Movies

ഗാനമേളയ്ക്കിടെ ഗായികയുടെ കൈയില്‍ കയറിപ്പിടിച്ച സംഭവത്തില്‍ പോലീസിന്റെ ഒളിച്ചുകളി. പ്രതിയായ പരപ്പനങ്ങാടി സ്വദേശി മിന്‍സാര്‍ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ഗായിക ശബാന പറഞ്ഞു. സംഭവത്തില്‍ റിമി ടോമിയാണ് ഗായികയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പ്രചരിച്ചിരുന്നു.

കഴിഞ്ഞ 25നാണ് സംഭവം. പരപ്പനങ്ങാടിയിലെ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ പരപ്പനങ്ങാടി സ്വദേശി മിന്‍സാര്‍ തന്റെ കൈയ്യില്‍ ബലമായി കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ശബാന ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. അതിനെതിരെ താന്‍ പ്രതികരിക്കുകയാണ് ചെയ്തതെന്ന് ശബാന പറയുന്നു. തന്നെ കയറിപ്പിടിച്ചയാള്‍ക്കെതിരെ പരപ്പനങ്ങാടി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍
പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. തന്നെ പോലെ സ്റ്റേജിലും പുറത്തും പാടുന്ന മറ്റൊരാള്‍ക്കും ഇതുപോലെ സംഭവിക്കാതിരിക്കാനാണ് താന്‍ പ്രതികരിക്കരുതെന്നും ശബാന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

അതേസമയം സംഭവത്തിലുള്ള ഗായിക റിമി ടോമിയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിനെതിരേ ഗായികയുടെ ഭര്‍ത്താവ് റോയ്‌സ് രംഗത്തുവന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് റോയ്സ് പറയുന്നതിങ്ങനെ…

‘എനിക്കും ഈ വിഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വിഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വിഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്നാണ് ലാഭം എന്നും അറിയില്ല’. റോയ്സ് പറഞ്ഞു.

‘ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ…’ ട്രെയിന്‍ യാത്രയില്‍ ഉണ്ടായ ദുരനുഭവം പറഞ്ഞ് യുവനടി സനുഷ.

കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സനുഷയ്ക്കുനേരെ അതിക്രമം നടന്നത്. സനുഷയുടെ പരാതിയില്‍ റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒച്ചവച്ചിട്ടും ഫലമുണ്ടായില്ലെന്നും അതേ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും രഞ്ജിത്ത് എന്നയാളും മാത്രമേ സഹായിക്കാനെത്തിയുള്ളുവെന്നും സനുഷ പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഐ സപ്പോര്‍ട്ട് സനുഷ എന്ന് ചിലരെങ്കിലും കുറിക്കുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ എന്തു സംരക്ഷണമാണ് ഇവരില്‍ പലരും നല്‍കുക സനുഷ പറഞ്ഞു.

സനുഷയുടെ വാക്കുകള്‍:

ഞാന്‍ ഉറങ്ങുകയായിരുന്നു. ബെര്‍ത്തില്‍ ഒരാള്‍ ഉണ്ടായിരുന്നു. ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി’. ‘എനിക്കുണ്ടായ ഈ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കില്‍ നിരവധി പേര്‍ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി.

നമുക്കൊരു പ്രശ്‌നം ഉണ്ടായാല്‍ ആരെങ്കിലും ഒരാള്‍ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകര്‍ന്നത്. ഒരാള്‍ നമ്മുടെ ശരീരത്തില്‍ അനുമതി ഇല്ലാതെ സ്പര്‍ശിച്ചാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. എന്റെ വീട്ടില്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മള്‍ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോള്‍ എനിക്കുണ്ടായ സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകും.

ചെന്നൈ: പ്രശസ്ത സിനിമാ താരം അമലാ പോളിനോട് അശ്ലീലം പറഞ്ഞ വ്യവസായിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നൃത്ത പരിശീലന സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന നടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. കൊട്ടിവാക്കം സ്വദേശിയും വ്യവസായിയുമായ അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

ചെന്നെ ടി നഗറിലുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുകയായിരുന്ന തന്നെ അപമാനിക്കുന്ന തരത്തില്‍ അഴകേശന്‍ ഇടപെടുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴകേശനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മലേഷ്യയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഭാഗമായിട്ടാണ് ടി നഗറിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ അമലാ പോള്‍ എത്തിയത്.

മലേഷ്യയിലെ പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അഴകേശന് ധാരണയുണ്ടെന്നും അതുകൊണ്ട് ഇയാളില്‍ നിന്നും സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.

നടി സാധിക നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേയ്ക്കു തിരിച്ചു വരുകയാണ്. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്തു സാധിക സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മടങ്ങി വരികയായിരുന്നു. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും വിളിക്കുന്നത്. പലരുടേയും ആവശ്യം മറ്റൊന്നാണ്.

സംവിധായകനു താല്‍പ്പര്യം ഉണ്ട് എന്നൊക്കെ തുറന്നു പറഞ്ഞു കളയും. സംവിധായകന്‍ പോലും ചിലപ്പോള്‍ അറിഞ്ഞു കാണില്ല. ഞാനൊക്കെ ലൊക്കേഷനില്‍ ഒറ്റക്കാണു പോകുന്നത്. നമ്മളെ നമ്മള്‍ തന്നെ നോക്കണം. എന്തുകൊണ്ടു സിനിമയിലേയ്ക്കു മടങ്ങി വരുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അതിലും പ്രധാനം സിനിമ കൂടുതല്‍ സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം കൊടുത്തു തുടങ്ങി എന്ന തോന്നലാണ് എന്നും സാധിക പറയുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനമെത്തി. നീര്‍മാതള പൂവിനുളളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം ജയചന്ദനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പുന്നയൂര്‍കുളത്തെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും എഴുത്തു ജീവിതവുമെല്ലാം ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തെന്നിന്ത്യന്‍ പിന്നണി ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും സിനിമാലോകത്തിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി, ചിമ്പു, ധനുഷ് തുടങ്ങിയ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിട്ട് കോളിളക്കം സൃഷ്ടിച്ച സുചിയുടെ വീഡിയോകള്‍ സുചി ലീക്ക്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം സുചി ലീക്ക്‌സ് ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.

ഇത്തവണ ഖുശ്ബൂ, സുകന്യ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് സുചിയുടെ ഇരകള്‍. എന്നാല്‍ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വീഡിയോകള്‍ പുറത്തു വന്നതിനു ശേഷം സുചി ലീക്ക്‌സ് എന്ന പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവില്‍ വന്നിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടിലുള്ളതിനേക്കാള്‍ ഫോളോവര്‍മാരുള്ള ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.

ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നുവെന്നും അതിന്റെ വീഡിയോകളാണ് പുറത്തു വിടുന്നതെന്നുമായിരുന്നു സുചിത്ര ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവകാശപ്പെട്ടത്. പിന്നീട് മറ്റ് വീഡിയോകളും പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് സുചിത്ര അവകാശപ്പെട്ടു. സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. വ്യത്യസ്തമായ പല പരിപാടികള്‍കൊണ്ടും സുബി പ്രേക്ഷകരെ സദാ വിസ്മയിപ്പിച്ചുകൊണ്ടുമിരുന്നു.  ഒരിക്കല്‍ ഒരഭിമുഖത്തിനിടെ അവതാരകന്‍ സുബിയോട് ചോദിച്ചു, വയസ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തതെന്ന്. അതിന് സുബി നല്‍കിയ മറുപടിയില്‍ തമാശയുണ്ടായിരുന്നില്ല. കലാകാരന്മാര്‍ അവരുടെ എത്രയെല്ലാം വിഷമങ്ങള്‍ മറച്ചുവച്ചാണ് ആളുകളെ ചിരിപ്പിക്കുന്നത് എന്നത് സുബിയുടെ ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം.

അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.

പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.

എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു. സുബി പറഞ്ഞു.

വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.

തമിഴകത്തെ ഹിറ്റ്‌മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്. മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകുമായിരുന്ന ഈ പ്രൊജക്ട് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മഞ്ജുവിനെ മാറ്റി നയന്‍സിനെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്‍. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്റെ റീമേക്ക് ആയിരുന്നു.

മായ, ഡോറ, അറം തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയ്ക്ക് അറിവഴകന്‍ ചിത്രം മറ്റൊരു ഹിറ്റ് പ്രതീക്ഷയാണ്.

കോഴിക്കോട്: മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വലാശാലയുടെ ഡിലിറ്റ് ബിരുദം. ചലച്ചിത്ര, കായിക മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ആദരസൂചകമായി ഡിലിറ്റ് ബിരുദം നല്‍കിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വെച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം ബിരുദം സമ്മാനിച്ചു.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കാലം വര ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബരുദമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചക്കൊപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന ബിരുദം വളര്‍ത്തമ്മ നല്‍കുന്ന ആദരവാണെന്നായിരുന്നു പി.ടി ഉഷ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved