മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമാണ്. ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.ഇഎന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം മറ്റൊന്നുമല്ല അത്,തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നില്ലെന്നും മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സിനിമകളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരിക്കുകയാണ്.
താരം പറയുന്നത് സിനിമയായിരുന്നു എന്റെ എന്നാണ് പക്ഷേ അത് ഇന്ന് യാഥാര്‍ഥ്യമായി., കൂടാതെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റുകയും, അത് തന്നെയാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്മ എന്നും പറയുന്നു.മെഗാസ്റ്റാർ മമ്മുക്ക പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മയിലുണ്ടെന്നും “പണ്ട് സിനിമയില്‍ വരാന്‍ വലിയ പ്രയാസമായിരുന്നു പക്ഷേ എത്തിയാല്‍ എങ്ങനെ എങ്കിലും നിന്ന് പോകും, ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ എളുപ്പമാണ്, പക്ഷേ നിലനില്‍ക്കാനാണ് പാട്”.ഇങ്ങനെയാണ് താരം പറഞ്ഞത്.
മറ്റൊരു കാര്യം താരം എടുത്തു പറയുന്നു ,സിനിമയില്‍ വന്നതിന് ശേഷമാണ് സിനിമ എന്താണെന്ന് മനസിലാക്കുന്നതെന്നും, താൻ കാണിച്ച് കൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും,മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.അതുമാത്രമല്ല കഥ പറയുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്.
പക്ഷേ ചിത്രീകരിച്ച് വരുമ്പോള്‍ കഥ ആകെ മാറി മറിഞ്ഞിരിക്കുമെന്നും,അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്ത് പോയതെന്നും താരം പറയുന്നു,ഒപ്പം മറ്റൊരു വെളിപ്പെടുത്തലും താരം നടത്തുകയുണ്ടായി അതിങ്ങനെ, “പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും” വേണ്ടെന്ന് വെക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെ തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെട്ട തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നും ആസിഫ് പറയുന്നു.
ബോളിവുഡ് നടി ഐശ്വര്യ റായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് 32കാരന്‍ പറയുന്നു. സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്തെത്തിയത്.2017ലും ആന്ധ്രാ സ്വദേശിയായ സംഗീത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.
ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു.അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഇതിനെതിരെ ആരാധകര്‍ പറയുന്നു.
പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ രുഗ്മിണായായി നടിയായി അഭിനയിക്കുന്നത് പ്രിയ മേനോനാണ്. രുഗ്മിണി എന്ന കഥാപാത്രമായി എത്തുന്ന പ്രിയ മേനോന്‍ ആണ് ഏറ്റതുമധികം വെറുപ്പ് സമ്പാദിച്ച കഥാപാത്രം . വില്ലത്തി വേഷത്തിലാണ് പ്രിയ എത്തുന്നത് .
എന്നാല്‍ എപ്പോൾ നടി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.
ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.
ഒരു ഷോര്‍ട് ഡെനിം ബ്ലൂ ടോപ്പിയില്‍ വളരെ ചെറുപ്പം തോന്നിക്കുന്ന വേഷത്തിലാണ് പ്രിയ മേനോന്‍. ഒപ്പം കാലിന്റെ വിരലറ്റത് ഒരു മുറിവുമുണ്ട് . വസ്ത്രത്തേക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് ആ മുറിവാണ്. എന്തുപറ്റി എന്ന ചോദ്യവും ഉയരുന്നുണ്ട്. സീരിയലില്‍ അമ്മൂമ്മ വേഷം ആണെങ്കിലും ഫാഷന്‍ സെന്‌സുള്ള പ്രിയക്ക് അത്ര പ്രായമൊന്നുമില്ല.
അതേസമയം ‘ എനിയ്ക്ക് മൂന്ന് മക്കളാണ് , അമൃത് മേനോന്‍ കരിഷ്മ, കശ്മീര. ഇതില്‍ കരിഷ്മയും കാശ്മീരയും ഇരട്ട കുട്ടികളാണ്. കശ്മീരയും, അമൃതും മനിലയില്‍ എംബിബിഎസ് പഠിക്കുന്നു. കരിഷ്മ വിഷ്വല്‍ മീഡിയ ഫിലിം മേക്കിങ് പഠിക്കുന്നു. മധു മേനോന്‍ ആണ് എന്റെ ഭര്‍ത്താവ്. ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ് അദ്ദേഹം. വാനമ്പാടിയിലെ രുക്മിണി ഒരുപാട് ആരാധകരെ എനിക്ക് സമ്മാനിച്ച കഥാപാത്രമാണ്. തികച്ചും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സ്‌നേഹവും, ദേഷ്യവും ഒക്കെ അവര്‍ കാണിക്കാറുണ്ട്.
എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട് രുക്മിണിയെ ആരാധകര്‍ ഏറ്റെടുത്തതില്‍. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണല്ലോ എല്ലാവരും എന്നെ തിരിച്ചറിയുന്നത്. കഴിഞ്ഞിടെ ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോഴാണ്, അല്‍പ്പം പ്രായമായ ഒരു അമ്മ എന്റെ കൈയ്യില്‍ പിടിച്ചത്, ഈ കൈ കൊണ്ടല്ലേ ഞങ്ങളുടെ അനുമോളെ നീ ഉപദ്രവിക്കുന്നതെന്നു ചോദിച്ചു കൈയ്യില്‍ ബലമായി പിടിച്ചു വളച്ചു.
ഇതൊക്കെ കാണുമ്പോള്‍ രുക്മിണി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് ആരാധകരില്‍ എന്നാണ് ഞാന്‍ ഓര്‍ക്കുക. ആദ്യമൊക്കെ ആരും സെല്‍ഫി എടുക്കാന്‍ ഒന്നും ഒപ്പം നില്‍ക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ചില പ്രേക്ഷകര്‍ എന്റെ ഒപ്പം വന്നു ഫോട്ടോ ഒക്കെ എടുക്കാറുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആയിരുന്നു അത് കൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനുമൊക്കെ ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം മാറി മാറി വരുന്നു.
രുക്മിണിയമ്മയ്ക്ക് ശബ്ദം നല്‍കി ജീവനുള്ളതാക്കി മാറ്റുന്നത് സുമ സഖറിയ ആണ്. പിന്നെ രുക്മിണിയായി എത്തുമ്പോള്‍ എന്റെ കുടുംബം തരുന്ന പിന്തുണ അത് ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഈ നില വരെ എത്തിയത്. കുടുംബം മാത്രമല്ല പ്രേക്ഷകരും. അവരുടെ പിന്തുണ അത് എടുത്ത് പറയേണ്ട കാര്യമാണ്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അവരുടെ കൂടി സമ്മാനമാണ്’ , പ്രിയ മേനോന്‍ പറയുന്നു.
സംവിധായകന്‍ പ്രിയാ നന്ദന്‍ ആണ് പ്രിയ മേനോനെ അഭിനയ രംഗത്തേക്ക് കൊണ്ട് വരുന്നത്. ഏക പാത്ര നാടകത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. ഭാരത നാട്യ നര്‍ത്തകിയായും പ്രിയ ശ്രദ്ധ നേടിയ താരമാണ്. സംവിധായക, പെയ്ന്റര്‍, പാചകവിദഗ്ധ, ജ്യൂലറി മേക്കര്‍, സംഗീതജ്ഞ, അധ്യാപിക, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലും പ്രിയ താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും പ്രിയ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും എത്തിയിട്ടുണ്ട്. പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെയാണ് പ്രിയ സിനിമാ അഭിനയ രംഗത്തേക്ക് കടന്നിരിക്കുന്നത്.
“മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ…” എന്ന ഗാനം പാടിയത് താനാണെന്ന അവകാശവാദവുമായി മോഹന്‍ലാല്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ നടന്‍ ധര്‍മ്മജനോട് ഈ കാര്യം പറഞ്ഞത്. എന്നാല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്തു 1985ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ഗാനം പാടിയത് താന്‍ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായകന്‍ വി ടി മുരളി രംഗത്തെത്തി. “ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.” എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് “ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.
” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ “.
മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?
ധർമജൻ..” ഇല്ല”
മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്”
( സദസ്സിൽ കൈയടി )
മോഹൻലാൽ..
“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”
തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..
( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.
വാൽക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?
എന്നാല്‍ 2008ല്‍ യുടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ വിടി മുരളി പാടിയതായാണ് പറഞ്ഞിരിക്കുന്നത്. ഹരിപ്പാട് കെ പി എന്‍ പിള്ളയാണ് സംഗീത സവിധായകന്‍.
2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോര്‍ട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോഴിതാ സൂരജിന്റെ പ്രയത്നത്തെ കുറിച്ച് വെളിപ്പെടുത്ത്ി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരുപാട് ഡിസൈനുകള്‍ ചെയ്ത് ചെയ്ത് ഒടുവില്‍ ഒരു അവസാന ഡിസൈനില്‍ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറുമായ രതീഷേട്ടന്‍ എത്തിച്ചേര്‍ന്നിരുന്നു. ആ ഡിസൈന്‍ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകള്‍ക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്‌മെന്റും ആക്ഷന്‍സും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.
പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയില്‍ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി. അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാള്‍ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാള്‍ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാള്‍ തടി വച്ചിരുന്നു സൂരജ്.
രണ്ടും കല്‍പ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാന്‍ തുടങ്ങി. പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്‌ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കില്‍ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകള്‍ ഒരുപാടുണ്ട്.
ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നില്‍ക്കും സൂരജ്. കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങള്‍ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയില്‍ സൂരജ് എത്തി. രതീഷേട്ടന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവന്‍ പഠിച്ചെടുത്തു.
പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു. സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കല്‍ സൂരജിന്റെ കാര്യത്തില്‍ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാല്‍ പിന്നെ അതിനുള്ളിലൂടെ കേള്‍ക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകള്‍ മുഴുവന്‍ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ( നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട.! )
പിന്നെ ഷൂട്ടിന്റെ ദിനങ്ങള്‍…ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ…സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.
ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.
അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടില്‍ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നപ്പോ എല്ലാ വേദനയും മറന്നവന്‍ ചിരിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവന്‍ അഭിനയിച്ചു, നടന്നു, ചിരിച്ചു…
അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടില്‍ മുഴുവന്‍ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവന്‍ താണ്ടിയത്. എല്ലാ കഷ്ടതയോടും. ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോള്‍ അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണവന്‍.
സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും വേണ്ടി കയ്യടിച്ചപ്പോള്‍ അവരുടെ മറുതലയ്ക്കല്‍ അതിന് കാരണക്കാരനായി എതിര്‍ സംഭാഷണങ്ങളും റിയാക്ഷന്‍സും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവന്‍. ക്ലൈമാക്‌സില്‍ സുരാജേട്ടന്റെ പെര്‍ഫോമന്‍സില്‍ ഏകദേശം മുഴുവന്‍ ക്രൂവിനും കണ്ണ് നനഞ്ഞപ്പോള്‍, തീയേറ്ററില്‍ ആ അഭിനയം കണ്ട് നിങ്ങള്‍ കരഞ്ഞെങ്കില്‍ അതിന് കാരണക്കാരന്‍ അപ്പുറത്ത് ‘ ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് ‘ എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവന്‍.
അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങള്‍ മുഴുവന്‍ കുഞ്ഞപ്പന്‍ ടീമിനുമുണ്ട്. ( സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ ) രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാന്‍ അവന്‍ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്….
സൂരജ് നീ അടിപൊളിയാണ്. പരിശ്രമം കൊണ്ടും പ്രയത്‌നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.
നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. കഴിഞ്ഞ രാത്രി തൃശൂരിൽ ഡബിംഗ് കഴിഞ്ഞ് പോകുന്പോഴായിരുന്നു അപകടം. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.
സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സദ്വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.
മലയാള സിനിമയിൽ മുഴുനീള എന്റർട്ടയിനേർസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവലിന്റെ ആറാം ചിത്രമായ അഞ്ചാം പാതിരായുടെ ട്രെയ്‌ലറും പോസ്റ്ററുകളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇന്ന് പ്രദർശനത്തിനെത്തുകയായിരുന്നു. സെൻട്രൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പരയിൽ യാതൊരുവിധ തെളിവുകൾ അവശേഷിക്കാതെ സീരിയൽ കില്ലറുടെ ലക്ഷ്യം പോലും മനസ്സിലാക്കാൻ സാധിക്കാത്ത കഥാസന്ദര്ഭങ്ങളെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. അൻവർ ഹുസൈൻ എന്ന പോലീസ് കൺസൽട്ടിങ് ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഇൻവെസ്റ്റിഗേഷൻ ടീമും സീരിയൽ കില്ലർ തമ്മിലുളള ഒരു പോരാട്ടം തന്നെയാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡി ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള മിഥുൻ മാനുവലിൽ നിന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വേറിട്ട രചന തന്നെയാണ് അഞ്ചാം പാതിരായിലൂടെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുൾമുനയിൽ ഇരുത്തുന്ന മേക്കിങ്ങും ഡയറക്ഷനും മിഥുൻ മാവുനൽ എന്ന സംവിധായകന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നു. മലയാളത്തിൽ ഒരുപാട് ത്രില്ലറുകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും ഈ ജോണറിൽ ഒരു പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അഞ്ചാം പാതിരയിൽ കാണാൻ സാധിച്ചത്. വളരെ സ്വാഭാവികമായി താരം ഉടനീളം മികച്ചു നിന്നു. പോലീസുകാരായി ജീനു ജോസഫ്, ഉണ്ണിമായയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സൈബർ കുറ്റവാളിയുടെ വേഷത്തിൽ ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസ്, ഷറഫുദീൻ, നന്ദന വർമ്മ തുടങ്ങിയവർ എല്ലാവരും തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ചാം പാതിരായുടെ സംഗീതം തന്നെയാണ് ജീവൻ. സുഷിൻ ശ്യാമിന്റെ കരിയർ ബെസ്റ്റ് പഞ്ചാത്തല സംഗീതമാണ് കാണാൻ സാധിച്ചത്. പ്രേക്ഷകരെ ഉടനീളം മുൾമുനയിൽ ഇരുത്തുന്ന കാര്യത്തിൽ മുഖ്യ പങ്ക് വഹിച്ചത് പഞ്ചാത്തല സംഗീതമായിരുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിലൂടെ മികച്ച ഫ്രമുകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ത്രില്ലർ ജോണർ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് അഞ്ചാം പാതിരാ ഒരു മുതൽ കൂട്ടായിരിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളുടെ ഇടയിലായിരിക്കും ഇനി മുതൽ അഞ്ചാം പാതിരായുടെ സ്ഥാനം. നിഗൂഢത ഉടനീളം നിറച്ചുകൊണ്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം പ്രേക്ഷകരേ ഓരോ നിമിഷം മുൾമുനയിൽ ഇരുത്തുന്ന വേറിട്ട മേക്കിങ് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കുന്നു.
കൊച്ചി: മരടില്‍ അനധികൃത ഫ്ലാറ്റുകള്‍ മാത്രമല്ല, നിരവധി ആളുകളുടെ ജീവിത സ്വപ്നങ്ങള്‍ കൂടിയാണ് മണ്ണോട് അടിഞ്ഞ്. നിരവധി സാധാരണക്കാര്‍ക്കൊപ്പം നടന്‍ സൗബിന്‍ സൗഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലസി, ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്ലാറ്റുകളുണ്ട്. കടം മേടിച്ചും ലോണ്‍ എടുത്തും ഫ്ലാറ്റ് വാങ്ങിയവരാണ് ഇവരില്‍ ഏറെയും.
വര്‍ഷങ്ങളോളം താമസിച്ച ഫ്ലാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്നാണ് മേജര്‍ രവി ഇന്നലെ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. അതൊരു വാശിയാണെന്നും അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറയുന്നു.
ഇവിടെയല്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം ഉണ്ടായത്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട്
തകര്‍ന്നു വീണ എച്ചു ടു ഒ ഹോളി ഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചായിരുന്നു തന്‍റെ സിനിമയായ കര്‍മയോദ്ധയില്‍ മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ടെടുത്തതെന്നും മേജര്‍ രവി ഓര്‍ത്തെടുത്തു. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ അധ്വാനശേഷിയും ഇച്ഛാശക്തിയും തകര്‍ക്കാനാവില്ല. ആ ഒരുമയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. താന്‍ നാട്ടിലില്ലാത്ത ഘട്ടത്തിലും നഗരത്തില്‍ തന്നെ തനിക്ക് വേണ്ടി വീട് നിര്‍മിക്കാന്‍ മേല്‍നോട്ടം വഹിച്ചത് ഫ്ലാറ്റിലുള്ള സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ തലേന്ന് തന്നെ കുണ്ടന്നൂരില്‍ നിന്ന് അല്‍പം അകലെയായി കണ്ണാടിക്കാട് വെഞ്ച്യൂറ ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു മേജര്‍ രവി അടക്കമുള്ളവര്‍. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ടിവിയിലാണ് ചിലര്‍ കണ്ടത്.
ചര്‍ച്ചകള്‍ നടക്കുമ്പോള്‍
ഫ്ലാറ്റ് തകര്‍ക്കുന്നതിനെ സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉള്ളു നീറുകയായിരുന്നെങ്കിലും ഫ്ലാറ്റില്‍ ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ പങ്കുവെച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്ഫോടന മുന്നറിയിപ്പായി ആദ്യ സൈറണ്‍ മുഴങ്ങിയെന്ന വാര്‍ത്ത വന്നതോടെയാണ് സംഘം ഹോട്ടിലിന്‍റെ ടെറസിലേക്ക് നീങ്ങിയത്.
11.16 ന് അവസാന സൈറണ്‍ മുഴങ്ങി നിമിഷാര്‍ധം കൊണ്ട് ഫ്ലാറ്റ് തകര്‍ന്നു വീണത് കണ്ട് ജയകുമാര്‍ വള്ളിക്കാവ് അറിയാതെ വിതുമ്പി പോയപ്പോള്‍ മേജര്‍ രവിയാണ് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജയകുമാറും മേജര്‍ രവിയും പൊളിഞ്ഞു വീണ ഫ്ലാറ്റിന് സമീപത്തേക്ക് എത്തിയത്.
തകര്‍ന്ന ഗേറ്റിന് താഴെ
തകര്‍ന്ന ഗേറ്റിന് താഴെ താഴും ചങ്ങലയും കിടക്കുന്നത് ജയകുമാറിന്‍റെ ശ്രദ്ധയിപ്പെട്ടത് അപ്പോഴാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും അത്രയും നാള്‍ സംരക്ഷണം നൽകിയ താഴും ചങ്ങലയും കണ്ടപ്പോള്‍ ജയകുമാര്‍ അത് എടുത്തുവെച്ചു. വീട്ടിലിതു ഭദ്രമായി വയ്ക്കുമെന്നും ജീവിതത്തിൽ ഇനിയും വഞ്ചിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ എടുത്തു നോക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
ജെഎന്‍യു സന്ദര്‍ശനം നടത്തിയ ദീപികയ്‌ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്തുണയുമായി ശശി തരൂര്‍ എം.പി.
ഛപാക് സിനിമ കാണാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും ദീപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ധൈര്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ സിനിമ കാണരുതെന്ന് ആരോടും ആവശ്യപ്പെടില്ലെന്നും ഇപ്പോള്‍ ദീപികയ്‌ക്കൊപ്പം നമ്മള്‍ നില്‍ക്കേണ്ട സമയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രംഗത്ത് വന്നത്. ജെഎന്‍യുവില്‍ മുഖം മൂടി ധാരികളായവരുടെ അതിക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ദര്യാഗഞ്ച് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദര്‍ശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവും
നല്‍കിയിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തന്റെ കരിയറിൽ ആദ്യമായാണ് മിഥുൻ മാനുവൽ തോമസ് ഒരു ത്രില്ലർ ചിത്രം എടുക്കുന്നത്. ഫീൽ ഗുഡ് മൂവീസിന്റെ വേലിയേറ്റം മൂലം മലയാളത്തിൽ ത്രില്ലർ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ ഇറങ്ങിയിരുന്നുള്ളു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ പൊലീസുകാരെ മാത്രം തിരഞ്ഞെടുത്ത് കൊല നടത്തുന്ന ഒരു സീരിയൽ കില്ലർ. വളരെ മൃഗീയമായി കൊല നടത്തുന്ന കില്ലറെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ് സേന. ഇവരോടൊപ്പമാണ് ക്രിമിനോളജിസ്റ്റ് ആയി അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ )ചേരുന്നത്. തുടർന്നുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുന്നതാണ് അഞ്ചാം പാതിരാ.
സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്ന് ബിജിഎം തന്നെയാണ്. സുഷിൻ ശ്യാമിന്റെ വർക്ക് ഒരു ത്രില്ലർ മൂഡ് സിനിമയുടെ അവസാനത്തോളം നിലനിർത്തുന്നതിന് സഹായിച്ചട്ടുണ്ട്. അതുപോലെ തന്നെ ഷൈജു ഖാലിദിന്റെ ക്യാമറയും. സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചത് ഉണ്ണിമായ പ്രസാദും കുഞ്ചാക്കോ ബോബനുമാണ്. ജാഫർ ഇടുക്കിയും ശ്രീനാഥ് ഭാസിയും തങ്ങൾക്ക് കിട്ടിയ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. ഭാസിയുടെ കൗണ്ടറുകളൊക്കെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സീരിയൽ കില്ലർ ആര് എന്ന ചോദ്യത്തിൽ അവസാനിച്ച ഒന്നാം പകുതിയായിരുന്നു രണ്ടാം പകുതിയേക്കാൾ മെച്ചം. കില്ലറെ കണ്ടെത്തിയശേഷം പഴയ ത്രില്ലർ പടങ്ങളുടെ പതിവുരീതിയിലേക്ക് സിനിമ മടങ്ങി പോയത് വേണ്ടായിരുന്നെന്ന് തോന്നി.
പ്രതികാര ദാഹിയായ ഒരു കൊലപാതകിയുടെ മുൻകാല ജീവിതം പറഞ്ഞ്, അദ്ദേഹത്തോട് പ്രേക്ഷകന് സഹതാപം തോന്നുന്നിടത്താണ് സിനിമ അല്പം പിറകോട്ടു വലിയുന്നത്. ഒരു സൈക്കോ കില്ലറെ അല്ല ഇവിടെ നമ്മൾ കാണുന്നത്. സഹതാപതരംഗം സൃഷ്ടിച്ച്, വില്ലന്റെ ഭാഗത്തുനിന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച്, ഇനിയെന്ത് എന്നൊരു തോന്നൽ നൽകിയെങ്കിലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിവെച്ചത് നന്നായി തോന്നി. കണ്ടുകൊണ്ടിരിക്കുമ്പോൾ മുകളിൽ പറഞ്ഞ പോരായ്മകൾ ഒന്നും പ്രേക്ഷനെ കൊണ്ട് സിനിമ ചിന്തിപ്പിക്കുന്നില്ല. ബോറടിപ്പിക്കാതെ ത്രില്ലർ മൂഡിൽ തന്നെയാണ് സിനിമ കഥ പറയുന്നത്. രണ്ടര മണിക്കൂർ ഉണ്ടെങ്കിലും ലാഗ് അനുഭവപ്പെടുകയില്ല. ടെക്നിക്കൽ വശങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണിത്. മലയാളികൾക്ക് കുറേകാലം കൂടി കാത്തിരുന്നു കിട്ടിയ നല്ലൊരു ത്രില്ലർ ചിത്രം… തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.