അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം. മുൻപ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകൾ ജെയ്മി എട്ടിലും മകൻ ലൂക്ക് ആറാം ക്ലാസിലുമാണ്.
നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് മാതു ജേക്കബുമായി വേർപിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഡാൻസ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം. വിവാഹത്തിനു മുൻപേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു
മലയാളത്തിന് എക്കാലത്തെയും പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയും അമേരിക്കയില്‍ ഡോക്ടറുമായ അന്പഴകന് ജോര്‍ജ് ആണ് വരന്. നേരത്തെ ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറിയ മാതു നാല് വര്‍ഷം മുന്‍പാണ് വിവാഹ മോചനം നേടിയത്.
ന്യൂയോര്‍ക്കിലെ സ്വന്തം അപാര്‍ട്ട്മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരുകയായിരുന്നു താരം. ജേക്കബുമായുള്ള ബന്ധത്തില്‍ മാതുവിന് രണ്ട് മക്കളുണ്ട് ജെയ്മിയും ലൂക്കും. ആദ്യ വിവാഹത്തെ തുടര്‍ന്ന് സിനിമാ ലോകത്തോട് വിടപറഞ്ഞ മാതു പിന്നീട് ഡാന്‍സ് ടീച്ചറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു.
മമ്മൂട്ടിയുടെ അമരത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാതു. മാധവിയെന്നായിരുന്നു ആദ്യ പേര്. പിന്നീട് ക്രിസ്തു മതം സ്വീകരിച്ചതിനു ശേഷമാണ് മാതുവെന്ന പേര് സ്വീകരിച്ചത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍ മാതുവിനെ തേടിയെത്തുകയായിരുന്നു.
റോഷന് ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ട് സംവിധായകന്. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറ്റി തലമുടിയും പരുക്കന്‍ രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.
കഴിഞ്ഞ ദിവസമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്.
നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം ഇതാദ്യമാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗസ്റ്റ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ ഒറ്റ ചങ്ങാതിയാണ് ഇത്തിക്കര പക്കി. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
മാര്‍ച്ചില്‍ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി അഡാറ് ലവ് മാതൃകയിലുള്ള പോസ്റ്ററും. വിവാദങ്ങളില്‍ പെട്ടിരിക്കുന്ന അഡാറ് ലവിലെ ഗാനത്തിന് ഒപ്പമാണ് പാര്‍ട്ടിയും എന്ന സന്ദേശ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഷ്റഫലി പറയുന്നു.
അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രിയ കണ്ണിറുക്കി കാണിക്കുന്ന ചിത്രമാണ് സിപിഐ വളാഞ്ചേരി വലിയ കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍ സ്ഥാപിക്കണമെന്ന സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ ‘അഡാറ്’ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുന്നത്.
മാറുന്ന നാടിന് നേരിന്റെ ചുവപ്പ് എന്ന മുദ്രാവാക്യവും പോസ്റ്ററില്‍ കാണാം. അഡാറ് ലവിലെ ചിത്രത്തിന്റെ പേര് എഴുതിയിരിക്കുന്ന അതേ രീതിയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിരിക്കുന്നത്. സുകുമാര്‍ അഴിക്കോടും കമല സുറയ്യയും ഉള്‍പ്പെടുന്ന സാംസ്ക്കാരിക നായകന്മാരുടെ കൂട്ടത്തിലേക്കാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്.
മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.
മുംബൈ: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ അഡാറ് ലവിലെ ഗാനത്തിന് പിന്നാലെ വിവാദങ്ങളും. ലക്ഷകണക്കിന് ആലുകളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാണിക്ക മലരായ പൂവി യെന്ന അഡാറ് ലവിലെ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനത്തിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്.
ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാനത്തിനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെ മുംബൈയിലെ റാസാ അക്കാദമിയും ഗാനത്തെ എതിര്‍ത്തു രംഗത്തു വന്നു. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷിക്ക് കത്ത് നല്കി. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന് ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന തമിഴ് നടന് കമല്‍ ഹാസന്റെ പ്രഖ്യാപനത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രമുഖ സംവിധായകന് ബി ഉണ്ണി കൃഷ്ണന്. താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നുവെന്ന് ബി ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍.
താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന് അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത് ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആദരണീയനായ ശ്രീ.കമല്ഹാസന്,
താങ്കള്‍ അഭിനയം നിറുത്തുന്നു എന്ന പ്രസ്താവന നടുക്കത്തോടേയും ദു:ഖത്തോടേയുമാണ് വായിച്ചത്. സിനിമ കാണാന്‍ തുടങ്ങിയനാള്‍ മുതല്‍ താങ്കള്‍ എന്റെ ഇഷ്ടനടനാണ്. ഞാന്‍ ആദ്യം കണ്ട കമല്‍ ചിത്രം വിഷ്ണുവിജയം എന്ന ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചിത്രമാണ്. ഷീലയെ വശീകരിക്കുന്ന പ്രതിനായക സ്വഭാവമുള്ള വിഷ്ണുവിന്റെ കട്ടഫാനായി ആദ്യ കാഴ്ച്ചയില്‍തന്നെ ഞാന്‍ മാറി. മലയാളികള്‍ കണ്ടന്തം വിട്ട ആദ്യ സിക്സ് പാക്ക് നടന് താങ്കളാണല്ലോ. പിന്നെ, വയനാടന്‍ തമ്പാനും, ആനന്ദം പരമാനന്ദവും, ഈറ്റയും അടക്കം എത്ര മലയാള പടങ്ങള്‍. താങ്കള്‍ തമിഴിന്റെ പ്രിയ നായകനായപ്പോഴും, എന്നെപ്പോലെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് താങ്കള്‍ ഇഷ്ടനടനായി തുടര്‍ന്നു. കേരളവും താങ്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും വളരെ, വളരെ സ്പെഷ്യല്‍ ആണ്. പതിനാറു വയതിനിലേയും, സിഗപ്പു റോജാക്കളും, വരുമയില്‍ നിറം സിഗപ്പും, ഇന്നും എന്റെ ഇഷ്ടചിത്രങ്ങളാണ്. സകലകലാ വല്ലഭന്, കോട്ടയം രാജ്മഹാളില്‍ ചുരുങ്ങിയത് പത്ത് തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. മൂന്നംപിറ കണ്ട് ‘ഡെസ്പ’ടിച്ചു കിടന്നിട്ടുണ്ട്. പുഷ്പക വിമാനം, ഇന്ദ്രന് ചന്ദ്രന്, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ്വസഹോദരങ്ങള്‍, തെന്നാലി– അങ്ങ് നടത്തിയ വേഷപകര്ച്ചകള് മറ്റാര്‍ക്കും കഴിയുന്നതല്ല. ശ്രീ.ഭരതന് സംവിധാനം ചെയത തേവര്‍മകനില്‍, താങ്കളും മഹാനടനായ ശ്രീ.ശിവാജി ഗണേശനും ചേര്‍ന്നുള്ള കോംബോ സീന്‍സ്! ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കോരിത്തരിപ്പുണ്ടാവുന്നുണ്ട്, സര്.
സാഗരസംഗമം, എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളില്‍ ഒന്നാണ്. കമല്‍-ശ്രീദേവി ആണ് പലര്‍ക്കും പിടിച്ച ജോടി. എനിക്കത് കമല്‍-ജയപ്രദയാണ്. സാഗരസംഗമവും, നിനത്താലെ ഇനിക്കും എന്ന കെ ബാലചന്ദര്‍ സിനിമയും തന്ന പ്രണയാനുഭവം നിസ്തുലമാണ്. ഇന്ത്യന്‍, നായകന്, മഹാനദി, അന്‍പേശിവം: താങ്കളുടെ ഏറ്റവും ഗംഭീരമായ നാലു ചിത്രങ്ങള്‍. താങ്കള്‍ക്ക് തുല്യം താങ്കള്‍ മാത്രമെന്ന് വിളിച്ചു പറയുന്നുണ്ടവ. മഹാനദി, അന്‍പേശിവം,തേവര്മകന്, പുഷ്പകവിമാനം….താങ്കളെഴുതിയ തിരക്കഥകളും തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവ തന്നെ. ബാലചന്ദര്‍, ഭാരതിരാജ, മണിരത്നം, ശങ്കര്‍, കെ വിശ്വനാഥ്, ഐ വി ശശി, ഭരതന്….ഇവരോടൊക്കെ ഒപ്പം താങ്കള്‍ ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇളയരാജയുടെ സംഗീത മാന്ത്രികത ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും കമല്‍ ചിത്രങ്ങളില്‍ തന്നെ. കൂട്ടത്തില്‍ പറയട്ടെ, താങ്കളും ജാനകിയമ്മയും ചേര്‍ന്ന് പാടിയ ഗുണയിലെ ‘കണ്മണി…’ what a song! താങ്കളെ ഒന്ന് പരിചയപ്പെടണമെന്നുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചത് ട്രാഫിക് സിനിമയുടെ വിജയാഘോഷങ്ങള്‍ക്കായി താങ്കള്‍ കൊച്ചിയില്‍ വന്നപ്പോഴാണ്. അതിനു ശേഷം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി, ഫിക്കിയുമായി ചേര്‍ന്ന് ചില കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ തീരുമാനിച്ചപ്പോള്‍ കൂടിയാലോചനകള്‍ക്കായി എന്നെ വിളിച്ചു. അന്ന് എന്തെല്ലാം വിഷയങ്ങളെകുറിച്ചാണ് താങ്കള്‍ സംസാരിച്ചത്. സാഹിത്യം, തത്ത്വശാസ്ത്രം, മനോവിജ്ഞാനീയം, മാജിക്ക്…എല്ലാം വന്നവസാനിക്കുന്നത് സിനിമയിലും.
താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നു, സര്. എന്തിനാണ് ഈ തീരുമാനം, സര്? അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍. താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന് അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത്.
മോഹന്‍ലാലിനെ ചരിത്ര പുരുഷനാക്കി പ്രിയദര്ശന് ഒരുക്കുന്ന ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ഗായകന് എംജി ശ്രീകുമാര്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ ഇക്കാര്യം അറിയിച്ചത്.
‘ഞങ്ങളുടെ പുതിയ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍’ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്നേഹിക്കുന്നു.’ -എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. നാവികതലവനായ നാലാമത് കുഞ്ഞാലിമരയ്ക്കാറുടെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
നേരത്തെ മമ്മൂട്ടി- സന്തോഷ് ശിവന് ടീമീന്റെ കുഞ്ഞാലിമരയ്ക്കാറും, മോഹന്‍ലാല്‍- പ്രിയദര്ശന് ടീമിന്റെ കുഞ്ഞാലിമരയ്ക്കാറും ഏകദേശം ഒരേ സമയത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു, എന്നാല്‍ പിന്നീട് താന്‍ തന്റെ പ്രോജക്ടില്‍ നിന്ന് പിന്മാറുന്നെന്ന് പ്രിയദര്ശന് അറിയിച്ചു. മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാറുടെ ആവശ്യമില്ലെന്ന് പറഞ്ഞ പ്രയദര്ശന് എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന് ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിരുന്നു. അങ്ങനെയിരിക്കവെയാണ് എംജി ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രേക്ഷകര്‍ക്ക് വാലന്റൈസ് ഡേ സമ്മാനമായി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ 25ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്മാന് സിനിമാ ജീവിതം ആരംഭിച്ച് ആറു വര്‍ഷം തികയുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാറ് ലവിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസിന് പരാതി. ഗാനം മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനകം ഏതാണ്ട് 14 മില്ല്യണ്‍ ആളുകളാണ് അഡാറ് ലവിലെ പാട്ട് യൂടുബില്‍ കണ്ടത്.
മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചിത്രത്തിലെ രംഗങ്ങളുമായി ബന്ധപ്പെട്ടല്ല ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുസ്ലിം മാപ്പിള ഗാനങ്ങളുടെ കൂട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക് മുന്‍പ് തന്നെ പ്രസിദ്ധമായ പാട്ടാണ് ഇപ്പോള്‍ അഡാറ് ലവിലൂടെ റീമേക്ക് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാര്‍ക്ക് അറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.