Movies

ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. രണ്ടായിരത്തി പന്ത്രണ്ടിലുണ്ടായ വാഹനാപകടത്തിനു പിന്നാലെ സംസാരശേഷി പോലും നഷ്ടപ്പെട്ട് സിനിമയില്‍ നിന്നു വിടപറഞ്ഞ ജഗതി പരസ്യ ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്കു വരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതെന്ന് മകന്‍ രാജ്കുമാര്‍ അറിയിച്ചു.

അഭ്രപാളിയിലെ രോഗക്കിടക്കയില്‍ പോലും നമ്മളെ ചിരിപ്പിച്ചിട്ടേയുളളൂ ജഗതി. പക്ഷേ ഏഴു വര്‍ഷം മുമ്പുണ്ടായ വാഹനാപകടം മഹാനടന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. സംസാരിക്കാനോ പരാശ്രയമില്ലാതെ സഞ്ചരിക്കാനോ പോലുമാകാതെ വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

ചികില്‍സയില്‍ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് മകന്‍ രാജ്കുമാര്‍ പറയുന്നു. ഇഷ്ടമേഖലയിലേക്ക് തിരിച്ചെത്തുന്നതോടെ ജഗതിക്ക് സംസാരശേഷിയടക്കം തിരിച്ചു കിട്ടുംവിധമുളള അദ്ഭുതങ്ങളും പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ടവര്‍.

വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലൂെടയാണ് മടങ്ങിവരവ്. ചിത്രീകരണം ഈ മാസം ഇരുപത്തിയേഴിന് നടക്കും. സിനിമയിലെ ജഗതിയുടെ സഹപ്രവര്‍ത്തകരടക്കം പ്രോല്‍സാഹനവുമായി ചിത്രീകരണ വേദിയിലുണ്ടാകുമെന്നും മകന്‍ അറിയിച്ചു.

ചലച്ചിത്ര താരം ശ്രീദേവി ആകസ്മികമായി മരണമടഞ്ഞിട്ട് ഒരാണ്ട് തികയാറാകുന്നു. ശ്രീയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരീ സഹോദരനും അടങ്ങുന്ന കുടുംബം ഇന്ന് ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്തു ചേരും എന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും ഓർമ്മ ദിവസവുമായി ബന്ധപ്പെട്ടു നടക്കുമെന്നും ശ്രീദേവിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താൻ നിർമ്മിക്കുന്നു എന്നും അതിൽ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകൾ നടത്തിക്കഴിഞ്ഞു അദ്ദേഹം. ഇന്നത്തെ ഓർമ്മ ദിവസ ചടങ്ങുകളിലും അജിത് പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയാണ് മരണകാരണമായി പറയപ്പെടുന്നത്. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവർ കുടുംബ സമേതം ദുബായിൽ എത്തിയത്. വിവാഹം കഴിഞ്ഞു മകൾ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ശ്രീദേവി മാത്രം തുടർന്നും ദുബായിൽത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഭർത്താവ് ദുബായിൽ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയിൽ വലിയൊരു ജനാവലിയെ സാക്ഷി നിർത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.

ഉയർന്ന വിവാദങ്ങൾക്കും അവഹേളനങ്ങൾക്കും വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കാണ് പ്രണയദിനത്തോടനുബന്ധിച്ച് താരം മറുപടി നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭയയുടെ മറുപടി. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘2008മുതൽ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. അതെ ‍ഞാൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹവുമായി കഴിഞ്ഞ എട്ടുവർഷമായി ഞാൻ ജീവിക്കുന്നു. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നിൽ ഞാൻ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.

ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാൻ വയ്യ. അതുകൊണ്ട് ഇൗ കുറിപ്പ് ഗോപി സുന്ദറിന്റെ ഒൗദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകൾക്ക് സ്വാഗതം. ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും പ്രാർഥിക്കാം.’ അഭയ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുൻപ് അഭയുമായുള്ള ചിത്രം പങ്കുവച്ചപ്പോൾ ഗോപി സുന്ദറിനെ പരിഹസിച്ച് ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. ചിലർ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ കോടതിയിൽ അറിയിച്ചിട്ടില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ’ പ്രിയ അന്നുകുറിച്ചിരുന്നു. ഇതേ തുടർന്ന് ഗോപി സുന്ദറും അഭയയും തമ്മിലുള്ള ബന്ധം വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ താരത്തിന്റെ വിശദീകരണം.

മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വച്ചായിരുന്നു വാഹനാപകടത്തില്‍ പരിക്കേറ്റത്. കാറിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടയിൽ പിന്നില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട പിണക്കം അവസാനിപ്പിച്ച് സംവിധായകന്‍ വിനയനും നടന്‍ മോഹന്‍ലാലും ഒരുമിക്കുന്നു. മോഹന്‍ലാലുമായി ചേര്‍ന്ന് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന് വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ന് രാവിലെ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. മാര്‍ച്ച് അവസാന വാരം ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തു ജോലികളിലേക്ക് കടക്കുമെന്നും വിനയന്‍ അറിയിച്ചു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

സിനിമയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ എക്കാലവും മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശകനായിരുന്നു വിനയന്‍. തിലകനെ അമ്മയില്‍ നിന്ന് പുറത്തക്കിയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിനയന്‍. സൂപ്പര്‍ താരങ്ങള്‍ക്കെതിരായ വിമര്‍ശനത്തില്‍ മമ്മുട്ടിയേയും വിനയന്‍ വിമര്‍ശിക്കാന്‍ വിനയന്‍ മടിച്ചിട്ടില്ല.

 

ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗില്‍ നിന്നുമാണ് ടൊവീനോയുടെ ചിത്രത്തിന്റെ പേരുണ്ടായത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായി ടൊവീനോയും അണിയറ പ്രവര്‍ത്തകരും തിരഞ്ഞെടുത്തതും മോഹന്‍ലാലിനെയായിരുന്നു.

മഴപെയ്യുന്ന മദ്ദളം കൊട്ടുന്ന ചിത്രത്തിലെ ‘ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്” ഇതോടെയാണ് പോസ്റ്റര്‍ റിലീസ് പൂര്‍ത്തിയായത്.

ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോയും ഗോപീ സുന്ദറും റംഷി, സിന്ദു സിദ്ധാര്‍ത്ഥുമാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

പോണ്‍ ലോകത്ത് നിന്നും ബോളിവുഡിലും അതിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമയില്‍ എത്തി നില്‍ക്കുന്ന താരമാണ് സണ്ണിലിയോണ്‍. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ചിത്രമാണ് രംഗീല. ചിത്രത്തിന്റെ ലോക്കേഷനില്‍ താരത്തിനോടൊപ്പം നില്‍ക്കുന്ന ചിത്രം സലിംകുമാര്‍ പങ്കുവെച്ചിരുന്നു. ഇതിന് മോശമായ കമന്റുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിത ഇതിനെതിരെ നടി അഞ്ജലി അമീര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ .ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയില്‍ എനിക്ക് പറയാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചാട്ടാണ് .

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍  സിൽക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത് അവര്‍ സന്തോഷിക്കട്ടെ. സണ്ണി ലിയോണിന് നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളത്തില്‍ എത്തുന്നതിനും മുന്‍പ് തന്നെ സണ്ണി ലിയോണിനെ കേരളത്തില്‍ വളരെ വലിയ ആരാധകരുണ്ട്. ഈ വര്‍ഷം സണ്ണിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തു വരുന്നത്. രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. കൂടാതെ മമ്മൂട്ടി ചിത്രമായ മധുരാജയിലും താരം ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്ബര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. 57 വയസ്സായിരുന്നു.

സാധാരണ അതിഥിയായി എത്തിയ പരിപാടിയിൽ അടിയുണ്ടായാൽ സെലിബ്രിറ്റികൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ. ഷറഫുദ്ദീൻ അതിഥിയായി എത്തിയ കൊളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാർഥികൾ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാൽ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്. ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിയ വാര്യയും റോഷനും അഭിനയിച്ച ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ പുതിയ ടീസറെത്തി. തമിഴ് ഭാഷയിലാണ് ടീസർ. ലൈക്കുകളെക്കാൾ അധികം ഡിസ്‌ലൈക്കുകളാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Image result for Oru Adar Love - Moviebuff Sneak Peek

റോഷനും പ്രിയയും തമ്മിലുള്ള ലിപ് ലോക് രംഗമാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി പതിന്നാലിന് പുറത്തിറങ്ങിയ ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനം വൻ‌ ഹിറ്റായിരുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തിയാണ് ഒമർ ലുലു ചിത്രമൊരുക്കിയിരിക്കുന്നത്.

വരുന്ന ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

RECENT POSTS
Copyright © . All rights reserved