തന്നെ വെറും ഡ്രൈവര്‍ എന്ന് പറഞ്ഞ് പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. താന്‍ അന്നും ഇന്നും ഡ്രൈവര്‍ തന്നെയാണെന്നും മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ ഡ്രൈവര്‍ എന്ന് പറയുന്നതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.മോഹന്‍ലാല്‍ എന്റെ മുതലാളിയാണ്. ഞങ്ങള്‍ പരസ്പരം അതിലും വലിയ പലതുമാണ്. എന്നാലും എനിക്കിഷ്ടവും ബഹുമാനവും ആ ബന്ധം തന്നെയാണെന്നും ആന്റണി പറയുന്നു. മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് വേണ്ടി ഉണ്ണി.കെ വാര്യര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണി കഥകേട്ടാലേ മോഹന്‍ലാല്‍ അഭിനയിക്കൂ എന്ന് പറയുന്നവരുണ്ട്. ഞാന്‍ കഥകേള്‍ക്കാറുണ്ട്. വിജയിക്കുമെന്ന് എനിക്ക് തോന്നുന്ന കഥകള്‍ കേള്‍ക്കാന്‍ ലാല്‍ സാറിനോട് പറയാറുമുണ്ട്. ചിലപ്പോള്‍ അത് വേണ്ട എന്ന് ലാല്‍ സാര്‍ തന്നെ പറയാറുണ്ട്. എത്രയോ കഥകള്‍ ലാല്‍ സാര്‍ നേരിട്ട് കേള്‍ക്കാറുണ്ട്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറയും. പിന്നെ ഞാന്‍ ഒന്നും പറയാറില്ല. ലാല്‍ സാറിന്റെ 25 സിനിമകള്‍ നിര്‍മിച്ചു. മിക്കതും വിജയമായിരുന്നു.- ആന്റണി പറയുന്നു.
നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ തനിക്ക് അര്‍ഹതയില്ലേയെന്നും ആന്റണി ചോദിക്കുന്നു. പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാരണമേയുള്ളൂ. ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ.
ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.മോഹന്‍ലാല്‍ എന്ന നടനെ കുറ്റം പറയുന്ന പലരും പിന്നീട് മോഹന്‍ലാലിന് മുന്‍പില്‍ സ്‌നേഹപൂര്‍വം സ്വന്തം ആളെന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കുറ്റംപറയുന്നവരും അധിക്ഷേപിക്കുകയും ചെയ്യുന്ന പലരും മോഹന്‍ലാലിന്റെ വളര്‍ച്ചയില്‍ മനസ് വിഷമിച്ചവരാണ്. – ആന്റണി പറയന്നു.
ഒരു ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും വാങ്ങിയ നിര്‍മാതാവാണ് ഞാന്‍. ലാഭം കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ പല സിനിമകളും നിര്‍മിച്ചത്. ഇതെല്ലാം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിര്‍മിച്ചതാണ്. ആരുടേയും പോക്കറ്റടിച്ച പണം കൊണ്ടുണ്ടാക്കിയ സിനിമകളല്ല. ഈ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ പല പത്രങ്ങളും ചാനലുകളും എന്റെ ഫോട്ടോ പോലും കൊടുത്തില്ല. രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് വാങ്ങുന്ന പടവും കൊടുത്തില്ല. മറ്റ് പല നിര്‍മാതാക്കളെ കുറിച്ച് പ്രത്യേക ന്യൂസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.. ഞാന്‍ ഡ്രൈവര്‍ തന്നെയാണ്.-
മോഹന്‍ലാലിന്റെ പണം കൊണ്ടാണ് ആന്റണി സിനിമ എടുക്കുന്നതെന്നാണ് പലരേയും പരാതി. അങ്ങനെയല്ല എന്നതാണ് സത്യം. പക്ഷേ അങ്ങനെ ആകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ?
മോഹന്‍ലാലിന്റെ പണം കൊണ്ട് നിര്‍മിച്ചാല്‍ എന്നാണ് കുഴപ്പം? അത് മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലേ?പുറത്ത് നില്‍ക്കുന്നവര്‍ക്ക് അതിലെന്ത് കാര്യം?മോഹന്‍ലാല്‍ പപ്പടമോ കമ്പ്യൂട്ടറോ എന്ത് വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടേ, അതിനെന്തിനാണ് പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്? അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അത് നല്‍കാവുന്നവര്‍ സിനിമ നിര്‍മിക്കട്ടേ- ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായിട്ട് രണ്ടു വർഷം കഴിഞ്ഞു. വിവാഹശേഷം ആദ്യമായി ബിന്ദുവുമായുളള സ്നേഹബന്ധത്തെക്കുറിച്ചു മനസു തുറക്കുകയാണ് സായ്‌കുമാർ. എന്റെ എല്ലാം ബിന്ദുവാണെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ്‌കുമാർ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്‌കുമാർ പറഞ്ഞു.
ബിന്ദു പണിക്കരുടെ മകൾ കല്യാണിയെക്കുറിച്ചും അഭിമുഖത്തിൽ സായ്‌കുമാർ പറഞ്ഞു. ”ഡാൻസും പാട്ടുമാണ് അവൾക്കിഷ്ടം. അവൾ ഇടയ്ക്കിടയ്ക്ക് ടിക്‌ടോക് ചെയ്യാറുണ്ട്. എന്റെയും ബിന്ദുവിന്റെയും സിനിമകളിലെ ഡയലോഗുകൾ ചേർത്തുളള ടിക്‌ടോക് നല്ലതാണെന്നു പലരും പറയാറുണ്ട്. അത് അവളുടെ സന്തോഷമാണ്.”
സായ‌്കുമാറിന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ലൂസിഫറിലെ വർമ്മ സാർ എന്ന കഥാപാത്രം. ഈ സിനിമയിലേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”ലൂസിഫറിൽ അഭിനയിക്കാൻ വിളിക്കുന്ന സമയത്ത് ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ ഞാനത് ചെയ്യുന്നില്ലെന്നു തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ രാജു (പൃഥ്വിരാജ്) എന്നോടു സംസാരിച്ചു. നടക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ അതാണ് ചേട്ടാ എന്റെ സിനിമയിലെ ക്യാരക്ടറെന്നും നമ്മൾ ഈ സിനിമ ചെയ്യുന്നൂവെന്നും പറഞ്ഞു ഫോൺ വച്ചു. അങ്ങനെയാണ് ലൂസിഫറിൽ അഭിനയിച്ചത്.”
പൃഥ്വിരാജിന്റെ പിതാവ് സുകുമാരനുമായുളള അടുപ്പത്തെക്കുറിച്ചും സായ്‌കുമാർ അഭിമുഖത്തിൽ സംസാരിച്ചു. ”സിനിമ മേഖലയിൽ എനിക്ക് രണ്ടു സഹോദരന്മാരുണ്ട്. സോമേട്ടനും (സോമൻ), സുകുവേട്ടനും (സുകുമാരൻ). സോമേട്ടൻ എനിക്ക് ജ്യോഷ്ഠ സഹോദരനെ പോലെയായിരുന്നു. ഞാനും സുകുവേട്ടനും ഒരു വയസ് വ്യത്യാസമുളള സഹോദരന്മാരെ പോലെയാണ്.
ഇവരുടെ ബന്ധത്തെ പറ്റി ബിന്ദു പറഞ്ഞത്…. 2010 ഏപ്രില്‍ 10- നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ആരെയും ഒന്നും ഒളിച്ചിട്ടില്ല. ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാഗസീനിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.’ബിജുവേട്ടന്‍ മരിച്ചിട്ടു ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആയിടെ സായിയേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞത്.
ഷോയ്ക്ക് ഞങ്ങള്‍ ഒരേ കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നായിരുന്നു എന്റെ മറുപടി. അവര്‍ക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്.
തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു മികച്ച ഭരതനാട്യം നർത്തകിയായി ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്, തെലുങ്ക് ചിത്രത്തിൽ കൂടി 2003ൽ എത്തിയ പത്മപ്രിയ, കൂടുതൽ പ്രശസ്തി നേടിയത് മലയാളം തമിഴ് ചിത്രങ്ങളിൽ കൂടിയാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള പത്മപ്രിയ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.
എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. കാരണം അവർക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.
ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാന്‍ തയ്യാറാകും എന്നും പത്മപ്രിയ ചോദിക്കുന്നു.
തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ സാമുവൽ റോബിൻസൺ അബിയോള അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. സിനിമകളില്ലാതെ വിഷാദ രോഗത്തിന് കീഴടങ്ങിയ അവസ്ഥയിൽ താൻ ആത്മഹത്യക്കു വരെ ശ്രമിച്ചെന്ന് താരം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സാമുവൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം തനിക്ക് ഏറ്റവും മോശപ്പെട്ടതായിരുന്നുവെന്ന് സാമുവൽ പറയുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാകുറിപ്പും തയാറാക്കി വച്ചിരുന്നുവെന്നും താരം പറയുന്നു. 15 വയസിലേ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്നും പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇതുവരെയെത്തിയത്. രാജ് കുമാർ സന്തോഷിയുടെ ഒരു ഹിന്ദി ചിത്രത്തിലേക്കും എഐബിയിൽ നിന്നും ക്ഷണം വന്നു. ഈ രണ്ടവസരങ്ങളും പിന്നീട് നടക്കാതെ പോയി.
തമിഴിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും അത് ശരിയായില്ല. സ്വന്തം നാടായ നൈജീരിയയിൽ ലഭിച്ച അവസരങ്ങൾ പോലും ഇല്ലാതായി. കരാർ ഒപ്പു വച്ച പല പ്രൊജക്ടുകളും നടന്നില്ല. അതോടെ ജീവിതം മടുത്ത് വിഷാദരോഗത്തിലേക്ക് വീഴുകയായിരുന്നു- സാമുവൽ സമൂഹ മാധ്യത്തിൽ കുറിച്ചു. ഗുഡ്ബൈ എന്ന തന്റെ മെസേജ് കണ്ട ഒരു സുഹൃത്ത് തന്നെ ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടുത്തിയതാണ് തന്നെ രക്ഷിച്ചതെന്നും സാമുവൽ പറയുന്നു. അഭിനയം ഒരു ജോലി മാത്രമാണെന്നും ഒരു ജോലി പോയാൽ മറ്റൊരു ജോലി കണ്ടെത്തണമെന്നും തെറാപ്പിസ്റ്റ് ഉപദേശിച്ചു. 8 ബാർസ് ആൻഡ് എ ക്ലെഫ് എന്ന നൈജീരിയൻ ചിത്രത്തിലൂടെയാണ് സാമുവൽ ചലച്ചിത്രരംഗത്തെത്തിയത്. അതിനു മുന്പ് നൈജീരിയൻ ടെലിവിഷനിൽ അഭിനയിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം ഒരു കരീബിയൻ ഉഡായിപ്പ് എന്ന ചിത്രത്തിലും സാമുവൽ അഭിനയിച്ചിരുന്നു.
കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.
‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. സിനിമാ–സീരിയൽ രംഗത്ത് സജീവമാണ് നടി ഡിനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.
ഇതിനിടയിൽ സേതുരാമർ സിബിഐ നായകനായി സിനിമ വേണമെന്ന് മമ്മൂട്ടി ആരാധകരും ആഗ്രഹിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സായ്കുമാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതിന് ജീവന്‍ പകരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ക1ട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് അദ്ദേഹം. അച്ഛന് പിന്നാലെയായാണ് മകനും കലാരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്‍രെ സഹോദരിമാരിലൊരാളായ ശോഭ മോഹനും മക്കളുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. ബാലതാരമായാണ് സായ്കുമാര്‍ അരങ്ങേറിയത്. പിന്നീട് നായകനിലേക്ക് ചുവടുമാരുകയായിരുന്നു.
ഒരുകാലത്ത് നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നുവെങ്കിലും പിന്നീട് സ്വഭാവ നടനായും വില്ലനായും മാറുകയായിരുന്നു അദ്ദേഹം. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരുടെ ലിസ്റ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളുമുണ്ടാവും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ വര്‍മ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇടയ്ക്ക് അച്ഛന്‍ വേഷങ്ങളിലും താരമെത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അതേക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മിക്കവയും. അത്തരത്തിലുള്ള വേഷം ചെയ്തപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും അദ്ദേഹം അച്ഛന്‍ കഥാപാത്രമായി എത്തിയിരുന്നു.
ഇപ്പോളത്തെ സിനിമകളില്‍ മിക്കപ്പോഴും അപ്പന്‍മാരുടെ സ്ഥാനം ചുവരുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ തന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ച് വാചാലനായത്.
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇവര്‍ക്കൊപ്പം ഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്‌നേഹമുള്ള ചേട്ടനായും ക്രൗര്യം നിറഞ്ഞ വില്ലനായുമൊക്കെ ഇവര്‍ക്കൊപ്പം സായ്കുമാറുമുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചായിരുന്നു ഇവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണമെന്നും അദ്ദേഹം പറയുന്നു.
മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിയാണ് നടി റിമ കല്ലിങ്കല്‍. എല്ലാ സാമൂഹ്യവിഷയങ്ങളിലും പ്രതികരിക്കുന്ന താരം. അതുകൊണ്ടുതന്നെ പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്.
കടും നീല നിറത്തിലുള്ള ബിക്കിനി വേഷത്തില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫൈനല്‍ ഫ്രെയിംസ്, ഫിലിം ഫ്രെയിംസ് തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളിലൂടെയും ഇന്‍സ്റ്റ അക്കൌണ്ടുകളിലൂടെയുമാണ് ചിത്രങ്ങള്‍ വൈറലായത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
വൈറസിന് ശേഷം തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ
അഞ്ജു റ്റിജി
വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു.
സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് . വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
കയറുപൊട്ടിച്ചു പായുന്ന പോത്തിന് പുറകെ ഓടുന്ന കുറേയേറെ മനുഷ്യരുടെ കഥയാണ് ഒറ്റനോട്ടത്തിൽ ജെല്ലിക്കട്ട് എന്ന സിനിമ. ഒരു മൃഗത്തിനെ പിടിക്കാനോടുന്ന വേറൊരു കൂട്ടം മൃഗങ്ങളുടെ കഥയെന്ന് തോന്നും പിന്നീടുള്ള ചിന്തകളിൽ. കൂടുതൽ ആഴ്ന്നിറങ്ങാൻ നിങ്ങളിലെ പ്രേക്ഷകൻ തയ്യാറാണെങ്കിൽ മനുഷ്യർ മനുഷ്യരെതന്നെ പിടിക്കാൻ ഭ്രാന്ത് പിടിച്ചോടുന്നതിന്റെ കഥയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെ നിരവധി മാനങ്ങളിലേയ്ക്ക് ഒരു പോത്തിനേയും പുറകെ കുറെ മനുഷ്യരെയും അഴിച്ചു വിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ.
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജെല്ലിക്കട്ടിന്റെ പിറവി. എസ് . ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും രംഗനാഥ് രവി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് , ജാഫർ ഇടുക്കി , സാബുമോൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
സ്നേഹം , കരുണ , സഹാനുഭൂതി , സഹജീവി സ്നേഹം , ക്ഷമിക്കാനും മറക്കുവാനുമുള്ള കഴിവ് ഇതൊക്കെയാണ് മനുഷ്യനെ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മേൽപ്പറഞ്ഞതെല്ലാം ഒത്തുചേരുമ്പോൾ മനുഷ്യത്വം ആയി. ഒരേ ആവാസ വ്യവസ്‌ഥയിൽ ജീവിക്കുമ്പോഴും മനുഷ്യൻ മറ്റൊരു മൃഗമാകാതിരിക്കുന്നത് ഈ മനുഷ്യത്വം ഉള്ളതിനാലാണ്. എന്നാൽ മനുഷ്യത്വത്തിന് പരിധിയുണ്ടോ? ഒരു വേലി. അപ്പുറത്ത് മൃഗതൃഷ്ണ. അതുകടന്ന് വന്നാണ് നീ മനുഷ്യനായത്. പക്ഷെ ആ വേലി ബലമുള്ളതോ ? ചാടി കടക്കാനാകാത്ത വിധം ഉയരമുള്ളതോ ? ഒരാൾ വേലി ചാടി അപ്പുറം പോയാൽ ? കുറെ മനുഷ്യർ ഒരുമിച്ചു പോയാൽ ? സിനിമയിലെ കഥാപാത്രങ്ങൾ പോത്തിന് പുറകെ ഓടുമ്പോൾ നമ്മിലെ പ്രേക്ഷകൻ ഈ ചോദ്യങ്ങളുമായി മനുഷ്യരുടെ പുറകെ ഓടുകയാണ്. ആര് ആർക്ക് പുറകെയാണ് ഓടുന്നതെന്ന് അമ്പരക്കുകയാണ്. ആരെയാണ് പിടിച്ചു കെട്ടേണ്ടതെന്ന് സംശയിക്കുകയാണ്. നാളെ ജലത്തിന് ക്ഷാമം ഉണ്ടായാൽ , ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം വന്നാൽ നമ്മിലെ സംസ്കാരചിത്തനായ മനുഷ്യൻ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെ പോയേക്കാം ? അതുതന്നെയല്ലേ ഇടുക്കിയിലെ ആ മലയോരഗ്രാമത്തിലെ പോത്തിനെ പിടിക്കാനോടുന്ന മനുഷ്യരും ചെയ്യുന്നത് ? മനുഷ്യനാകാൻ മനസ്സിന്റെ അടിത്തട്ടിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വന്യത പുറത്തുവരാൻ അധിക സമയം വേണ്ടി വരുമോ ? എത്ര നാൾ താൻ
വെറുമൊരു മൃഗമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചു പിടിച്ചു നിൽക്കാനാകും ?
സിനിമയുടെ അവസാന മിനിറ്റുകൾ മനുഷ്യത്വത്തിന്റെ വീരഗാഥകളിൽ അഭിരമിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അരാജകത്വം പന്തം കൊളുത്തി ആയുധങ്ങളുമായി മലയിറങ്ങുന്ന കാഴ്ച്ച ഭീതിജനകമാണ്. ഇവിടെ നിലനിൽപ്പിന്റെ പരിണാമ ശാസ്ത്രമെഴുതിയ ആചാര്യന്റെ വാക്കുകൾ ശരി വെയ്ക്കുകയാണ് സംവിധായകൻ. ശാസ്ത്ര സിദ്ധാന്തത്തിന് സെല്ലുലോയിഡിൽ ഒരു പ്രൂഫ്.
കാഴ്ചയിൽ സിനിമ മനോഹരമാണ്. രാത്രി ദൃശ്യങ്ങൾ ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു മലയാള സിനിമയില്ല. നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും ചടട്ടെ എന്നുള്ള ശ്രീനിവാസൻ കോമഡി പോലെ ഇവിടെ ഗിരീഷ് ഗംഗാധരന്റെ കാമറ പോത്തിനും ജനത്തിനുമൊപ്പം ഓടുകയാണ്. സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള ഇടവഴികളിലും ഇടങ്ങളിലും ദൈർഘ്യമുള്ള സിംഗിൾ ഷോട്ടുകളുമായി കാമറ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.
പേരെടുത്ത് അറിയാവുന്നവരും അല്ലാത്തവരുമായ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രഗൽഭരല്ലാത്തവരെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനുള്ള സംവിധായകന്റെ കഴിവ് അങ്കമാലി ഡയറീസിൽ നാം കണ്ടതാണ്. ജെല്ലിക്കട്ടിൽ എത്തുമ്പോൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ വരുത്തിയിട്ടില്ല. ആന്റണി വർഗീസും സാബുമോനുമാണ് അഭിനയത്തിൽ മുന്നിട്ട് നിന്നത്. പാത്ര സൃഷ്ടിയിൽ കൂടുതൽ ഇടം ലഭിച്ച കഥാപാത്രങ്ങളും ഇവർ രണ്ടുപേരുടെയുംതന്നെ.
മരണ വീട്ടിലെ തമാശ പോലെ (ഈ മ യൗ) ഇവിടെ കലാപത്തിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടയിലും ചില ചിരിക്കൂട്ടുകളുണ്ട്. പക്ഷേ ചിരിക്കാനുള്ള സിനിമയല്ല. നിങ്ങൾ നിങ്ങളിലെ മനുഷ്യത്വംതന്നെ ഉരച്ചു നോക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ചയാണ്. എല്ലാവരും തൃപ്തിപ്പെടണമെന്നില്ല.
അവസാനമായി സംവിധായകനെക്കുറിച്ച്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ വിളിച്ചു. സിനിമ എങ്ങനെയുണ്ടെന്ന് സുഹൃത്തിന്റെ ചോദ്യം. തിരശീലയിൽ കണ്ട കാഴ്ചകളുടെ ഭ്രമത്തിൽ ആദ്യം വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ ഇങ്ങനെ പറഞ്ഞു : ” an absolute master class “. അതുതന്നെയല്ലാതെ സംവിധായകനെക്കുറിച്ചും മറ്റൊന്നും പറയാനില്ല.
നടന്‍ മധുവിനെ കുറേ കാലമായി സോഷ്യല്‍ മീഡിയ കൊല്ലുന്നു. ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ മധു മരിച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. പലരും മൊബൈലില്‍ കിട്ടിയ സന്ദേശം പലര്‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാര്‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.
ഇതറിഞ്ഞാണ് ദീര്‍ഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാര്‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. മധു ഫോണ്‍ എടുക്കാന്‍ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.
എന്നാല്‍ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി. ഞാന്‍ മരിച്ചു കാണുന്നതില്‍ പലര്‍ക്കും സന്തോഷം ഉണ്ട്. താന്‍ അത്ര വേഗം മരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാര്‍ പറഞ്ഞു.
വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.-മധു പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസ മുൻപാണ് മധുവിന്റെ എൺപത്തിയാറാമത്തെ പിറന്നാൾ മലയാളി പ്രേക്ഷകർ ആഘോഷിച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷം മായുന്നതിനും മുൻപെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനും മുൻപും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തൽ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.