Movies

മലയാളികൾക്ക് സുപരിചിതയാണ് നടി മീന. ബാലതാരമായി എത്തി സൂപ്പർ താരങ്ങളുടെ നായികയായി നിരവധി ഭാഷകളില്‍ സാന്നിധ്യം അറിയിച്ച മീന കുറച്ചു കാലം സിനിമ ലോകത്തോട് അകലം പാലിച്ചിരുന്നു.

വിവാഹവും മകളുടെ ജനനവുമൊക്കെയാണ് ഈ മാറ്റത്തിന് കാരണം. പിന്നീട് മകളും അമ്മയും സിനിമ ലോകത്ത് സജീവമാകുകയായിരുന്നു.

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിരിച്ചുവരവ് നടത്തിയ മീന ഏറ്റവും ഒടുവിൽ അഭിനയിച്ചത് മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ലാണ്. ഇപ്പോൾ മീനയുടെ മേക്ക്ഓവർ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ദൃശ്യം’ മുതൽ ‘ഷൈലോക്ക്’ വരെ കണ്ട മീനയല്ല ഇപ്പോൾ. വലിയ മാറ്റമാണ് രൂപത്തിൽ തന്നെ വന്നിരിക്കുന്നത്.

നന്നായി മെലിഞ്ഞ് വളരെയധികം പ്രായം കുറഞ്ഞ ലുക്കിലാണ് മീന. ഇൻസ്റ്റാഗ്രാമിൽ മീന തന്നെയാണ് തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. എല്ലാവരും മീനയുടെ മേക്ക്ഓവറിനെ പ്രശംസിക്കുന്നുമുണ്ട്.

 

തമിഴ് സിനിമ ലോകത്ത് ബാലതാരമായാണ് മീന അരങ്ങേറ്റം കുറിച്ചത്. പിന്നീട് കമൽഹാസൻ, രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങി മുൻനിര താരങ്ങളുടെയെല്ലാം നായികയായി താരം.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോഹന്‍ലാലിന്റ വസതിയില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യത്തിലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്.

മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടന്ന റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തപ്പോള്‍ സാധനങ്ങളുടെ പട്ടികയില്‍ പതിനൊന്ന് അനധികൃതശില്‍പ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതു തൊണ്ടിമുതലാണന്നും പിടിച്ചെടുക്കാന്‍ വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്‍സ് കണ്‍സര്‍വേറ്ററുമായ ജെയിംസ് മാത്യുവാണ് ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ സുക്ഷിക്കുന്ന തൊണ്ടിമുതല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയില്ല. ഇതിനുപകരം വനം വകുപ്പ് തൊണ്ടി സാധനങ്ങള്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണന്നും ഇതില്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ഷെറിൻ പി യോഹന്നാൻ

മികച്ച ചിത്രം , മികച്ച വിദേശ ചിത്രം , മികച്ച സംവിധായകൻ , മികച്ച തിരക്കഥ ഏന്നീ പുരസ്‌കാരങ്ങളാണ് 92മത് ഓസ്കറിൽ പാരാസൈറ്റ് എന്ന കൊറിയൻ ചിത്രം
വാരിക്കൂട്ടിയത്

കാൻ ചലച്ചിത്ര മേളയിൽ മികച്ച വിദേശ ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം… 2019ലെ മികച്ച ചിത്രമെന്ന് നിരൂപകർ വിലയിരുത്തിയ ചിത്രം…. ഓക്ജ, മെമ്മറീസ് ഓഫ് മർഡർ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ ബോങ് ജൂൺ വിന്റെ പുതിയ ചിത്രം…. ഏതൊരു സിനിമ പ്രേമിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം… പാരാസൈറ്റ്‌

ഐഎഫ്എഫ്കെയിൽ ‘ നിന്നുകണ്ട ‘ ചിത്രമാണിത്. കിം കി ടേകിന്റെയും കുടുംബത്തിന്റെയും ജീവിതം ആണ് ചിത്രം. ഒരു തൊഴിൽരഹിതനായ അദ്ദേഹം ഭാര്യയും മകനും മകളും ആയി ചെറിയൊരു വീട്ടിലാണ് താമസം. കുടുംബത്തിലാകെ ദാരിദ്ര്യം ആണ്. അങ്ങനെയിരിക്കെ ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിത്തിൽ അരങ്ങേറുന്നു. കിമ്മിന്റെ മകനായ കി – വൂവിന് ഒരു സമ്പന്ന കുടുംബത്തിൽ ഇംഗ്ലീഷ് ട്യൂട്ടർ ആയി ജോലി കിട്ടുന്നു. കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് അദ്ദേഹം ജോലിയ്ക്ക് പോകുന്നത്. തുടർന്നുള്ള സംഭവങ്ങൾ ആണ് അപ്രതീക്ഷിതം.

ജോലിക്ക് കയറിയ വീട്ടിലെ അനുകൂല സാഹചര്യം മുതലാക്കി നിലവിൽ ഉണ്ടായിരുന്ന ജോലിക്കാരെയൊക്കെ തന്ത്രത്തിൽ ഒഴിവാക്കി കിമ്മിന്റെ കുടുംബം മുഴുവൻ ആ വീട്ടിൽ കയറി പറ്റുന്നു. ഒപ്പം കിം വൂ ആ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നു. ദാരിദ്ര്യത്തിൽ നിന്ന് പെട്ടെന്നു സമ്പന്നതയിലേക്ക് എത്തിയ അവർ ആ കുടുംബത്തിൽ ബന്ധം സ്ഥാപിക്കുന്നത് സ്വപ്നം കാണുന്നു. കഥ ഒരു രാത്രിയിലേക്കാണ് ഫോക്കസ് ചെയുന്നത്. ആ രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങൾ, ത്രില്ലടിപ്പിച്ച്, ചിരിപ്പിച്ച്, ഞെട്ടിപ്പിച്ച് തന്നെ പ്രേക്ഷകന് സംവിധായകൻ സമ്മാനിക്കുന്നു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിരിച്ചു കണ്ടിരിക്കുന്ന സിനിമ ഒരു നിമിഷത്തിലാണ് ട്രാക്ക് മാറുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷനെ ഞെട്ടിപ്പിച്ചാണ് ഓരോ സീനും മുന്നേറുന്നത്. ക്ലൈമാക്സ്‌ ഒക്കെ അതിഗംഭീരം എന്ന് പറയാതിരിക്കാൻ ആവില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ, നഷ്ടപെടലുകൾ, ഒരു നിമിഷത്തിലെ ചിന്തയിലൂടെ ഉണ്ടാകുന്ന കൈയബദ്ധങ്ങൾ എന്നിവയെല്ലാം ഗംഭീരമാകുന്നത് അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയാണ്. തിരക്കഥയിലും ഛായാഗ്രഹണയത്തിലും ഒരു പടി മുന്നിൽ നിൽക്കുന്നുണ്ട് പാരസൈറ്റ്. സമ്പന്ന – ദരിദ്ര ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം ആണ് സിനിമ. ഇത്തവണ ഓസ്കാറിൽ ഈ ചിത്രം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയാൽ അത്ഭുതപ്പെടാനില്ല. ഒരു നിമിഷം പോലും ബോറടിക്കാതെ ഈ ഗംഭീര സിനിമ കാണാം ;

രണ്ടു ദിവസം മുൻപ് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രം കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയവും അതുപോലെ മലയാള സിനിമയിലെ രണ്ടാമത്തെ മാത്രം നൂറു കോടി കളക്ഷൻ നേടുന്ന ചിത്രവുമായി മാറിയിരുന്നു. പ്രശസ്ത നടൻ ജയസൂര്യയാണ് പൃഥ്വിരാജ് സുകുമാരന് മികച്ച സംവിധായകനുള്ള അവാർഡ് സമ്മാനിച്ചത്.

ഇപ്പോഴിതാ താൻ പൃഥ്വിരാജ് സുകുമാരന് അവാർഡ് നൽകുന്ന ചിത്രം തന്റെ ഫേസ്ബുക് പേജിലിട്ടു കൊണ്ട് ജയസൂര്യ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിച്ചതിനൊപ്പം തന്റെ അടുത്ത സുഹൃത്തിനെ ഇംഗ്ലീഷ് കൊണ്ട് രസകരമായി ഒന്ന് ട്രോളിയിട്ടുമുണ്ട് ജയസൂര്യ. തന്റെ കടുകട്ടി ഇംഗ്ലീഷിന്റെ പേരിൽ ഒരുപാട് ട്രോള് ഏറ്റു വാങ്ങിട്ടുള്ള നടനാണ് പൃഥ്വിരാജ്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ.

Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years.

ഈ രസകരമായ പോസ്റ്റിനു പൃഥ്വിരാജ് അതിലും രസകരമായ ഒരു മറുപടിയും ജയസൂര്യക്ക് കൊടുത്തിട്ടുണ്ട്. ഈ പോസ്റ്റിനു പൃഥ്വിരാജ് കമന്റ് ഇട്ടിരിക്കുന്നത് ഇങ്ങനെ, അറിഞ്ഞില്ല. ആരും പറഞ്ഞില്ല. ഇതോടൊപ്പം ഒട്ടേറെ ആരാധകരും പൊട്ടിച്ചിരിപ്പിക്കുന്ന കംമെന്റുകളുമായി ഈ ഫേസ്ബുക് പോസ്റ്റിൽ എത്തിയിട്ടുണ്ട്. ഏതായാലും നിമിഷങ്ങൾ കൊണ്ടാണ് ജയസൂര്യയുടെ ഈ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകര്‍ കാത്തിരുന്ന പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യന്‍ സമയം 6.30-നാണ് പുരസ്‌കാരപ്രഖ്യാപനം ആരംഭിച്ചത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാരചടങ്ങിന്റെ വേദി. 92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ‘പാരസൈറ്റ്’ എന്ന ചിത്രം. ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘പാരസൈറ്റ്’ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ മികച്ച വിദേശ ഭാഷ പുരസ്‌കാരവും ‘പാരസൈറ്റ്’ എന്ന ചിത്രത്തിനാണ്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവരാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥ. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ‘പാരസൈറ്റ്’എന്ന ചിത്രം സ്വന്തമാക്കി. ബൂന്‍ ഹൂന്‍ ഹോ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. ‘വണ്‍സ് അപോണ്‍ എ ടൈം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെത്തേടി പുരസ്‌കാരമെത്തിയത്. ‘മാരേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും നേടി.

ഡിസ്നിയുടെ ‘ടോയ് സ്റ്റോറി ഫോര്‍’ ആണ് മികച്ച ആനിമേഷന്‍ ചിത്രം. മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം റോജര്‍ ഡീകിന്‍സിനാണ്. ‘1917’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്‌കാരം.

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ‘ജോക്കര്‍’ എന്ന ചിത്രം നേടി. ഹില്‍ഡര്‍ ഗുഡ്നഡോട്ടിര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം വാക്വീന്‍ ഫീനിക്സ് സ്വന്തമാക്കി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച റെനി സെല്‍വെഗറാണ് മികച്ച നടി. കൊറിയന്‍ സിനിമയായ പാരസൈറ്റിന്റെ സംവിധായകന്‍ ബോങ് ജൂ ഹോ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കും വിദേശഭാഷ ചിത്രത്തിനും പാരസൈറ്റ് പുരസ്‌കാരം നേടി. ഇതാദ്യമാണ് ഒരു കൊറിയന്‍ സംവിധായകന്‍ മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാം നേടുന്നത്. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ജോക്കര്‍ സിനിമയിലൂടെ ഹില്‍ദര്‍ ഗുദനോത്തിത്തര്‍ നേടി.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവവുമാണ് താരം.

സാനിയ പങ്കുവച്ച വിശേഷങ്ങളിൽ ഈ ദിവസങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മേഘാലയ കാഴ്ചകളാണ്. മേഘാലയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്.

വെയ് സോഡോങ് വെള്ളച്ചാട്ടവും നോക്കിയാൽ അടിത്തട്ട് കാണുന്ന ഡോക്കി തടാകവുമെല്ലാം സന്ദർശിച്ച സന്തോഷത്തിലാണ് താരമിപ്പോൾ. അതേസമയം ചിത്രത്തിന് നേരെ സദാചാര അക്രമവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം സദാചാരവാദികൾ.

‘മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’, ‘കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും….അതോണ്ട് ഞ ഒന്നും നോക്കുന്നില്ല…’എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. സാനിയ ഈ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ല.

സച്ചി തന്നെ തിരക്കഥ എഴുതിയ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ഒരു പുതിയ പതിപ്പ് എന്ന നിലയിൽ ഈ സിനിമയെ സമീപിക്കാം. എന്നാൽ തമാശ നിറച്ചല്ല ഈ സിനിമ സച്ചി ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പികുന്നില്ല. അതാണ് ഈ സിനിമയുടെ വിജയം.

മുണ്ടൂര് മാടൻ എന്ന് വിളിക്കുന്ന എസ് ഐ അയ്യപ്പൻ നായരുടെയും റിട്ടയേർഡ് ഹവിൽദാർ കോശി കുര്യന്റെയും പകയുടെ കഥയാണ് ‘അയ്യപ്പനും കോശിയും’. അട്ടപ്പാടിയിലെ ഒരു രാത്രിയിൽ ആരംഭിക്കുന്ന കഥ വളരെ പെട്ടെന്ന് തന്നെയാണ് ഒരു കോൺഫ്ലിക്റ്റിലേക്ക് നീങ്ങുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തിത്തന്നെയാണ് സച്ചി കഥ പറയുന്നത്. പണത്തിന്റെയും അധികാരത്തിന്റെയും പേരിൽ അഹങ്കരിക്കുന്ന കോശിക്ക് ഒരു വൻ വെല്ലുവിളിയായി അയ്യപ്പൻ നായർ മാറുന്നത് രണ്ടാം പകുതിയിലാണ്.

ഒന്നാം പകുതിയിൽ കയ്യടിനേടുന്ന പ്രത്വിരാജിനെ കവച്ചുവെക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ ബിജു മേനോൻ. പോലീസ് യൂണിഫോമിൽ നിന്നിറങ്ങി ഇനി തനിക്ക് നിയമമില്ല എന്ന് പറയുന്നിടത്ത്, മുണ്ടൂര് മാടൻ ആയ കഥ പറയുന്നിടത്ത്, 25 വയസ്സിൽ ഒതുക്കി വച്ച തന്റെ കാടൻ സ്വഭാവത്തെ പുറത്തെടുക്കുന്നിടത്ത്, പക വീട്ടുന്നിടത് അയ്യപ്പൻ നായർ കിടു ആയി സ്‌ക്രീനിൽ നിറയുന്നുണ്ട്. ഉള്ളിലെ മൃഗത്തെ പുറത്തുകാട്ടുന്ന അയ്യപ്പൻ നായരോട് പ്രേക്ഷകന് വെറുപ്പ് തോന്നില്ല. ബിജുമേനോന്റെ ഗംഭീര പ്രകടനം. ഒപ്പം കുര്യൻ ജോണിനെ അവതരിപ്പിച്ച രഞ്ജിത്ത്, സിഐ ആയി വന്ന വ്യക്തി, കോൺസ്റ്റബിൾ സുദീപ്, കോശിയുടെ ഡ്രൈവർ, നായരുടെ ഭാര്യ കണ്ണമ്മ തുടങ്ങിയവരും മികച്ച പ്രകടനം ആണ്. കണ്ണമ്മയുടെ ഡയലോഗ് ഡെലിവറി ഒക്കെ നന്നായി തോന്നി. നാടൻപാട്ടിന്റെ താളം ഒന്നിച്ചു ചേരുന്ന പശ്ചാത്തല സംഗീതവും കാടിന്റെ വന്യതയും മനുഷ്യനുള്ളിലെ വീറും (ക്ലൈമാക്സിലെ ഫൈറ്റ് ഉൾപ്പെടെ ) കാട്ടിത്തരുന്ന ഛായാഗ്രഹണവും സിനിമയുടെ മികച്ച വശങ്ങളാണ്.

ശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ചിത്രം കൂടിയാണിത്. പണവും അധികാരവും അനാവശ്യത്തിന് ഉപയോഗിക്കുമ്പോൾ അതിനോടാണ് അയ്യപ്പൻ നായർ പൊരുതുന്നത്. മനുഷ്യനുള്ളിലെ ഈഗോ തന്നെയാണ് പ്രധാന പ്രശ്നമാവുന്നതും. ധാരാളം അർത്ഥതലങ്ങളിൽ ചേർത്തുനിർത്തി ചർച്ച ചെയ്യാവുന്ന ചിത്രം കൂടിയാണിത്. വളരെ എൻഗേജിങ് ആയി കഥ പറയുന്ന ആദ്യ പകുതിയോടൊപ്പം ഗംഭീരമായ രണ്ടാം പകുതി ചേരുമ്പോൾ തിയേറ്റർ കാഴ്ചകളിൽ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ചിത്രമായി അയ്യപ്പനും കോശിയും മാറുന്നു.

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.

ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.

അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.

ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.

പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.

മലയാളത്തിന്റെ പ്രിയ താരം ശോഭന ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനില്‍ മടങ്ങിയെത്തുകയാണ്, അനൂപ്‌ സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ. സിനിമയിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും നൃത്തജീവിതത്തെക്കുറിച്ചുമെല്ലാം ശോഭന  മനസ്സ് തുറന്നു.

‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലെ കഥാപാത്രം  “ആളുകള്‍ സിനിമ നേരിട്ട് കണ്ടു വിലയിരുത്തട്ടെ. വളരെക്കാലത്തിനു ശേഷമാണ് അഭിനയിക്കുന്നത്, അമ്മ വേഷത്തിലാണ്. നിങ്ങള്‍ ഒരോരുത്തരുടേയും വീട്ടിലെ അമ്മമ്മാര്‍ എന്തൊക്കെ വികാരങ്ങളിലൂടെ കടന്നു പോകുന്നുവോ, അതിലെല്ലാം കൂടി കടന്നു പോകുന്ന ഒരമ്മ. അതാണ്‌ എന്‍റെ കഥാപാത്രം. സിനിമ നന്നായിരിക്കും എന്നും വിജയിക്കും എന്നും പ്രതീക്ഷിക്കുന്നു.

എനിക്ക് വരുന്ന ഓഫറുകള്‍ അനുസരിച്ചാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അതിനു വേണ്ടി, പറയുന്ന സമയത്ത് ക്യാമറയ്ക്ക് മുന്നില്‍ എത്തി അഭിനയിക്കുന്നു. നൃത്തം അങ്ങനെയല്ല. നിത്യവും കഠിനമായി പരിശീലിക്കണം, അതില്‍ ഉപേക്ഷ വരാന്‍ പാടില്ല,” ശോഭന പറയുന്നു.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തില്‍ നീന എന്ന സിംഗിള്‍ മദര്‍ ആയിട്ടാണ് ശോഭന എത്തുന്നത്‌. സുരേഷ് ഗോപിയുടെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന അവരുടെ രസകരമായ നിമിഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത ശോഭനയെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം നല്‍കാനായി താന്‍ ഏറെക്കാലം കാത്തിരുന്നതായി സംവിധായകന്‍ അനൂപ്‌ സത്യന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തന്‍റെ നൃത്തക്കച്ചേരികളും ചെന്നൈ ആസ്ഥനമാക്കി നടത്തുന്ന നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യുടേയും തിരക്കുകളിലാണ് ശോഭന ഇപ്പോള്‍.

“മാര്‍ച്ച്‌ പതിനേഴിന് അമ്പതു വയസ്സ് തികയും എനിക്ക്. അന്ന് ഒരു കച്ചേരി’ നടത്തണം എന്ന് ആഗ്രഹിക്കുന്നു,” മലയാളത്തിന്റെ നിത്യവസന്തമായ ശോഭന പറഞ്ഞു നിര്‍ത്തി.

ലാളിത്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും വമ്പൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരാളാണ് വിജയ് സേതുപതി. നെഗറ്റീവ് റോളുകൾ അധികം ഒന്നും ചെയ്‌തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തനിക്ക് ഇഷ്ടപ്പെടുന്ന റോളുകൾ ചെയ്യുവാൻ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അതിൽ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റർ. വിജയ് സേതുപതി വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

മാസ്റ്ററിൽ വില്ലൻ വേഷത്തിന് എന്തുകൊണ്ട് സമ്മതം മൂളിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു അഭിമുഖത്തിലാണ് നായകനായി വിലസുമ്പോഴും എന്തുകൊണ്ട് വില്ലനായി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ഒരു ഉത്തരമാണ് താരം അതിനുള്ള ഉത്തരമായി പറഞ്ഞത്. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും നെഗറ്റീവ് റോൾ ആയത് കൊണ്ട് മാത്രം ഇത്ര ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാനും മനസ്സ് വന്നില്ലെന്നും മക്കൾസെൽവൻ പറഞ്ഞു.

അതേ സമയം മാസ്റ്ററിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം XB ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ്.

Copyright © . All rights reserved