എഎംഎംഎയിലെ പ്രശ്നങ്ങള്ക്ക് കാരണം സിദ്ദീഖും, ഗണേഷ് കുമാര്, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് തുറന്നടിച്ച് ലിബര്ട്ടി ബഷീര്. ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടര്ന്നാല് മോഹന്‍ലാല്‍ വൈകാതെ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ലിബര്ട്ടി ബഷീര് പറയുന്നു.
‘എല്ലാ പ്രശ്നങ്ങള്ക്കും തുടക്കം മുതലേയുള്ള കാരണം ഈ നാലഞ്ച് ആള്ക്കാരാണ്. ഇന്നസെന്റേട്ടന് അതൊരു വിധത്തില് കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള് ഇതില് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. മോഹന്ലാലിനേയും സമ്മര്ദ്ദത്തില് ആക്കുന്നത് ഈ നാലഞ്ച് ആള്ക്കാരാണെന്നും’ ലിബര്ട്ടി ബഷീര് ആരോപിക്കുന്നു.
‘നിലനില്ക്കേണ്ട സംഘടനയാണ് എഎംഎംഎ പക്ഷേ, ദിലീപിന്റെ പക്ഷം ചേര്ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്ബോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില് അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്ക്കില്ല.
ഈ പോക്ക് ഇങ്ങനെ പോയാല് ചിലപ്പോള് അയാള്‍ രണ്ട് വര്ഷത്തിനുള്ളില് രാജിവച്ച് പോയിക്കളയും. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില് നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ന് സംഘടനയില് സാധാരണ മെമ്ബര്ഷിപ്പുമായി അയാള്‍ നില്ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്ലാലും നില്ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില് പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്’. ലിബര്ട്ടി ബഷീര് പറയുന്നു.
‘താനെന്നും ഡബ്ല്യുസിസിയിലെ അംഗങ്ങള്ക്കൊപ്പമാണെന്നും ഇനിയും തുറന്നുപറച്ചിലുകള് വരാനുണ്ടെന്നും ലിബര്ട്ടി ബഷീര് പറയുന്നു. എഎംഎംഎയ്ക്കെതിരേ പറയുന്ന കാര്യങ്ങളൊന്നും മുഴുവനായി ഡബ്ല്യുസിസി പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തില് പല മോശം അനുഭവങ്ങളും എഎംഎംഎയിലെ വനിതാ പ്രവര്ത്തകര്ക്ക് ഉണ്ടായിട്ടുണ്ട്. അതൊക്കെ നടക്കുന്നതാണ്. ആര്ട്ടിസ്റ്റുകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് നമ്മള് പ്രൊഡക്ഷന് മാനേജര്മാരെ വയ്ക്കുന്നത്.
പക്ഷേ, ഇന്നലെ കണ്ടില്ലേ ബാദുഷയുടെ അസിസ്റ്റന്റ് ആയി നില്ക്കുന്ന ഷെറിന് എന്ന വ്യക്തി അര്ച്ചന പദ്മിനിയെ ഉപദ്രവിച്ചു എന്ന വാര്ത്ത. അത് ബാദുഷ തന്നെ സമ്മതിച്ചു. ഒരു പ്രൊഡ്യൂസര് എന്ന നിലയില് നമുക്കൊന്നും ചെയ്യാന്‍ പറ്റാതാവുകയാണ്. നമുക്ക് എല്ലാ മുറിയുടെയും മുന്നില് കാവല് നില്ക്കാനാവില്ല. അതിനായാണ് നാലും അഞ്ചും പ്രൊഡക്ഷന് അസിസ്റ്റന്റ്മാര്. ആണ്-പെണ് വ്യത്യാസമില്ലാതെ രണ്ടു കൂട്ടരുടെയും സുരക്ഷയ്ക്ക് ഓരോ ഹോട്ടലിലും ഓരോ ആളെങ്കിലും ഉണ്ടാകും’- ബഷീര് പറയുന്നു.
‘രേവതി പത്ത് മുപ്പത്തിയഞ്ച് വര്ഷമായി സിനിമയിലുണ്ട്. അവര്ക്കൊക്കെ പല അനുഭവങ്ങളും സെറ്റിലുണ്ടായിട്ടുണ്ട്. അതില് ഒരു 10 ശതമാനം മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂവെന്നും ബഷീര് പറഞ്ഞു. മഞ്ജുവിന്റേത് നിശബ്ദ പോരാട്ടമാണെന്നും അവര്‍ ഡബ്ല്യുസിസി വിട്ടുപോകില്ലെന്നും ലിബര്ട്ടി ബഷീര് പറഞ്ഞു.
ഇനിയും പുതിയ പുതിയ ആരോപണങ്ങള് വരും. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആരോപണങ്ങളില് പെടും. കുറച്ചാളുകള് ധൈര്യം കാണിച്ചാല് മറ്റുള്ളവരും മുന്നോട്ടുവരും. എല്ലാവര്ക്കും ധൈര്യമാകും. ചുരുക്കം ചിലര്ക്കേ അത്തരം അനുഭവങ്ങള് ഇല്ലാത്തതുള്ളൂ. മറ്റുള്ളവര് അതെല്ലാം നേരിടാന് സഹിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്- ലിബര്ട്ടി ബഷീര് കൂട്ടിച്ചേര്ത്തു.
താരസംഘടനായ എഎംഎംഎയില് വിവാദങ്ങൾക്ക് തിരികൊളുത്തി നടൻ ജഗദീഷ് രംഗത്തെത്തിയിരിക്കുകയാണ്. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജിവെച്ച നടിമാരെ താരസംഘടനയില് തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി നടന്‍ സിദ്ധിഖും നടി കെപിഎസി ലളിതയും നടത്തിയ വാര്ത്താസമ്മേളനത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ജഗദീഷ് പ്രതികരണം അറിയിച്ചത്.
അമ്മയുടെ ഔദ്യോഗിക വക്താവ് താന് തന്നെയാണെന്നും നടികള്ക്കെതിരെ കെപിഎസി ലളിത നടത്തിയത് സ്ത്രീവിരുദ്ധ പരാമര്ശമാണെന്നും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില് പറഞ്ഞത് അമ്മയുടെ നിലപാട് അല്ലെന്നും ജഗദീഷ് തുറന്നടിച്ചു. ചട്ടങ്ങള്ക്കപ്പുറം ധാര്മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക എന്നും ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ സമാന നിലപാടുമായി ബാബുരാജും എത്തിയതോടെ താരസംഘടനയില് പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്.
ഇരുവരും എഎംഎംഎയുടെ വാട്സ് ആപ്പ് ഗ്രൂപ്പില് ഇട്ട ശബ്ദസന്ദേശം ലീക്കായി മാധ്യമങ്ങള്ക്ക് ലഭിച്ചു. കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്വച്ച് പത്രസമ്മേളനം വിളിച്ചുചേര്ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല് തെറ്റുപറയാന് സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു. സിദ്ധിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം വിളിച്ചത് സിനിമയുടെ സെറ്റില് വച്ചാണ്. അത് തന്നെ അസ്വഭാവികമാണെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. അത് സംഭവത്തില് ദുരൂഹത വളര്ത്തുന്നതാണെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.
അതേസമയം, സിദ്ദിഖിനെ തള്ളി കൊണ്ട് സംഘടനയുടെ വക്താവ് ജഗദീഷ് ആണെന്ന് അമ്മ സംഘടനയും പറഞ്ഞിരുന്നു. എക്സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തില് അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചര്ച്ച ചെയ്യാന്‍ 19ന് അവെയ്ലബിള് എക്സിക്യുട്ടീവ് യോഗം നടത്തുമെന്നമാണ് അമ്മ അറിയിച്ചത്. ജഗദീഷ് അമ്മ സംഘടയുടെ വക്താവല്ലെന്നും ജഗദീഷ് പുറത്തിറക്കിയ വാര്ത്താക്കുറിപ്പ് അമ്മയുടെ തീരുമാനമല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
മീ ടു ക്യാംപെയിനിൽ കുടുങ്ങി നടൻ അലൻസിയർ ലെ ലോപ്പസും. നടി ദിവ്യ ഗോപിനാഥ് ആണ് നടനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അലൻസിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പേരു വെളിപ്പെടുത്താതെയായിരുന്നു കുറിപ്പ്.
പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാതെയാണെന്ന ആക്ഷേപം ഉയര്ന്നതോടെയാണ് അത് താനാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ എത്തിയത്.
ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും ദിവ്യ പറയുന്നു.
മറ്റ് പെൺകുട്ടികളോടും ഇയാൾ ഇത്തരത്തിൽ പെരുമാറിയെന്ന് അറിഞ്ഞു. അതുകൊണ്ടാണ് പരാതി പറയാൻ തീരുമാനിച്ചത്. അമ്മയെന്ന സംഘടനയിൽ വിശ്വാസമില്ലാത്തതിനാൽ ഡബ്ല്യുസിസിയിലാണ് പരാതി നല്കിയത്. അതിന് പിന്നാലെയാണ് കുറിപ്പെഴുതിയത്.
വിഡിയോ കാണാം.
മലയാള സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്ച്ചകളും ചൂടുപിടിച്ചിരിക്കെ മുകേഷിനെതിരെ വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നു. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായി ഷമ്മി തിലകന്‍ പറഞ്ഞു. സിനിമയില്‍ ജോലി സാദ്ധ്യത ഇല്ലാതാക്കലോ അവസര നിഷേധമോ ഇല്ലെന്ന നടന്‍ സിദ്ദിഖിന്റെ പരാമര്ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന് അഡ്വാന്സ് വാങ്ങിയതായിരുന്നു. എന്നാല്‍ മുകേഷ് ഇടപെട്ട് തന്നെക്കൊണ്ട് നിര്ബന്ധിച്ച് തുക തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. ഈക്കാര്യം മുകേഷ് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന് കഴിയുകയുമില്ല’ ഷമ്മി പറഞ്ഞു. അതിന് തന്റെ കൈയില് വ്യക്തമായ തെളിവുണ്ട്.
ഭയന്നുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്തിന് വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന് വ്യക്തമായി അറിയാമെന്നും ഷമ്മി കൂട്ടിച്ചേര്ത്തു. തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ചടങ്ങിനിടെ ഏറെ വിവാദമുണ്ടാക്കിയതാണ് മോഹന്‍ലാലിന് നേരെ തോക്ക് ചൂണ്ടി വെടിവച്ചത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ ക്ഷണിച്ചതിന് പ്രതിഷേധമായിട്ടാണ് അലന്‍സിയറര്‍ കൈചൂണ്ടി മോഹന്‍ലാലിനെ വെടിവച്ചത്.
അലന്‍സിയറിന്റെ ഈ വെടിവയ്പ്പ് ഏറെ വിവാദമായിരുന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ അലന്‍സിയറിനെ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ സ്ത്രീ വിഷയത്തില്‍പെട്ടുപോയിരിക്കുകയാണ് അലന്‍സിയര്‍. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലാണ് അലന്‍സിയറിനെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍. നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുന്നത് വരെ മാത്രമായിരുന്നു ആ ബഹുമാനം ഉണ്ടായിരുന്നത് എന്ന് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലൂടെ നടി പറഞ്ഞു. ‘ഒരു മനുഷ്യനേക്കാള്‍ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകള്‍ അലന്‍സിയര്‍ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നില്‍ക്കുന്നതൊക്കെ കുറച്ച് സേഫ് അല്ലാത്ത കാര്യമാണെന്ന് ബോധ്യമായി.’
‘പീരീഡ്‌സ് ആയിരിക്കുന്ന ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് സംവിധായകന്റെ അനുവാദത്തോടെ എടുത്ത് റൂമില്‍ പോയി ഞാന്‍. കുറച്ച് കഴിഞ്ഞ് ഡോറില്‍ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ ആണെന്ന് കണ്ടതും ഷോക്കായി. ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.’
‘അലന്‍സിയര്‍ ഡോര്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഡോര്‍ തുറന്നു. ഉടന്‍ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വന്നതും ഡോറില്‍ ആരോ മുട്ടി. ഇത്തവണ ഞെട്ടിയത് അയാളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു വന്നത്. അടുത്ത ഷോട്ട് അലന്‍സിയറുടെ ആണെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി’.
‘ഞാന്‍ എതിലെ പോയാലും അയാളുടെ കണ്ണുകള്‍ എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വള്‍ഗറായി ചിത്രീകരിക്കുന്നതില്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണി ആയിട്ടുണ്ടാകും. അന്ന് എന്റെ കൂടെ എന്റെ ഒരു പെണ്‍സഹപ്രവര്‍ത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെല്‍ കേട്ടപ്പോള്‍ അവള്‍ പോയി തുറന്നു. അലന്‍സിയര്‍ ആയിരുന്നു പുറത്ത്. അവര്‍ തമ്മില്‍ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോര്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവള്‍ ബാത്ത്‌റൂമില്‍ കയറി.’
‘എന്നെ ഞെട്ടിച്ച് കൊണ്ട് അയാള്‍ അകത്തേക്ക് കയറി വന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവളും ഞെട്ടി.”എനിക്കറിയാം, ഇതുപോലെ ഒരുപാട് പേര്‍ക്ക് അലന്‍സിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അറിയാം. പതുക്കെ പറയുമായിരിക്കും’ നടി വ്യക്തമാക്കുന്നു.
ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാർ താരസംഘടനയായ “അമ്മ’യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തിൽ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ “അമ്മ’ അംഗങ്ങളിൽ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു.
അമ്മ’ എപ്പോഴും ഇരയ്ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടർന്നും നൽകും. തനിക്ക് ഈ നടയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ “അമ്മ’ പ്രസിഡന്‍റ് മോഹൻലാൽ നടിമാർ എന്ന് അഭിസംബോധന ചെയ്തതിൽ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങൾക്കും മോഹൻലാലിന്‍റെ മെക്കിട്ട് കേറാമെന്ന ധാരണ ആർക്കും വേണ്ട. അത്തരം നീക്കങ്ങളെ അംഗീകരിക്കില്ല- ബാബുരാജ് പറഞ്ഞു.
ഡബ്ല്യൂസിസി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ താൻ ഇരയെ അപമാനിച്ചു എന്ന് പറഞ്ഞത് ശരില്ലെന്നും ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണെന്ന് ചെയ്തതെന്നും പറഞ്ഞ ബാബുരാജ്, ഇക്കാര്യം ഉന്നയിച്ച പാർവതിക്ക് ആ പഴഞ്ചൊല്ലിന്‍റെ അർഥമറിയാഞ്ഞിട്ടായിരിക്കും തനിക്കെതിരെ പറഞ്ഞതെന്നും വ്യക്തമാക്കി.
അമ്മ’ എല്ലായിപ്പോഴും ബൈലോ അനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നതെന്നു പറഞ്ഞ ബാബുരാജ് തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവർത്തിക്കുന്നത് നിർത്തണമെന്നും കൂട്ടിച്ചർത്തു. തിലകനെ പുറത്താക്കുന്നതിന് മുൻപ് “അമ്മ’ തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ജനറൽബോഡി ചേർന്നാണ് തന്നെ തിരിച്ചെടുത്തത്- നടൻ വിശദീകരിച്ചു.
താരസംഘടനയായ അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആരോപണം ഉന്നയിച്ച ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. വിമര്‍ശനമുന്നയിച്ച നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളാണ് ഫേസ്ബുക്ക് പേജില്‍. ഇന്നലെ നടന്ന നടിമാരുടെ വാര്‍ത്താസമ്മേളനം ലൈവ്സ്ട്രീം ചെയ്തതിന് താഴെയും ഇത്തരത്തില്‍ വ്യാപകമായ കമന്റുകളാണ്. പ്രമുഖ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് അക്രമത്തിന് പിന്നില്‍.
വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അസഭ്യവര്‍ഷവും അധിക്ഷേപവും തുടരുന്ന ഫാന്‍സിനെതിരെ സംവിധായകന്‍ ഡോക്ടര്‍ ബിജു രംഗത്തെത്തി. ഇത്തരത്തിലുള്ള കമന്റുകള്‍ എല്ലാ ജില്ലകളിലും മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണമെന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ബിജു കുറിച്ചു.
“WCC യുടെ പ്രസ് മീറ്റ് വാര്‍ത്തകളുടെ ലിങ്കിന് താഴെ കമന്റ് വിസര്‍ജ്ജിക്കുവാന്‍ വന്ന ‘ഫാനരന്മാരുടെ’എണ്ണവും ഭാഷയും കണ്ട് ഞെട്ടേണ്ടതില്ല..കേരളത്തില്‍ എല്ലാ ജില്ലകളിലും ഒട്ടേറെ മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണം എന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഇത് സഹായിക്കും..”
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ എ.എം.എം.എ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിട്ട് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.
മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ നടി ആക്രമണ കേസിലെ പ്രതിയായ ദിലീപ് ഫാന്‍സ് അംഗങ്ങളും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ലൈവ് വീഡിയോ ണഇഇ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.
തീയേറ്ററില്‍ നിങ്ങളുടെ സിനിമ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ചിലരുടെ ഭീഷണി. ചിലര്‍ നടിമാരുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ തെറിവിളികളുമായി രംഗത്ത് വന്നു. ചിലര്‍ മോഹന്‍ലാല്‍ മഹാനടനാണെന്നും നിങ്ങളൊക്കെ ഫീല്‍ഡ് ഔട്ടാണെന്നും വാദം ഉന്നയിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഡബ്ല്യുസിസി സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടുന്നത്. നേരത്തെ ദിലീപിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്ന സമയത്ത് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.
അമ്മയ്ക്കെതിരെ അക്കമിട്ടുള്ള കടന്നാക്രമണവുമായി സിനിമയിലെ വനിതാകൂട്ടായ്മ. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്ന് ഡബ്ള്യുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്.
അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി ആരോപിച്ചു. ഡബ്ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് തയാറായില്ലെന്ന് മോഹന്‍ലാലിനെ ഉന്നമിട്ട് രേവതി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി. സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അംഗങ്ങൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
എണ്ണി എണ്ണി പറഞ്ഞ കാര്യങ്ങൾ…
∙ ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ല
∙ കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല
∙ 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്
∙ പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ?
∙ ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു
∙ ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്ന ബാബുരാജിന്റെ പരാമര്‍ശം ഹീനം
∙ അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി
∙ മോഹന്‍ലാലിനെതിരെ വിമര്‍ശനം
∙ ഡബ്ല്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് തയാറായില്ല
∙ നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് പരാമര്‍ശിച്ചതെന്ന് രേവതി
∙ ദിലീപിന്റെ കാര്യത്തില്‍ ‘അമ്മ’യുടെ ബൈലോ വച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു
∙ ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല: പത്മപ്രിയ
∙ ഇരയായ നടിയുടെ രാജിക്കത്ത്
∙ പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി
∙ സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്
∙ ‘അമ്മ എന്തോ മറയ്ക്കുന്നു’
∙ അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി
∙ അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു
∙ ‘ഞങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ് ‘
∙ താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.
∙ അമ്മയില്‍നിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു. തുടർന്നാണ് അമ്മയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. കെഞ്ചി പറഞ്ഞു സംസാരിക്കാന്‍ അവസരം തരാൻ. പക്ഷേ അവർ അതിനു തയാറായില്ലെന്നും പാർവതി പറഞ്ഞു.
∙ യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.
∙ ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. ബീന പോൾ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളാണ് നടിമാർ ധരിച്ചിട്ടുള്ളത്.
ബോളിവുഡിൽ മീ ടൂ ആരോപണ വിവാദങ്ങളിൽ പുതിയ തലത്തിലേക്ക്. സംവിധായകരായ സാജിദ് ഖാൻ, സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് കരിം മൊറാനി എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ. നടി സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.
ഷാരൂഖ് ഖാന് നായകനായ രാവൺ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ മെറാനി മദ്യം നൽകി ബോധരഹിതയാക്കിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് ഇവർ ആരോപിക്കുന്നു. സിനിമയുടെ ബന്ധപ്പെട്ട് ഹോട്ടൽമുറിയിൽ താമസിക്കുകയായിരുന്നു ഞാൻ. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. മദ്യം ഉപയോഗിക്കുന്നയാളല്ല ഞാൻ. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ കുടിപ്പിച്ചു. മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ മതിവരുവോളം ഉപയോഗിച്ചു. ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം എന്റെ ശരീരത്തിൽ മുഴുവൻ ക്ഷതങ്ങളായിരുന്നു. 21 വയസ് മാത്രമായിരുന്നു എന്റെ പ്രായം. അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്റെ ക്രൂരവിനോദത്തിന് ഇരയാകുകയായിരുന്നു ഞാൻ. മാനസികവും ശാരീരികവുമായി ഞാൻ തളർന്നു.
മൊറാനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ എന്റെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. പുറംലോകം കാണാതെ ജീവിക്കുകയായിരുന്നു ഞാൻ.
2015 സെപ്തംബർ 12 ന് അയാൾ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയിൽ ഗത്യന്തരമില്ലാതെ എനിക്ക് ചെല്ലേണ്ടി വന്നു. ചെന്നില്ലെങ്കിൽ എന്റെ കുടുംബാംഗങ്ങളുടെ ഫോണിൽ എന്റെ നഗ്നചിത്രമെത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. നഗ്നചിത്രങ്ങൾ കാണിച്ച് എന്നെ വീണ്ടും ഭീഷണിപ്പെടുത്തി. വീണ്ടും എന്നെ അയാൾ പീഡിപ്പിച്ചു. തൊട്ടടുത്ത മുറികളിൽ ഷാരുഖ് ഖാനും വരുൺ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാൾ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകൾ തടഞ്ഞുവെച്ച് പീഡിപ്പിച്ചു. നിർവാഹമില്ലാതെയാണ് ഞാൻ ഒടുവിൽ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല.
അയാൾ വലിയ നിർമ്മാതാവാണ്. ഉന്നതങ്ങളിൽ പിടിയുളളയാൾ. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു ആ ദിനങ്ങൾ എന്നു പോലും എനിക്കു ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്റെ ഭാഗം വാദിക്കാൻ ഒരു വക്കീൽ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു ആശ്രയം. അവരും അയാളുടെ സ്വാധീനവലയത്തിലാണെന്ന് എനിക്കു തോന്നി. എന്നോട് സംസാരിക്കാൻ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. ജില്ലാ കോടതിയിൽ ; വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാനായി ആവശ്യപ്പെട്ടു. കോടതിയിൽ മനോവ്യഥയോടെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാൻ. നഗ്നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫോണിൽ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. കോടതി അയാൾക്ക് മുൻകൂർജാമ്യം നൽകി.
ഷാരൂഖ് ഖാനെ സഹപ്രവർത്തകയെന്ന നിലയ്ക്കപ്പുറം ഏറെ പരിചയമില്ല. അദ്ദേഹത്തെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹവുമില്ല. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുകയെന്ന് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരെ കേസുണ്ട്. അഴിമതി ആരോപണമുളള പീഡനക്കേസിൽ പ്രതിയായിട്ടുളള ഒരാൾക്കൊപ്പം ഷാരൂഖിനെ പോലെയൊരാൾ പ്രവർത്തിക്കുന്നതെന്ന കാര്യം ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു– നടി പറയുന്നു.
നിരവധി പേരാണ് ബോളിവുഡിൽ മീ ടൂവിൽ കുടുങ്ങിയത്. ഇതിനിടെയാണ് തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്. ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും 2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7 വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല. പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരാണ് മീടുവിൽ കുടുങ്ങിയത്.