Movies

മുംബൈ: തെന്നിന്ത്യന്‍ നടി ശ്രേയ ശരണ്‍ വിവാഹിതയായി. വരന്‍ റഷ്യന്‍ പൗരനായ ആന്ദ്രേ. ഇരുവരും വളരെക്കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ച് 12ന് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് നടന്ന ചടങ്ങിനെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. ശ്രേയയുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തെന്നാണ് വിവരം.

വരന്‍ ആന്ദ്രേ റഷ്യയുടെ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമാണ്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ ശ്രേയയുടെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങുകളുടെ ചിത്രങ്ങളോ മറ്റു ദൃശ്യങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല.

ഇരുവരും ഉദയ്പൂരില്‍ വെച്ച് വിവാഹിതരാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് ശ്രേയയുടെ ബന്ധുക്കള്‍ രംഗത്തു വന്നു. വിവാഹശേഷം വധുവും വരനും ഒന്നിച്ചുള്ള ഒരു ചിത്രം പോലും ഇരുവരും പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.

മലയാള സിനിമയില്‍ തന്നെ ഏറെ ചര്‍ച്ചയായ ഒന്നാണ് കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് നടികളുടെ തുറന്നു പറച്ചില്‍. നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍മ്മാതാവിനും സംവിധായകനുമുള്‍പ്പെടെ പലര്‍ക്കും വഴങ്ങി കൊടുക്കണമെന്ന വെളിപ്പെടുത്തലുമായി യുവ നായികമാരെത്തിയപ്പോള്‍ ഇതുവരെ മലയാള സിനിമ കൊണ്ടു നടന്ന മാന്യ മുഖത്തിനേറ്റ അടിയായി അത്. പക്ഷേ നായികമാരുടെ ധീരമായ തുറന്നു പറച്ചിലായിരുന്നു അത്. കാസ്റ്റിങ് കൗച്ചുകള്‍ സിനിമയില്‍ മാത്രമേയുള്ളോ? അപ്പോള്‍ സീരിയല്‍ നായികമാരുടെ അവസ്ഥയെന്താകും എന്നലോചിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേഖ. പരസ്പരത്തിലെ പത്മാവതിയെന്ന നിലയിലാണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും രേഖയെ പരിചയം.

‘സിനിമകളില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയല്‍ വ്യവസായത്തില്‍ അത്തരമൊന്ന് എന്റെ അറിവില്‍ ഇല്ല. പലതവണ ഓഡിഷന്‍ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യമില്ല. യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം, ഒരു അഭിമുഖത്തില്‍ രേഖ പറഞ്ഞു.

പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം. പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോള്‍, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും. പ്രേക്ഷകര്‍ എല്ലായ്‌പോഴും പുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്. ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് അവസരവുമുണ്ട്’ രേഖ പറയുന്നു.

അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. 45 ലക്ഷം രൂപയുടെ ആദായ നികുതി കുടിശിക ഈടാക്കാനാണ് ഫ്‌ളാറ്റ് ലേലത്തില്‍ വില്‍ക്കുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരന്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഫ്‌ളാറ്റ് ലേലത്തിന് വെയ്ക്കുന്നത്.

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ കുടിശിക വര്‍ദ്ധിച്ച് 45 ലക്ഷം രൂപയില്‍ എത്തിയിരിക്കുന്നത്. ഈ മാസം 26നാണ് ലേലം നടക്കുന്നത്. ഒരു കോടി 14 ലക്ഷം രൂപയാണ് ഫ്‌ളാറ്റിന് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ ഈ ഫ്‌ളാറ്റില്‍ ഒരാള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നതാണ്. മാസം 13,000 രൂപ വാടക ഇപ്പോള്‍ ഇയാള്‍ ആദായ നികുതി വകുപ്പിനാണ് അടച്ചുകൊണ്ടിരിക്കുന്നത്. ഈ മാസവാടക കൊണ്ട് ആദായ നികുതി വകുപ്പിന് കുടിശിക നികത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ലേല തുക കഴിച്ച് ബാക്കി വരുന്ന തുക എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നടി ശ്രീദേവിയോടു തനിക്കു പ്രണയമുണ്ടായിരുന്നതായി നടൻ ആമിർ ഖാൻ. ഒരു ടെലിവിഷൻ ചാനലിന്റെ പരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഒരു ഫോട്ടോ ഷൂട്ടിനായിട്ടാണ് താൻ ആദ്യമായി ശ്രീദേവിയുടെ മുന്നിലെത്തുന്നത്. അന്ന് അവരുടെ മുന്നിൽ പോകാൻ ടെൻഷനായിരുന്നു. താൻ വെറുമൊരു തുടക്കക്കാരൻ. അവരാകട്ടെ ബോളിവുഡിന്റെ സ്വപ്നസുന്ദരിയും. ശ്രീദേവിയുടെ മുന്നിലെത്തിയാൽ തനിക്ക് അവരോടുള്ള പ്രണയം വെറും രണ്ടു സെക്കൻഡിനുള്ളിൽ അവർ തിരിച്ചറിയും. ഈ പയ്യന് എന്നോട് പ്രണയമാണല്ലോ എന്ന് അവര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. ഞാനാകെ പരിഭ്രാന്തനായി.’

Image result for sridevi-aamir khan film seen

ഒരു മാഗസിനായുള്ള ഫോട്ടോഷൂട്ട് ഓര്‍ത്തെടുത്ത് ആമിര്‍ പറ‍ഞ്ഞു. അത്രയ്ക്കുണ്ടായിരുന്നു അവരോടുള്ള ആരാധനയും സ്നേഹവും. നിങ്ങളുമായി ബന്ധപ്പെടുത്തി കേൾക്കാൻ ആഗ്രഹിക്കുന്നത് ആരുടെ പേരാണെന്ന ചോദ്യത്തിന് ശ്രീദേവി എന്നായിരുന്നു ആമിറിന്റെ മറുപടി.

നടിയുടെ മരണസമയത്ത് ലോസാഞ്ചലസിലായിരുന്നു ആമിർ. വാർത്തയറിഞ്ഞ് മുംബൈയിലെത്തിയ ആമിർ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ വസതിയിലെത്തി ആശ്വസിപ്പിച്ചിരുന്നു

 

പുതിയ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ച് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായ തമിഴ്-മലയാളം സിനിമാ ലോകത്തിന് തലവേദനയുണ്ടാക്കുന്ന വെബ്‌സൈറ്റുകളിലൊന്നാണ് തമിഴ് റോക്കേഴ്‌സ്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കകം സിനിമയുടെ വ്യാജ പതിപ്പ് സൈറ്റിലൂടെ പുറത്തു വിടുന്നതാണ് ഇവരുടെ രീതി. അഡ്മിനുകളെ പിടികൂടാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

ആന്റി പൈറസി സെല്ലാണ് സൈറ്റ് അഡ്മിന്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ പ്രഭു, സുരേഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു സൈറ്റായ ഡി.വി.ഡി റോക്കേഴ്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും അറസ്റ്റിലായിട്ടുണ്ട്. ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം വിമാനം തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് സിനിമകള്‍ക്ക് വന്‍ നഷ്ടമാണ് സൃഷ്ടിക്കുക. നിരവധി നിര്‍മ്മാതാക്കളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത്.

കൊല്ലം സ്വദേശി അഭിജിത്ത് വിജയ്. യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ച വാർത്ത വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജൂറി അംഗം വെളിപ്പെടുത്തിയിരുന്നു. യുകെയിൽ പത്തോളം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചു യുകെ മലയാളികളുടെ ആരാധനാപാത്രമായി മാറിയ താരംകൂടിയാണ് അഭിജിത്

പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജിത്  മനസ് തുറന്നത്.സ്റ്റേറ്റ് അവാർഡിന്റെ അവസാന റൗണ്ടിൽ വരെ എത്തി നഷ്ടപ്പെട്ടതിനെ പറ്റി അഭിജിത് ഇങ്ങനെ പറഞ്ഞു തുടങ്ങി.യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. സ്റ്റേജ് ഷോകളിലൊക്കെ പാടാറുണ്ട്. സത്യസന്ധമായി പറയാം. അനുകരിച്ചിട്ടില്ല. അദ്ദേഹം പാടിയ ഒരു പാട്ടാണെങ്കിൽ നമുക്ക് അതുപോലെ അനുകരിച്ചെന്നു പറയാം. ഇത് പക്ഷെ പുതിയ ഒരുപാട്ടല്ലേ? ഇതിൽ അർജുനൻ മാസ്റ്റർ പറഞ്ഞതു പോലെ തന്നെ പാടുകയായിരുന്നു.അങ്ങനെ അനുകരിച്ചെങ്കിൽ മാസ്റ്റർ തിരുത്തില്ലായിരുന്നോ? ദാസേട്ടനെക്കൊണ്ട് എത്രയെത്ര പാട്ടുകൾ അദ്ദേഹം പാടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാമ്യം തോന്നിയില്ല. ചില ചാനലുകളിൽ ദാസേട്ടന്റെ ശബ്ദം പോലെതന്നെ എന്ന പറഞ്ഞ് എന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം എനിക്കിപ്പോൾ കുഴപ്പമായെന്നു തോന്നുന്നു. പക്ഷെ പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ അനുകരിക്കുന്നു എന്നാക്ഷേപിക്കുന്നവർക്ക് നൽകാനൊരു മറുപടിയായേനെ. ഇതിപ്പോ ആണിയടിക്കുന്നതുപോലെയായി.

സൂര്യഫെസ്റ്റിന് തിരുവനന്തപുരത്ത് വച്ച് ദാസ് സാറിനെ കാണാൻ സാധിച്ചു. ഒന്നും പറയാൻ കഴിഞ്ഞില്ല. കാലിൽ വീണ് അനുഗ്രഹം തേടി. അദ്ദേഹത്തിന്റെ ശിഷ്യനായ രോഹിത്തേട്ടാനായിരുന്നു അതിന് അവസരമൊരുക്കിയത്. രോഹിത്തേട്ടൻ ഇത് അഭിജിത്ത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തലയാട്ടി, എന്നിട്ട് എന്റെ തോളിൽ തട്ടി അഭിജിത് പറഞ്ഞു

വളരെ സാധാരണ കുടുംബത്തിലെ ഒരാളാണ് ഞാൻ. എന്റെ കുടുംബത്തിലാർക്കും സംഗീതവുമായി ഒരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി പാട്ട് പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംഗതികൾ‌ അനുകരിച്ചു എന്നൊക്കെ പറയുമ്പോൾ എന്താണ് സംഗതി എന്നു പോലും എനിക്കറിയില്ല. പക്ഷെ ഇതുവരെ ഭക്തി ഗാനങ്ങളും മറ്റുമായി 2000ത്തോളം പാട്ടുകൾ ഇതുവരെ പാടിയിട്ടുണ്ട്.

ആദ്യമായി പാടുന്നത് ആകാശമിഠായിലാണ്. അത് ജയറാമേട്ടനുമായി ഉള്ള പരിചയമുള്ളതുകൊണ്ട് കിട്ടിയ ചാൻസാണ്. നടൻ സിദ്ധിക്കേട്ടൻ ഒരുപാട് സഹായിട്ടിച്ചുണ്ട്. എന്റെ പാട്ട് കേട്ടിട്ട് വിളിക്കുകയായിരുന്നു. സിനിമയിൽ ചാൻസ് നേടിത്തരാൻ അദ്ദേഹം ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നില്ല. അദ്ദേഹം പറഞ്ഞിട്ടാണ് ജയറാമേട്ടൻ വിളിക്കുന്നത്. അങ്ങനെ ആകാശമിഠായിലാണ് ആദ്യമായി പാടുന്നത്.

അഭിജിത്തിന്‍റെ ശബ്ദത്തിന് യേശുദാസിന്‍രെ ശബ്ദവുമായി സാമ്യമുണ്ടെന്ന വാര്‍ത്ത അര്‍ജുനന്‍ മാസ്റ്ററും ഇന്നലെ നിഷേധിച്ചിരുന്നു. അത് അഭിജിത്തിന്‍റെ യഥാര്‍‌ഥ ശബ്ദമാണ് എന്നായിരുന്നു മാസ്റ്ററുടെ പ്രതികരണം.

ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ പുതിയ ലുക്ക് തന്നെയാണ് കാത്തിരിപ്പിന് പിന്നിലെ പ്രധാന കാരണം. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങുകള്‍ പുരേഗമിക്കുകയാണ്. പുതിയ ലുക്ക് ചര്‍ച്ചയായതിനു പിന്നാലെ ഇപ്പോള്‍ മോഹന്‍ലാലിന്റെ കഴുത്തിലെ മാലയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മാലയിലെ ലോക്കറ്റ് ഏറെ പ്രത്യേകതയുള്ളതാണ്. മാലയില്‍ കാളി ദേവിയുടെ ചിത്രമാണുള്ളത്. ഹിന്ദു വിശ്വാസപ്രകാരം കാളി മരണത്തിന്റെ ദേവതയാണ്.

ഈ മാലക്കും സിനിമയിലെ കഥക്കും തമ്മില്‍ എന്തെകിലും ബന്ധമുണ്ടോന്നുള്ള ആലോചനയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് സൂചനകള്‍. സിനിമയ്ക്കായി നൃത്തവും, അയോധന കലകളും അഭ്യസിച്ചിട്ടുള്ള മോഹന്‍ലാല്‍ പക്ഷേ കരിയറില്‍ ഏറ്റവും കൂടുതല്‍ ശാരീരിക അധ്വാനം നടത്തിയ ചിത്രമാണ് ഒടിയന്‍.

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് ഗോവയില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. പരിക്ക് അത്ര ഗുരുതരമല്ലെന്നും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം അഭിനയം തുടരാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് പട്ടാളവുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കില്‍ നിവിന്റെ ഇടതു കൈ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് ശേഷവും നിവിന്‍ അഭിനയം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചിത്രീകരണം മുടങ്ങിയാല്‍ വന്‍ തുകയാണ് നഷ്ടം സംഭവിക്കുക.

ഗോവയിലെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം രണ്ടാം തിയ്യതിയോടെ നിവിന്‍ തിരിച്ച് ഷൂട്ടിംഗിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ സ്വന്തം നാട്ടില്‍ വിശ്രമത്തിലാണ്.

കൊച്ചി: സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിന്റെ പെണ്ണ് കാണല്‍ ചടങ്ങാണ് ടീസറില്‍ ആവിശ്കരിച്ചരിക്കുന്നത്. ചിത്രം മാര്‍ച്ച് 23 ന് പുറത്തിറങ്ങും. സൗബിന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

നവാഗതനായ സക്കറിയ എഴുതി സംവിധാനം ചെയ്യുന്ന സിനമയില്‍ സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലപ്പുറത്തിന് സെവന്‍സ് ഫുട്‌ബോള്‍ സംസ്‌ക്കാരത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ചിത്രീകരിച്ചരിക്കുന്ന ചിത്രം ഒരു ഫുട്‌ബോള്‍ ക്ലബ് മാനേജരുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാദിലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്‍, അന്‍വര്‍ അലി, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.

ഇർഫാൻ ഖാന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ സുതാപ സിക്ദർ. തന്റെ ഭർത്താവ് ഒരു പോരാളിയാണെന്നും പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ അദ്ദേഹത്തിന് കഴിയുമെന്നും സുതാപ കുറിച്ചു. രോഗം എന്തെന്നതിനേക്കാൾ രോഗ ശമനത്തെക്കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്നും സുതാപ ഫേസ്ബുക്കിൽ വെളിപ്പെടുത്തി.
സുതാപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ പങ്കാളി ജീവിതത്തിലെ പ്തിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചറിയാൻ ആകാംഷയുണ്ടാകാം. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണ്. രോഗശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി ല്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

തനിക്ക് അപൂർവരോഗമാണെന്ന് ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved