Movies

ചെന്നൈ: പ്രശസ്ത സിനിമാ താരം അമലാ പോളിനോട് അശ്ലീലം പറഞ്ഞ വ്യവസായിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നൃത്ത പരിശീലന സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന നടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. കൊട്ടിവാക്കം സ്വദേശിയും വ്യവസായിയുമായ അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

ചെന്നെ ടി നഗറിലുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുകയായിരുന്ന തന്നെ അപമാനിക്കുന്ന തരത്തില്‍ അഴകേശന്‍ ഇടപെടുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴകേശനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മലേഷ്യയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഭാഗമായിട്ടാണ് ടി നഗറിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ അമലാ പോള്‍ എത്തിയത്.

മലേഷ്യയിലെ പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അഴകേശന് ധാരണയുണ്ടെന്നും അതുകൊണ്ട് ഇയാളില്‍ നിന്നും സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.

നടി സാധിക നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേയ്ക്കു തിരിച്ചു വരുകയാണ്. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്തു സാധിക സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മടങ്ങി വരികയായിരുന്നു. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും വിളിക്കുന്നത്. പലരുടേയും ആവശ്യം മറ്റൊന്നാണ്.

സംവിധായകനു താല്‍പ്പര്യം ഉണ്ട് എന്നൊക്കെ തുറന്നു പറഞ്ഞു കളയും. സംവിധായകന്‍ പോലും ചിലപ്പോള്‍ അറിഞ്ഞു കാണില്ല. ഞാനൊക്കെ ലൊക്കേഷനില്‍ ഒറ്റക്കാണു പോകുന്നത്. നമ്മളെ നമ്മള്‍ തന്നെ നോക്കണം. എന്തുകൊണ്ടു സിനിമയിലേയ്ക്കു മടങ്ങി വരുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അതിലും പ്രധാനം സിനിമ കൂടുതല്‍ സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം കൊടുത്തു തുടങ്ങി എന്ന തോന്നലാണ് എന്നും സാധിക പറയുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനമെത്തി. നീര്‍മാതള പൂവിനുളളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം ജയചന്ദനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പുന്നയൂര്‍കുളത്തെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും എഴുത്തു ജീവിതവുമെല്ലാം ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തെന്നിന്ത്യന്‍ പിന്നണി ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും സിനിമാലോകത്തിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി, ചിമ്പു, ധനുഷ് തുടങ്ങിയ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിട്ട് കോളിളക്കം സൃഷ്ടിച്ച സുചിയുടെ വീഡിയോകള്‍ സുചി ലീക്ക്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം സുചി ലീക്ക്‌സ് ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.

ഇത്തവണ ഖുശ്ബൂ, സുകന്യ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് സുചിയുടെ ഇരകള്‍. എന്നാല്‍ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വീഡിയോകള്‍ പുറത്തു വന്നതിനു ശേഷം സുചി ലീക്ക്‌സ് എന്ന പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവില്‍ വന്നിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടിലുള്ളതിനേക്കാള്‍ ഫോളോവര്‍മാരുള്ള ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.

ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നുവെന്നും അതിന്റെ വീഡിയോകളാണ് പുറത്തു വിടുന്നതെന്നുമായിരുന്നു സുചിത്ര ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവകാശപ്പെട്ടത്. പിന്നീട് മറ്റ് വീഡിയോകളും പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് സുചിത്ര അവകാശപ്പെട്ടു. സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. വ്യത്യസ്തമായ പല പരിപാടികള്‍കൊണ്ടും സുബി പ്രേക്ഷകരെ സദാ വിസ്മയിപ്പിച്ചുകൊണ്ടുമിരുന്നു.  ഒരിക്കല്‍ ഒരഭിമുഖത്തിനിടെ അവതാരകന്‍ സുബിയോട് ചോദിച്ചു, വയസ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തതെന്ന്. അതിന് സുബി നല്‍കിയ മറുപടിയില്‍ തമാശയുണ്ടായിരുന്നില്ല. കലാകാരന്മാര്‍ അവരുടെ എത്രയെല്ലാം വിഷമങ്ങള്‍ മറച്ചുവച്ചാണ് ആളുകളെ ചിരിപ്പിക്കുന്നത് എന്നത് സുബിയുടെ ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം.

അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.

പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.

എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു. സുബി പറഞ്ഞു.

വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.

തമിഴകത്തെ ഹിറ്റ്‌മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്. മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകുമായിരുന്ന ഈ പ്രൊജക്ട് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മഞ്ജുവിനെ മാറ്റി നയന്‍സിനെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്‍. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്റെ റീമേക്ക് ആയിരുന്നു.

മായ, ഡോറ, അറം തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയ്ക്ക് അറിവഴകന്‍ ചിത്രം മറ്റൊരു ഹിറ്റ് പ്രതീക്ഷയാണ്.

കോഴിക്കോട്: മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വലാശാലയുടെ ഡിലിറ്റ് ബിരുദം. ചലച്ചിത്ര, കായിക മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ആദരസൂചകമായി ഡിലിറ്റ് ബിരുദം നല്‍കിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വെച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം ബിരുദം സമ്മാനിച്ചു.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കാലം വര ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബരുദമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചക്കൊപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന ബിരുദം വളര്‍ത്തമ്മ നല്‍കുന്ന ആദരവാണെന്നായിരുന്നു പി.ടി ഉഷ പറഞ്ഞത്.

സമീപകാലത്തു ഉണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു സ്ത്രീ വിരുദ്ധതയുമായി പുറത്തുവന്ന ചില പ്രതികരണങ്ങൾ. എന്നാൽ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെയും അസമത്വത്തിന് എതിരെയും ഇത്ര ധൈര്യത്തോടെ സ്ത്രീകള്‍ സംസാരിച്ച ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. എതിര്‍ക്കപ്പെടേണ്ട പല പ്രവണതകളും സിനിമയ്ക്ക് അകത്തുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ എല്ലാവരും ഭയപ്പെട്ടു. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം തന്നെ ആയിരുന്നു കാരണം. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.

ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്നതിന് എതിരെ ആയിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഇതോടെ മമ്മൂട്ടി ഫാന്‍സ് തെറിവിളിയും പൊങ്കാലയുമായി രംഗത്ത് വന്നു.

താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന്  മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.

ഈ വിവാദത്തോടെ മലയാളികള്‍ പാര്‍വ്വതിക്കൊപ്പമെന്നും പാര്‍വ്വതിക്കെതിരെന്നും രണ്ട് തട്ടിലായി. പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.

പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല. കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് പല ഉപദേശങ്ങള്‍ ലഭിച്ചതായും പാര്‍വ്വതി പറയുന്നു. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്.

സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി. കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.

കസബ വിവാദത്തിലെ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചും പാര്‍വ്വതി പ്രതികരിച്ചത് ഇങ്ങനെയാണ്. മമ്മൂട്ടി അക്കാര്യത്തില്‍ പ്രതികരിച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണ് എന്ന് പറയാന്‍ സാധിക്കില്ല. സൈബര്‍ ആക്രമണത്തെക്കുറിച്ച് താന്‍ മമ്മൂട്ടിക്ക് മെസ്സേജ് അയച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തനിക്ക് ശീലമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. അപ്പോളേക്കും കാര്യങ്ങള്‍ കൈവിട്ട നിലയ്ക്ക് എത്തിയിരുന്നു. തന്നില്‍ നിന്നും മമ്മൂട്ടില്‍ നിന്നും പോലും മാറി വിഷയം മറ്റേതോ തലത്തില്‍ എത്തിയിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ ഇനിയും ചോദ്യങ്ങളുയര്‍ത്തുമെന്ന് പാര്‍വ്വതി ആവര്‍ത്തിക്കുന്നു. അക്കാര്യത്തില്‍ ഒരു മാറ്റത്തിനുള്ള ശ്രമം ഇനിയും തുടരുമെന്നുള്ള  ‘നയം വ്യക്തമാക്കി’ പാർവതി…

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പ്രേക്ഷക മനസ്സില്‍ ഇന്നും ആനിയുടെ സിനിമകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പുതുമുഖമായി സിനിമയിലെത്തിയ ആനി പിന്നീട് മുന്‍നിര നായികയായി മാറി. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തിയത്. ആണ്‍കുട്ടിയായി വേഷം മാറേണ്ടി വരുന്ന പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ ആനി വേഷമിട്ടത്.

മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. വര്‍ഷങ്ങള്‍ കുറച്ചായെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ അഭിനേത്രിയെ. അമൃത ടിവിയിലെ ആനീസ് കിച്ചന്‍ പരിപാടിയുടെ വിജയത്തിന് പിന്നിലും ആ ഇഷ്ടമാണ് പ്രകടമാവുന്നത്. അഭിനയത്തില്‍ മാത്രമല്ല പാചകത്തിന്റെ കാര്യത്തിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് ആനി ഈ പരിപാടിയിലൂടെ. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്.ഏറ്റവും ഒടുവില്‍ ആയി എത്തിയത് അഞ്ജു അരവിന്ദ് ആയിരുന്നു.

ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത് ആനീസ് കിച്ചനിലൂടെയായിരുന്നു. കിച്ചന്‍ വിശേഷങ്ങള്‍ക്കിടയില്‍ അഞ്ജുവിനെ ക്ഷണിക്കുന്നതിന് മുമ്പേ പ്രേക്ഷകരോട് പറഞ്ഞിരുന്നു ‘അഞ്ജു ഇന്ന് എങ്ങനെയൊക്കെ അടി കൊണ്ടിട്ട് പോകുമെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇന്ന് ഒരു ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ വേണം എല്ലാം ചോദിച്ചറിയാന്‍. അതിനു എന്റെ പ്രിയ പ്രേക്ഷകര്‍ കൂടെ നിന്നേ പറ്റൂ…

ഷോയിലേയ്ക്ക് വന്ന അഞ്ജു സൗഹൃദത്തെക്കുറിച്ചും വീട്ട് വിശേഷങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും വാചാലയാകുന്നുണ്ട്. ഇതിനിടയില്‍ അപ്രതീക്ഷിതമായി ആനിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ചോദ്യമെത്തി. എടീ സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നീ ആരോടൊക്കെ പറഞ്ഞെടി ഞാനും ഷെയ്‌നും ലൗവ് ആയിരുന്നെന്ന്… ചോദ്യം കേട്ട് അന്ധാളിച്ച അഞ്ജു പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു ആര്‍ക്കായാലും സംശയം തോന്നില്ലേ അവര്‍ തമ്മില്‍ എന്താണെന്ന്…ഞാന്‍ വെറും ക്ലൂ മാത്രമേ കൊടുത്തിരുന്നുളൂന്ന് പറഞ്ഞു നിര്‍ത്തിയതും ആനി ആ രഹസ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

എല്ലാരും ഇത് കേള്‍ക്കണം ഇവള്‍ എന്റെ ഹംസം ആയിരുന്നു. ഹംസത്തെ വിശ്വസിക്കാന്‍ പാടില്ലെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. നീ മിണ്ടിപ്പോകരുത്, നിന്നെ എങ്ങനെയാടി ഒരു ഫ്രണ്ട് ആയിട്ട് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അല്ലാതെ വേറെ ആര്‍ക്ക് അറിയാമായിരുന്നേടി ഈ കാര്യം? നീ അവര്‍ക്ക് ക്ലൂ അല്ല കൊടുത്തത്. എനിക്ക് ഒരു ഡിസെന്‍സി ഉണ്ട് അതുകൊണ്ടു പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച് നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. ക്യാമറ ഓഫ് ആകുമ്പോള്‍ നിനക്ക് ഞാന്‍ ഒരു ഇടി എങ്കിലും തന്നിട്ടേ പോകൂ എന്ന് പറഞ്ഞ് ആനി ഇടയ്ക്ക് വൈലന്റ് ആകുന്നുണ്ട്. അതിനിടയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തല്ലില്‍ നിന്ന് മുങ്ങാന്‍ പല അടവുകളും അഞ്ജുവും പയറ്റുന്നുണ്ട്. ഇതിനോടകം തന്നെ ഇരുവരുടെയും രസകരമായ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved