നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍ അഭിനേതാക്കളുടെ സംഘടനയിലെ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍കുട്ടിയും ഹണിറോസും.
കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ നടിമാരും ഒപ്പം ചേര്‍ന്നിരിക്കുന്നത്.
കേസ് വിചരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-വൈശാഖ് ചിത്രത്തിന് ‘മധുര രാജ’ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
പോക്കിരിരാജ റിലീസ് ചെയ്ത് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്.
പ്രിയരേ …
8 വര്‍ഷത്തെ കാത്തിരിപ്പാണ്,
മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ .
വലിയൊരു സ്വപ്നം കൂടിയായിരുന്നു അത് .
മധുരരാജ August 9 ന് തുടങ്ങുകയാണ് .
എല്ലാവരുടെയും പ്രാര്‍ത്ഥനകളും
അനുഗ്രഹവും ഉണ്ടാവണം .
ഹൃദയപൂര്‍വം,
വൈശാഖ് .
ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വൈശാഖ് കുറിച്ചു. രണ്ടാഭാഗം പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ലെന്നും രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണെന്നും വൈശാഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആദ്യ ഭാഗത്തിലെ പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദറാണ്.
അടുത്ത മാസം 9ന് ചിത്രീകരണം ആരംഭിക്കുന്ന മധുര രാജ നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് യു.കെ സിനിമാസാണ്.
മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.
എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.
തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.
അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.
ചലച്ചിത്ര പുരസ്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പിന്നാലെ സോഷ്യല്‍ ഇടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഒരുവിഭാഗം താരാരാധകരുടെ ‘ആക്രമണങ്ങള്‍’ക്ക് ശമനമില്ല. സംവിധായകന്‍ ഡോ.ബിജുവിന് പിന്നാലെ നടി സജിത മഠത്തിലും സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് തന്‍റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കിയതാണ് പ്രകോപനങ്ങളുടെ തുടക്കം. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജുവിന്‍റെ പേജില്‍ ആരാധക രോഷം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സജിത മഠത്തിലും സമാനമായ ആക്രമണം നേരിട്ടത്. പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
കായംകുളി കൊച്ചുണ്ണി മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി റിലീസിനൊരുങ്ങുന്നു . നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു. അതിസാഹസികമായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റോഷൻ ആൻഡ്രൂസ്.
ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ചിത്രത്തിൽ ലൊക്കേഷൻ തന്നെയാണ് പ്രധാന ഹൈലൈറ്റ്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കല്ല് വിരിച്ച വഴികൾ, കാളവണ്ടി, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചിത്രത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനിൽ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തിൽ നിവിൻ മുങ്ങാംകുഴിയിടുന്നതാണ് രംഗം. എന്നാൽ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തിൽ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താൻ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. അപ്പോഴും അഞ്ചാറ് മുതലകളെ കുളത്തിന് മുകളിൽ കാണാമായിരുന്നു. ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല.
ശ്രീലങ്കയിൽ മുതലകളായിരുന്നെങ്കിൽ മംഗളുരുവിലെ കടപ്പ വനത്തിൽ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയതിനാൽ അപകടമൊന്നുമുണ്ടായില്ല.
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിവിൻറെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടത്, റോഷൻ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ-സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് 107 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സേതു, നടൻ പ്രകാശ് രാജ്, സംവിധായകൻ രാജീവ് രവി, ഡബ്യുസിസി അംഗം ഗീതു മോഹൻദാസ് എന്നിവർ അടക്കം 107 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യതിഥി ആക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ നിന്നും മോഹൻലാലിനെ മാറ്റി നിർത്തണമെന്ന ആവശ്യം സർക്കാർ തള്ളും എന്നാണ് സൂചന. സാംസ്കാരിക പ്രവർത്തകർ മോഹൻലാലിനെ മുഖ്യാതിഥിയാക്കരുതെന്ന അഭിപ്രായം സർക്കാർ കണക്കിലെടുക്കില്ല. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ സർക്കാർ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത്. അതിൽ സർക്കാർ കക്ഷിയല്ല. സർക്കാരിന് അമ്മയുടെ കാര്യത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല. അമ്മയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് നേരത്തെയും സർക്കാർ വ്യക്തമാക്കിയതാണ്. അമ്മ ഒരു സംഘടനയാണ്. അതിന്റെ പ്രസിഡന്റാണ് ലാൽ. എന്നാൽ പ്രസിഡന്റല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. ദിലീപ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. പ്രത്യേക കോടതി വിചാരണക്ക് അനുവദിക്കണമെന്ന നടിയുടെ ആവശ്യത്തിനോട് സർക്കാർ അനുഭാവപൂർണ്ണമാണ് പ്രതികരിച്ചത്. എന്നാൽ ആക്രമണവും മോഹൻലാലിന്റെ ക്ഷണവും തമ്മിൽ കൂട്ടിയോജിപ്പിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം.
സർക്കാർ, നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എൻ എസ് മാധവന്റെ കത്ത് സർക്കാരിന് ലഭിച്ചിട്ടില്ല. സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ന്യായം പറയാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച വനിതാതാരങ്ങളും മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും സർക്കാർ പ്രതികരിച്ചില്ല. മോഹൻലാലിനോട് സാംസ്കാരിക മന്ത്രി നേരിട്ട് താരങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇത്. അതിൽ ഇടഞ്ഞ് നിൽക്കുന്ന താരങ്ങളുമായി ചർച്ച നടത്താമെന്ന് ലാൽ സമ്മതിച്ചിരുന്നു. അടുത്ത മാസം ഏഴിന് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും മോഹൻലാലിനെ ചലച്ചിത്ര അക്കാദമിയുടെ ചടങ്ങിൽ നിന്നും മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സർക്കാരിന്റെ വാദം
മോഹൻലാലിനെ ചടങ്ങിൽ വിളിച്ചത് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ലെന്ന് സർക്കാർ വാദിക്കുന്നു.
മോഹൻലാൽ ആദരണീയനായ താരമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ അപമാനിക്കാനാവില്ല. അദ്ദേഹത്തെ ഒഴിവാക്കിയാൽ അത് വിവാദമാകുമെന്ന് സർക്കാർ കരുതുന്നു. ലാൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ വിശ്വാസം.
ലൂസിഫര്‍ ഒരു അപൂര്‍വ സംഗമാണെന്നും ഇത് പൂര്‍വകല്‍പ്പിതമാണെന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മോഹന്‍ലാല്‍.
തന്റെ ബ്ലോഗില്‍ വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ചിത്രത്തെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും വിവരിച്ചത്. പൃഥ്വിരാജിന്റെ ക്യാമറയ്ക്ക മുന്നില്‍ അനുസരണയോടെയാണ് ഞാന്‍ നിന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസിലിന്റെ ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഭാഗ്യം കിട്ടി. എനിക്കേറെയിഷ്ടപ്പെട്ട ഭരത്‌ഗോപിച്ചേട്ടന്റെ മകന്റെ തിരക്കഥയില്‍ അഭിനയിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുളവാകുന്നു.മറ്റൊരു നടന്‍ പൃഥ്വി രാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ നിമിഷമെന്ന് മാത്രമേ ഇതിനെ പറയാനുള്ളു. ഒരു പക്ഷേ അത്ഭുതമായിരിക്കാം തിരക്കുള്ള ഒരു നടന്‍ അഭിനയം മാറ്റിവെച്ച് സംവിധായകനാകുന്നത്. പൃഥ്വിവില്‍ സുകുമാരന്‍ ചേട്ടന്റെ നിഴല്‍ അവശേഷിച്ചിട്ടുണ്ടെന്നും മോഹന്‍ ലാല്‍ കൂട്ടിചേര്‍ക്കുന്നു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങള്‍ കാത്ത് വച്ചിട്ടുണ്ടാവും എന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ പലരും അത് കാണാന്‍ ശ്രമിക്കാറില്ല. കണ്ടാല്‍ തന്നെ അതിനെ ഗൗനിക്കാറില്ല. അതില്‍ നിഷ്‌കളങ്കമായി അത്ഭുതപ്പെടാറില്ല. നാം തന്നെ നമുക്ക് മുകളില്‍ കെട്ടിപ്പൊക്കിയ തിരക്കുകളും നമ്മുടെയുള്ളില്‍ തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്‌കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നില്‍ വരുമ്പോഴും നാം വിരസമായ മുഖത്തോടെയായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയില്‍ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ആരോ എവിടെയോ ഇരുന്ന് നെയ്യുന്ന ഒരു അത്ഭുത വല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയില്‍ ഒരു നൂല് പോലും വേറിട്ട് നില്‍ക്കുന്നില്ല. എല്ലാത്തിനുമുണ്ട് പരസ്പര ബന്ധം
പുതിയ സിനിമയായ ലൂസിഫറില്‍’ പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ ആണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞ് പോകുന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആള്‍…. 34 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ പാച്ചിക്കാ അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍, ഒരു കഥാപത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകന്‍ മുരളീ ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വമായ ഒരു സംഗമം. ഇത് പൂര്‍വകല്‍പ്പിതമാണെന്ന് എന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് എനിക്ക് ഇഷ്ടം.
പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ ഒരുപാട് നിഴലുകള്‍ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്ത് ഉള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്. മദിരാശിയില്‍ സുകുമാരന്‍ ചേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്കാ താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച് നടക്കുന്നത് ക്യമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്കാ. ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവര്‍ യാത്ര തുടരുന്നു. അതെ.. എന്നെ സംബന്ധിച്ച് ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോൾ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള്‍ ആ വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ.. അംശമുണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.
ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന്‍. പക്ഷേ എന്നില്‍ ഒരു സംവിധായകനില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തില്‍ എത്തിയാല്‍ ഞങ്ങലെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായും സമര്‍പ്പിക്കണം… യാതൊരു വിധ അഹന്തകളുമില്ലാതെ…. ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും.. നാല്‍പ്പത് വര്‍ഷത്തിലധികമായി ഞാന്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഏതോ ഒരു സിനിമയില്‍ ഒരുപാട് നടന്മാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓര്‍മ എന്നില്‍ മിന്നല്‍ പോലെ വന്ന് മാഞ്ഞു. എന്റെ മുന്നില്‍ നില്‍ക്കുന്ന മിക്ക നടന്മാരുടെയും.. അവരുടെ അച്ഛന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായ;കുമാര്‍, വിജയരാഘവന്‍, പൃഥ്വിരാജും ഇന്ദ്രജിത്തും, മുരളി ഗോപി.. മുകേഷിന്റെ അമ്മയൊടൊപ്പം..
അങ്ങിനെയങ്ങിനെ തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്ന് പോയതാണ്. ഔഷധവാഹിയായ അരുവിയെ പോലെ സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ നിൽകുമ്പോൾ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു. അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു. അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്ന്.. പറന്ന്.. പറന്ന്.. അങ്ങനെ.
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം തിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടി, അഞ്ജലി അമീർ , സത്യരാജ്, സംവിധായകൻ മിഷ്കനും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.
ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് സംവിധായകൻ മിഷ്കൻ നടത്തിയ പരാമർശം വിവാദമാകുകയാണ്. സംവിധായകന്റെ ബാലാത്സംഗ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്,ഓഡിയോ ലോഞ്ചിന് മിഷ്കറിന്റെ പ്രസംഗം ഇങ്ങനെ. മമ്മൂക്ക താങ്കൾ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസപ്പ് ഷോർട്ട് ചിത്രത്തിലുണ്ട്. സത്യം, മറ്റാരെങ്കിലുമാണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ നാം പേടിച്ചു പോയേനെ. ഈ ചിത്രത്തിലേയ്ക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതിൽ താൻ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കിൽ ഞാൻ തീർച്ചയായും പ്രണയിച്ചേനേ. അല്ലെങ്കിൽ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം കൂടിയാണെന്ന് മിഷ്കിൻ പറഞ്ഞു.
ഇപ്പോഴിതാ മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന.തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിന്‍ എന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. മിഷ്‌കിന്റെ ബലാല്‍സംഘ പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലത്തേണ്ടത് അത്യാവശ്യമാണ്. പ്രസന്ന പറഞ്ഞു.
ശ്രദ്ധേയമായൊരു ചിത്രത്തിലൂടെയാണ് ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കലാമൂല്യമുളള സിനിമകളുടെ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും പേരന്‍പ് എന്നാണറിയുന്നത്. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയപ്രാധാന്യം ഏറെയുളള ഒരു കഥാപാത്രമായാണ് മമ്മൂക്കയെത്തുന്നത്. വൈകാരിക ഏറെയുളള ചിത്രം ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും പേരന്‍പില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വ്യത്യസ്ഥ പ്രമേയം
വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു അച്ഛന്റെയും അംഗവൈകല്യമുളള മകളുടെയും കഥയാണ് ചിത്രം പറയുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍പില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജ ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
പിച്ച വെച്ച നാൾ മുതൽക്ക് നീ… ഈ പാട്ട് പശ്ചാത്തലമായി പിച്ച എടുക്കുന്ന രണ്ട് യുവതാരങ്ങൾ. ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ താരങ്ങൾ. ശരിക്കും പിച്ചക്കാരാണെന്ന് കരുതി ചിലരൊക്കെ ഇവർക്ക് കാശ് നൽകുന്നുമുണ്ട്.
വിഡിയോയുടെ താഴെ ആരാധകരുടെ വത രസകരമായ കമന്റുകളും. ആത്മ പ്രശംസ എനിക്ക് തീരെ ഇഷ്ടമല്ല. ഇത്രക്ക് ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ… ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. പിഷാരടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഡിയോ പങ്കുവച്ചത്.
പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.
1968ല്‍ തേരി തല്‍ഷാന്‍ മേന്‍ എന്ന ചിത്രത്തിലൂടെയാണ് റീത്താ അഭിനയരംഗത്തേക്കെത്തിയത്. തുടര്‍ന്ന് 70 മുതല്‍ 90കാലഘട്ടം വരെ നായികയായും സഹനടിയായും മിന്നിത്തിളങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു. സാവന്‍ കോ ആനെ ദോ (1979), ജൂലി (1975), രാജ (1995) എന്നീ ചിത്രങ്ങളില്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കമലഹാസന്റെ ആദ്യ ചിത്രങ്ങളിലൊന്നായ കന്യാകുമാരിയിലൂടെ (1974) മലയാളത്തിന്റെ നായികയായും റീത്ത എത്തി. അഭിഷേക് ജയിന്‍ സംവിധാനം ചെയ്ത കെവി റിതേ ജയിഷ് എന്ന ഗുജറാത്തി ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മുംബയ് അന്ധേരിയിലെ ശ്മശാനത്തില്‍ അന്തിമചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.