പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ രണ്ടാമത് ഗാനം യൂട്യുബില്‍ റിലീസ് ചെയ്തു. പ്രണയമായി രാധ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ്. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒരു ലക്ഷത്തിലേറെയാളുകളാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം പാട്ട് യുട്യൂബില്‍ കണ്ടത്.
മാധവിക്കുട്ടിയുടെ വിവാഹ ശേഷമുള്ള ജീവിതമാണ് പാട്ടില്‍ പ്രധാനമായും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിനെ കൂടാതെ ടോവിനോ തോമസ് മുരളി ഗോപി എന്നീ അഭിനേതാക്കളും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വീഡിയോ കാണാം;
കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രം പൂമരം ഇന്നുവരും നാളെവരുമെന്നു പ്രതീക്ഷിച്ച് പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. പല തവണ റിലീസ് തിയ്യതി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഓരോന്നും മാറ്റിവച്ചു. ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് പൂമരത്തിന്റെ റിലീസ് തിയതി നായകന്‍ കാളിദാസ് തന്നെ പ്രഖ്യാപിച്ചു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് ആദ്യവാരം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് കാളിദാസിന്റെ പ്രഖ്യാപനം. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.
പൂമരത്തിന്റെ റിലീസ് തിയ്യതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടനെ എത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.
കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായത്. കൂടാതെ ഗോപീ സുന്ദര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞദിവസം കാളിദാസിനും എബ്രിഡ് ഷൈനിനുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ പുതിയ ചിത്രം ആദി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു.
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഉറച്ചിടപെടുമെന്നു പറഞ്ഞ വന്ന സംഘടന സനുഷയുടെ കാര്യം അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുതുതായി ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ വന്ന സംഘടനയും ഒന്നും പറഞ്ഞതായി അറിവില്ല. അങ്ങനെ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ സനുഷയെ മലയാള സിനിമ ലോകം കൈവെടിഞ്ഞപ്പോള്‍ പിന്തുണയുമായി തമിഴ് സിനിമ ലോകം. മഞ്ജിമ മോഹന് പിന്നാലെ നടന്‍ ശശികുമാറാണ് സനുഷയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ വ്യക്തമാക്കി. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. ശശികുമാര്‍ പറയുന്നു.
നേരത്തെ ആക്രമണത്തിന് ഇരയായ നടി സനുഷയ്ക്ക് പിന്തുണയുമായി മഞ്ജിമ മോഹന്‍ രംഗത്ത് എത്തിയിരുന്നു. ‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, എന്നൊരു പരിസാഹത്തിലാണ് മഞ്ജിമ തന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. സനുഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹയാത്രികളെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമ മോഹന്‍ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാത്രി മംഗലാപുരം തിരുവന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷയ്ക്ക് സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്.
സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോള്‍ ട്രെയിനിലെ സഹയാത്രികര്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. മറ്റൊരു കമ്പാര്‍ട്ട്‌മെനന്റില്‍ ഉണ്ടായിരുന്ന കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും അരക്ഷിതയാക്കുന്നതും എന്നും സനുഷ പറഞ്ഞു. എന്നാല്‍ സനുഷയ്ക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങളൊന്നും ഇതുവരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മുംബൈ മലയാളിയും ഇപ്പോള്‍ ഹൂസ്റ്റണില്‍ താമസക്കാരനുമായ അരുണ്‍കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണിലാണ് താമസിക്കുന്നത്.
ഞായറാഴ്ച രാവിലെ 8നും 9നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് ചേക്കേറിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം ദിവ്യാ ഉണ്ണി വിവാഹമോചിതയായിരുന്നു. ഡോ.സുധീര്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.
14 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷമാണ് ദിവ്യ വിവാഹമോചിതയാകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ചലച്ചിത്ര മേഖലയില്‍ നിന്ന് ദിവ്യ മാറി നില്‍ക്കുകയായിരുന്നു. ഹൂസ്റ്റണില്‍ നൃത്തവിദ്യാലയവും ദിവ്യ നടത്തുന്നുണ്ട്. വിവാഹ ശേഷം ഹൂസ്റ്റണില്‍തന്നെ തുടരാനാണ് തീരുമാനമെന്നും ദിവ്യ ഉണ്ണി അറിയിച്ചു.
കൊച്ചി: ആരാധകന്റെ മരണത്തില്‍ വികാരാധീതനായി ദുല്‍ഖര്‍ സല്‍മാന്‍. തലശ്ശേരി സ്വദേശിയും ദുല്‍ഖറിന്റെ ആരാധകനുമായ യുവാവിന്റെ മരണത്തില്‍ താരം ഞെട്ടല്‍ രേഖപ്പെടുത്തി. മട്ടന്നൂരിനടുത്ത് നടന്ന വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബുബക്കറിന്റെ മകനായ ഹര്‍ഷാദ് മരിച്ചത്.
സ്നേഹ സമ്പന്നനായ വ്യക്തിത്വത്തിനുടമയായിരുന്നു ഹര്‍ഷാദ്. അവന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലാണുണ്ടാക്കിയതെന്നും ദുല്‍ഖര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. നവമാധ്യമങ്ങളില്‍ വളരെ ഊര്‍ജസ്വലനായിരുന്നയാളായിരുന്നു ഹര്‍ഷാദെന്നും തനിക്ക് അവന്‍ നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹര്‍ഷാദിന്റെ കുടുംബത്തോടൊപ്പം താനും ഈ നഷ്ടത്തില്‍ ദു:ഖിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
ദുല്‍ഖറിന്റെ കടുത്ത ആരാധകനായിരുന്ന ഹര്‍ഷാദ് കണ്ണൂരിലെ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച ഹര്‍ഷാദിനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് തിരിച്ചറിഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആദി’ തിയേറ്ററുകളിലെത്തിയ മുതല്‍ പ്രണവ് മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നു. വീഡിയോയില്‍ പ്രണവ് ചിത്രത്തിന് വേണ്ടി നേരിട്ട കഠിന പ്രയത്നങ്ങളും കാണാം. സിനിമയുടെ മേക്കിങ്ങിനിടയിൽ പ്രണവിനുണ്ടായ അപകടങ്ങളും വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയറ്ററുകളിൽ നിറഞ്ഞ കയ്യടിയോടു കൂടി മുന്നേറുകയാണ്. താര പുത്രന്‍റെ ആദ്യ വരവ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു
പട്ടാള കഥകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. ഇതാണ് എന്റെ ലോകമെന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഈ കുടുംബത്തിന് ആശംസ നേര്‍ന്ന് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.
മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്‍ണിസേന. ചിത്രത്തില്‍ നേരത്തെ ആരോപിക്കപ്പെട്ട തരത്തില്‍ രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ലെന്ന് കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്‍ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കര്‍ണിസേന അണികള്‍ അക്രമിച്ചിരുന്നു.
‘കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം’- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് മനപൂര്‍വ്വം സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു കര്‍ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്‍ണിസേന കേരളഘടകം പറഞ്ഞിരുന്നു.
കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പുറമെ മലയാള സിനിമയിലെ വനിതകള്‍ക്ക് പുതിയ കുട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിലാണ് പുതിയ സംഘടനയുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. കൊച്ചിയിലായിരുന്നു ആദ്യ യോഗം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചത്. എന്നാല്‍ പ്രസ്തുത സംഘടനയോട് നിരവധി വനിതാ സിനിമാ പ്രവര്‍ത്തകര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്തില്‍ രൂപികരിച്ച പുതിയ കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.