തന്റെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് ചിലര് തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി നടിയും അവതാരകയുമായ അമല റോസ് കുര്യന് രംഗത്ത്.ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ പെണ്കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന് ഒരു നിയമമോ നീതിപീഠമോ ഇല്ലെന്നും അമല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.
അമലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഒന്നിനു പുറകെ മറ്റൊന്നായി സൈബര് കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്കുട്ടികളും. കഴിഞ്ഞ ജനുവരിയില് ഞാന് അറിഞ്ഞു എന്റെ ഫോട്ടോകള് ഉപയോഗിച്ച് മറ്റൊരു പേരില് ഒരു പെണ്കുട്ടി കേരള മാട്രിമോണിയില് രജിസ്റ്റര് ചെയ്യുകയും പല പേരില് എന്റെ ഫോട്ടോകള് വച്ച് വാട്സാപിലും ഫേസ്ബുക്കിലും ഐഎംഒയിലും എല്ലാം എക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യര്ഥനകള് നടത്തുകയും ചെയ്യുന്നു.
വിവാഹത്തിന്റെ വക്കില് എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്നത്തെ തുടര്ന്ന് ഞാന് സൈബര് സെല്ലില് സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയല് ചെയ്തു. വാട്സ്ആപ് നമ്പര് ട്രേസ് ചെയ്തപ്പോള് കോയമ്പത്തൂര് ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്സിങ് വിദ്യാര്ഥികള് ആണ് ഇതിനു പിന്നിലെന്നാണ് പൊലീസ് എന്നോട് ആദ്യം പറഞ്ഞത്. അവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.
ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഞാന് ഇതേകാര്യം പറഞ്ഞ് സമീപിച്ചിട്ടുണ്ട്. അവര് പറയുന്ന ന്യായം മറ്റൊന്നാണ്. വാട്സാപ്പും ഫെയ്സ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികള് ആണെന്നാണ്. മാത്രവുമല്ല ഇത്തരം പ്രശ്നങ്ങളില് ഇടപെടാന് അവര്ക്കു താല്പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്കുട്ടികള്ക്കാണ് ഈ അവസ്ഥ വന്നതെങ്കില് അവര് പ്രതികരിക്കില്ലേ.
ഞാന് വീണ്ടും സൈബര് സെല്ലിനെ സമീപിച്ചു. കേസ് ഫയല് ചെയ്ത തീയതി ഉള്പ്പെടെ പറഞ്ഞു. വീണ്ടും ഒരിക്കല്ക്കൂടി കേസ് ഫയല് ചെയ്യാനാണ് അവര് പറഞ്ഞത്. എത്ര ഫയല് ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാന് തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകള് വരുന്നതാണ്, സംസാരിക്കാന് സമയം ഇല്ല, വേണമെങ്കില് വന്നു റിട്ടണ് കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോണ് കട്ട് ചെയ്യുകയാണുണ്ടായത്. എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി(ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകള്) തുടങ്ങിയ ഏതെങ്കിലും പേരുകളില് എന്റെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഞാനാണെന്ന് പറഞ്ഞു സമീപിക്കുകയാണെങ്കില് അത് ഫേക് ആണെന്ന് എല്ലാവരും മനസിലാക്കുക.
1. എനിക്ക് ഈ എഫ്ബി അക്കൗണ്ട് ആണ് നിലവിൽ ഉളളത്
2. വാട്സ്ആപ്പ് നമ്പർ എന്റെ അടുത്ത ഫ്രണ്ട്സിന്റെ കയ്യിലുണ്ട്. ഞാൻ ഒരു വാട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കുന്നുളളൂ
3. എനിക്ക് ഐഎംഒ ഇല്ല
4. ഞാൻ ഒരു വിവാഹ മാട്രിമോണിയലിലും റജിസ്റ്റർ ചെയ്തിട്ടില്ല
5. തൽക്കാലം വിവാഹംം കഴിക്കാൻ ആഗ്രഹിക്കുന്നില്ല
ഏതെങ്കിലും അക്കൗണ്ടില് നിന്നും എന്റെ പ്രൊഫൈല് വച്ചിട്ടോ മറ്റു പ്രൊഫൈലുകളില് എന്റെ ഫോട്ടോകള് വച്ചോ ഞാൻ എന്ന വ്യാജേന വന്നാൽ അത് ഫേക്ക് എന്നു മനസിലാക്കുക. ഇതിന്റെ പിന്നില് ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂര്വം എന്നെ കരിവാരിതേക്കാന് ചെയ്യുന്നതാണ്. ഇതുകൊണ്ട് അവര് നേടുന്ന നേട്ടം എന്താണെന്ന് എനിക്കറിയില്ല.
”നിങ്ങളുടെ കർമം നിങ്ങളെ പിന്തുടരട്ടെ”
എല്ലാ പെണ്കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന് ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന് ഈ ഫേസ്ബുക്കില് അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കള് ഇത് ഷെയര് ചെയ്ത് പരമാവധി ആളുകളില് എത്തിക്കുക. ലൈക്കുകള്ക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാളു പോലും വഞ്ചിക്കപ്പെടരുത് അതിനു വേണ്ടിയാണ്.
ഒരിക്കല് താരപ്രഭയുടെ വെള്ളിവെളിച്ചത്തില് തിളങ്ങി നിന്നയാളാണ് മനീഷ കൊയിരാള. പക്ഷെ കാന്സര് എന്ന അസുഖം ബാധിച്ചതോടെ ജീവിതത്തിനും മരണത്തിനുമുടയിലുള്ള പോരാട്ടത്തിലേക്ക് അവര് പെട്ടെന്ന് എടുത്തെറിയപ്പെട്ടു. അപ്പോള് ചുറ്റും തിളങ്ങുന്ന വെളിച്ചങ്ങളും ചിരിക്കുന്ന സുഹൃത്തുക്കളും ആര്പ്പുവിളിക്കുന്ന ആരാധകരും ഉണ്ടായിരുന്നില്ല. ഒരു നിര്മ്മാതാവും അവരുടെ ഡേറ്റിന് വേണ്ടി വീടിന് വെളിയില് ക്യൂ നിന്നില്ല. പക്ഷെ, നിലനില്പ്പിന് വേണ്ടിയുള്ള ആ പോരാട്ടത്തില് സ്വന്തം ഇച്ഛാശക്തികൊണ്ട് അവര് വിജയം നേടി. ഇപ്പോള് വീണ്ടും ബോളിവുഡില് പിച്ചവെക്കുകയാണ് ഒരുകാലത്ത് ആരാധകര് ഒന്നു കാണുന്നതിന് വേണ്ടി മാത്രം കാത്തുനിന്നിരുന്ന ഈ താരം.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില് ആണ് മനീഷ തന്റെ ജീവിതത്തെ കുറിച്ചു പറഞ്ഞത്. ഇത്തരം ഘട്ടങ്ങളില് ഒറ്റപ്പെടുക സ്വാഭാവികമാണെന്ന് രോഗകാലത്തെ സുഹൃത്തുക്കളുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അവര് പറഞ്ഞു. ഇത് ബോളിവുഡിലെ മാത്രം കാര്യമല്ല. ലോകത്തില് എല്ലായിടത്തുമുള്ള യാഥാര്ത്ഥ്യമാണ്. ഉയരങ്ങളിലേക്ക് പോകുമ്പോഴും നാം താഴ്ചയിലേക്ക് തന്നെ വരേണ്ടതുണ്ട് എന്ന ലോകസത്യം തിരിച്ചറിഞ്ഞതിനാല് ഇപ്പോള് ഒന്നും വ്യക്തിപരമായി എടുക്കാറില്ലെന്ന് മനീഷ പറയുന്നു.
എന്ത് സംഭവിച്ചാലും പക്വതയോടെ നേരിടണം എന്നതാണ് ഇക്കാലത്ത് പഠിച്ച വലിയ പാഠം. പക്ഷെ രോഗബാധയുടെ സമയത്ത് താന് ഇത്രയും പക്വത കൈവരിച്ചിരുന്നില്ലെന്നും അതിനാല് തന്നെ ദുഃഖിതയായിരുന്നുവെന്നും അവര് പറഞ്ഞു .എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണ്. പ്രശസ്തി കുറച്ച് കാലം കഴിയുമ്പോള് നഷ്ടപ്പെടും. ആളുകള്ക്ക് നിങ്ങളിലുള്ള താല്പര്യം കുറയും. ആ പ്രശസ്തി എന്നും നിലനില്ക്കും എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ജോലിയോട് ആത്മാര്പ്പണവും പുലര്ത്തുക മാത്രമാണ് ഒരാള്ക്ക് ചെയ്യാന് സാധിക്കുന്നത്.
ജീവന് നഷ്ടപ്പെടും എന്ന അവസ്ഥയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു അനുഭവവുമില്ലെന്നും മരണം നിങ്ങളുടെ മുന്നിലുണ്ടെന്ന തിരിച്ചറിവ് വല്ലാത്ത ഒരു വികാരമാണെന്നും അവര് പറയുന്നു. മോശം സമയങ്ങള് ചിലപ്പോള് നമ്മെ തകര്ത്തുകളയും. എന്നാല് മോശം കാലങ്ങള് നമ്മെ ഒരുപാട് കാര്യങ്ങള് പഠിപ്പിക്കും. ചില കാര്യങ്ങള് നേടുന്നതിന് ചിലതു നഷ്ടപ്പെടുത്തേണ്ടി വരും. ആരൊക്കെയാണ് എന്റെ യഥാര്ത്ഥ സുഹൃത്തുക്കളെന്ന് ഈ കാലഘട്ടത്തിലാണ് തനിക്ക് വ്യക്തമായത്. ചില പാഠങ്ങള് കൈപ്പേറിയതാണ്. പക്ഷെ അവ പിന്നീടൊരിക്കലും മറക്കില്ല. അതുകൊണ്ട് അത്തരം പാഠങ്ങളെ നിധികള് എന്ന് വിളിക്കാനാണ് താന് ആഗ്രഹിക്കുന്നതെന്നും മനീഷ പറഞ്ഞു. സഞ്ജയ് ദത്തിന്റെ ആത്മകഥാപരമായ ചിത്രത്തില് നര്ഗ്ഗീസ് ദത്തിന്റെ വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയ മനീഷ കൊയിരാള.
ഹിന്ദി സിനിമയില് മാത്രമല്ല ഇംഗ്ലീഷ് സിനിമകളില് പോലും നിറസാന്നിധ്യം ആണ് ഇന്ന് പ്രിയങ്ക ചോപ്ര. എന്നാല് ആദ്യകാലത്ത് താന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചു ഈയിടെ താരം പറയുകയുണ്ടായി.
അതിങ്ങനെ : ഞാന് ലോകസുന്ദരി പട്ടം നേടി സിനിമാ ലോകത്ത് എത്തിയതാണ്. തുടക്കത്തില് എന്റെ മനസ്സിനെ വേദനിപ്പിച്ച ഒട്ടേറെ അനുഭവങ്ങളെ എനിക്ക് നേരിടേണ്ടതായി വന്നു. മിക്കതും വിവരം കെട്ട സംവിധായകരില് നിന്നായിരുന്നു. ഇവരെയൊക്കെ ഞാന് അടച്ച് ആക്ഷേപിക്കുന്നതായി കുരുതരുത് . ഒരു പടത്തില് ഞാന് കരാര് ചെയ്യപ്പെട്ടു. ചിത്രീകരണം തുടങ്ങി രണ്ടുദിവസം ഞാന് അഭിനയിച്ചു. മൂന്നാംനാള് സംവിധായകന് പറഞ്ഞു ‘ഇങ്ങനെ മൂടിപ്പൊതിഞ്ഞ് ഡ്രസ്ധരിച്ചാല് പ്രേക്ഷകര് നിന്നെ ശ്രദ്ധിക്കില്ല. കുറെ ഗ്ലാമറൊക്കെ പ്രദര്ശിപ്പിച്ചില്ലെങ്കില് പടം പെട്ടിയില് ഒതുങ്ങും. ഒടുവില് പ്രിയങ്കയും വീട്ടിലിരിക്കേണ്ടതായി വരും.’ ഞാന് പ്രതകരിച്ചില്ല. നാലാം ദിവസം എത്തിയപ്പോള് അയാളൊരു ഡ്രസ് എന്നെ കാണിച്ചുകൊണ്ടു പറഞ്ഞു: ‘ഇന്നത്തെ സീനില് ധരിക്കേണ്ട ഡ്രസാണിത്.’ഞാനത് വാങ്ങി നോക്കി.
അതിലോലമായ ഒരു മിനിസ്കര്ട്ട്. അതു ധരിച്ചാല് എന്റെ അടിവസ്ത്രം വ്യക്തമായി കാണാമായിരുന്നു. എനിക്ക് സങ്കടം പൊട്ടിപ്പോയി. അടുത്തക്ഷണം കാറില് കയറി ഞാന് വീട്ടിലേക്കു പോയി. ‘നിന്റെ പടം എനിക്കു വേണ്ടടാ’ എന്നു മനസ്സില് വിചാരിച്ചു. ഞാനപ്പോള് വളരെ ബുദ്ധിമുട്ടിലായിരുന്നു. എങ്കിലും പരിചയക്കാരില്നിന്നൊക്കെ വായ്പ വാങ്ങി അഡ്വാന്സ് തുക ഞാനയാള്ക്ക് കൊടുക്കുകയാണ് ചെയ്തത്. അതിനുശേഷം ഞാന് ബോളിവുഡ്ഡിലെ നമ്പര്വണ് നായികമാരില് ഒരാളായിത്തീര്ന്നപ്പോള് ഇതേ സംവിധായകന് എന്റെ മുന്പിലെത്തി അഭിനയിക്കാനായി അഭ്യര്ത്ഥിക്കുകയുണ്ടായി എന്നും പ്രിയങ്ക ഓര്ക്കുന്നു.
സിനിമയില് വരുന്ന പെണ്കുട്ടികള് എന്തിനും തയാറായിരിക്കണമെന്ന അഭിപ്രായം വിഡ്ഢിത്തമാണ്. ഈ മേഖലയില് തങ്ങളുടെ അഭിനയം വെളിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് വരിക. അവരെ തെറ്റായ കണ്ണുകള്കൊണ്ടു കാണുന്നത് ശരിയല്ല. ചില പടങ്ങളില് കഥയ്ക്ക് ഗ്ലാമര് അനുയോജ്യമായി വന്നാല് അതില് അഭിനയിക്കാന് ഞാന് സന്നദ്ധയാണ്.
അമേരിക്കയില് വര്ണവിവേചനം മൂലം എന്തെല്ലാം അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞാന് ബാല്യത്തില് ഇതൊക്കെ നേരിട്ടവളാണ്. എട്ടാംക്ലാസില് പഠിക്കുമ്പോള് അമേരിക്കയിലെ ലോവാ ഭാഗത്ത് താമസിക്കുന്ന എന്റെ ചിറ്റമ്മയുടെ വീട്ടിലേക്ക് അച്ഛനും അമ്മയും എന്നെ വിദ്യാഭ്യാസത്തിനായി അയച്ചു. അവിടെ ഞാന് മൂന്നുവര്ഷം താമസിച്ചു. അപ്പോഴെന്നെ അമേരിക്കക്കാര് അവഹേളിച്ചുകൊണ്ടു പറഞ്ഞു. ‘നീ എന്തിന് ഇവിടെ വന്നു? നീ നാട്ടിലേക്ക് പൊയ്ക്കൊള്ളൂ’ എന്നവര് എന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്റെ കാല്മുട്ടിന് താഴെയായി രണ്ടു വടുക്കള് ഉണ്ടായിരുന്നു. ഇത് ജന്മസിദ്ധമായിരുന്നു. സ്കൂള് യൂണിഫോം ഇടുമ്പോള് ഈ വടുക്കള് വ്യക്തമായി കാണാന് കഴിയുമായിരുന്നു. ഇതു കണ്ട് വെള്ളക്കാരായ സഹപാഠികള് എന്നെ ക്രൂരമായ വിധം പരിഹസിക്കുമായിരുന്നു. ഞാന് പൊട്ടിക്കരയാത്ത ദിനങ്ങളില്ല. ഇന്നും ഞാനത് മറന്നിട്ടില്ല. ഇന്ന് അവര് പരിഹസിച്ച എന്റെ കാലുകള് മാത്രം പതിനൊന്ന് ഉത്പാദന വസ്തുക്കളുടെ പരസ്യമോഡലാണ്. ഇതിന്റെയൊക്കെ പ്രചാരം വര്ദ്ധിപ്പിച്ചിരിക്കുന്നത് എന്റെ കാലുകളാണ് എന്നും പ്രിയങ്ക പറയുന്നു.
മലയാള സിനി താരങ്ങളുടെ വിവാഹ കാലം. ഒരേസീരിയലിലെ നായകിയും വില്ലത്തിയും ഒരാഴ്ച്ച വ്യത്യാസത്തിലാണ് വിവാഹം കഴിച്ചിരിക്കുന്നു. സീരിയലിലെ നായികയായിരുന്ന മേഘ്നയും പ്രതിനായികയായ ശാലുവുമാണ് വിവാഹിതരായിരിക്കുന്നത്. സീരിയലിൽ ശത്രുക്കളാണെങ്കിലും ജീവിതത്തിൽ ഇവർ അടുത്ത സുഹൃത്തുക്കളാണ്.
മേഘ്നയുടെ പ്രീവിഡിങ് വീഡിയോ ട്രോളറുമാർ ആഘോഷമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ശാലുകുര്യന്റെയും പ്രീവെഡിങ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട റാന്നി സ്വദേശി മെൽവിൻ ഫിലിപ് ആണ് വരൻ. മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളി ദമ്പതികളുടെ മൂത്ത മകൻ ആണ് വരൻ ഫിലിപ്പ് . കൊച്ചിയിലെ പ്രമുഖ ഹോട്ടൽ പിആർ മാനേജരാണു വരൻ.
ദിലീപിന് നേരെ കടുത്ത വിമര്ശനങ്ങളുമായി കഴിഞ്ഞ ദിവസം ആണ് മാധ്യമപ്രവര്ത്തകന് പല്ലിശ്ശേരി രംഗത്ത് വന്നത്.എവിടെ പോയാലും മകള് മീനാക്ഷിയെ കൂടെകൂട്ടുന്ന ദിലീപ് അമേരിക്കന് ഷോയ്ക്ക് മകളെ ഒഴിവാക്കി കാവ്യയുമായി പോയതിനെ പല്ലിശ്ശേരി തന്റെ ലേഖനത്തില് രൂക്ഷമായി വിമര്ശിച്ചിരുന്നു. ദിലീപിന്റെ മകള്ക്ക് അച്ഛന്റെ തനി സ്വഭാവം പിടികിട്ടിയെന്നും മകളെ ഹോസ്റ്റലില് നിര്ത്തിയാണ് ദിലീപും കാവ്യയും അമേരിക്കയിലേക്ക് പരിപാടിക്കായി പോയതെന്നുമായിരുന്നു പല്ലിശ്ശേരിയുടെ കണ്ടെത്തല്.
എന്നാല് എല്ലാ ആരോപണങ്ങള്ക്കും മറുപടിയുമായി വന്നിരിക്കുകയാണ് ദിലീപ്. മകള്ക്കും കാവ്യയ്ക്കും ഒപ്പം ഒരു കുടുംബചിത്രം പുറത്തുവിട്ടാണ് ദിലീപ് പല്ലിശ്ശേരിയുടെ ആരോപണങ്ങളുടെ മുനയൊടിച്ചത് .ദിലീപ് ഷോയുടെ ഭാഗയാണ് ദിലീപും കുടുംബവും അമേരിക്കയില് എത്തിയത്. നാദിര്ഷ സംവിധാനം ചെയ്യുന്ന ഷോയില് രമേശ് പിഷാരടി, ധര്മ്മജന്, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര് ജോര്ജ് തുടങ്ങി കോമഡി താരങ്ങളുടെ പ്രകടനവും ചാനല് ഷോകളിലൂടെ പ്രതിഭ തെളിയിച്ചവര് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ട്. കാവ്യാ മാധവനും ഷോയില് സ്കിറ്റും ഡാന്സും അവതരിപ്പിക്കുന്നുണ്ട്.
മലയാളസിനിമയിലെ അതിമനോഹരമായ സിനിമകളില് ഒന്നാണ് മിഥുനം. എന്നാല് ആദ്യകാലത്ത് പ്രേക്ഷകശ്രദ്ധ തീരെ ലഭിക്കാതെ പോയ ചിത്രം ആയിരുന്നു മിഥുനം. ആ കാലത്ത് മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാഞ്ജിയായിരുന്ന ഉര്വശിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് ഉര്വശി നടത്തിയ ചില തുറന്നു പറച്ചിലുകള് മിഥുനത്തെ പ്രേക്ഷകരില് നിന്ന് അകറ്റി എന്നു പറയുപെടുന്നു.
വിവാഹത്തിനുമുമ്പും വിവാഹത്തിനു ശേഷവുമുള്ള പ്രണയമായിരുന്നു മിഥുനത്തിന്റെ ഇതിവൃത്തം. നായകനായി എത്തിയത് മോഹന്ലാലും നായികയായി ഉര്വശിയുമായിരുന്നു. ശ്രീനിവാസന് രചനയും പ്രിയദര്ശനന് സംവിധാനവും നിര്വഹിച്ചിരുന്ന ചിത്രത്തില് സുലോചന എന്ന നായിക കഥപാത്രത്തെ അവതരിപ്പിച്ച ഉര്വശി ഒരു സിനിമവാരികയ്ക്ക് നല്കിയ അഭിമുഖത്തില് ചില തുറന്നു പറച്ചിലുകള് നടത്തി എന്നു പറയുന്നു. അത് പ്രേക്ഷകരെ സിനിമ കാണുന്നതില് നിന്ന് പിന്തിരിപ്പിച്ചത്രെ
‘മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താല്പ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാന് കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തില് സുലോചനയുടേത്.അതെന്താ ആ ഭര്ത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാന് കഴിയാത്ത ആളുകള് കല്യാണം കഴിക്കാന് പാടില്ല. ഭര്ത്താവിനെ അളവില് കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവള് പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാള്ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില് പറയുന്നുണ്ട്.
‘മിഥുനം’ എന്ന സിനിമയുമായി ബന്ധപ്പെട്ടവര്ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന് എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്വ്വം ആഗ്രഹമില്ല.’ ഉര്വശിയുടെ ഈ തുറന്നു പറച്ചില് ചിത്രത്തെ നെഗറ്റീവായി ബാധിച്ചു എന്നു പറയുന്നു. പ്രിയനും കൂട്ടര്ക്കും ഉര്വ്വശിയുടെ ഈ തുറന്നു പറച്ചിലില് ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങള് പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയില് ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തില് ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകള്ക്ക് ജനങ്ങള്ക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുതായിരുന്നു
കിരണ് ടിവിയിലെ അവതാരകയായിട്ടാണ് സാന്ദ്ര ആമിയെ പ്രേക്ഷകര് ആദ്യം കാണുന്നത്. പിന്നെ നിരവധി സിനിമകളില് മുഖം കാണിച്ച സാന്ദ്ര പിന്നെ വിവാഹിതയായി ചെന്നൈയിലേക്ക് പോയി. ഒരിടവേളയ്ക്ക് ശേഷം ഇപ്പോള് തമിഴ് മലയാളം സീരിയല് സിനിമരംഗത്ത് സജീവമാകുകയാണ് സാന്ദ്ര. മലയാള സിനിമകളില് ചെറിയവേഷങ്ങളിലൂടെ എത്തിയ സാന്ദ്ര ഇപ്പോള് തമിഴകത്ത് സുപരിചിതയായ നടിയാണ്.
സെവപ്പ് എനിക്ക് പുടിയ്ക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഏറ്റവുമൊടുവില് തമിഴില് റിലീസായത്. ചിത്രത്തില് ഒരു ലൈംഗിക തൊഴിലാളിയായിട്ടാണ് സാന്ദ്ര എത്തിയത്. ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില് സംസാരിക്കവെയാണ് ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞത്.
ചിത്രത്തില് മഹിമ എന്ന ലൈംഗിക തൊഴിലാളിയായിട്ടാണ് ഞാന് അഭിനയിച്ചത്. ചുവപ്പ് എന്ന് പറയുമ്പോള് എല്ലാവര്ക്കും ഓര്മവരുന്നത് ചുവന്ന തെരുവും കമ്യൂണിസവുമൊക്കെയാണ്. അത് തന്നെയാണ് ഞങ്ങളുടെയും ആശയം. ഞാനും എന്റെ ഭര്ത്താവും ഒന്നിച്ചിരുന്നാണ് സിനിമയുടെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് തീര്ച്ചയായും ഈ സിനിമ ചെയ്യണം എന്ന് എന്നോട് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്നങ്ങള് ചര്ച്ച ചെയ്യുന്ന ചിത്രമാണ്. തീര്ച്ചയായും കുടുംബ പ്രേക്ഷകര് കണ്ടിരിക്കണം.കുട്ടികള്ക്ക് നേരെയുള്ള പീഡനങ്ങള് തടയൂ എന്നാണ് സിനിമയുടെ ടാഗ് ലൈന്.
എന്റെ അഭിപ്രായത്തില് ചെന്നൈയില് ചുവന്ന തെരുവുകള് ആവശ്യമാണ്. സാഹചര്യങ്ങള് കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള് ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര് കൊണ്ടു നടക്കുന്നു. അങ്ങനെയുള്ളപ്പോള് ആരും വെറുതേ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലല്ലോ. ആവശ്യക്കാര്ക്ക് അങ്ങോട്ട് പോകാമല്ലോ എന്നതാണ് സിനിമയുടെ ആശയം.
ഇതൊരിക്കലും ഒരു എ പടമല്ല. അശ്ലീലമായ ഒരു സംഭാഷണമോ രംഗമോ സിനിമയിലില്ല. ഞാനൊരു ഭാര്യയാണ്. എന്റെ ഭര്ത്താവും ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ പൊക്കിള് കൊടിയും ശരീര ഭാഗങ്ങളും കാണിച്ച് എനിക്ക് അഭിനയിക്കാന് കഴിയില്ല. ഇത് കുടുംബ പ്രേക്ഷകര്ക്ക് വേണ്ടിയുള്ള സിനിമയാണ്. കുടുംബത്തോടൊപ്പം ഇരുന്ന് കാണണം.സിനിമ കണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്ക് ഇനിയും കാമ്പുള്ള കഥാപാത്രങ്ങള് ചെയ്യണം എന്നാണ് ആഗ്രഹം. പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന് ആഗ്രഹമില്ല. പക്ഷെ സിവപ്പ് എനക്ക് പുടിയ്ക്കും എന്ന ചിത്രത്തിന് ശേഷം എന്നെ എല്ലാവരും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനാണ് വിളിക്കുന്നത്. അത് വളരെ വിഷമമുള്ള കാര്യമാണ് എന്നും സാന്ദ്ര പറയുന്നു.
റിലീസ് ചെയ്ത് പത്ത് ദിവസങ്ങള് മാത്രം പിന്നിടുമ്പോള് ആയിരം കോടി എന്ന ബ്രഹ്മാണ്ഡ നേട്ടവുമായി ബാഹുബലി2. ഇന്ത്യന് സിനിമ ചരിത്രത്തില് ആദ്യമായാണ് 1000 കോടി കളക്ഷന് ഒരു ചിത്രം നേടുന്നത്. അമര് ഖാന് ചിത്രം പികെ നേടിയ 792 കോടിയായിരുന്നു ഏറ്റവും ഉയര്ന്ന മുന് കളക്ഷന്. ഈ റെക്കോര്ഡ് ആണ് വെറും 10 ദിവസം കൊണ്ട് ബാഹുബലി തകര്ത്തത്. അന്തരാഷ്ട്ര തലത്തില് തന്നെ ചര്ച്ചയാകപ്പെട്ട സിനിമ ഇന്ത്യന് സിനിമയിലെ അത്ഭുതം എന്നതിലുപരി ഇന്ത്യന് ചിത്രങ്ങള്ക്ക് പുതിയ വാതിലാവുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കകം 1500 കോടി നേട്ടം ചിത്രം സ്വന്തമാക്കുമെന്ന് നിരീക്ഷകര്പറയുന്നു. 121 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്. ഉത്സവ സീസണ് അല്ലാതിരുന്നിട്ടും റിലീസ് ചെയ്ത എല്ലായിടത്തു നിന്നും റെക്കോര്ഡ് കളക്ഷന് സ്വന്തമാക്കുന്ന ഒരേയൊരു ചിത്രമാണ് ബാഹുബലി. അച്ഛന് വിരേന്ദ്രപ്രസാദിന്റെ കഥയില് മകന് രാജമൗലി ഒരുക്കിയ ചിത്രം വിജയഗാഥ തുടരുകയാണ്.
മോഹൻലാലിനെ നായകനാക്കി രാജ്യാന്തര ഭാഷകളിലുളള ആക്ഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ. പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ നായകനായെത്തിയ പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ചെയ്തത് പീറ്റർ ഹെയ്നായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ ആക്ഷൻ കൊറിയോഗ്രാഫറാണ് പീറ്റർ ഹെയ്ൻ.
ഒരു രാജ്യാന്തര ചിത്രമൊരുക്കാനാണാഗ്രഹിക്കുന്നത്. അതിൽ മോഹൻലാലിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ചിത്രമെന്നതിലുപരി ചൈനീസ്, ഇംഗ്ളീഷ് ഉൾപ്പെടെയുളള ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക്കുകയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിന് ദേശീയ പുരസ്കാരം നേടിയെങ്കിലും ചിത്രത്തിൽ പീറ്റർ ഹെയ്ൻ സംതൃപ്തനല്ല. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ”ഞാൻ പുലിമുരുകൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ ആസ്വാദകരെ മാത്രം ലക്ഷ്യമിട്ട് ചിത്രമൊരുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ ഞാൻ പുലിമുരുകൻ മറ്റൊരു രൂപത്തിൽ പുനഃസൃഷ്ടിച്ചക്കും” പീറ്റർ ഹെയ്ൻ അഭിമുഖത്തിൽ പറഞ്ഞു
മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന വില്ലൻ, രണ്ടാമൂഴം എന്നീ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതും പീറ്റർ ഹെയ്നാണ്.
പുലിമുരുകനിൽ പുലിക്ക് പകരം കടുവയെ ഉപയോഗിച്ചത്തിന്റെ രഹസ്യം പീറ്റർ വെളിപ്പെടുത്തി, അതിനു കാരണം ഞാൻ തന്നെ. പുലി എന്ന് പറഞ്ഞാൽ ചിറ്റ അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഇരയുടെ പിറകെ പായുന്ന മൃഗം പുലി ആണ്, ലാൽ സാറിന്റെ പിറകിൽ പുലി ഓടുന്ന രംഗം എടുത്താൽ അത് ക്ലിക് ആകുമോ എന്നതുകൊണ്ടാണ് പുലിക്ക് പകരം കടുവ ആക്കിയത്
ടേക്ക് ഓഫ് വലിയ വിജയം നേടിയതോടെ പാര്വതി പ്രതിഫല തുക കുത്തനെ ഉയര്ത്തി എന്ന് വാര്ത്ത വന്നിരുന്നു. മലയാളത്തില് ഇപ്പോള് ഏറ്റവും ഉയര്ന്ന പ്രതിഫലം വാങ്ങുന്ന നടി പാര്വതിയാണെന്നാണ് പറയുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും തുടര്ച്ചയായ വിജയങ്ങളെ തുടര്ന്ന് പാര്വതി പ്രതിഫലം ഒരു കോടി രൂപയായി ഉയര്ത്തി എന്നും കഴിഞ്ഞ ദിവസം വാര്ത്ത വന്നിരുന്നു.
എന്നാല് വാര്ത്തകളോട് വളരെ ക്ഷുഭിതയായാണ് പാര്വതി പ്രതികരിച്ചത്. പല ഓണ്ലൈന് സൈറ്റുകളും വാര്ത്തയുടെ നിജസ്ഥിതി തിരയാതെ വാര്ത്ത പടച്ചുവിട്ടതായി പാര്വതി ആരോപിക്കുന്നു. ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒരു ഓണ്ലൈന് നല്കിയ അഭിമുഖത്തില് പാര്വതി പറയുന്നു. ചില മാധ്യമങ്ങള് തന്നോട് ചോദിക്കാതെ തന്റെ പ്രതിഫലം സംബന്ധിച്ച് വ്യാജ വിവരങ്ങള് വാര്ത്തയായി കൊടുക്കുകയായിരുന്നു എന്ന് പാര്വതി ആരോപിച്ചു.
എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്ച്ച ചെയ്യാന് ഇവിടെ ഞാനും എന്റെ നിര്മാതാവും ഉണ്ട്. അല്ലാതെ മറ്റൊരാളും ഇതില് ഇടപെടാന് വരേണ്ട. ദയവ് ചെയ്ത് എന്നെക്കുറിച്ച് വന്ന വ്യാജവാര്ത്തകള് പിന്വലിക്കണം. ഇക്കാര്യത്തില് ഒരുപാട് വിഷമമുണ്ടെന്നും പാര്വതി പറഞ്ഞു.