Movies

 Android Kunjappan Version 5.25 Movie Review:

വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും? വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയിരിക്കുകയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.

പയ്യന്നൂരിലെ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ’ന്റെ കഥ നടക്കുന്നത്. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.

ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. അവിടെ നിന്നുമാണ് സിനിമ കൗതുകമേറിയൊരു കാഴ്ചയായി മാറുന്നത്.

നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.

വളരെ ഫ്രഷായ ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിനെ രസകരമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.

വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.

സുരാജ് വെഞ്ഞാറമൂടിന്റെ പവർപാക്ക് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സുരാജിനെ അല്ലാതെ മറ്റൊരു നടനെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിഞ്ഞെന്നുവരില്ല. കാരണം തന്നേക്കാൾ ഇരട്ടിപ്രായമുള്ള അച്ഛൻ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞപ്പനെന്ന ഹ്യൂമനോയിഡിനെ മകനെ പോലെ സ്നേഹിക്കുന്ന, ചരട് ജപിച്ചു കെട്ടി കൊടുക്കുന്ന, മഴയത്ത് നനയുമ്പോൾ തല തോർത്തി കൊടുക്കുന്ന, പോകുന്നിടത്തെല്ലാം കയ്യും പിടിച്ചു നടക്കുന്ന ഭാസ്കര പൊതുവാൾ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കും.

സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് കുഞ്ഞപ്പൻ എന്ന് ഒരു നിമിഷം പ്രേക്ഷകർ മറന്നുപോയാലും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

ചിത്രത്തിലെ സംഭാഷണങ്ങളാണ് ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകം. ജാതിമത ഭേദങ്ങൾക്കും ചിന്താഗതികൾക്കും അപ്പുറത്തേക്ക് മനുഷ്യൻ മാറേണ്ട ഒരു കാലത്തിനെ ഉൾകൊള്ളുന്നുണ്ട് ചിത്രം. എങ്ങനെ ഒരു മികച്ച മനുഷ്യനാവാം എന്ന് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ പറയുമ്പോൾ കുറച്ചുപേരിലെങ്കിലും ആ വാക്കുകൾ ഇരുണ്ട ചിന്താഗതികളിലേക്ക് വെളിച്ചം വീശിയേക്കാം എന്നതാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തരുന്ന പ്രത്യാശകളിലൊന്ന്.

സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വളരെ പുതുമയുള്ളൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികൾക്കൊപ്പം തിയേറ്ററിൽ പോയി കാണേണ്ട ചിത്രങ്ങളിലൊന്നാണ്. കളിയും ചിരിയും കാര്യവുമൊക്കെയായി ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികളുടെ ഹൃദയം കവരുമെന്ന് ഉറപ്പ്.

Nivin Pauly ‘Moothon’ Movie Review and Rating:

ഒരു തുരുത്തിൽ നിന്ന് നിലയില്ലാക്കയത്തിലേക്ക്, അവിടെ നിന്നും ഒരിക്കലും തിരിച്ചു വരാനാകാത്ത ഒരു ചുഴിയിലേക്ക്… ‘മൂത്തോന്‍’ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സ് കറുത്ത് കലങ്ങി, രൗദ്ര ഭാവത്തിലുള്ള തിരമാലകൾ അലയടിക്കുന്ന ഒരു കടല്‍ പോലെയാകും. ആ തിരമാലകൾക്കു താഴെ, വെളിച്ചത്തിന്റെ കണികകൾ ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത ആഴങ്ങളില്‍പ്പെട്ട് മുങ്ങിത്താഴുന്ന ‘മൂത്തോനിലെ’ കഥാപാത്രങ്ങളും, അവരുടെ ജീവിതങ്ങളും.

മുല്ലയെന്ന കുട്ടി തന്റെ മൂത്ത സഹോദരനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിലെ കാമാത്തിപുരയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് മൂത്തോന്റെ ഇതിവൃത്തം. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന സിനിമ. അറിയാത്ത ഏതോ കാരണത്താൽ തന്റെ ദ്വീപിൽ നിന്നും നാടുവിട്ടു പോകേണ്ടി വരുന്ന മുല്ലയുടെ ചേട്ടൻ അക്ബർ പിന്നെ കാമാത്തിപുരയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന അക്ബർ ഭായ് ആവുന്നതിന്റെ കാരണങ്ങളാണ് ‘മൂത്തോന്‍’ അന്വേഷിക്കുന്നത്.

മൽസ്യബന്ധനം നടത്തിയും , ‘പരിചകളി’ നൃത്തം ചെയ്തും ദ്വീപിലെ ശാന്ത ജീവിതം നയിച്ച അക്ബർ എന്ന ചെറുപ്പക്കാരൻ, കാമാത്തിപുരയിലെ അരണ്ട വെളിച്ചങ്ങളിൽ, സിരകളിൽ ലഹരിയും നിറച്ച്, വികാരങ്ങൾ തീണ്ടാത്ത മനസുമുള്ള ഭായ് ആയി മാറിയതിനു കാരണം സമൂഹം അന്യവൽക്കരിക്കുന്ന, അംഗീകരിക്കാൻ തയ്യാറാകാത്ത പ്രണയ സങ്കൽപ്പങ്ങൾ കൂടിയാണെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്‌ ഈ സിനിമയിലൂടെ പറയുന്നു. ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്‍’. അക്ബർ എന്ന കഥാപാത്രത്തിനു അമീർ എന്ന സംസാരശേഷിയില്ലാത്ത ചെറുപ്പക്കാരനോട് തോന്നുന്ന സ്നേഹം, പ്രണയമാകുന്ന കാഴ്ചകളെല്ലാം ചിത്രം അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. മുല്ല എന്ന കുട്ടിക്കുണ്ടാകുന്ന ജെന്‍ഡര്‍ ക്രൈസിസിനെ സമൂഹം പ്രശ്നവൽക്കരിക്കുന്നതും സിനിമ ചോദ്യം ചെയ്യുന്നു.

ലക്ഷ്വദ്വീപിലെ തുറസ്സായ കടൽത്തീരങ്ങളിൽ നിന്ന് കാമാത്തിപുരയിലെ ഇടുങ്ങിയ, ജീർണിച്ച ഇടങ്ങളിൽ എത്തുമ്പോൾ അക്ബർ എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റം നിവിൻ അത്ഭുതാവഹമായി അഭിനയിക്കുന്നുണ്ട്. തന്റെ ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും ചങ്കു കൊത്തി പറിക്കുന്ന വേദനകൾ മറക്കാൻ ലഹരി കുത്തി നിറയ്ക്കുന്ന അക്ബറിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെ ഭംഗിയായിട്ടാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ, അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിച്ച സംവിധായികയുടെ ശ്രമങ്ങള്‍ വലിയ കയ്യടി അര്‍ഹിക്കുന്നു. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.

രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. കാമാത്തിപുരയുടെ ഇരുണ്ട ഇടവഴികളും, മങ്ങിയ ഉള്ളറകളും, ലക്ഷ്വദ്വീപിന്റെ നീലിമയും, കാണാകാഴ്ചകളുമെല്ലാം സിനിമയുടെ ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്നേഹ ഖാൻവാൽക്കറും ഗോവിന്ദ് വസന്തയും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാവവുമായി ഇണങ്ങി പോവുന്നതാണ് അതിലെ പശ്ചാത്തല സംഗീതം.

മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത, കാണാൻ മടിക്കുന്ന പല കാഴ്ചകളെയും ചങ്കൂറ്റത്തോടെ, ഒരു വീട്ടുവീഴ്ചയുമില്ലാതെ വെള്ളിത്തിരയിൽ എത്തിച്ച ഗീതു മോഹൻദാസ് തന്നെയാണ് അഭിനന്ദനത്തിന്റെ സിംഹഭാഗം അർഹിക്കുന്നത്. മനുഷ്യന്റെ പല തരത്തിലുള്ള വീർപ്പുമുട്ടലുകളെ, അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ അവതരിപ്പിക്കുന്ന ‘മൂത്തോനെ’ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Nalpathiyonnu Movie Review:

സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ശബരിമല. മലയെയും വിശ്വാസത്തെയും ആചാരങ്ങളെയും യുക്തിവാദത്തെയും കമ്യൂണിസത്തെയും ചേര്‍ത്തുവച്ച് പലതരത്തില്‍ പല കോണുകളില്‍നിന്നു ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ആ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാക്കി ഒരു സിനിമയുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ 25-ാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന് (41). ബിജു മേനോന്‍, നിമിഷ സജയന്‍, ശരണ്‍ ജിത്ത്, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വടക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന കഥയാണ് നാല്‍പ്പത്തിയൊന്നിന്റേത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ശബരിമലയിലേക്കുള്ള യാത്ര.

ഒന്നാം പകുതി ലാല്‍ ജോസ് പൂര്‍ണമായും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് കഥാപാത്രങ്ങളെയും സ്ഥാപിച്ചെടുക്കാനും രണ്ടാം പകുതിയിലെ യാത്രയ്ക്കുള്ള കളമൊരുക്കാനുമായാണ്. ചിത്രം തുടങ്ങുന്നത് തന്നെ ഉല്ലാസ് മാഷിനെ അവതരിപ്പിച്ചു കൊണ്ടാണ്.വ്യവസായിയായ ദൈവം എന്ന പുസ്തകമെഴുതിയിട്ടുള്ള യുക്തിവാദിയാണ് ഉല്ലാസ്. ആള്‍ദൈവങ്ങളുടെ മാന്ത്രികശക്തിയ്ക്കു പിന്നിലെ കളവ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഉല്ലാസ്. തന്റെ മുന്നിലുള്ളവര്‍ തനിക്ക് കയ്യടിക്കുന്നുണ്ടെങ്കിലും തന്നെ വിശ്വസിക്കുന്നില്ലെന്ന് വരുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ വരെ ഉല്ലാസ് മാഷ് തയ്യാറാകുന്നുണ്ട്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് ഈ രംഗത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. വരാനിരിക്കുന്നത് വിശ്വാസവും യുക്തിവാദവും തമ്മിലുള്ള മത്സരമാണെന്ന് ആ രംഗം പറയുന്നു. ഈ മത്സരത്തില്‍ ആര് ജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ചിത്രത്തിന്റെ പ്ലസുകളിലേക്ക് നോക്കാം ആദ്യം. നാല്‍പ്പത്തിയൊന്ന് കണ്ടിറങ്ങുന്നവരില്‍ വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്‍ജിത്തും മായാതെ നില്‍ക്കും. ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ചവച്ചിരിക്കുന്നതും ശരണ്‍ജിത്താണ്. സിനിമയില്‍ ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ബിജുമേനോനെപ്പോലും പിന്നിലാക്കുന്നതായിരുന്നു ശരണിന്റെ പ്രകടനം. സിനിമയില്‍ ഒരു തുടക്കക്കാരനാണെന്ന തോന്നല്‍ ഒരിടത്തും തോന്നിപ്പിക്കാതെ വാവാച്ചി കണ്ണനെ ശരണ്‍ മനോഹരമാക്കി.

പല തരത്തിലുള്ള മദ്യപാനികളെയും മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും തോന്നാത്തൊരു അടുപ്പം വാവാച്ചി കണ്ണനോട് തോന്നും. ദേഷ്യം, പ്രണയം, സങ്കടം, തുടങ്ങി വാവാച്ചി കണ്ണന്റെ പല ഭാവങ്ങളും മുഖങ്ങളും ശരണ്‍ജിത്ത് അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നടന്റെ റെയ്ഞ്ച് വെളിവാകുന്ന പ്രകടനം. കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന അഭിനേതാവാണ് ശരണ്‍.

വാവാച്ചി കണ്ണന്റെ ജീവിതസഖിയായ സുമയായി എത്തിയ ധന്യ അനന്യയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സാധാരണ രംഗങ്ങളെ പോലും അതിമനോഹരമാക്കുന്നു. തുടക്കക്കാരാണെന്ന തോന്നല്‍ അനുഭവപ്പെടുത്താതെ പ്രണയരംഗമടക്കം അവതരപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുമയും വാവാച്ചിയും ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത് ഇരുവരുടെയും പ്രകടനത്തിന്റെ മികവുകൊണ്ടാണ്.

പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാകുമ്പോള്‍ ഏത് ഭാഗത്തായിരിക്കും ചിത്രം നില്‍ക്കുക, അല്ലെങ്കില്‍ അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ച്ക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം തേടിയായിരിക്കും ചിത്രം കാണാന്‍ തീരുമാനിക്കുന്നതും. ഇവിടെ ഒരു ഭാഗത്തേക്ക് നില്‍ക്കാതെ നിഷ്പക്ഷമായി നില കൊള്ളുകയാണ് ലാല്‍ ജോസ്. അല്ലെങ്കില്‍ അങ്ങനെയാണ് താനെന്ന് മറ്റുള്ളവര്‍ കരുതണമെന്നാണ് ലാല്‍ ജോസ് ആഗ്രഹിക്കുന്നത്.

ഒരിക്കല്‍ പോലും രണ്ടിലാരാണ് വിജയിക്കുന്നതെന്ന് പറയുന്നില്ലെങ്കിലും പറയാതെ തന്നെ ലാല്‍ ജോസ് പലപ്പോഴും ഒരു ഭാഗത്തേക്ക് ചായുന്നതായി കാണാം. പ്രധാനമായും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഒന്നാണ്. യുക്തിയെ കൂട്ടുപിടിക്കണമോ വിശ്വാസത്തെ കൂട്ടുപിടിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരാള്‍ വിശ്വാസി ആയതുകൊണ്ടോ അതല്ല യുക്തിവാദി ആയതുകൊണ്ടോ മാറ്റിനിര്‍ത്തേണ്ടതില്ല. അതിനാല്‍ സംവിധായകന്റെ ചായ്‌വിനെ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

പക്ഷെ, ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്തുള്ളവരെ പരിഹസിക്കേണ്ടതില്ല. ആക്ഷേപഹാസ്യമെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാം പകുതിയിലുടനീളം ഇത്തരത്തിലുള്ള പരിഹാസമാണ് കാണാനാവുന്നത്. കമ്യൂണിസത്തെയും യുക്തിവാദത്തെയും പലയിടത്തായി പരിഹസിക്കുന്നുണ്ട്.

2019 ഈ അവസാന കാലത്തും നവോത്ഥാനം എന്നത് പരിഹാസത്തിനുള്ള വിഷയമായി മാറേണ്ടതാണോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന ഉല്ലാസ് മാഷിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ഇനി ഇവിടെയും കൂടി മാത്രമേ താമര (ആംഗ്യത്തില്‍) ബാക്കിയുള്ളൂവെന്ന് പറയുന്നതൊക്കെ ഏത് നരേറ്റീവിന് അനുകൂലമായ തമാശയാണെന്നത് സംവിധായകന്‍ ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇത്തരത്തില്‍ പലയിടത്തും ആക്ഷേപ ഹാസ്യമെന്ന പേരില്‍ വരുന്ന തമാശകള്‍ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.

പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും അത് മൈലേജ് നല്‍കുന്ന നരേറ്റീവുകള്‍ പ്രശ്‌നമാണ്. ജാതിരാഷ്ട്രീയം പറയാന്‍ പലയിടത്തും ലാല്‍ ജോസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉപരിപ്ലവമായ സമീപനം മാത്രമാണ്.

ബിജുമേനോന്‍ പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്‍പ്പത്തിയൊന്നിലും ആവര്‍ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്‍ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങളെ ബിജുമേനോന്‍ അനായാസം അവതരിപ്പിക്കുന്നു. കൂടുതല്‍ ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന്‍ മനോഹരമാക്കി. നാട്ടിന്‍പുറത്തുകാരിയില്‍നിന്നു നിമിഷയ്ക്ക് ഉടനെ ഒരു മോചനം ആവശ്യമാണെന്ന് തോന്നുന്നുണ്ട്. നിമിഷയിലെ അഭിനേത്രിയെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള വേഷമായിരുന്നിട്ടു കൂടി കഥാപാത്ര സൃഷ്ടിയിലെ അലസത ആ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതയിലെ ഇഴച്ചില്‍ വല്ലാത്തൊരു അലോസരമാകുന്നുണ്ട്. ഒന്നാം പകുതിയിലെ അവതരണ രീതിയില്‍ നിന്നും പൂര്‍ണമായും വേറിട്ടതാണ് രണ്ടാം പകുതി.യാത്ര വരുന്നത് ഇവിടെയാണ്. അലസമായ തിരക്കഥയാണ് രണ്ടാംപകുതിയിലെ വില്ലന്‍. ക്ലൈമാക്‌സ് രംഗത്തിലേക്ക് എത്തുമ്പോഴേക്കും ഈ ചിത്രത്തിനും ശബരിമല കയറിയ ക്ഷീണമാണ്. ഇവിടെയും ശരണ്‍ജിത്തിന്റെ അഭിനയം ഒരു ആശ്വാസമാണ്. മൊത്തത്തില്‍ കഠിനമായൊരു മലകയറ്റമാണ് നാല്‍പ്പത്തിയൊന്ന്.

ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത്. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.

“അവരോടൊപ്പം ചേരാൻ ബിജെപി എനിക്ക് യാതൊരു വാഗ്‌ദാനവും നൽകിയിട്ടില്ല. എന്നാൽ തിരുവള്ളുവറിനെ എന്ന പോലെ എന്നെയും കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു. ഞാൻ കുടുങ്ങുകയില്ല, തിരുവള്ളുവറും വരില്ല,” അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.

കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

ബാബറി മസ്‌ജിദ്-രാം ജന്മഭൂമി തർക്കത്തിൽ വിധി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശാന്തരായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും രജനീകാന്ത് പറഞ്ഞു.

ഈ മാസം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിൽ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്നെ കാവിപൂശാനുളള ശ്രമങ്ങളെക്കുറിച്ചുളള രജനീകാന്തിന്റെ അഭിപ്രായ പ്രകടനം.

 

നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വിരാജ് ആ സമയത്ത് മാതൃകയായത്. എന്നാൽ ഇപ്പോൾ നികുതി വെട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയെന്ന ആരോപണമാണ് പൃഥ്വിരാജ് നേരിടുന്നത്.

രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. അതിനുള്ള നികുതിയും അടച്ചിരുന്നു.

എന്നാൽ 1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. അതേസമയം 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.ഇത് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് വാഹന രജിസ്ട്രേഷൻ തടഞ്ഞിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർവാഹന വകുപ്പ്.

അതേസമയം പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല , ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് ,കേരളത്തിൽ മുഴുവൻ നികുതി അടക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസട്രേഷനാണ്, റീജിയണൽ ആർടി ഒ വ്യക്തമാക്കുന്നു.

അപമര്യാദയായി പെരുമാറിയെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം നടന്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നാണ് സൂചന. യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയരുന്നു. സ്വമേധയാ വിനായകന്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെത്തി ജാമ്യമെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം.

വിനാകന്റെ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പോലീസിന് കൈമാറിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതിയുടെ ആരോപണം. പരിപാടിക്ക് വിളിച്ച തന്നോട് കൂടെക്കിടക്കാമോയെന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും പറഞ്ഞതായാണ് യുവതിയുടെ പരാതി.

 

ബി ഉണ്ണികൃഷ്ണന്‍ വര്‍ഗീയ വിഷമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ഗിരീഷ് ബാബു. ആരോപണത്തില്‍ ഗിരീഷ് ബാബുവിന് ഫെഫ്ക കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാതെ ഇത്തരം വിശദീരണം ചോദിച്ചത് മറ്റുള്ളവരുടെ പണം കൊണ്ട് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനാണെന്നും ഗിരീശ് പറയുന്നു.

ഫെഫ്ക ഓഫീസില്‍വെച്ച് ഫെഫ്ക അംഗമായ തന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളില്‍നിന്നും സംരക്ഷിച്ച ഫെഫ്ക നേതാവാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന് ഗിരീഷ് ആരോപിക്കുന്നു. സിനിമയില്‍ ജാതി വിവേചനമില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതാണ് ഗിരീഷിനെ പ്രകോപിപ്പിച്ചത്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട് മോഹനാണ് ഗിരീഷിന് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് എതിരെ സമൂഹ മാധ്യമത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശത്തിന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്ന് അറിയിക്കുന്നു എന്ന ഒറ്റ വാചകമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.

നോട്ടീസ് ലഭിച്ചതിന് ശേഷം ഗിരീഷ് കുറിച്ചത് താഴെ വായിക്കാം.

ജനാധിപത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ അയാള്‍ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമര്‍ശ്ശിച്ചാല്‍ ആ പൗരനെതിരെ നിയമനടപടികള്‍ സ്വികരിച്ചു അയാളെ നിശ്ശബ്ധനാക്കാന്‍ ശ്രെമിച്ചാല്‍ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിര്‍ക്കും.

എന്നാല്‍ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോകോള്‍ഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറല്‍ സെക്രട്ടറി രാജാധിരാജന്‍ ബി ഉണ്ണികൃഷ്ണനെമാത്രം ആരും വിമര്‍ശ്ശിക്കാന്‍ പാടില്ലത്രേ.

വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ.ഉണ്ണികൃഷ്ണന്‍ എല്ലാ വിമര്‍ശ്ശങ്ങള്‍ക്കും അതീതനാണോ…?

മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ല്‍ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണന്‍ വിമര്‍ശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാര്‍ത്ഥത്തില്‍ ഫാസിസം.

അങ്ങനെയെങ്കില്‍ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവല്‍ പക്ഷികള്‍ അല്ലെ…?

സമൂഹ മാധ്യമങ്ങളിലൂടെ ബി ഉണ്ണികൃഷ്ണനെ വിമര്‍ശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ആയ എനിക്ക് യൂണിയനില്‍ നിന്നും ‘ജാഗ്രതയോടെ’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്.

വള്‍ഗറായും ടോപ്‌ലെസ്സായും ഫോട്ടോ ഷൂട്ട് നടത്തുന്ന അമല പോള്‍ വിവാദങ്ങളില്‍പെടാറുണ്ട്. ഇത്തവണ ടോപ് ലെസ്സായി ബാത്ത്ടബ്ബില്‍ നിന്നുള്ള ഫോട്ടോയാണ് അമല ഷെയര്‍ ചെയ്തത്. പുറം തിരിഞ്ഞ് നഗ്നയായ ഫോട്ടോയാണ് അമലയുടേത്. ബാത്ത്ടബ്ബില്‍ നിറയെ റോസാപൂക്കള്‍ വിതറിയിരിക്കുന്നത്.

ശരീരത്തിന് പിന്നില്‍ അമല ടാറ്റു കുത്തിയതും വ്യക്തമായി കാണാം. ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള മനോഹര ദൃശ്യവും കാണാം. ആടൈ എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നയായ ആമലയെ മലയാളികള്‍ കണ്ടതാണ്. ആടൈ എന്ന ചിത്രത്തിന്‌ശേഷം അമല വസ്ത്രം ഉപോക്ഷിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് ഈ തരം മുന്നേറുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവില്‍ താരത്തിന് ലഭിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാര്‍ന്നവയായിരുന്നു. അടുത്തിടെയായിരുന്നു സണ്ണി വെയ്‌നൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. ഫേസ്ബുക്കിലൂടെ സണ്ണി വെയ്‌നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.

നവാഗതരാണ് ചിത്രത്തിന് പിന്നിലെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മുഴുനീള ഹൊറര്‍ ചിത്രവുമായാണ് ഇവരെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മഞ്ജു വാര്യരുടെ കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന സിനിമയായിരിക്കും ഇതെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഇതാദ്യമായാണ് താരം ഹൊറര്‍ ചിത്രവുമായി സഹകരിക്കുന്നത്. ഡിസംബറിലാണ് സിനിമയുടെ ഷൂട്ടിംഗ്. ഹൊറര്‍ ചിത്രമാണോ ഇതെന്ന സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പ്രകടനത്തിന് മഞ്ജു വാര്യറിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രിയദര്‍ശിനി രാംദാസാണ് താരമെത്തിയത്. ആദ്യ 100, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും ഇതിനകം താരം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും തമിഴ് ചിത്രത്തില്‍ അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അസുരനിലൂടെയായിരുന്നു അത് സംഭവിച്ചത്., ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, പ്രതി പൂവന്‍ കോഴി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളാണ് ഇനി എത്താനുള്ളത്.

വിനയന്റെ സംവിധാനത്തില്‍ പിറന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആകാശഗംഗയുമായി വിനയന്‍ വീണ്ടുമെത്തിയത്. നവംബര്‍ ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

ഇന്നത്തെ കാലത്തും ഇതുപോലൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിനയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴും കേരളത്തിലെ പല സെന്ററുകളിലും ആകാശഗംഗ 2 ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്.

‘ആകാശഗംഗ 2’ ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം… സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ…

ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും… അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.

വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ… ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു..

അവരൊന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി.. നന്ദി

ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ദിഖ് രംഗത്ത്. നേരത്തെയും വനിതാ കൂട്ടായ്മയ്‌ക്കെതിരെ സിദ്ദിഖ് പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വനിതാ കൂട്ടായ്മ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിക്കുന്നു. നടിക്ക് വേണ്ടി ഒരു സഹായവും ഡബ്ല്യൂ.സി.സി ചെയ്തിട്ടില്ല.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നത് ഇതില്‍ ദുരൂഹതയുണ്ട്. നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.

അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. തുടര്‍ന്നുള്ള മൂന്നാമത്തെ ദിവസമാണ് പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തു. നടിക്കൊപ്പമാണ് ഇപ്പോഴും എല്ലാവരും നില്‍ക്കുന്നത്.

പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് റൂറല്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ദിഖ് ഇക്കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു.

ദൃശ്യം’ – ചില കാണാക്കാഴ്ച്ചകൾ

“ജോർജൂട്ടിയില്ലേ…?..”

വാതിൽ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓർമ്മയിൽ മനസ്സിൽ ചികഞ്ഞു‌.

“അകത്തേയ്ക്ക് വരൂ…ഉണ്ട്..”

“റാണിക്ക് എന്നെ ഓർമ്മയുണ്ടോ..

“ഓർമ്മ കാണും, പക്ഷേ ഈ കോലത്തിലായോണ്ട്..”

“മനസ്സിലാക്കാൻ പാടാ..ജോർജൂട്ടിയെ വിളിക്ക്..”

റാണി ഒന്നുകൂടി അയാളെ ചുഴിഞ്ഞ് നോക്കി. വലതു കാലിന് കുറച്ച് മുടന്തുണ്ട്, വലതു കൈ മുട്ടിന് താഴെ അറ്റു പോയിരിക്കുന്നു. നെറ്റിയിൽ‌ നീളത്തിൽ മുറിവേറ്റ പാട്. വലത് കൺപോള പാതി അടഞ്ഞ മട്ടിൽ.

കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. കഷണ്ടി കയറി നരച്ച മുടിയിഴകൾ.അയാൾ വേച്ച് വേച്ച് സിറ്റൗട്ടിലേയ്ക്ക് കയറി കസേരയിൽ ഇരിക്കവേ ജോർജൂട്ടി ഇറങ്ങി വന്നു. ഒപ്പം റാണിയും. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ജോർജൂട്ടി തടഞ്ഞു കൊണ്ട് എതിരെയുള്ള കസേരയിലിരുന്നു കൊണ്ട് അയാളെ നോക്കി. ജോർജൂട്ടിയും ഓർമ്മയിൽ പരതുന്നുണ്ട്…എവിടെയാണ്…?..

“ജോർജൂട്ടിയും എന്നെ മറന്നു ല്ലേ..

വർഷം പത്തിരുപതായില്ലേ…

ഞാനീ പരുവത്തിലും..”

അയാൾ ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ജോർജൂട്ടിക്ക് അടുത്ത് വന്ന് നിന്നു. ജോർജൂട്ടി കസേരയിൽ നിന്നും മുന്നോട്ടാഞ്ഞു കൊണ്ട് അയാളെ നോക്കി… “സ…സഹ..ദേവൻ..സാറല്ലേ..?”

ആ പേര് കേട്ടതും റാണി ഞെട്ടി, അതെ ഇതയാളാണ്..! ദേഹമാസകലം ഒരു വിറപടർന്നു കയറി. അതെ..ഇതയാൾ തന്നെ..!

സഹദേവൻ ശബ്ദമില്ലാതെ ചിരിച്ചു.

“….ജോർജൂട്ടി ഓർത്തെടുക്കുമെന്ന് എനിക്കറിയാരുന്നു. എനിക്കൊരു ചായ തരാനുണ്ടാകോ…

വെള്ളമായാലും മതി.‌”

സഹദേവൻ റാണിയെ നോക്കി.

റാണി അയാളെ തന്നെ നോക്കി മരവിച്ച് നിൽപ്പാണ്.

“പേടിക്കണ്ട റാണി ..ഞാൻ കുഴപ്പത്തിനൊന്നും വന്നതല്ല..”

സഹദേവൻ ശാന്തമായ മുഖത്തോടെ ഇരുവരെയും നോക്കി. റാണി ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് അകത്തേയ്ക്ക് കയറിപ്പോയി. ജോർജൂട്ടി ഞെട്ടൽ മറച്ച് സ്വാഭാവികമായ് ചിരിക്കാൻ‌ ശ്രമിച്ച് കസേരയിൽ ചാരിയിരുന്നു.

“സാറിപ്പോ… ഇതെന്താ പറ്റിയത്…ആകെ മാറിയല്ലോ. കണ്ടിട്ട് വിശ്വസിക്കാൻപറ്റുന്നില്ല.”

ജോർജൂട്ടി സഹദേവനെ അടിമുടി വീക്ഷിച്ചു കൊണ്ടേയിരുന്നു. മനസ്സിലുള്ള സഹദേവന്റെ ചിത്രം എത്രയൊക്കെ മാറ്റി വരയ്ക്കാൻ ശ്രമിച്ചിട്ടും മുന്നിലുള്ള രൂപവുമായി പൊരുത്തപ്പെടുന്നില്ല.അത്രയ്ക്ക് മാറിപ്പോയിരുന്നു സഹദേവൻ.

” ഒരു കണക്കിന് ഈ കോലം നല്ലതാ..ആർക്കും മനസ്സിലാകില്ലല്ലോ..പഴയ സഹദേവൻ അത്ര നല്ലവനൊന്നുമല്ലെന്ന് ജോർജജൂട്ടിക്കറിയില്ലേ..”

സഹദേവൻ ചിരിച്ചു കൊണ്ട് പാതി അറ്റുപോയ വലതു കൈയ്യിലേയ്ക്ക് നോക്കി.

“ഒരു കേസ് വന്ന് പെട്ടു..കാശ് കൊറേ കിട്ടി പക്ഷേ.., ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പിള്ളേര് വീട്ടിൽ കയറി പണി തന്നു…ഈ അറ്റുപോയതും, മുഖത്ത് തന്നിട്ടു പോയതൊന്നുമല്ല…കൊല്ലാതെ വിട്ടുകളഞ്ഞു അതായിരുന്നു‌ പണി..!”

റാണി ചായ സഹദേവന് നേരെ നീട്ടി. സഹദേവൻ ചിരിയോടെ ചായയെടുത്ത് മൊത്തി.

“…..ആ കേസ് പിന്നെ എടങ്ങേറായി..പണി പോയി….യൂണിഫോം എന്നും കൂടെയുണ്ടാകുമെന്ന് കരുതി..അതു കൊണ്ട് സമ്പാദിക്കാനൊന്നുംമിനക്കെട്ടില്ല. ഒരു മകളുണ്ടായിരുന്നതിനെ കെട്ടിച്ചയച്ചു.ഓട്ടോ ഡ്രൈവറാ… മലപ്പുറത്ത് കവളപ്പാറ. പിന്നെ ഞാനും ന്റെ ഭാര്യേം അവിടെയൊരു പെട്ടിക്കടയിക്കെയിട്ടങ്ങ് കൂടി…സുഖമായിരുന്നു..‌സ്വസ്ഥം….പക്ഷേ….”

സഹദേവന്റെ മുഖം വാടി‌‌..നെടുവീർപ്പിട്ടുകൊണ്ട് ഗ്ലാസിലുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു.

“അവിടെയല്ലേ…ഉരുൾ ..പൊട്ടി…” ജോർജൂട്ടി പാതിയിൽ നിർത്തി. സഹദേവൻ നെടുവീർപ്പോടെ ‘അതെ’യെന്ന് തലയാട്ടി.

“മ്…ഹ്..ന്റെ ഭാര്യ പോയി…. ഒപ്പം ന്റെ മോളും…ആറ്റ് നോറ്റ് ഞങ്ങൾക്ക് വൈകിയുണ്ടായൊരു പേരക്കുട്ടീം….!മരുമോൻ ചെക്കനേം, എന്നെയും ദൈവം ബാക്കി വച്ചു..മരിച്ചവരെ ഓർത്ത് കരയാനാരെങ്കിലും വേണ്ടേ..! സഹദേവൻ നിറഞ്ഞ കണ്ണ് തുടച്ചു.

മുന്നിലിരുന്നു കരയുന്ന സഹദേവനെ ജോർജൂട്ടിക്ക് വിശ്വസിക്കാനായില്ല. ഇത് സഹദേവൻ തന്നെയാണോ…! പഴയ സഹദേവന്റെ തരിമ്പ് പോലും തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലില്ല. ജോർജൂട്ടി എന്ത് പറയണെന്നറിയാതെ‌ റാണിയെ നോക്കി… റാണി ആകെ വിയർത്ത് നിൽപ്പാണ്‌.

“..അതൊക്കെ പോട്ടെ.. ഞാൻ വന്നത് എ‌ന്റെ കഥ പറഞ്ഞ് മൂക്ക് പിഴിയാനല്ല ജോർജൂട്ടി.. ആ പഴയ കേസില്ലേ… വരുൺ പ്രഭാകർ… അതിനെ കുറിച്ച് ചിലത് പറയാനാ…നമ്മൾ മൂന്ന് പേർക്കിടയിൽ മാത്രമേ ഇക്കാര്യം നിൽക്കൂ. നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കാനല്ല ഞാൻ വന്നത്..

പക്ഷേ..ഇതെനിക്ക് പറയാതെ വയ്യ.. ചിലതൊക്കെ ജോർജൂട്ടിക്ക് എന്നോട് പറയേണ്ടിയും വരും..”

സഹദേവൻ വളരെ ശാന്തനായാണ് സംസാരിച്ചത്. ജോർജൂട്ടി കുറുകിയ മിഴികളോടെ സഹദേവനെ നോക്കി. റാണിയുടെ മിഴികളിലും ഭയമിരുണ്ടു കൂടി.

“ഈശ്വരാ…ഇത്രയും വർഷങ്ങൾക്ക് ശേഷം…വീണ്ടും..!!”

“..‌..ഇവിടെ തെളിവെടുപ്പിനു വരുന്നതിന്റെ തലേ ദിവസം വരുണിന്റെ അച്ഛൻ എന്നെ നേരിൽ കാണണമെന്ന് പറഞ്ഞിട്ട് ഞങ്ങൾ പണി നടക്കുന്ന പുതിയ സ്റ്റേഷന്റെ മുന്നിൽ വച്ച് മീറ്റ് ചെയ്തിരുന്നു.

മറ്റൊന്നിനുമല്ല ജോർജ്കുട്ടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കേസ് വഴിതിരിച്ച് വിടരുതെന്നും,അന്വേഷണം ശരിയായരീതിയിൽ നടത്തി മകനെ കണ്ടെത്തണമെന്ന് അപേക്ഷിക്കാൻ..!

അന്ന് അദ്ദേഹത്തിന്റെ വണ്ടിയിൽ വരുണിന്റെ വളർത്തുനായ റൂണിയും ഉണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ റൂണി വണ്ടിയിൽ നിന്നും ചാടിപ്പോയി. രാത്രിയായതു കൊണ്ട് തിരയാൻ നിന്നില്ല …

രാവിലെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലെത്തിക്കാമെന്ന് ഞാൻ സാറിനോട് പറയുകയും ചെയ്തു. എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ ജോർജൂട്ടീ.‌‌?..ആ പട്ടിയെ…. ഓർമ്മയുണ്ടോ?..ഏതാണാ പട്ടിയെന്ന് മനസ്സിലായോ?..സഹദേവനിൽ അപ്പോൾ പഴയ പോലീസുകാരന്റെ ശൗര്യമുണർന്നത് ജോർജൂട്ടി മനസ്സിലാക്കി.

“സാറെന്തൊക്കെയാ ഈ പറയുന്നേ.. സാറല്ലേ അവിടെയുണ്ടായിരുന്നത്.. അത് എന്നോട് ചോദിച്ചാലോ….? എനിക്കൊരു പട്ടിയെയും ആറിയില്ല..” ജോർജൂട്ടി ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി പരിഭ്രമം മറച്ച് ചിരിച്ചു.

“ജോർജൂട്ടി പറഞ്ഞത് ശരിയല്ല എന്ന് കുറച്ചു കഴിയുമ്പോൾ ജോർജൂട്ടി തന്നെ പറയും.. അത് വിടാം..ഇനി ഞാൻ മിനഞ്ഞെടുത്ത ഒരു കഥ പറയാം..വെറും കഥ…..

ജോർജൂട്ടിയോ റാണിയോ‍, കല്ല്യാണം കഴിഞ്ഞ നിങ്ങളുടെ മകളോ…ആരോ ഒരാളാണ് വരുണിനെ കൊന്നത്.. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം…

വരുണിന്റെ ബോഡി ഇവിടെ ഈ പറമ്പിൽ തന്നെയാണ് കുഴിച്ചിട്ടതും..

പക്ഷേ… തെളിവെടുക്കുന്നതിന്റെ തലേ ദിവസം ജോർജ്ജൂട്ടി ആ ബോഡി ഇവിടെ നിന്നും മാറ്റി.!!… തറപ്പണി നടക്കാനിരുന്ന രാജാക്കാട് പോലീസ് സ്റ്റേഷന്റെ മണ്ണിനടിയിലേയ്ക്ക്….!!

അന്ന് ഞാനും വരുണിന്റെ അച്ഛനും പുതിയ സ്റ്റേഷന്റെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ ജോർജൂട്ടി അകത്ത് വരുണിനെ കുഴിച്ചിടുന്ന താരക്കിലായിരുന്നു…

ജോർജൂട്ടി ഞങ്ങളെ കണ്ടിരിക്കാം..കണ്ടില്ലായിരിക്കാം.. അതെനിക്ക് ഉറപ്പില്ല…. അന്ന് വരുണിന്റെ വളർത്തു നായ ചാടിപ്പോയതും ഇപ്പോഴാണ് ജോർജൂട്ടി അറിയുന്നത്…!!

കൃത്യമായി പറഞ്ഞാൽ പുതിയ സ്റ്റേഷനിൽ എസ്‌ ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്…ല്ലേ ജോർജൂട്ടീ…??!!! ”

ജോർജ്ജൂട്ടി ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു, റാണി ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി.

“നിങ്ങൾ ആവശ്യമില്ലാതെ ഓരോ കഥ മെനഞ്ഞിട്ട് ഞാനത് സമ്മതിക്കണോ, നിങ്ങൾ പോണം സാറേ….എനിക്ക് കുറച്ച് തിരക്കുണ്ട്…

നിങ്ങളാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആട്ടിയിറക്കി വിടണമായിരുന്നു…അത്രത്തോളം നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്..വീണ്ടും വന്നിരിക്കുവാണല്ലേ

…”

സഹദേവൻ ചിരിച്ചു.

“കേസ് കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് പോലും ജോർജ്ജൂട്ടി ഇത്ര ദേഷ്യപ്പെട്ടിട്ടില്ല… ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഉപദ്രവിക്കണ്ട… ജോർജ്ജൂട്ടിക്കറിയാം ഞാനിപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ അറിയേണ്ടവരെ അറിയിച്ചാൽ എല്ലാം താറുമാറാകുമെന്ന്…എനിക്ക് നിങ്ങളോടെ പകയുണ്ടായിരുന്നെങ്കിൽ ഞാൻ അതായിരിക്കില്ലേ ആദ്യം ചെയ്യുക..?”

ജോർജ്ജൂട്ടി സഹദേവനെ നോക്കി.

“ഇരിക്ക് ജോർജ്ജൂട്ടി.. റാണിയും ഇരിക്ക്..” സഹദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ജോർജ്ജൂട്ടിയും,റാണിയും പരസ്പരം നോക്കിക്കൊണ്ട് സെറ്റിയിൽ ഇരുന്നു.

“ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ ഇതെങ്ങെനെ അറിഞ്ഞെന്നാകും..പറയാം… അന്നിവിടെ തെളിവെടുപ്പിൽ വരുണിന്റെ ബോഡിക്ക് പകരം പശുവിനെ തോണ്ടിയെടുത്ത് കേസ് മുഴുവൻ ജോർജൂട്ടിക്ക് അനുകൂലമായി. എനിക്ക്‌ സ്ഥലം മാറ്റം കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് എസ് ഐ സാറിനെ ഒരു കേസ് ഫയൽ ഏൽപ്പിക്കാൻ ഞാൻ നമ്മുടെ പുതിയ പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഞാനവിടെ റൂണിയെ കണ്ടു…!

ഞാൻ നേരത്തെ പറഞ്ഞ വരുണിന്റെ പെറ്റ്. രണ്ടാഴ്ച്ചയ്ക്ക് മുൻപ് അതിനെ ആരോ ഉപദ്രവിച്ചിട്ട് അവിടെയുള്ള ജോലിക്കാർ തന്നെ മരുന്ന് വച്ച് കെട്ടിക്കൊടുത്തിരുന്നു.

ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോൾ എസ്‌ ഐ ഇരിക്കുന്ന ടേബിളിനു കീഴിൽ നിന്ന് കോൺസ്റ്റബിൾസ് രണ്ട് പേർ റൂണിയെ ലാത്തി കൊണ്ട് തട്ടി പുറത്തിറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.‌ എത്ര ആട്ടിപ്പായിച്ചാലും ആ പട്ടി പിന്നെയും ആ ടേബിളിനു കീഴിൽ വന്ന് കിടക്കുമെന്ന് കോൺസ്റ്റബിൾ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

ഞാനപ്പോൾ തന്നെ വരുണിന്റെ അച്ഛനെ വിളിച്ചു റൂണിയുടെ കാര്യം പറഞ്ഞു. ‘കാണാതെ പോയ മകനെഇതു വരെ കണ്ടുകിട്ടിയില്ല. അവന്റെ പട്ടിയെ കണ്ടു പിടിച്ചു അല്ലേ…നിങ്ങൾക്ക് നാണമുണ്ടോ ഇത് വിളിച്ച് പറയാൻ..’ ഇതായിരുന്നു പ്രതികരണം ഞാൻ പിന്നെ അത് വിട്ടു…”

സഹദേവൻ ജോർജൂട്ടിയെ നോക്കി. ജോർജൂട്ടി എല്ലാം കേട്ടു കൊണ്ട് തല കുമ്പിട്ട് നിലത്തേയ്ക്ക് നോക്കിയിരുപ്പാണ്. ജോർജൂട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പരിഭ്രമത്തിൽ റാണി സഹദേവനെയും,ജോർജൂട്ടിയെയും മാറി മാറി നോക്കി.

സഹദേവൻ തുടർന്നു… “…..ജോർജ്ജൂട്ടി‌ വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചിടുന്ന നേരം കാറിനുള്ളിൽ നിന്നും വരുണിനെ മണം‌ പിടിച്ച് റൂണി കാറിൽ

നിന്നും പുറത്തിറങ്ങിയതാകും..

അവൻ കുരച്ച് ബഹളം വച്ചിരിക്കാം.. ജോർജൂട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരിക്കാം. പിന്നെ വന്ന് കുഴി മാന്തിയാലോന്ന് ഭയന്നിട്ടാകാം കൈയ്യിലിരുന്ന പിക്കാസോ തൂമ്പയോ വച്ച് ജോർജൂട്ടി റൂണിയെ വെട്ടി.. കൊല്ലാൻ വേണ്ടി തന്നെ…!…പക്ഷേ റൂണി രക്ഷപെട്ടു..!!!! ഇതാണ് സത്യം… ഇപ്പോൾ രാജാക്കാട് സ്റ്റേഷനിൽ കുഴി തോണ്ടിയാൽ വരുണിന്റെ അസ്ഥിക്കൂടം കിട്ടും…. ജോർജൂട്ടീ ഇതാണുണ്ടായത്…ഇതല്ലേ സത്യം…”

ജോർജൂട്ടി ഒന്നും മിണ്ടിയില്ല. റാണി എല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ്. അവൾ ജോർജൂട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു.

“…നിങ്ങളെ..നിങ്ങളുടെ കുടുംബത്തെ തകർക്കാൻ ശേഷിയുള്ള എന്തോ ഒരു കാരണം വരുണിൽ ഉണ്ടായിരുന്നു… അവൻ മരണത്തിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ല എന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു..തീരുമാനിച്ചിരുന്നു… അതു കൊണ്ടാണ് നിങ്ങൾ ഇത്രയധികം ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നത്. കുറച്ചെങ്കിലും കുറ്റബോധം വരുണിന്റെ മരണത്തിൽ ജോർജൂട്ടിക്കുണ്ടായിരുന്നെങ്കിൽ കൊന്നത് ജോർജൂട്ടിയല്ലെങ്കിൽ കൂടി ഭാര്യക്കും മകൾക്കും വേണ്ടി ജോർജൂട്ടി കുറ്റം ഏറ്റ് ജയിലിൽ പോയേനെ..! വരുണിന്റെ മരണത്തിന് പിന്നിലെ കാരണം …അത് നിങ്ങൾക്ക് മാത്രമേ അറിയൂ…എനിക്ക് അറിയുകയും വേണ്ട… ജോർജൂട്ടിയുടെ ഈ മൗനം മാത്രം മതിയെനിക്ക്…

എന്റെ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന ആശ്വാസം മതിയെനിക്ക്…”

സഹദേവൻ പതിയെ എഴുന്നേറ്റു.

“ഞാനെന്നാ….ഇനിയും നി‌ങ്ങളെ ബുദ്ധി മുട്ടിക്കുന്നില്ല…”

ജോർജൂട്ടി അനങ്ങിയില്ല, റാണി എഴുന്നേറ്റ് കൊണ്ട് ജോർജ്ജൂട്ടിയെ തട്ടി വിളിച്ചു. ജോർജൂട്ടി എഴുന്നേറ്റു. സഹദേവൻ ചെരുപ്പിട്ടു കൊണ്ട് ജോർജൂട്ടിയെ നോക്കി ‌ചിരിച്ചു.

“ഞാനിവിടെ വന്നിട്ടില്ലാന്ന് കരുതിക്കോ…..”

സഹദേവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി‌‌.

“ഇ..ഇ..ഇതെങ്ങെനെ…ഇപ്പോൾ… എവിടുന്ന്….നിങ്ങൾക്കീ സത്യം മനസ്സിലാക്കാൻ എങ്ങെനെ പറ്റി.. ഞാനിത് എന്റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല…” ജോർജൂട്ടിക്ക് ഞെട്ടലും പരിഭ്രമവും പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.

സഹദേവൻ നിന്നു, തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചു. “…. ഉരുൾ പൊട്ടലിൽ ഒരു മല മുഴുവനായും തെറിച്ച് ഞങ്ങൾ കുറെ പേരുടെ വീടിനു മുകളിൽ വീണു.

വീടിന്റെ ഒരടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. എന്റെ സുലു..സുലോചന…മകൾ..പേരക്കുട്ടി.

പിന്നെ കുറെ‌‌…കുറെ..ആളുകൾ.. എല്ലാവരും ജീവനോടെ അടക്കം ചെയ്യപ്പെട്ടു……. കുറച്ച് നേരം സഹദേവൻ കണ്ണടച്ച് മൗനമായ് നിന്നു.

“…….എനിക്കൊരു വളർത്തു നായയുണ്ടായിരുന്നു മോളിക്കുട്ടി..എങ്ങെനെയോ അവൾ‌ രക്ഷപെട്ടു. വിവരമറിഞ്ഞ് ഞാനും മരുമോൻ ചെക്കനും ഓടിപ്പാഞ്ഞ് വന്നപ്പോൾ

വീട് നിന്നിടത്ത് ഒരടയാളമായി എന്റെ മോളിക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നു… ഞങ്ങളെ കണ്ട് അവൾ ശബ്ദമില്ലാതെ കരഞ്ഞു….”സഹദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“…ദിവസങ്ങളോളം മോളിക്കുട്ടി അവിടെ നിന്നനങ്ങിയില്ല….മോളിക്കുട്ടിയാണ് എനിക്ക് വരുൺ എവിടെയാണെന്ന് പറഞ്ഞു തന്നത്…ജോർജൂട്ടിക്ക് മാത്രമറിയാവുന്ന ആ സത്യം

എനിക്ക് കാട്ടി തന്നത്..

ജോർജൂട്ടി….നീയും വിശ്വസ്തനായ ഒരു വളർത്തു നായയാണ്, നിന്നെ തകർക്കാൻ വന്നവനെ കുഴിച്ചിട്ട് അതിനു മുകളിൽ സ്വന്തം കുടുംബത്തിനു വേണ്ടി കാവൽ നിൽക്കുന്ന നായ..

കുടുംബമില്ലാതാകുന്നവന്റെ നെഞ്ചിലെ പിടപ്പ് പഴയ സഹദേവനറിയിലായിരുന്നു.

ഇപ്പോ ശരിക്കറിയാം…ജോർജൂട്ടിയെയും..മോളിക്കുട്ടിയോട് ക്ഷമിച്ചേക്ക്‌ ജോർജൂട്ടീ!.”..

സഹദേവൻ കണ്ണ് തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു. പഴയ സഹദേവൻ പൊലീസ് നടന്നകലുന്നത് ജോർജൂട്ടി മരവിപ്പോടെ നോക്കി നിന്നു.

(ശ്യാം വർക്കല ‘സിനിമ പാരഡിസോ ക്ലബിൽ എഴുതിയ കുറിപ്പ്)

Copyright © . All rights reserved