ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 66 വയസ്സായിരുന്നു. ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

സിനിമയില്‍ ഞാൻ ശരീരവും ആനന്ദവല്ലി എന്റെ ശബ്ദവുമായിരുന്നു. ശബ്ദം പോയപ്പോഴുള്ള ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. വളരെ നല്ലൊരു സൗഹൃദമായിരുന്നു ആനന്ദവല്ലിയുമായി ഉണ്ടായിരുന്നത്. ആദ്യകാലത്ത് അവരുടെയും ഞങ്ങളുടെയുമെല്ലാം താവളം ആയിരുന്നു മദ്രാസ്. ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ​ അവരുടെ വീട്ടിൽ പോവുകയും അവർ ഞങ്ങളുടെ വീട്ടിൽ വരികയുമൊക്കെ ചെയ്യുമായിരുന്നു. പിന്നീട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി, അവരും തിരുവനന്തപുരത്തേക്ക് വന്നു.

മകൻ ദീപന്റെ മരണം അവരെ വല്ലാതെ തളർത്തിയിരുന്നു. അകാലത്തിലുള്ള ആ മരണത്തിനും മുൻപ് ദീപന്റെ ആദ്യ ഭാര്യയും ആനന്ദവല്ലിയുടെ അമ്മയും കൊല ചെയ്യപ്പെട്ട ഒരു ദുരനുഭവവും ഉണ്ടായി. മോഷണ ശ്രമത്തിനിടെയായിരുന്നു അത് സംഭവിച്ചത്. ആ ദുരന്തത്തിന്റെ വേദന അവരെ എന്നും വേട്ടയാടിയിരുന്നു. എപ്പോൾ കാണുമ്പോഴും അവർ അതിനെ കുറിച്ച് പറഞ്ഞു വിഷമിക്കുമായിരുന്നു. കൊലപാതകങ്ങൾ നടന്ന ആ വീടിന്റെ ഭാഗത്തേക്ക് പോകാൻ പേടിയാവുന്നു എന്നു പറയുമായിരുന്നു.

ജീവിതത്തിന്റ കയ്പേറിയ കുറേയേറെ അനുഭവങ്ങൾ ഉണ്ടായിട്ടും അവർ പിടിച്ചുനിന്നു, മറ്റാരെങ്കിലും ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ പിടിച്ചു നിൽക്കുമായിരുന്നോ എന്ന് സംശയമാണ്. അമ്മയും ഗർഭിണിയായ മരുമകളും കൊലചെയ്യപ്പെട്ടുന്നു,അമ്മ ജീവിച്ചിരിക്കെ മകൻ മരിക്കുന്നു. ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും അവരുടെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടായിരുന്നു.

മകനും മരുമകളും അമ്മയുമെല്ലാം പോയിട്ടും അവർ ജീവിതത്തെ വെല്ലുവിളിയോടെ നേരിട്ടു. ഞങ്ങളെയെല്ലാം വിളിച്ച് സംസാരിക്കുന്നതിൽ ആയിരുന്നു അവർ സന്തോഷം കണ്ടെത്തിയിരുന്നത്. ഞങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മീറ്റിങ്ങുകൾക്ക് സ്ഥിരമായി വരുമായിരുന്നു. “എല്ലാവരെയും കണ്ട് സംസാരിക്കാലോ, അതൊക്കെയല്ലേ ഒരു സന്തോഷം മേനകാ,” എന്നു ചോദിക്കും. അതൊക്കെ അവർക്കൊരു ആശ്വാസമായിരുന്നു.

ജീവിതത്തെ വെല്ലുവിളിച്ച് അവർ മുന്നോട്ടു പോകുന്നതിനിടയിലാണ് അസുഖങ്ങൾ അവരെ തളർത്തി തുടങ്ങിയത്. രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചു, മരുന്നിനൊക്കെ ഏറെ ബുദ്ധിമുട്ടി. അവരുടെ കഷ്ടപ്പാടുകളെല്ലാം ഏറെ അടുത്തു നിന്നവരായിരുന്നതിനാൽ ഞാനും സുരേഷേട്ടനും ഭാഗ്യലക്ഷ്മിയും ഒക്കെ അറിഞ്ഞിരുന്നു. അവരുടെ ബുദ്ധിമുട്ടേറിയ കാലത്ത് കൂടെ നിൽക്കാനും സഹായിക്കാനും സാധിച്ചു എന്നതാണ് ആശ്വാസം.

അസുഖങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും അവർ ഉത്സാഹത്തോടെ തന്നെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ഒക്കെ ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വരെ അവർ ഫെയ്സ്ബുക്കിലും ആക്റ്റീവ് ആയിരുന്നു. പെട്ടെന്നാണ് രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിലായത്. ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നതിനാൽ വെന്റിലേറ്ററിനും രക്ഷിക്കാനായില്ല. ഒരു ഉറക്കത്തിലെന്ന പോലെയാണ് അവർ മരണത്തിലേക്കു നടന്നുപോയത്.

ആനന്ദവല്ലി ഇനിയില്ല എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എനിക്ക് എത്രയോ പേർ ഡബ്ബ് ചെയ്തിട്ടുണ്ട്. ലിസി, ഭാഗ്യലക്ഷ്മി, തുടങ്ങി നിരവധിയേറെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ. പക്ഷെ എന്റെ മെച്വേർഡ് വോയിസ് എല്ലാം ആനന്ദവല്ലിയാണ് ഡബ്ബ് ചെയ്തത്. വളരെ അനായേസേന അവർക്ക് ശബ്ദം മാറ്റി ഡബ്ബ് ചെയ്യാൻ സാധിക്കുമായിരുന്നു. ‘കൂട്ടിനിളംകിളി’ എന്ന ചിത്രത്തിൽ അവർ അഭിനയിക്കുമ്പോൾ അതിലൊരു നാണിത്തള്ള എന്ന കഥാപാത്രം ഉണ്ടായിരുന്നു.

സിനിമ കണ്ടപ്പോൾ ‘ആ നാണിത്തള്ളയാണോ ഡബ്ബ് ചെയ്തിരിക്കുന്നത്, എങ്ങനെ നിങ്ങൾ അവരെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു?’ എന്നു ഞാൻ സംവിധായകനോട് ചോദിച്ചു. അല്ല, അത് ആനന്ദവല്ലി ചെയ്തതാണെന്നായിരുന്നു മറുപടി. അത്രയേറെ പെർഫെക്റ്റ് ആയിട്ടായിരുന്നു അവർ ശബ്ദം നൽകിയത്. പ്രൊഡ്യൂസർമാര്‍ക്കും സംവിധായകർക്കും ആർട്ടിസ്റ്റുകൾക്കുമെല്ലാം ഇഷ്ടമുള്ള കലാകാരിയായിരുന്നു ആനന്ദവല്ലി. ആ ശബ്ദം ഇനിയില്ല എന്നത് തീരാവേദനയാണ്.