Movies

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രീംകോടതി വിധി വരുന്നത് വരെ ദിലീപിന്റെ മേല്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആക്രമണദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് മുതല്‍ മുടക്കാന്‍ നിര്‍മ്മാതാക്കളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യം. ഇത് വ്യാജമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നാദിര്‍ഷ വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് നാദിര്‍ഷയുടെ മുന്നറിയിപ്പ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമാ നിര്‍മ്മാണത്തിന് ആറ് കോടി രൂപ നല്‍കാന്‍ തയ്യാറുളളവര്‍ ബന്ധപ്പെടുക എന്നതാണ് പരസ്യം. പരസ്യത്തോടൊപ്പം ഒരു മൊബൈല്‍ നന്പറും നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് നാദിര്‍ഷ അറിയിച്ചു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം വാര്‍ത്തകള്‍ തൊടുത്തുവിടുന്ന ഫ്രോഡുകളെ വിശ്വസിക്കരുതെന്നും നാദിര്‍ഷ.

മേരാനാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ സംവിധാന തിരക്കിലാണ് നാദിര്‍ഷ. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. ഇതിനിടെയാണ് വ്യാജ പരസ്യം നാദിര്‍ഷയുടെ പേരില്‍ വൈറലാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ദുബായ്: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ് ഡോ.ബി.ആര്‍.ഷെട്ടി പ്രഖ്യാപിച്ചു. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കഥ സംബന്ധിച്ച് എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നടക്കുന്നതായി അറിഞ്ഞു. ഇതിനിടയില്‍ തന്നെ ആ കഥ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്നമുണ്ടായേക്കുമെന്ന് ചിലര്‍ അറിയിച്ചു. ഹിന്ദിയില്‍ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഡോ.ഷെട്ടി അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം.

രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും ഷെട്ടി വിശദീകരിച്ചു.

എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്ന കാര്യം ഒന്നര വര്‍ഷം മുമ്പ്  സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് പ്രഖ്യാപിച്ചത്. ഇതിനായി ആയിരം കോടി രൂപയോളം മുടക്കാന്‍ ബി.ആര്‍.ഷെട്ടിയും സന്നദ്ധനായിരുന്നു. ഇരുവരും അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനിടയില്‍ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിര്‍മാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം.ടി തിരക്കഥ തിരിച്ചുചോദിച്ചത്.

തമിഴ് ചലച്ചിത്രകാരന്‍ ജെ.മഹേന്ദ്രന്‍ ചെന്നൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. അദ്ദേഹത്തിന്റെ ഉതിരിപ്പൂക്കള്‍, നെഞ്ചത്തെ കിള്ളാതെ, മുള്ളും മലരും, ആടുപുലിയാട്ടം തുടങ്ങിയ സിനിമകള്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയുടെ തന്നെ ചരിത്രം തിരുത്തിക്കുറിക്കുന്നവയായിരുന്നു. മണിരത്നവും ശങ്കറും മുതല്‍ മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ പ്രിയദര്‍ശന്‍ വരെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച പ്രതിഭയായിരുന്നു മഹേന്ദ്രന്‍.
പ്രതാപം, പിന്നെ സ്വന്തം സിനിമയുടെ വിഡിയോ കസെറ്റുകള്‍ കൊടുത്ത് പണം കടം വാങ്ങേണ്ടത്ര ഗതികേട് വന്ന കലാകാരന്‍–മഹേന്ദ്രന്റെ ജീവിതം സ്വന്തം സിനിമകളെപ്പോലെ തന്നെ മുള്ളും മലരും നിറഞ്ഞതായിരുന്നു. കഥയും തിരക്കഥയും എഴുതി സംവിധായകനായി ഒടുവില്‍ നടനായി സിനിമയോടും ലോകത്തോടും വിടപറഞ്ഞ ജീവിതം.

Related image

1939ല്‍ ഇളയെങ്കുടിയില്‍ ജനിച്ച ജെ.അലക്സാണ്ടറെ സിനിമാലോകത്തെ മഹേന്ദ്രനാക്കിയത് മധുരയിലെ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എംജിആറിനു മുന്നില്‍ നടത്തിയ കച്ചവട സിനിമാ വിമര്‍ശനമാണ്. മികച്ച ചലച്ചിത്ര നിരൂപകനാവട്ടെ എന്നായിരുന്നു നടികര്‍ തിലകത്തിന്റെ ആശംസ. പക്ഷേ, മഹേന്ദ്രന്റെ ജീവിതം കച്ചവടത്തിനപ്പുറത്ത് സിനിമയില്‍ കലയുടെ ഇന്ദ്രജാലം തീര്‍ക്കാനായിരുന്നു. എംജിആറിന്റെ നാടകസംഘത്തിന് കഥകളെഴുതിയ മഹേന്ദ്രനെ അദ്ദേഹം തന്നെ വാഴ്‌വേ വാ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിച്ചു. ആദ്യസിനിമ മുള്ളും മലരും ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഞ്ചത്തെ കിള്ളാതെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ നേടി.

ഉതിരിപ്പൂക്കള്‍, പൂട്ടാത്ത പൂട്ടുകള്‍, ജോണി തുടങ്ങിയ സിനിമകളുടെ സംവിധാനം ചെയ്തു. ഇതിലും എത്രയെ ഏറെ തിരക്കഥയും സംഭാഷണവും എഴുതി. ജോണി, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ രജനി സ്റ്റൈല്‍ രൂപപ്പെടുത്തിയതിലും മഹേന്ദ്ര സ്പര്‍ശമുണ്ട്.
പേട്ട, തെറി, മിസ്റ്റര്‍ ചന്ദ്രമൗലി, സീതാകാതി തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. തെറിയിലെ വില്ലന്‍വേഷത്തിന് പുരസ്കാരവും ലഭിച്ചു.

കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടി നിവിൻ പോളി തടി കുറയ്ക്കുന്നില്ലെന്ന വിമർശനം കുറച്ചുകാലമായിട്ടുണ്ട്. അവസാനം ഇറങ്ങിയ മിഖായേൽ ഈ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വിമർശനങ്ങളുടെ വായ് അടപ്പിക്കുന്ന വിധം തടി കുറിച്ച് എത്തിയിരിക്കുകയാണ് താരം. പ്രേമം ചിത്രത്തിലെ ജോർജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിൻ എത്തുന്നത്. ചെന്നൈയിൽ നിന്നുള്ള ചില ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകർ ആവേശത്തോടെ വരവേൽക്കുന്ന വിഡിയോയും തരംഗമായിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്‌ഷൻ എന്റർടെയ്നറാണ്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും

നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവർഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാൻ സംവിധാനം ചെയ്യുന്ന ലവ്‌ ആക്‌ഷന്‍ ഡ്രാമയിലാണ് പുത്തൻ െഗറ്റപ്പിൽ നിവിൻ എത്തുക. 2016–ൽ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ‘നിവിൻ ദ് സ്വാഗ് ഈ ബാക്ക്’ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു.

 

താന്‍ അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് നടി എമി ജാക്‌സണ്‍. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബ്രിട്ടണിലെ മാതൃദിനമായ ഇന്ന് അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ.’ എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ഇപ്പോള്‍ ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.

 

മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിംഗ് അടുത്തതോടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും പൊടിപൊടിക്കുകയാണ്. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് നടന്‍ സലിം കുമാര്‍ പറയുന്നത്. മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി ഉള്ള റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയം ആണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റാവും.’ സലിം കുമാര്‍ പറഞ്ഞു. ചിത്രത്തില്‍ മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.

പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമർശനങ്ങളായിരുന്നു താരങ്ങൾക്ക് കേൾക്കണ്ടി വന്നത്. നിക്കിനേക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമർശനങ്ങളുടെ അടിസ്ഥാനം.

കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുൻകൈ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രിയങ്കയും നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായത്. ജോലിയിലും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിർന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ… ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ അന്ന് സംവിധായകൻ ഭദ്രൻ കുറിച്ച വരികൾ ശരിയായിരിക്കുന്നുവെന്നാണ് ഉയരുന്ന കമന്റുകൾ. വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസറിന് വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ.കട്ടക്കൽ ആണ്. സ്ഫടികം റിലീസ് ചെയ്ത് 24 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിജു എത്തുന്നത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് മോഹൻലാൽ ആരാധകരും ആവശ്യപ്പെട്ടിരുന്നു. ടീസറിനെതിരെ ഡിസ്​ലൈക്ക് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്ത വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ സിനിമ വിവാദം ആയപ്പോൾ പിൻമാറാൻ ബിജു തയാറായിരുന്നില്ല. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവർ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് പഹലജ് നിഹ്ലാനിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് നടിയുടെ ആരോപണം.

പഹലജ് സംവിധാനം ചെയ്ത ഐ.ലവ്.യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവമെന്ന് താരം പറഞ്ഞു. തുടക്കകാലത്ത് താന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ തുറന്നു പറയുകയായിരുന്നു കങ്കണ. ആദ്യ കാലത്ത് സിനിമയില്‍ സഹായം വാഗ്ദാനം ചെയ്തവരും മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ വീട്ടുതടങ്കലിലായ പോലെ ആയിരുന്നു ഇക്കാലത്ത് ഞാന്‍. അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ പഹലജ് ഒരു വേഷം ഓഫര്‍ ചെയ്തിരുന്നു. അതിന് മുന്നോടിയായി ഒരു ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു.

ഫോട്ടോ ഷൂട്ടിനായി അണിയറപ്രവര്‍ത്തകര്‍ തനിക്കൊരു സുതാര്യമായ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത് എന്നും കങ്കണ പറഞ്ഞു.’മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്ന് മനസിലായപ്പോള്‍. ഷൂട്ടിനിടെ നമ്പര്‍ മാറ്റി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. ബോളിവുഡ് താരം കങ്കണ റണാവത്ത് പറഞ്ഞു. ഹൃത്വിക്ക് റോഷന് എതിരെയും ആരോപണങ്ങളുമായി രംഗത്ത് വന്ന് വിവാദം ഉണ്ടാക്കിയ താരമാണ് കങ്കണ റാവത്ത്.

RECENT POSTS
Copyright © . All rights reserved