താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ്സുതുറന്ന് നടി ഗ്രേസ് ആന്റണി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.

വളരെയധികം ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്നേഹത്തോടെയായിരുന്നു ഓടി വന്നത്. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

ആ വരവിലാണ് സംഭവം. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന്‍ എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ്.- ഗ്രേസ് പറഞ്ഞു.

വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്.

എല്ലാമൊന്നും കഴിക്കാനാകില്ല. വര്‍ക്കൗട്ട് ഒക്കെ വേണം. എനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. വീറ്റ്, റവ, മൈദ, ഓഡ്സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്ളവര്‍ പറ്റില്ല, ക്യാബേജ് പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും. നടി കൂട്ടിച്ചേര്‍ത്തു.