Movies

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ്സുതുറന്ന് നടി ഗ്രേസ് ആന്റണി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.

വളരെയധികം ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്നേഹത്തോടെയായിരുന്നു ഓടി വന്നത്. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

ആ വരവിലാണ് സംഭവം. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന്‍ എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ്.- ഗ്രേസ് പറഞ്ഞു.

വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്.

എല്ലാമൊന്നും കഴിക്കാനാകില്ല. വര്‍ക്കൗട്ട് ഒക്കെ വേണം. എനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. വീറ്റ്, റവ, മൈദ, ഓഡ്സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്ളവര്‍ പറ്റില്ല, ക്യാബേജ് പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും. നടി കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ താരം സുരേഷ് ഗോപി രാഷ്ട്രീയത്തിനൊപ്പം തന്നെ സിനിമകളിലും സജീവമാവുകയാണ് ഇപ്പോള്‍. പുതുതായി ഇറങ്ങാനിരിക്കുന്ന മേ ഹൂം മൂസ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വിസ്മയിപ്പിക്കുകയാണ് താരം ഇപ്പോള്‍. പരിപാടികളില്‍ തമാശകള്‍ പറഞ്ഞും പഴയ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചും ചിരിപ്പിക്കാനും താരം മടിക്കുന്നില്ല.

ചൂടനായ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രസിപ്പിക്കുന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത് കാണാന്‍ ആരാധകര്‍ക്കിഷ്ടം. എന്നാല്‍ പൊതുവേദികളിലടക്കം കലിപ്പന്‍ ആയാണ് താരത്തെ പൊതുവെ കാണാറുള്ളത്. എന്നാല്‍ മേം ഹും മൂസ ചിത്രീകരണത്തിന് ശേഷം താന്‍ മാറിയെന്ന് പറയുകയാണ് സുരേഷ് ഗോപി തന്നെ.

സുരേഷ് ഗോപിയോട് തന്നെ ഇക്കാര്യത്തെ കുറിച്ച് ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യമുന്നയിച്ചിരുന്നു. വീട്ടിലും മറ്റും ഇങ്ങനെ തമാശകളൊക്കെ പറയാറുണ്ടോയെന്നും എല്ലാവരെയും എന്റര്‍ടെയ്ന്‍ ചെയ്യാറുണ്ടോയെന്നുമുള്ള ചോദ്യത്തോട്, താന്‍ അങ്ങനെ വലിയൊരു തമാശക്കാരനല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

പലപ്പോഴും പറയുന്നവിധം കൊണ്ട് പലതും തമാശയായി പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അങ്ങനെ ഒരാളാണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ സിനിമയില്‍ കുറെ ക്ഷുദ്രജീവികള്‍ എന്റെ കൂടെ കൂടി. അതോടെയാണ് ഈ മാറ്റമുണ്ടായതെന്നാണ് താരം തുടര്‍ന്ന് പറഞ്ഞത്.

നടന്മാരായ ഹരീഷ് കണാരന്‍, കണ്ണന്‍ സാഗര്‍, ശശാങ്കന്‍ അങ്ങനെ കുറെ പേര്‍ ഈ സിനിമയിലുണ്ട്. അവരെല്ലാവരുടെയും കൂടെ കൂടി ഞാന്‍ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു. പക്ഷെ അവരൊക്കെ പറയുന്നത് ക്രിയേറ്റീവ് ഹ്യൂമറാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ആ പറയുന്ന വിധം കൊണ്ട് തമാശയായി പോകുന്നതാണ്. ഞാന്‍ ആത്മാര്‍ത്ഥമായിട്ടാണ് എല്ലാം പറഞ്ഞത്’- എന്നും താരം വിശദീകരിച്ചു.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയില്‍ റിട്ടയേര്‍ഡ് പട്ടാളക്കാരനായ മുഹമ്മദ് മൂസയെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സിനിമയില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്വ, സുധീര്‍ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഫാഷനിൽ വ്യത്യസ്തത പുലർത്തുന്ന നമിതയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. ഈശോ ആണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.

ജയസൂര്യ നായകനാവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. ഗാനരം​ഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ താൻ വിളറിപ്പോയെന്നും നമിത പറഞ്ഞു.

‘ലാലു അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യൻ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈൻ ഉണ്ട്. ​പാട്ടിനിടയ്ക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടി. (ക്യാമറ) വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്’

‘മൈക്കിൽ കൂടെ കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ, എന്ന് പറഞ്ഞു. ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷെ ഞാൻ നോക്കുന്നത് അതല്ല, എല്ലാവരും കേൾക്കുന്നുണ്ട്,’ നമിത ചിരിച്ചു കൊണ്ട് പറഞ്ഞു.

വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിൽ നമിത പ്രമോദ് ആയിരുന്നു നായിക. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ നായകരാക്കി ലാൽ ജോസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമാണ് നേടിയത്.ഗുരുസോമസുന്ദ​രം, ബേസിൽ ജോസഫ് എന്നിവർ അഭിനയിക്കുന്ന കപ്പ് എന്ന സിനിമയിലും നമിത പ്രമോദ് ആണ് നായിക.

മിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ജിപി ഒഴിഞ്ഞ് മാറാറാണ് പതിവെന്ന് പറഞ്ഞിരിക്കുകയാണ് മിയ ഇപ്പോള്‍. ശില്‍പ്പ ബാലയ്‌ക്കൊപ്പമുള്ള മിയയുടെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ജിപിയുടെ കല്യാണത്തെ കുറിച്ചാണ് മിയ സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞ് കുട്ടി ആയപ്പോള്‍ സീനിയോരിറ്റി വരും, അതുകൊണ്ട് ജിപിയോട വിവാഹക്കാര്യം ചോദിക്കും. എന്നാല്‍ ജിപി ഫോണ്‍ കട്ട് ചെയ്യും എന്നാണ് മിയ പറയുന്നത്. ”കഴിഞ്ഞ ദിവസം കണ്ടപ്പോഴും ചോദിച്ചു. ഞാന്‍ ഇടയ്ക്കിടയ്ക്ക് ഈ വിഷയം ചോദിക്കാറുണ്ട്.”

”എന്റെ കല്യാണം കഴിഞ്ഞ് കൊച്ചൊക്കെ ആയ സ്ഥിതിക്ക് ധൈര്യമായി ചോദിക്കാമല്ലോ. ഈ വിഷയത്തില്‍ ഒരു മെച്യൂരിറ്റി വന്ന പോലെ ആണല്ലോ. പ്രായം കൊണ്ട് കുറവാണെങ്കിലും കല്യാണം കഴിഞ്ഞ് കുട്ടിയായാല്‍ കുറച്ചൊരു സീനിയോരിറ്റി വരും.”

”ആ സീനിയോരിറ്റി ജിപിയുടെ കേസില്‍ എടുക്കുന്നുണ്ട്. ഞാനീ വിഷയത്തിലേക്ക് വരുമ്പോഴേക്കും ഈ പോക്ക് എങ്ങോട്ടാണെന്ന് അറിയാമെന്ന് പറയും. മിനിഞ്ഞാന്ന് ഞാനിത് സംസാരിച്ച് വരുമ്പോള്‍ എനിക്കറിയാം ഈ പോക്ക് എങ്ങോട്ടാണെന്ന് പറഞ്ഞ് ഒറ്റ കട്ട് ചെയ്യല്‍.”

”ജിപി കല്യാണം കഴിക്കാത്തത് ഞങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. മാട്രിമോണിയില്‍ കണ്ടിട്ട് പരിചയമുള്ള കുറേപ്പേര്‍ ആളെങ്ങനെ എന്ന് വിളിച്ച് ചോദിക്കും” എന്നാണ് മിയ പറയുന്നത്. ജിപി എങ്ങനെയാണെന്ന് ചോദിക്കുന്നവരോട് ഉത്തരം പറഞ്ഞ് മടുത്തു എന്നാണ് നടി ശില്‍പ്പ ബാലയും പറയുന്നത്.

സംഗീതത്തിൽ ഉപരിപഠനത്തിനായി ലണ്ടനിലേയ്ക്ക് പറന്ന് ഇന്ദ്രജിത്ത്-പൂർണ്ണിമ ദമ്പതികളുടെ മകൾ പ്രാർത്ഥന. ലണ്ടനിലെ ഗോൾഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് താരപുത്രി ബിരുദത്തിനായി ചേർന്നത്. മകള്ക്ക് വൈകാരികമായ യാത്രയയപ്പാണ് ഇന്ദ്രജിത്തും പൂർണ്ണിമയും നൽകിയത്. ‘ഇതാ,രാപ്പാടി ഞങ്ങളുടെ കൂട്ടിൽ നിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്..’മകളെ വിമാനത്താവളത്തിൽ യാത്രയാക്കുന്ന വിഡിയോ പങ്കുവച്ച് പൂർണിമ കുറിച്ചു.

അതേസമയം, ലണ്ടനിൽ മകളെ വരവേറ്റ് ഇന്ദ്രജിത്ത് ആയിരുന്നു. മോഹൻലാൽ ചിത്രം റാം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താരം ലണ്ടനിലുണ്ടായിരുന്നു. ഇതിനാലാണ് നടൻ മകളെ സ്വീകരിക്കാൻ എത്തിയത്. ”പാത്തു.. ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്.

നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും.. ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ..’ എന്ന് ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മകൾക്കൊപ്പം ലണ്ടനിലെ കോളജിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നടനെതിരെ പ്രഡ്യൂസേഴ്‌സ് സംഘടനയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വിവിധ കോണുകളിൽ നിന്ന് ശ്രീനാഥ് ഭാസിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

കൂടാതെ നടന്റെ പുതിയതായി ഇറങ്ങിയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും ശ്രീനാഥ് ഭാസിയുടെ ചിത്രം ഒഴിവാക്കി പുതിയ പോസ്റ്റർ ഇറക്കിയതും വാർത്തകളിൽ നിറഞ്ഞു. ഈ വേളയിൽ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ദീപ തോമസ്. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദീപ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്.

ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് ഇപ്പോൾ പല ഓൺലൈൻ ചാനലുകളിലും ഇപ്പോൾ നടക്കുന്നതെന്നാണ് നടി പരിഹസിച്ചിരിക്കുന്നത്. ആണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്നതെന്ന് ദീപ വീഡിയോയിൽ പറയുന്നു.

നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹൻലാൽ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്‌സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോൾ ആരെയാണ് തുടങ്ങി തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനെ നടി ചോദ്യം ചെയ്യുന്നു. നടി ദീപ തോമസും ശ്രീനാഥ് ഭാസിയും ഒരുമിച്ചെത്തിയ ചിത്രമാണ് ഹോം. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

View this post on Instagram

 

A post shared by Deep Thomas (@deepthomas__)

മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

കേസില്‍ നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.

അതേസമയം, അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു. നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ.

ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.

ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.

നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.

അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. 2012 സെപ്റ്റംബര്‍ 24 ന് മരണം. മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോഴും, ക്യാമറയ്ക്ക് മുന്നിലായിരുന്നു തിലകന്‍. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആണത്തമായിരുന്നു തിലകന്റെ മുഖമുദ്ര. മലയാളി മറക്കാത്ത അഭിനയമാണ് തിലകന്റേത്. സിനിമാലോകത്തെ താന്‍പോരിമകളെ ചെറുത്ത പോരാട്ടവീര്യവും മലയാളികള്‍ ഓര്‍മ്മിക്കാതിരിക്കില്ല.

1935-ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പ്ലാങ്കമണ്ണിലാണ് തിലകന്റെ ജനനം. പിതാവ് പാലപ്പുറത്ത് ടി എസ് കേശവന്‍. മാതാവ് ദേവയാനി. ആശാന്‍ പള്ളിക്കൂടത്തിലും സെന്റ് ലൂയിസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ പഠനം.

കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി.

‘ഗന്ധര്‍വക്ഷേത്രം’, ‘ഉള്‍ക്കടല്‍’ എന്നീ സിനിമകള്‍ക്കു ശേഷം ‘കോല’ങ്ങളിലാണ് (1981) തിലകന്‍ വേഷമിട്ടത്. കള്ളു വര്‍ക്കിയെന്ന കഥാപാത്രം വഴിത്തിരിവായി.ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, തിലകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തി. ‘യവനിക’യിലെ (1982) അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.

ഇടവേളയ്ക്കു ശേഷം സജീവമായപ്പോഴും മലയാളി തിലകന്റെ അഭിനയമികവ് കണ്ടറിഞ്ഞു. 2011-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍ റുപ്പിയും’ 2012-ല്‍ ഇറങ്ങിയ ‘ഉസ്താദ് ഹോട്ടലും’ അവസാനകാലത്തെ ഹിറ്റുചിത്രങ്ങളായി. ‘സീന്‍ ഒന്ന്, നമ്മുടെ വീട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തിലകന്‍ മരണത്തിലേക്ക് വീണുപോയത്.

‘പെരുന്തച്ച’നിലെ(1990) അഭിനയം തിലകനെ ദേശീയ പുരസ്‌കാരത്തിന് തൊട്ടടുത്ത് എത്തിച്ചു. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയായി. അമിതാബ് ബച്ചനാണ് പുരസ്‌കാരം ലഭിച്ചത്. അമിതാബിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാജീവ് ഗാന്ധിയാണ് ഇടപെടല്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. ആണത്തം കൊണ്ടാണ് തിലകന്‍ അതിനെയൊക്കെ നേരിട്ടത്.

ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അയനം (1985) , യാത്ര (1985) , സന്‍മനസുള്ളവര്‍ക്ക് സമാധാനം (1986) , പഞ്ചാഗ്നി ( 1986) , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) , മൂന്നാംപക്കം ( 1988) , ധ്വനി (1988) , കിരീടം (1989) , ചെങ്കോല്‍ (1993) , മിന്നാരം (1994) , അനിയത്തിപ്രാവ് (1997) , വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) , പ്രജാപതി ( 2006) , ഏകാന്തം (2007), ഇവിടം സ്വര്‍ഗ്ഗമാണ് (2009)

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെ കൊച്ചി മരട് പോലീസില്‍ പരാതി. ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖത്തിനിടെ മോശമായ രീതിയില്‍ പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് മരട് പോലീസില്‍ പരാതി നല്‍കിയത്.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതിസ്വീകരിച്ചെങ്കിലും കേസ് എടുത്തിട്ടില്ലെന്ന് മരട് പോലീസ് പറഞ്ഞു.

പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.

ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തുകയായിരുന്നു.

താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

ധ്രുവം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴുണ്ടായ ഓർമകൾ പങ്കുവെച്ച് നടൻ വിക്രം. ആ ചിത്രത്തിനായി സംവിധായകൻ ജോഷി വിളിച്ചതും പിന്നീട് ചിത്രീകരണ വേളയിൽ ഒരു ചെറിയ ലോഡ്ജ് മുറിയിൽ താമസിച്ചതുമെല്ലാമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തിപ്പോഴായിരുന്നു താരം തന്റെ പഴയ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലോഡ്ജ് മുറി ഒരുക്കിയപ്പോൾ മമ്മൂട്ടിക്കായി ഒരുക്കിയത് പങ്കജ് ഹോട്ടലിലെ മുറിയായിരുന്നുവെന്നും വിക്രം പറയുന്നു. ഇന്ന് അതിനേക്കാൾ വലിയ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

വിക്രമിന്റെ വാക്കുകൾ;

1992-93 കാലത്ത്, ഞാൻ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയം. ഏതോ മാഗസിനിൽ വന്ന ഫോട്ടോ കണ്ട് ജോഷി സർ എന്നെ സിനിമയിലേക്ക് വിളിച്ചു. ധ്രുവത്തിലെ ഭദ്രൻ എന്ന ക്യാരക്ടറിന് വേണ്ടിയായിരുന്നു അത്. ഞാൻ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം.

ഇന്ന് ഞാൻ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാൻ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജായിരുന്നു അത്. പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാൻ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം.

അപ്പോൾ ഞാൻ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാൻ പങ്കജ് ഹോട്ടലിലിൽ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലിൽ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലിൽ ഞാൻ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞാൻ ധ്രുവം സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആർക്കും എന്നെ അറിയില്ല. ഞാൻ രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു. എംജി റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാൾ എന്നെ കണ്ട് എന്ന് വിളിച്ചു. ഞാൻ സന്തോഷത്തിൽ നോക്കി.

അയാൾ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാൾ പോയി. പക്ഷേ ഇന്ന് നിങ്ങൾ എല്ലാവരും ‘വിക്രം വിക്രം’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാൾ വലിയ സന്തോഷം നൽകുന്നതൊന്നും എനിക്കില്ല. ഞാൻ ഈ വർഷങ്ങൾക്കിടയിൽ മലയാള പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോഴും എന്റെ ഓരോ സിനിമയ്ക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്നേഹവും ലഭിക്കാറുണ്ട്. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്.

Copyright © . All rights reserved