നടൻ മോഹൻലാലും ശ്രീനിവാസനും തമ്മിൽ പഴയ സൗഹൃദം ഇപ്പോഴില്ലന്നത് മലയാള സിനിമാലോകത്തെ പരസ്യമായ രഹസ്യമാണ്.
2012 -ൽ പുറത്തിറങ്ങിയ ശ്രീനിവാസൻ നായകനായ ‘പത്മശ്രീ സരോജ് കുമാർ’ എന്ന സിനിമയിലൂടെ മോഹൻലാലിന് മന:പൂർവം ‘പണി’ കൊടുക്കാൻ ശ്രീനിവാസൻ ശ്രമിച്ചതാണ് ഉടക്കിന്റെ മൂലകാരണം. ഇതേ തുടർന്ന് മോഹൻലാൽ ഫാൻസിന്റെ കടുത്ത എതിർപ്പ് ശ്രീനിവാസന് നേരിടേണ്ടിയും വന്നിരുന്നു.
എന്നാൽ എതിർപ്പ് വകവയ്ക്കാതെ കിട്ടുന്ന അവസരത്തിലൊക്കെ ലാലിനെ ട്രോളുന്നത് ശ്രീനിവാസൻ തുടർന്നു പോന്നു. മോഹൻലാലിന്റെ ആനക്കൊമ്പ് വിവാദത്തിലും കേണൽ പദവിയിലും ശ്രീനിവാസൻ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നതും അനിഷ്ടം അകത്തുള്ളത് കൊണ്ട് തന്നെ ആയിരുന്നു.
2010-ൽ പുറത്തിറങ്ങിയ ‘ഒരു നാൾ വരും’ എന്ന സിനിമക്കു ശേഷം ലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ മറ്റൊരു സിനിമയും ഇതുവരെ പുറത്ത് വന്നിട്ടില്ല. നാടോടിക്കാറ്റ് മുതൽ മലയാള സിനിമക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത അത്രയും സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത കൂട്ടുകെട്ടാണ് ഇതെന്ന് ഓർക്കണം.
പരസ്പരമുള്ള ഉടക്കിന് തന്റെ തൂലികയിലൂടെ ‘പണി’ കൊടുക്കുന്ന ഏർപ്പാടാണ് ഇപ്പോൾ വീണ്ടും ശ്രീനിവാസൻ ചെയ്തിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘ഞാൻ പ്രകാശനിൽ’ പരോക്ഷമായാണെങ്കിലും രൂക്ഷമായാണ് മോഹൻലാലിനെ വിമർശിക്കുന്നത്.
നായകനായ പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ അത്യവശ്യമായ ഒരു കാര്യത്തിന് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗോപാൽജി എന്ന കഥാപാത്രത്തോട് ഭാര്യയുടെ ആഭരണം പണയം വയ്ക്കാൻ ചോദിക്കുന്ന ഒരു രംഗമുണ്ട്.ഇതിന് ശ്രീനിവാസൻ നൽകിയ മറുപടിയാണ് ലാലിന് പ്രഹരമേൽപ്പിച്ചിരിക്കുന്നത്.
ആഭരണം കൊടുക്കാൻ വിസമ്മതിക്കുന്ന ശ്രീനിവാസനോട് ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് ‘ എന്ന പരസ്യം നായകൻ ഓർമ്മപ്പെടുത്തുമ്പോൾ അത് ചെയ്തയാളുടെ വീട്ടിൽ പോയി ചോദിക്ക് എന്നാണ് പരിഹാസരൂപത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം മറുപടി നൽകിയത്.
മണപ്പുറം ഫിനാൻസിനു വേണ്ടി ബ്രാൻഡ് അംബാസിഡറായ മോഹൻലാൽ അഭിനയിച്ച പരസ്യചിത്രത്തിലെ ഈ വാചകങ്ങൾ മലയാളിയെ സംബന്ധിച്ച് ഏറെ സുപരിചിതമാണ്. അതു കൊണ്ടു തന്നെ മോഹൻലാലിനെതിരായ വിമർശനമായി തന്നെയാണ് ഈ ദൃശ്യത്തെ പ്രേക്ഷകരും ഇപ്പോൾ നോക്കി കാണുന്നത്.
ഈ ഒരു സീനിലെ കല്ലുകടി മാറ്റി നിർത്തിയാൽ പൊതുവെ ഒരു മികച്ച സിനിമ തന്നെയാണ് ഞാൻ പ്രകാശൻ എന്നത് നിസംശയം പറയാം.
അടുത്ത കാലത്തൊന്നും മലയാള സിനിമ നേടാത്ത തരത്തിലുള്ള വമ്പൻ കളക്ഷനിലേക്കാണ് സിനിമ ഇപ്പോൾ കുതിക്കുന്നത്. ആകാശദൂതിനു ശേഷം കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന സിനിമ കൂടിയാണിത്.
പാടത്ത് പണിയെടുക്കാൻ മലയാളികളെ കിട്ടാത്ത സാഹചര്യത്തിൽ പകരം ബംഗാളികളെ ഇറക്കേണ്ടി വരുന്ന ദയനീയ അവസ്ഥ സിനിമയിൽ അവതരിപ്പിച്ചത് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ബംഗാളിൽ ഇടതു ഭരണം തകർന്നതോടെ ഇപ്പോൾ ബംഗാളികളെ കിട്ടാനില്ലന്ന് പരിഹസിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പേര് അസ്ഥാനത്ത് വലിച്ചിഴച്ചതുമെല്ലാം മന: പൂർവ്വമെന്നതും വ്യക്തമാണ്.
സന്ദേശം എന്ന എക്കാലത്തെയും പ്രസക്തമായ മികച്ച രാഷ്ട്രീയ സിനിമക്ക് തിരക്കഥ എഴുതിയ ശ്രീനിവാസൻ ഈ സിനിമയിലും രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനുള്ള അവസരങ്ങൾ പാഴാക്കിയിട്ടില്ല.
സത്യൻ അന്തിക്കാടിന്റെ സമീപകാല സിനിമകളിൽ സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സിനിമ കൂടിയാണ് ‘ഞാൻ പ്രകാശൻ’
ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാകാൻ പോകുന്നതും ഈ സിനിമ തന്നെ ആയിരിക്കും. അക്കാര്യം ഉറപ്പാണ്.
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ചിരിച്ച് ചിന്തിപ്പിക്കുന്ന ഈ കൂട്ടുകെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ പുതിയ ചിത്രം ഞാന്‍ പ്രകാശന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.
ഈ വേളയില്‍ സത്യന്‍ അന്തിക്കാടിന് നന്ദിയറിച്ച് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് വന്നു. ഞാന്‍ പ്രകാശനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് വിനീത്. തന്റെ ഫെയ്‌സ്ബുക്ക് രേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിനീതിന്റെ നന്ദി പ്രകാശനം. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദിയുണ്ട് സത്യന്‍ അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിനും നന്ദി. ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു,’ വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഇന്നത്തെ മലയാളിയുടെ സ്വഭാവ വിശേഷങ്ങള്‍ നിറഞ്ഞ ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം. അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24ത7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹമാന്റേതാണ് സംഗീതം.
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോൾ നൽകി വായടപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയെക്കുറിച്ച് ഒരാൾ ഒരു സിനിമാഗ്രൂപ്പിൽ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.
ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്ക്രീൻഷോട്ട് വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സ്ക്രീൻഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചയാൾക്ക് അതേ നാണയത്തിൽ തന്നെ ലാൽജോസ് മറുപടി നൽകി. “അച്യുതൻ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ” എന്നുപറഞ്ഞ് സ്ക്രീൻഷോട്ട് സഹിതം ലാൽജോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോബോബൻ–ലാൽജോസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ഗ്രാമീണപശ്ചാതലത്തിലുള്ള സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു
ഷൂട്ടിങിനായി നാഗര്‍കോവിലിലെത്തിയ നടിയെ തടഞ്ഞുവച്ചു. ലോഡ്ജ് ജീവനക്കാരനാണ് വാടക മുഴുവന്‍ നല്‍കിയില്ല എന്നാരോപിച്ച് നടി മഞ്ജു സവേര്‍കറിനെ തടഞ്ഞുവച്ചത്. തന്റെ മുറിയിലെ ബെഡ്ഷീറ്റൊന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കില്ല എന്നൊക്കെ പറഞ്ഞ് നടി പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടി റൂം വെക്കേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ പക്ഷം. പിന്നീട് വാക്ക് തര്‍ക്കം നടക്കുകയും നടി കരയാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി, നിര്‍മാതാവിനെയും വിളിച്ചുവരുത്തി പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.
ഗായകന്‍ യേശുദാസ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററോട് കാണിച്ച അന്യായങ്ങള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ എസ്. രാജേന്ദ്രബാബു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് യേശുദാസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ദേവരാജന്‍ മാഷിനെ രോഗശയ്യലില്‍ വരെ കൊണ്ടെത്തിച്ചെന്നാണ് രാജേന്ദ്ര ബാബു സഫാരി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ പറയുന്നത്. ദേവരാജന്‍ സിനിമ പിന്നണിഗാനരംഗത്തേക്ക് കൊണ്ടുവന്ന ഗായികയ ലതികയുടെ സഹോദരന്‍ കൂടിയായ രാജേന്ദ്രബാബുവിന് ദേവരാജന്‍ മാഷുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. മാഷ് തന്നെ തന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും രാജേന്ദ്രബാബു പറയുന്നുണ്ട്.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുക എന്നത് ദേവരാജന്‍ മാഷിന്റെ ആഗ്രഹമായിരുന്നു. ആ സമയം സിനിമ സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ആഘോഷത്തിനു പിന്നില്‍ മാഷിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പരിപാടിയില്‍ നിന്നും കിട്ടുന്ന വരുമാനം അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുക; രാജേന്ദ്ര ബാബു പറയുന്നു.
ഈ സംഗീത പരിപാടിയിലെ പ്രധാനിയായി നിശ്ചയിച്ചിരുന്നത് യേശുദാസിനെയായിരുന്നു. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ യേശുദാസ് തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു യേശുദാസിന്റെ സന്ദേശം വരുന്നത്. അതേസമയം തന്നെ തനിക്ക് ഗള്‍ഫില്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോകേണ്ടതുണ്ടെന്നും ഇവിടുത്തെ പരിപാടി മാറ്റിവയ്ക്കണം എന്നുമായിരുന്നു ആവശ്യം. ഗാനരചിയതാക്കളായ കെ ജയകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി) ബിച്ചു തിരുമല, ദേവരാജന്‍ മാഷ് എന്നിവരൊക്കെ കമ്മിറ്റി യോഗത്തില്‍ ഉണ്ടായിരുന്നു. യേശുദാസിന്റെ സന്ദേശം വായിച്ചതോടെ ദേവരാജന്‍ മാഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. ആ വീഴ്ച്ചയില്‍ ഏറെനാള്‍ രോഗശയ്യയില്‍ മാഷിന് കഴിയേണ്ടി വന്നുവെന്നും രാജേന്ദ്ര ബാബു പറയുന്നു.
ആരോഗ്യം വീണ്ടെടുത്ത് ദേവരാജന്‍ മാഷ് തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലി ക്യാപ്റ്റനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന രീതിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ വരുമാനവുമായി ബന്ധപ്പെട്ടാണ് യേശുദാസില്‍ നിന്നും ദേവരാജന്‍ മാഷിന് അടുത്ത തിരിച്ചടി കിട്ടുന്നതെന്നു രാജേന്ദ്രബാബു. പരിപാടിയില്‍ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാര്‍ക്കായി ഉപയോഗിക്കാനായിരുന്നു മാഷിന്റെ ലക്ഷ്യം. പരിപാടിയുടെ ഓഡിയോ വീഡിയോ അവകാശം വാങ്ങുന്നതിന്‍ പ്രകാരം ജോണി സാഗരിക 16 ലക്ഷം രൂപ നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നതാണ്. എന്നാല്‍ ഓഡിയോ വീഡിയോ അവകാശം തനിക്ക് തന്നെ വേണമെന്ന് യേശുദാസ് നിര്‍ബന്ധം പിടിക്കുകയും തനിക്കത് കിട്ടാത്ത പക്ഷം പരിപാടിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ മറ്റൊരു വഴിയില്ലാതായി. ജോണി സാഗരിക 16 ലക്ഷം നല്‍കാമെന്നു സമ്മതിച്ചിടത്ത് യേശുദാസ് അവകാശം വാങ്ങിയെടുത്തത് വെറും എട്ടു ലക്ഷം രൂപയ്ക്കായിരുന്നുവെന്നും രാജേന്ദ്രബാബു പറയുന്നു.
പറഞ്ഞ തുക മുഴുവന്‍ നല്‍കാനും യേശുദാസ് തയ്യാറായില്ലെന്ന വെളിപ്പെടുത്തലും രാജേന്ദ്രബാബു നടത്തുന്നുണ്ട്. ഈ പരിപാടി നടത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് യേശുദാസ് ദേവരാജന്‍ മാഷെ കാണാന്‍ എത്തുന്നത്. അന്ന് പറഞ്ഞതുപോലെയൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ, സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട് ഇത് സ്വീകരിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ മാഷിനു നേരെ നീട്ടി. ഒന്നും മിണ്ടാതെ കവര്‍ വാങ്ങി തുറന്നു നോക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക്. യേശുദാസ് മാഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് അദ്ദേഹം യേശുദാസിനെ വിളിച്ചു. പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത്, അത് സാഹായിക്കും എന്നു പറഞ്ഞ് മാഷ് തന്റെ മുറിയിലേക്ക് പോവുകയായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ദേവരാജന്‍ മാസ്റ്ററുടെ ഭാര്യക്ക് അറിവുള്ളതാണെന്നും എസ് രാജേന്ദ്ര ബാബു പറയുന്നു.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് അകത്തേക്ക് ബലം പ്രയോഗിച്ച് കടന്ന തമിഴ് സൂപ്പർതാരവും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ അറസ്റ്റ് ചെയ്തു. നടികർ സംഘത്തിന്റെ അധ്യക്ഷ സ്ഥാനം വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോറോളം നിർമാതാക്കളാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നത്.
വിശാൽ ഒരുപാട് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും കൗൺസിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്തു പോകണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷസ്ഥാനത്തെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കാൻ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും നിർമാതാക്കൾ ആരോപിക്കുന്നു.
നിർമ്മാതാവ് എ.എൽ.അഴകപ്പന്റെ നേതൃത്വത്തിലുളള നിർമ്മാതാക്കളുടെ സംഘം ഓഫിസ് പൂട്ടിയതോടെയാണ് സംഭവങ്ങൾ കൈവിട്ടു പോയത്. വിശാൽ പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധങ്ങൾക്കും ബഹളത്തിനും വഴിവച്ചു. വിശാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും 8 കോടിയോളം രൂപ അക്കൗണ്ടിൽ വരവ് വച്ചിട്ടില്ലെന്നുമാണ് പ്രതിധേഷക്കാരുടെ ആരോപണം. അതേസമയം, കൗൺസിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വിശാൽ വ്യക്തമാക്കി.
#Vishal #Arrest More details https://t.co/WZxiukzSdn pic.twitter.com/CnoHX9ZFrZ
— IndiaGlitz – Tamil (@igtamil) December 20, 2018
ആലപ്പുഴ: സിനിമാ-സീരിയൽ നടൻ ഗീഥ സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
32 വർഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്.
1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. 82 സിനിമകളിൽ അഭിനയിച്ചു. ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി.
പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഐതിഹാസിക ചിത്രം ‘മരക്കാറി’ന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷൻ ഫോട്ടോകളെയും വാർത്തകളെയുമെല്ലാം ആവേശത്തോടെ ഏറ്റെടുക്കുകയാണ് ലാൽ ആരാധകരും സിനിമാ പ്രേമികളും. ഡിസംബർ 16നാണ് മോഹൻലാൽ ‘മരിക്കാറി’ന്റെ ലോക്കേഷനിൽ ജോയിൻ ചെയ്തത്. ഇക്കാര്യം താരം തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ലൊക്കേഷനിൽ അണിയറക്കാർക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒപ്പം നടൻ സിദ്ദീഖിന്റെ ചിത്രവുമുണ്ട്. കഥാപാത്രത്തിന്റെ വേഷപ്പകർച്ചയിലാണ് ഫോട്ടോയിൽ സിദ്ദീഖ്. നീണ്ട ഇടവേളയ്ക്കു ശേഷം ഫാസിലും മലയാള സിനിമയിൽ സജീവമാകുന്നു എന്നതാണ് ‘മരക്കാർ’ ലൊക്കേഷനിൽ നിന്നു വരുന്ന വാർത്തകൾ. ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ അഭിനേതാവായാണ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്.
വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഫാസിലിന് എന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ഫാസിലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങളിൽ പ്രണവ് മോഹൻലാലിനെയും കാണാം. പ്രണവും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് ‘മരക്കാർ’ പ്രവർത്തകർ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കും. ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷൻ ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കപ്പലിന്റെ നിർമ്മാണജോലികൾ സാബു സിറിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായും വാർത്തകളുണ്ടായിരുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.
ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.
#Lalettan #Marakkar Location!! pic.twitter.com/QZIESdodF6
— MollywoodBoxOffice (@MollywoodBo1) December 18, 2018
ഒടിയനെതിരെ റിലീസ് ദിനം മുതല്‍ വലിയ ഡീഗ്രേഡിംഗാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ചിത്രത്തിനെതിരെ പോസ്റ്റുകളും വിമര്‍ശനങ്ങളുമായെത്തിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിനെതിരെയും സംവിധായകനെതിരെയും ഏറെ വിമര്‍ശനമുയര്‍ന്നെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തെ ആരും കളിയാക്കുകയും ചോദ്യം ചെയ്യുന്നതായോ കണ്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്റേഴ്‌സ് അവറില്‍ നികേഷ് കുമാറില്‍ നിന്ന് അഭിനയത്തെ ചോദ്യം ചെയ്ത് ഒരു ചോദ്യം മോഹന്‍ലാലിന് നേരെ ഉയര്‍ന്നു. ആ ചോദ്യവും അതിന് മോഹല്‍ലാല്‍ നല്‍കിയ മറുപടിയുടെയും വീഡിയോ ഫാന്‍സ് പേജിലും മറ്റുമായി വൈറലാവുകയാണ്.
ഒടിയന്‍ സിനിമയില്‍ താങ്കള്‍ സംതൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് നികേഷ് തുടങ്ങിയത്. തന്നെ സംബന്ധിച്ചിടത്തോളം ആ ക്യാരക്ടര്‍ മനോഹരമായി ചെയ്തു എന്നാണ് കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങലെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു നടന്റെ ധര്‍മ്മമാണ് ആയാള്‍ക്ക് കിട്ടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കുക എന്നത്. അതിന് ശ്രമിച്ചു. അത് ആരാധകര്‍ക്ക് ഇഷ്ടമായി എന്നു പറഞ്ഞു.
ഒടുവിലായി പടം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയി എന്ന് തോന്നിയില്ല എന്നായായി നികേഷ് കുമാര്‍. എന്താ ഇഷ്ട ഇങ്ങിനെ ചോദിക്കുന്നത്, നിങ്ങള്‍ ചിത്രം കണ്ടോ എന്നായി മോഹന്‍ലാല്‍. അപ്രതീക്ഷിത ചോദ്യത്തില്‍ പരുങ്ങിയ നികേഷ് ‘കണ്ടു’ എന്ന് ചമ്മലോടെ മറുപടി പറയുകയാണ് ഉണ്ടായത്. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ അതിന്റെ കൂടി നില്‍ക്കാം, നന്നായിട്ട് തോന്നിയെങ്കില്‍ അതിന്റെ കൂടെയും എന്ന ഒരു ചിരിയോടെ തന്നെ മോഹന്‍ലാല്‍ പറഞ്ഞു.
നികേഷിന്റെ പരുക്കന്‍ ചോദ്യത്തിനുള്ള മറുപടി മോഹന്‍ലാലിന്റെ മാസ് ചിരിയില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശകരുടെ വായടപ്പിച്ച് റെക്കോഡ് കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. മൂന്നു ദിവസം കൊണ്ട് 60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഗോള കളക്ഷന്‍ വിവരം പുറത്തു വിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ഇതോടെ ഒടിയന്റെ പേരിലായി.
റിയാസ് ഖാന്‍-ഉമ താരദമ്പതികളുടെ മകന്‍ ഷരീഖ് ഹസന്‍ നായകനാകുന്നു. രത്‌നലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അര്‍ച്ചന രവിയാണ് ചിത്രത്തിലെ നായിക.
ഒരു ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുളള സിനിമയാകും ഉഗ്രം എന്ന് സംവിധായകന്‍ പറഞ്ഞു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് ഒരു യുവാവും യുവതിയും നാട് വിടുന്നു. യാത്രയ്ക്കിടെ യുവതിയെ ഒരു അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഉഗ്രത്തിന്റെ കാതലെന്നും രത്‌ന ലിംഗ പറഞ്ഞു.
ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് ഷരീഖ് ഹസന്‍ ശ്രദ്ധേയനാകുന്നത്. മോഡലിംഗിലും സജീവമായിരുന്നു. സിനിമയില്‍ ഒരു നല്ല തുടക്കം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷരീഖ്.