്ടി മാസ് ലുക്കില്‍ കേസന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ സിബിഐ യെ ആരും മറയ്ക്കാന്‍ ഇടയില്ല.
ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് സംവിധായകന് കെ മധു .സര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് അഞ്ചാം സീരിസ് നിര്‍മിക്കുന്നത്.ക്രൈംത്രില്ലര്‍ സിനിമകളുടെ താളത്തില്‍ നിന്ന് മാറാത്ത ഒന്നുതന്നെയായിരിക്കും അഞ്ചാം ഭാഗമെന്നും സംവിധായകന് മധു ഉറപ്പ് പറയുന്നു.
32 വര്‍ഷം മുന്‍പ് ഫെബ്രുവരി 18 നാണ് സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത് . മമ്മൂട്ടിയ്ക്കൊപ്പം ലിസി, വിജയരാഘവന്, ശ്രീനാഥ് , ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍ .
ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. ട്രോളായും സദാചാരമായും സേവ് ദ ഡേറ്റിനെ വിമര്‍ശിക്കുന്നവര്‍ ഒരുപാടാണ്, എന്തിന് കേരളാ പൊലീസ് വരെ സേവ് ദ ഡേറ്റിനെ ട്രോളിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ചില ഫോട്ടോഷൂട്ടുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചെയ്യാറുള്ളത്.
ചിലത് ന്യൂഡിറ്റി കൂടുതല്‍ ഉള്ള തരത്തിലാണെന്നാണ് ആരോപണം. എന്നാല്‍ അത് തീര്‍ത്തും തങ്ങളുടെ ഇഷ്ടമാണ് മറ്റുള്ളവര്‍ അനാവശ്യമായി തലയിടേണ്ട എന്നാണ് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ മറുപടി. ഇത്തരം ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്.
2009 ഫെബ്രുവരി 15 ന് 8 മണിക്കും 9 മണിക്കും ഇടയ്ക്ക് ടൗണ്‍ഹാളില്‍, സേവ് ദ ഡേറ്റ് എന്നുപറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതോ സ്റ്റേജ് ഷോയ്ക്കായി ഒരുങ്ങിയ പിഷാരടിയും ധര്‍മ്മജനുമാണ് ചിത്രത്തിലുള്ളത്. സേവ് ദ ഡേറ്റുകള്‍ ചര്‍ച്ചയ്ക്ക് കളംപിടിക്കുമ്പോള്‍, പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്. ഇത് പൊളിക്കും, സുമഗംലീ ഭവ, തുടങ്ങിയ ആശംസകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് വാര്‍ത്ത.
വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരുക്കേറ്റത്. യെന്നൈ അറിന്ധാല്‍ എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിനു മുമ്പ് പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.
മക്കയില്‍വെച്ച് തമിഴ് സംവിധായകന് രാജ്കപൂറിന്റെ മകന് ഷാരൂഖ് കപൂര്‍(23) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം. മാതാവ് സജീലയ്ക്കൊപ്പം മക്കയിലേക്ക് പോയതായിരുന്നു ഷാരൂഖ്. മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
ഷാരൂഖ് കപൂറിന്റെ മരണം തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മദീനയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു ഷാരൂഖ്. പിന്നീടാണ് മരണം സംഭവിക്കുന്നത്.
പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്നായിരുന്നു രാജ്കപൂറിന്റെ ആഗ്രഹം. ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള് വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. സോണിയയാണ് വധു.
2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു.
ഈ മാസം 22 ശനിയാഴ്ചയാണ് റോയ്സിന്റെ വിവാഹനിശ്ചയം. സോണിയയും റോയ്സും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയ ക്ഷണക്കത്തും വൈറലായിട്ടുണ്ട്.
തൃശ്ശൂരിലെ ഹോട്ടല്‍ അശോക ഇന്നിലാണ് വിവാഹനിശ്ചയം നടക്കുക. 12 മണിക്കാണ് മുഹൂര്‍ത്തം. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ല്‍ ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞു.
ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘വെയിൽ മരങ്ങൾ’ ചിത്രത്തിെൻറ ട്രെയിലർ പുറത്തുവിട്ടു. ഇന്ദ്രൻസിെൻറ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിെൻറ ഹൈലൈറ്റെന്ന് ട്രെയിലറിൽ വ്യക്തം. മനസിൽതട്ടുന്ന സംഗീതത്തിൽ ചാലിച്ച് ഹിമാചൽ പ്രദേശിലെ മഞ്ഞും ആപ്പിൾ േതാട്ടവും കേരളത്തിെൻറ പച്ചപ്പും ദൃശ്യഭംഗിയുമെല്ലാം ട്രെയിലറിൽ കാണാം.
രാജ്യാന്തര ചലചിത്രമേളകളിൽ അടക്കം പുരസ്കാരം വാരിക്കൂട്ടിയ വെയിൽ മരങ്ങളുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് എം.ജെ. രാധാകൃഷ്ണനാണ്. കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദലിത് കുടുംബത്തിെൻറ കഥയാണ് സിനിമയുടെ പ്രമേയം. ഇന്ദ്രൻസിനൊപ്പം സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 28ന് ചിത്രം റിലീസ് ചെയ്യും.
മുന്‍ ഭര്‍ത്താവും സംവിധായകനുമായ വിജയ്യുമായി നടി അമല പോള്‍ പിരിയാന്‍ കാരണം നടന് ധനുഷ് ആണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തയോട് പ്രതികരിത്ത് അമല രംഗത്തെത്തി. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അമല പറഞ്ഞു.
എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണെന്നും അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല വ്യക്തമാക്കി.
അമല പോളിന്റെ വിവാഹബന്ധം തകരാന്‍ കാരണം ധനുഷ് ആണെന്ന് വിജയ്യുടെ അച്ഛനും നിര്‍മാതാവുമായ അളകപ്പന് ആരോപിച്ചിരുന്നു. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നതെന്നും ധനുഷാണ് തിരികെ വരാന്‍ നിര്‍ബന്ധിച്ചതെന്നുമായിരുന്നു അളകപ്പന് പറഞ്ഞത്. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല ഒപ്പിട്ടിരുന്നു. ധനുഷിന്റെ നിര്‍ബന്ധപ്രകാരമാണ് അമല അഭിനയിക്കാന്‍ തയ്യാറായതെന്നും അളകപ്പന് പറയുകയുണ്ടായി.
കന്നഡ പിന്നണി ഗായിക സുശ്മിത (26)യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് സുശ്മിത ജീവനൊടുക്കിതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മരിക്കുന്നതിന് മുമ്പ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിൽ സുശ്മിത ഗാനമാലപിച്ചിട്ടുണ്ട്.
ശരത് കുമാർ ആണ് ഭർത്താവ്. സുശ്മിതയുടെ മരണ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ചലച്ചിത്രലോകം. സംഭവത്തിൽ അന്നപൂർണ്ണേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
“കരുണ’ വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ ആഷിഖ് അബു പരിഹസിച്ചു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. സർക്കാരിനു കൈമാറിയ ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണു സന്ദീപിന്റെ പരിഹാസം. കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതു സംബന്ധിച്ച വിവരങ്ങൾ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരി പതിനാലിനു തുക കൈമാറിയെന്നാണു ചെക്കിൽനിന്നു വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണു സന്ദീപ് ആഷിഖിന്റെ വിശദീകരണങ്ങൾ തള്ളുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കഐംഎഫ്) നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്ന വിവരാവകാശരേഖ സന്ദീപ് വാര്യരാണു പുറത്തുവിട്ടത്.
ആഷിഖ് അബു നൽകിയ വിശദീകരണങ്ങൾക്കു മറുപടിയുമായി ഹൈബി ഈഡൻ എംപി. ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീത നിശയെന്ന് റീജണൽ സ്പോർട്സ് സെന്ററിനു നൽകിയ കത്തിൽ വ്യക്തമാണെന്നും രണ്ടുദിവസം മുന്‍പ് മാത്രമാണ് സർക്കാരിന് 6,22,000 രൂപ നൽകിയതെന്നും ഹൈബി ചൂണ്ടിക്കാട്ടി. കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും അദ്ദേഹം പരിഹസിച്ചു.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ആഷിഖ് അബു,
ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുന്പോൾ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.
കാര്യങ്ങൾ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയിൽ പറയുന്നത് റീജിയണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം “സ്നേഹപൂർവ്വം അംഗീകരിച്ചു’ എന്നാണ്. എന്നാൽ നിങ്ങളുടെ അപേക്ഷ ഞടഇ കൗണ്‍സിൽ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദത്തെ തുടർന്ന് അനുവദിക്കാൻ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗണ്‍സിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബർ 16 ന് ബിജിബാൽ ആർഎസ് സി ക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ? കത്തിന്റെ പകർപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളിൽ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായി.
പ്രളയം ഉണ്ടായപ്പോൾ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട എം.എൽ.എ.യും ഈ സംഗീത നിശ നടക്കുന്പോൾ എം.പി.യുമായിരുന്നു ഞാൻ. പ്രളയാനന്തരം 46 വീടുകൾ സുമനസുകളുടെ സഹായത്തോടെ പൂർത്തീകരിച്ച തണൽ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാൻ. ചോരക്കൊതിയന്മാരായ, താങ്കളുടെ പാർട്ടിക്കാർ കൊന്നൊടുക്കിയ കൃപേഷിന്റെയും ശരത് ലാലിന്റെയും ഒന്നാം ഓർമ്മ ദിവസമാണ് നാളെ. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണൽ ഭവന പദ്ധതിയാണ്. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ അടക്കം എറണാകുളത്തെ ജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാൻ. ഇതെങ്കിലും ആർക്കെങ്കിലും നിഷേധിക്കാനാകുമോ?? അങ്ങനെയുളള സ്ഥലം എം.പി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാൻ ആഷിക്കിനോടോ സംഘാടകരിൽ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ? സൗജന്യ പാസ് ആരോപണം നിങ്ങൾ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമർത്ഥിക്കാനാണല്ലോ? അപ്പോൾ ഈ പരിപാടിക്കായി ആർഎസ് സി സൗജന്യമായി ചോദിച്ചത് ആർഎസ് സി യെ കബളിപ്പിക്കുവാനായിരുന്നോ?
ഞാൻ പറഞ്ഞതിൽ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തിരുന്നോ? അതോ, അവർക്കും ആർഎസ് സി ക്ക് കൊടുത്തത് പോലെ ഒരു കത്ത് കൊടുക്കുകയായിരുന്നോ? ഇതിന്റെ പാപഭാരത്തിൽ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ? മേൽപ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുന്പോൾ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും താങ്കൾ ചെക്ക് നൽകിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം പൂർത്തീകരിക്കാനായി എന്നതിൽ ആത്മാഭിമാനമുണ്ട്. താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ..
സ്നേഹപൂർവ്വം
ഹൈബി ഈഡൻ
കൂടുതൽ അന്വേഷണം നടത്താൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഐജിക്കും കമ്മീഷണർക്കും നിർദേശം നൽകി. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിനോട് അന്വേഷിക്കാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ അറിയിച്ചു. പരിപാടിയിലൂടെ സംഭരിച്ച തുക സംഘാടകർ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ലെന്നാരോപിച്ച് സന്ദീപ് വാര്യർ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു തെളിയിക്കുന്നതിനായ് വിവരാവകാശ രേഖയും അദ്ദേഹം പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറിയതായി ആരോപണങ്ങൾക്ക് മറുപടിയായി ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ ഉയർന്നതിനു ശേഷമാണ് പണം നൽകിയതെന്ന് ചെക്കിന്റെ തിയതി കാട്ടി ഹൈബി ഈഡൻ എംപി രംഗത്തുവന്നതോടെ ഇതു സംബന്ധിച്ച് വീണ്ടും വിവാദങ്ങളുയർന്നു. കൊച്ചിയിൽ കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച കരുണ സംഗീത നിശ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പരിപാടില്ലെന്നായിരുന്നു ആഷിഖിന്റെ നിലപാട്. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ഫേസ്ബുക്കിൽ ആഷിഖ് കുറിച്ചു.
ഫൗണ്ടേഷൻ എന്തു തട്ടിപ്പാണ് നടത്തിയതെന്ന് തെളിയിക്കാൻ ഹൈബിയെ ആഷിഖ് വെല്ലുവിളിക്കുകയും ചെയ്തു. ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേയ്ക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥാനത്തിലാണ് തട്ടിപ്പാണെന്ന് പറയുന്നതെന്നുമാണ് ആഷിഖ് ചോദിക്കുന്നത്.