ശബാന ആസ്മിക്ക് വേണ്ടി പ്രാര്‍ഥിച്ച് പ്രമുഖര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.

ശബാന ആസ്മിക്കുണ്ടായ അപകടം അസ്വസ്ഥപ്പെടുത്തുന്നത് എന്നു കുറിച്ച നരേന്ദ്ര മോദി എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലതാ മങ്കേഷ്കര്‍ തുടങ്ങി നിരവധി പേര്‍ ട്വീറ്റുകളുമായി രംഗത്തെത്തി.

അതേസമയം ശബാന ആസ്മി അപകടനില തരണം ചെയ്തതായി മഹാത്മാ ഗാന്ധി ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മുംബൈ-പുനെ എക്‌സ്പ്രസ് പാതയില്‍ അപകടം ഉണ്ടായത്. ശബാനയും ഭർത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാർ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ടാറ്റ സഫാരിയുടെ മുൻവശം തകർന്ന നിലയിലാണ്. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. ജാവേദ് അക്തറിന് പരിക്കില്ല.

ശബാനയക്ക് പുറമെ ഇവരുടെ ഡ്രൈവർക്കും, മറ്റൊരു സ്ത്രീക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ട്രക്ക് ഡ്രൈവറുടെ പരാതിയില്‍ ശബാന ആസ്മിയുടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.