ഷെയ്‍ൻ നിഗം വിവാദത്തിൽ ‘അമ്മ’ സംഘടനയും ഫെഫ്കയും ചർച്ചകൾ അവസാനിപ്പിച്ചു. ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്നും സർക്കാർ തലത്തിലും താരം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചെന്നും സംഘടന പറഞ്ഞു.
നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ൻ സംസാരിച്ചത്. തുടർന്ന് മന്ത്രി എ.കെ. ബാലനെയും ഷെയ്ൻ കാണുകയുണ്ടായി.
തന്നെ സിനിമയിൽ ആരൊക്കെയോ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും വല്ലാത്ത മാനസിക വിഷമത്തിലാണ് താനെന്നും ഷെയ്ൻ മന്ത്രിയോട് പറയുകയുണ്ടായി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകും. ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ.’–മന്ത്രി പറഞ്ഞു.
രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റില്‍ പൊലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷെയ്ന്‍ നിഗം അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.
സിദ്ദിഖ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദര്‍. എപ്പോഴും രസകരമായ നല്ല ചിത്രങ്ങള്‍ ഒരുക്കുന്ന സിദ്ധിഖ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ബിഗ് ബജറ്റ് സിനിമയെന്ന ആശയത്തിലേക്ക് വഴിമാറിയത്? നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പ്രമാണം തന്നെയാണ് മാറ്റത്തിന് കാരണം.
സിനിമയുടെ വളര്‍ച്ചയനുസരിച്ചാണ് ബജറ്റ് കൂടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് വലിയ വലിയ സംഭവങ്ങളാണ്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. മോഹന്‍ലാലും മമ്മൂട്ടിയും വലിയ ക്യാന്‍വാസുള്ളവരാണ്. അവരില്‍ നിന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് വലിയ സിനിമകളാണ്. സിനിമാ മാര്‍ക്കറ്റ് വലുതായിരിക്കുന്നു. മോഹന്‍ലാലിന്റെ ബജറ്റ് വരെ വലുതാണ്. അപ്പോള്‍ അതിനനുസരിച്ച്, പ്രേക്ഷകരുടെ ഉയര്‍ന്ന പ്രതീക്ഷയ്ക്കനുസരിച്ച് സിനിമയെടുക്കണം. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമയില്ല. അവര്‍ തിയേറ്ററില്‍ എത്തിയാലേ സിനിമ വിജയിക്കൂ.
ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ് ചിത്രങ്ങളോടാണ്. പക്ഷേ അവരുടെ ബജറ്റിനോടൊന്നും നമുക്ക് അടുക്കാനാകില്ല. എങ്കിലും നമ്മുടെ ബജറ്റിന്റെ പരമാവധി പരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടിക്കൂടെ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ അങ്ങനെ ചെയ്താല്‍ ബിസിനസിനെ ബാധിക്കും. വീണ്ടും നമ്മള്‍ ആ ചെറിയ ലോകത്തില്‍ ചുരുങ്ങിപ്പോകും. അതാണ് എന്റെ സിനിമയിലെ മാറ്റം. ഞാന്‍ മാത്രമല്ല മറ്റു പലരും അങ്ങനെയാണ്.
മൂന്നു ഭാഷകളില്‍ ചെയ്ത ബോഡി ഗാര്‍ഡും ബിഗ്ബ്രദറും തമ്മിലുള്ള വ്യത്യാസം
ബോഡി ഗാര്‍ഡ് ഒരു ലൗ സ്റ്റോറിയായിരുന്നു. ഇതങ്ങനെയല്ല. വൈകാരിക പശ്ചാത്തലമുള്ള ആക്ഷന്‍ സിനിമയാണ്. പിന്നെ ഒരു സൂപ്പര്‍ സ്റ്റാറിനെ നായകനാക്കുമ്പോള്‍ അദ്ദേഹമല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാകണം. അങ്ങനെയാണ് ഈ കഥ എഴുതിയപ്പോള്‍ തന്നെ പറ്റിയത് മോഹന്‍ലാലാണെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ വരാറുണ്ടോ
ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് സിനിമകള്‍ വരുന്നത്. പുലിമുരുകനും ലൂസിഫറും മറ്റും മലയാള സിനിമയുടെ സാദ്ധ്യത എത്ര വലുതാണെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്. അതാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊച്ചു കൊച്ചു സിനിമകള്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. അത്തരം സിനിമകള്‍ വലിയ സ്റ്റാറുകളില്‍ നിന്നും പ്രതീക്ഷിക്കില്ല. ഉദാഹരണത്തിന്, രജനീകാന്തില്‍ നിന്നും ഒരു ഫാമിലി ഡ്രാമ ആരും ആഗ്രഹിക്കില്ല. അത്തരം വളര്‍ച്ച ഓഫ്ബീറ്റ് സിനിമകള്‍ സൃഷ്ടിക്കും. എന്നാല്‍ അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇഷ്ടം കുറയും. അതേസമയം പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഉത്സവമേളം പോലെയാണ്.
മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്ക് കൂടുതലായി പോകാറുണ്ടല്ലോ
പണ്ടുമുതലേ മലയാള ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എന്റെ ചിത്രങ്ങളാണ് മറ്റു ഭാഷകളില്‍ ചെയ്തിട്ടുള്ളത്. സബ്ജക്റ്റുകള്‍ അത്തരത്തിലുള്ളതായതാണ് അതിന് കാരണം.അത്തരം സിനിമകള്‍ എവിടെയും കൊണ്ടുപോയി അവതരിപ്പിക്കാനാകും. അങ്ങനെയാകാം എന്റെ സിനിമകള്‍ തുടര്‍ച്ചയായി മറ്റു ഭാഷകളിലേക്ക് കൊണ്ടുപോകുന്നത്. ബിഗ് ബ്രദറും ഒരു പക്ഷേ മറ്റ് ഭാഷകളിലേക്ക് പോകും. കാരണം മറ്റു ഭാഷകളിലേക്ക് പോകാവുന്ന സബ്ജക്റ്റാണിത്.
ബിഗ് ബ്രദറിലെ നായിക
ഒരു തമിഴ് നടിയെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ഡേറ്റിന്റെ പ്രശ്നം വന്നതോടെ അവര്‍ മാറി. അങ്ങനെ മിര്‍ണ മേനോന്‍ നായികയായി. എപ്പോഴും നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റിനനുസരിച്ചേ ചെയ്യാനാകൂ. ഇവിടെ ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ ഡേറ്റുമായി അഡ്ജസ്റ്റ് ചെയ്തേ മറ്റു താരങ്ങളുടെ ഡേറ്റ് വാങ്ങാനാകൂ. അതനുസരിച്ച് മറ്റുള്ളവര്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെയാണ് ബിഗ് ബ്രദറില്‍ പുതിയ നായിക എത്തിയത്.
മോഹന്‍ലാലിനോട് കഥ പറഞ്ഞതെങ്ങനെ
അമ്മയ്ക്കു വേണ്ടി അമ്മ മഴവില്‍ എന്ന ഷോ ചെയ്യുന്ന സമയത്താണ് ഇതിന്റെ ത്രെഡ് പറയുന്നത്. ആ ഷോ സംവിധാനം ചെയ്തത് ഞാനായിരുന്നു. അപ്പോഴാണ് ലാലിനെ ഫ്രീയായി കിട്ടിയത്. രണ്ടു പ്രോജക്റ്റുകള്‍ അന്നേരം ലാല്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ബിഗ് ബ്രദര്‍ ചെയ്യാമെന്ന് സമ്മതിച്ചു. അതിനു ശേഷം കഥ കേട്ട് ഇഷ്ടപ്പെട്ടു.
ഹണി റോസിലേക്ക് എത്തിയത് എങ്ങനെ
അതും ഒരു പുതുമുഖത്തെ വയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ഹെവി റോളായിരുന്നു അത്. ഒരു പുതുമുഖത്തെ വച്ച് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ഹണി റോസിനെ കാസ്റ്റ് ചെയ്തത്. ഭാഗ്യത്തിന് ആ സമയത്ത് അവര്‍ക്ക് ഡേറ്റുണ്ടായിരുന്നു.
സൂപ്പര്‍ താരങ്ങള്‍ വരെ മറ്റുള്ളതെല്ലാം കളഞ്ഞ് ബിഗ് ബജറ്റിന് പുറകേ പോകാറുണ്ടല്ലോ
അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്താല്‍ വേറെ ഒരു ഓഫര്‍ വന്നാലും സ്വീകരിക്കില്ല. കാരണം ഞാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരിക്കുകയാണ്. നിരവധി പേരാണ് ആ സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. പല താരങ്ങളും ഇന്ന് അങ്ങനെ കമ്മിറ്റഡല്ല. അത് ആര്‍ട്ടിസ്റ്റായാലും സംവിധായകരായാലും ടെക്നീഷ്യന്‍സായാലും ഒരു പോലെ തന്നെ. ബിഗ് ബജറ്റ് ചിത്രം വരുമ്പോള്‍ മറ്റു പടങ്ങളെല്ലാം വിട്ട് അതിലേക്ക് പോകും. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യില്ല. ബോഡി ഗാര്‍ഡ് മലയാളം കഴിഞ്ഞ സമയത്ത് സല്‍മാന്‍ ഖാന് പെട്ടെന്ന് ഹിന്ദിയില്‍ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയം തമിഴില്‍ കമ്മിറ്റ് ചെയ്തുപോയിരുന്നു. അതുകഴിഞ്ഞ് ഹിന്ദി ചെയ്യാമെന്ന് സല്‍മാനോട് പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങെനെയാണ് തമിഴ് കഴിഞ്ഞ് ഹിന്ദിയിലേക്ക് ബോഡി ഗാര്‍ഡ് ചെയ്തത്.
ബിഗ് ബ്രദറില്‍ ബുദ്ധിമുട്ടായി തോന്നിയത്
ഒരുപാട് ആക്ഷന്‍ സീക്വന്‍സുള്ള ചിത്രമാണിത്. മോഹന്‍ലാലായതുകൊണ്ട് വളരെ ഈസിയായി അതൊക്കെ ചെയ്തു. പിന്നെ ആ പ്രധാന ലൊക്കേഷന്‍ തിരക്കേറിയ ബംഗളൂര്‍ ആയിരുന്നു. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബജറ്റ് 28 കോടിയെന്നു പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോള്‍ 32 കോടിയിലെത്തി. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റാണിത്.
നിര്‍മ്മാണരംഗത്തേക്ക് ഇറങ്ങാന്‍ കാരണം
നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സിനിമ എടുക്കാനാകും. ഈ സിനിമ തന്നെ 90 ദിവസമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ 110 ദിവസമായി. വെളിയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവാണെങ്കില്‍ ഇതു മതി സിനിമാമേഖല മൊത്തം നടന്നു പറയാന്‍. അവരെ നശിപ്പിക്കുന്നു എന്നൊക്കെ പറയും. മറ്റുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകും. രണ്ടുമൂന്ന് സിനിമകളില്‍ ഈ ആരോപണം കേട്ടതോടെയാണ് സ്വന്തമായി നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത്. ഒരു സിനിമ എടുത്ത് തിയേറ്ററില്‍ കൂടുതല്‍ നാള്‍ ഓടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയില്ല. ദിവസം കൂട്ടി ബജറ്റ് വലുതാക്കിയെന്നേ പറയൂ. ഗോഡ് ഫാദര്‍ എടുക്കുന്ന സമയത്ത് 20 ദിവസമായിരുന്നു ഷൂട്ടിംഗ്. അന്ന് പലരും പറഞ്ഞിരുന്നു ഇത്രയും ദിവസം വേണ്ടിയിരുന്നില്ലെന്ന്. പക്ഷേ ഇന്നത്തെ സിനിമകള്‍ 90 ദിവസം വരെ എടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്. ഗോഡ്ഫാദര്‍ 412 ദിവസം ഓടി. അതാരും പറയില്ല. പിന്നെ ബജറ്റ്.
ഈ സിനിമയ്ക്ക് നാലുകോടിയാണ് മാറിയത്. ഈ തുക കൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. നിര്‍മ്മാതാവിനെ സംബന്ധിച്ച് ഇതൊക്കെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. എനിക്കുതന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തരണം ചെയ്യുകയാണ്. ബോഡി ഗാര്‍ഡിനു ശേഷം രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ഞാന്‍ എല്ലാവരോടും പറഞ്ഞു, ഇനി സ്വന്തം പ്രൊഡക്ഷനിലേ സിനിമ ചെയ്യൂ എന്ന്.
ബജറ്റ് കൂടിയതില്‍ എതിര്‍പ്പുണ്ടായില്ലേ
സ്വാഭാവികമായും എതിര്‍പ്പുണ്ടാകുമല്ലോ. വൗച്ചറും സ്‌ക്രിപ്റ്റും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നു വരെ പലരും പറഞ്ഞു. ഞാന്‍ അതൊന്നും നോക്കാറില്ല. സംവിധായകന്റെ റോളാണ് എന്റേത്. വൗച്ചറും കാര്യങ്ങളും നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്. പിന്നെ ഈ ചിത്രത്തില്‍ അധികം വന്ന ബാദ്ധ്യത ഏറ്റെടുക്കാന്‍ ഒരു കോര്‍പ്പറേറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. വലിയ കമ്പനിയാണ്. ഉടന്‍ അനൗണ്‍സ്മെന്റുണ്ടാകും.
ബിഗ് ബ്രദര്‍ മലയാള സിനിമയിലേക്ക് പുതിയ താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ
ഗാഥ എന്ന കുട്ടി ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. നായികയും ഹണി റോസും കഴിഞ്ഞാല്‍ പ്രാധാന്യമുള്ള വേഷമാണ് അവര്‍ ചെയ്തിരിക്കുന്നത്.
താരങ്ങളും കഥാപാത്രങ്ങളും
മോഹന്‍ലാല്‍ സച്ചിദാനന്ദനാണ് . ബിഗ് ബ്രദര്‍ അനൂപ് മേനോന്‍ ഒരു ഡോക്ടറുടെ വേഷമാണ്.
കഥാപാത്രത്തിന്റെ പേര് ഡോ. വിഷ്ണു. പിന്നെ ബോളിവുഡ് താരം സര്‍ജാനോഖാലിദ്, .സത്‌നാ ടൈറ്റസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍.
ബിഗ് ബ്രദറില്‍ മനസില്‍ ഓര്‍ത്തുവയ്ക്കുന്ന സംഭവം എന്താണ്
മോഹന്‍ലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്. അതിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്നേഹമാണ്. മനുഷ്യരോട് മാത്രമല്ല ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹമുണ്ട്. ചെടിയുടെ ഒരില പോലും നുള്ളാന്‍ അനുവദിക്കില്ല. ഷൂട്ടിംഗിനിടെ ഫ്രെയിമില്‍ ഏതെങ്കിലും മരം നിന്നാല്‍ അത് മറ്റു ഭാഗത്തേക്ക് മാറ്റിക്കെട്ടാന്‍ നമ്മള്‍ ശ്രമിക്കും. അതു കണ്ടാല്‍ ഉടന്‍ ലാല്‍ ഇടപെടും. എന്തിനാ ആ ചെടിയെ ഉപദ്രവിക്കുന്നെ. ക്യാമറയും ഞാനും അല്‍പ്പം മാറി നിന്നാല്‍ പോരേ എന്നൊക്കെ ചോദിക്കും. അത്രയ്ക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്ന ആളാണ്. പുല്ലിലൂടെ ആരെങ്കിലും നടന്നാലും ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നതെന്ന്. ഈ ചിത്രത്തിനിടയിലാണ് ഞാനത് കണ്ടെത്തിയത്
റിലീസിംഗ് തീയതി മാറ്റിയോ
ക്രിസ്മസ് റിലീസെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിംഗ് കുറച്ചു കൂടി തീരാനുണ്ട്. ജനുവരി 16ന് റിലീസ് ചെയ്യും. മൂന്നു പാട്ടുകളാണ് ഉള്ളത്. രണ്ടെണ്ണം റഫീഖ് അഹമ്മദും മറ്റൊന്ന് സന്തോഷ് വര്‍മ്മയുമാണ് എഴുതുന്നത്. ദീപക് ദേവാണ് സംഗീതം. ഫൈറ്റ് സുപ്രീം സുന്ദറും സില്‍വയും ചേര്‍ന്ന് നിര്‍വഹിച്ചിക്കുന്നു. കോറിയോഗ്രഫി ദിനേശും ബൃന്ദയുമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഗൗരി ശങ്കറാണ് എഡിറ്റര്‍. മൂന്ന് ബാനറിലാണ് സിനിമ ചെയ്തിട്ടുള്ളത്. എസ് ടാക്കീസ്, ശ്യാമ ഇന്റര്‍നാഷണല്‍, മറ്റൊന്ന് ഒരു കോര്‍പ്പറേറ്റ് കമ്പനി.
നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നത്തില്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു ഷെയ്ന്‍ വിളിച്ചിരുന്നു. അങ്ങനെ വിളിച്ചയാളുമായി ഇി ചര്‍ച്ചയ്ക്കില്ലെന്നും ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണെന്നും രഞ്ജിത് പറഞ്ഞു.
ഇന്നലെ കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഷെയ്‌നുമായുള്ള ചര്‍ച്ചയില്‍ അമ്മയും അതൃപ്തി പ്രകടിപ്പിച്ചു. ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കണമെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചു.തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് ഷെയ്ന്‍ പരാതി പറയുകയും ചെയ്തു.
സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ദുരൂഹതകൾ നീക്കാൻ കഴിഞ്ഞില്ലെന്ന പരാതി ബന്ധുക്കൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും.
ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതായി ബന്ധുക്കൾ പറയുകയുണ്ടായി. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘടാകനായിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇവരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടക്കം മുതലേ ഈ കേസിൽ ഉയർന്നു വന്നിരുന്നതാണ്. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരികിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മകള്‍ തേജസ്വി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു. അപകടമുണ്ടാക്കിയ വേദനയും സഹിച്ച് ഭാര്യ ലക്ഷ്മി മാത്രം ബാക്കിയായി. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം ബാലഭാസ്‌കറും മരിച്ചു. തൃശൂരില്‍ നിന്നുള്ള രാത്രി യാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ബാലഭാസ്‌കറിന്റെ പിതാവ് സംശയം ഉന്നയിച്ചതോടെയാണ് അപകടത്തിന് ദുരൂഹത കൈവന്നത്. ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ വന്നത്. ബാലുവില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുള്ള ഗുരുവായൂരിലെ ഒരു ഡോക്ടറിലാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സംശയം പറഞ്ഞിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഇയാളുടെ ബന്ധുവാണെന്ന സംശയവും ഉയര്‍ന്നു.
വടക്കുംനാഥ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി പോയശേഷം തൃശ്ശൂർ നിന്നും മടങ്ങി വരവെയായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്കറിന്റെ ആവശ്യപ്രകാരം തന്നെയാണ് മടങ്ങിയത്. പിറ്റേന്ന് ചില പരിപാടികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കർ പെട്ടെന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ബാലഭാസ്കർ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് ലക്ഷ്മി ഇപ്പോഴും പറയുന്നത്. അടുത്ത ദിവസം ജിമ്മിൽ പോകണമെന്നു പറഞ്ഞാണ് ബാലഭാസ്കർ പിൻസീറ്റിലേക്ക് കയറിയിരുന്നത്. താനും അർജുനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ബാലഭാസ്കർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അര്‍ജുൻ പറയുന്നത് താനല്ല വണ്ടിയോടിച്ചിരുന്നതെന്നാണ്.
അടുത്തിടെ മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടന്‍ മഹേഷാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ് പറഞ്ഞു. ഷൈന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളുടെ പരാമര്‍ശമുണ്ടായത്.
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. 10 ശതമാനം യുവനടന്മാരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും മഹേഷ് പറഞ്ഞു. യുവനടന്‍മാരുടെ കാരവനുകളില്‍ ലഹരിയുണ്ടെന്നും മഹേഷ് വ്യക്തമാക്കി.
ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷയില്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതാകാം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും എസിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.
വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.
”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.
”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.
”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.
അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു.

നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യയാണ് വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2003 ല്‍ ‘എന്‍റെ വീട് അപ്പൂന്‍റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015 ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷ’നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീ ചിത്രങ്ങള്‍ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഷാഫി – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കത്തിന് ആശംസകളുമായി മോഹൻലാൽ. മാമാങ്കം മലയാളത്തിന്റെ ഉത്സവമാകട്ടെയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പറഞ്ഞും പറയാതെയും നിറംമങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന വീരകഥയ്ക്ക് ആശംസകൾ നേരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…
‘ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..’
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പന്ത്രണ്ടാം തിയതിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, അനുസിതാര, കനിഹ, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷെയിം നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി അമ്മയില്‍ പൊട്ടിത്തെറി. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹകസമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.
അതേസമയം, ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം. ഷെയിനുമായി സംസാരിച്ചെങ്കിലും ചിലകാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് അമ്മ ജനറല്‍ െസക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഒരുവട്ടം ഒത്തുതീര്‍പ്പായ ശേഷം വീണ്ടും വിവാദങ്ങളിലേക്കും നിര്‍മാതാക്കളുടെ കടുത്ത നിലപാടിലേക്കും കടന്ന വിഷയത്തില്‍ നിലവില്‍ സിദ്ദിഖും ഇടവേള ബാബുവുമാണ് ഷെയിനിനോട് സംസാരിച്ചത്.
ഫെഫ്കയുമായി ഷെയ്ന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ അമ്മയുടെ ഭാരവാഹികള്‍ ഷെയ്നുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമെ ഷെയിനിനായി നിര്‍മാതാക്കളെ സമീപിക്കാന്‍ കഴിയുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ഷെയിന്‍ വിഷയത്തിലെ ഇടപെടല്‍ തിരിച്ചടിക്കുമോയെന്ന ഭയവും അമ്മയുമായി ബന്ധപ്പെട്ടവര്‍ പങ്കുവയ്ക്കുന്നു, വിഷയം ഈ രീതിയില്‍മുന്നോട്ടുപകുമ്പോഴും ഒത്തുതീര്‍പ്പിന് വഴിതുറന്നിട്ടില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.
മാത്യൂസ് ഓരത്തേൽ
നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയുടെ സുവർണ്ണ ജൂബിലി ഫെസ്റ്റിവൽ സിനിമാപ്രേമികൾക്ക് എന്തുകൊണ്ടും ശ്രദ്ധേയമായ അനുഭവമായിരുന്നു. ഒരു ജനത സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് ആസ്വദിക്കുന്ന അപൂർവ്വ കാഴ്ച; കലാ അക്കാദമിയിലും എനോക്സ് കോംപ്ലക്സിലും നിറഞ്ഞുകവിഞ്ഞ ആസ്വാദക സദസ്സ്! ഗോവൻവീഥികളിലൂടെ സിനിമയുടെ ഭാഷയും വേഷവുമണിഞ്ഞ് പൂത്തലഞ്ഞു നടക്കുന്ന യുവത്വം. ഒരിടത്തും ബഹളങ്ങളില്ല. ആരവങ്ങളില്ല. തികഞ്ഞ അച്ചടക്കത്തോടെ ലോകസിനിമയുടെ ഫ്രെയിമുകളിൽ കണ്ണുംനട്ടിരിക്കുന്ന ഗോവൻജനത നമ്മുടെ ആദരവ് പിടിച്ചുപറ്റുകതന്നെ ചെയ്യും. തിരുവനന്തപുരത്തെ മുൻകാല ഫെസ്റ്റിവൽ അനുഭവങ്ങൾ പലപ്പോഴും ഗോവയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇടിച്ചുകയറിയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചും ഉച്ചത്തിൽ കമന്റുകൾ പറഞ്ഞും ഒരു തത്ത്വദീക്ഷയുമില്ലാതെ തലങ്ങും വിലങ്ങും നടക്കുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന ഒരു ചെറുഗ്രൂപ്പിന്റെ സാന്നിദ്ധ്യം തിരുവനന്തപുരത്ത് എന്നുമുണ്ടായിരുന്നു. അതിനൊരു മാറ്റമുണ്ടായത് കഴിഞ്ഞ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ഫീസ് 500-ൽനിന്ന് 2000 ആക്കിയപ്പോൾ മാത്രമാണ്. എന്നാൽ ഗോവൻ ഫെസ്റ്റിവലിലെ നല്ലൊരു പങ്ക് ഡെലിഗേറ്റ്സും കേരളത്തിൽനിന്നുള്ളവരായിരുന്നു എന്നതാണ് സത്യം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നഗരിയിൽ ലേഖകൻ
1952-ൽ ഏഷ്യയിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഫിലിം ഫെസ്റ്റിവലിൽ അന്ന് 23 രാജ്യങ്ങളും 200 എൻട്രികളുമാണുണ്ടായിരുന്നത്. ഫെസ്റ്റിവൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ അത് നൂറോളം രാജ്യങ്ങളും ആയിരത്തോളം എൻട്രികളുമായി വർദ്ധിച്ചു എന്നത് ഫെസ്റ്റിവലിന്റെ ജനസ്വാധീനത്തിന്റെയും ആഗോളഅംഗീകാരത്തിന്റെയും അടയാളമാണ്.
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ 18 കോടി രൂപ മുടക്കി നടത്തിയ ഈ സിനിമാ മഹോത്സവം ഗോവൻ ടൂറിസം പ്രമോഷന്റെ വിജയഗാഥതന്നെയായിരുന്നു. പ്രധാന പ്രദർശനവേദിയായ കലാ അക്കാഡമിയുടെ ഗ്രൗണ്ടിലൊരുക്കിയ ലോകസിനിമയുടെ ചരിത്രം മിന്നിമറയുന്ന ഡിജിറ്റൽ പവലിയൻ സിനിമ ടെക്നോളജിയുടെ കലകൂടിയാണെന്ന് അടിവരയിടുന്ന വേറിട്ടൊരു അനുഭവമായിരുന്നു. എന്നാൽ, മൂന്നു കിലോമീറ്റർ ദൂരെയുള്ള പൊർവരീമിലെ ഫെസ്റ്റിവൽ തിയേറ്ററുകൾ പലപ്പോഴും ഒഴിഞ്ഞുകിടന്നു. സുവർണ്ണജൂബിലി ഫെസ്റ്റിവൽ സിനിമയുടെ സെലക്ഷൻ സംബന്ധിച്ച് ധാരാളം ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പലതും ഫെസ്റ്റിവലിന്റെ പടികടക്കാൻ യോഗ്യതയുള്ളതായിരുന്നില്ല. ഉദാ: ഫ്ളഷ് ഔട്ട് , ചില കന്നട ഹിന്ദി സിനിമകൾ. തമിഴ് നടന ഇതിഹാസം രജനീകാന്തിന്റെ സാന്നിദ്ധ്യവും ഐക്കൺ ഓഫ് ദി ജൂബിലി അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചതിലുമൊക്കെ ഒരു രാഷ്ട്രീയ പ്രീണനത്തിന്റെ എഴുതപ്പെടാത്ത തിരക്കഥയുണ്ടെന്ന് ഗോവൻ മണൽത്തരികൾക്കുപോലുമറിയാം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ തേക്കിൻകാട് ജോസഫിനൊടൊപ്പം ലേഖകൻ
ഗൊരാൻ പാസ്കൽ ജെവിക് സംവിധാനം ചെയ്ത ഡെസ്പൈറ്റ് ദ ഫോഗ് ആയിരുന്നു ഉദ്ഘാടനചിത്രം. ലോകസിനിമയിലെ പുതുവസന്തമായ ഇറാനിയൻ സിനിമയുടെ സംവിധാന ചക്രവർത്തിയായ മൊഹ്സിൻ മക്മൽബഫ് സംവിധാനം ചെയ്ത മാർഗേ ആന്റ് ഹേർ മദർ ആയിരുന്നു സമാപന ചിത്രം.
നാസികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം എെഡന്റിറ്റി മറച്ചുവച്ച് ജീവിക്കേണ്ടിവന്ന കൗമാരക്കാരിയുടെ കഥ പറയുന്ന മൈ നെയിം ഇൗസ് സാറാ ഒരു വിങ്ങലോടെ മാത്രമേ കണ്ടിരിക്കാനാവൂ. ഡെന്മാർക്കിന്റെ ഒൗട്ട സ്റ്റീലിങ് ഹോഴ്സ് ഇതുവരെ കാണാത്ത ദൃശ്യാനുഭവം തരുന്ന മറ്റൊരു സിനിമാ വിസ്മയമായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം പാർട്ടിക്ക്ൾസ് പ്രകൃതിയിൽ സംഭവിക്കാൻപോകുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പാണ് നല്കുന്നത്. അതുകൊണ്ടുതന്നെ ഗൗരവമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു അത്. പെമസഡന്റെ ചൈനീസ് ചലച്ചിത്രം ബലൂൺ കപട സദാചാരവാദികൾക്കുള്ള താക്കീതാണ്. പാരസൈറ്റ്, ദ ഗോൾഡൻ ഗ്ലോവ്, ബീൻ പോൾ തുടങ്ങി നിരൂപകർ വാഴ്ത്തിയ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു.
മലയാളികളുടെ അന്തസ്സുയർത്തിയ മേളയായിരുന്നു ഗോവയിലേത്. ജൂറി ചെയർമാൻ പ്രിയദർശനായിരുന്നു. മനോജ് കാനയുടെ കെഞ്ചിറ മികച്ച പ്രതികരണം നേടി. ജെല്ലിക്കെട്ടിലൂടെ രണ്ടാം വട്ടവും അംഗീകാരം നേടിയ ലിജോ പെല്ലിശേരി മേളയുടെ താരമായിമാറി.
ഗോവയുടെ ഉത്സവത്തുടിപ്പുകൾ അവസാനിക്കുന്നില്ല. Goa- Land of Sun, Sand and Sea എന്ന ആപ്തവാക്യം Goa- Land of Sun, Sand, Sea and Cinema എന്ന്കാലം ഇങ്ങനെ തിരുത്തിയെഴുതുന്നു.







മാത്യൂസ് ഓരത്തേൽ
ലേഖകൻ ചിത്രകാരനും ഡിസൈനറുമാണ്. കോട്ടയത്ത് ‘ വര ‘ എന്ന പേരിൽ ആർട്ട് ഗാലറിയും പബ്ലിഷിംഗ് സ്ഥാപനവും നടത്തുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ സജീവമാണ്. കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ സിനിമ വിഭാഗമായ ചിത്ര ദർശനയുടെ സെക്രട്ടറിയാണ്.