Movies

സിനിമാതാരങ്ങളെ വലിയ ആരാധനയോടെ നോക്കികാണുന്നവരാണ് തമിഴ് നാട്ടിലെ ജനങ്ങൾ.ചിലപ്പോഴോക്കെ ഇവരുടെ ആരാധന ഭ്രാന്തമാകാറുണ്ട്. അത്തരത്തിലൊന്നാണ് താരങ്ങളെ ദൈവതുല്യം കണ്ട് ഇവർക്കായി അമ്പലങ്ങൾ പണിയുന്നത്. അപ്പോൾ പിന്നെ അങ്ങേയറ്റം ആരാധിക്കുന്ന ഒരു താരത്തെ നേരിട്ട് കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. ഇപ്പോൾ തമിഴകത്തെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. കീർത്തിക്കും വലിയൊരു ആരാധകനിര ഉണ്ടെന്ന് വെളിവാക്കുന്നതാണ് സേലത്തെ ഈ സംഭവം.

സേലം ഓമല്ലറൂർ റോഡിലുള്ള എവിആർ സ്വർണ മഹൽ ജ്വല്ലറി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. കീർത്തിയെ കാണാൻ വൻ ജനാവലി തന്നെ എത്തിയിരുന്നു. പോലീസിന് നിയന്ത്രിക്കാൻ പറ്റാത്തവിധം ജനങ്ങളായിരുന്നു ജ്വല്ലറി മുൻപായി തടിച്ചുകൂടിയത്. തുടക്കത്തിൽ വടം വലിച്ചുകെട്ടി ജനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഉന്തുംതള്ളും കാരണം ശ്രമം വിഫലമായി. ജനങ്ങളുടെ തള്ളിക്കയറ്റത്തിൽ ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടു. ഇതോടെ പോലീസിന് ലാത്തി വീശുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. ലാത്തിവീശലിലും ആളുകളെ ഒഴിപ്പിക്കാൻ പോലീസ് പ്രയാസപ്പെട്ടു. കീർത്തിക്കൊപ്പം ഫോട്ടോ എടുക്കാനുമായി ആളുകൾ തിരക്കുകൂട്ടുകയായിരുന്നു. അതിനിടെ ലാത്തിവീശലൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകില്ലെന്നായപ്പോൾ പോലീസ് എത്തി കീർത്തിയെ മടക്കി അയക്കുകയായിരുന്നു. നടി സ്ഥലം വിട്ടതോടെയാണ് പരിസരമൊന്ന് ശാന്തമായത്.

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് മഡോണ സെബാസ്റ്റിയന്‍. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യഭാഷയില്‍ നിന്നും ഒത്തിരി ഓഫറുകളാണ് മഡോണയെ തേടിയെത്തുന്നത്. നടിയോട് ആരാധകര്‍ക്കുള്ള പ്രത്യേക സ്‌നേഹം കണക്കിലെടുത്താണ് മഡോണയ്ക്ക് ഇടവേളകളില്ലാതെ ഓഫറുകള്‍ വരുന്നത്.
മലയാളം വിട്ട് തമിഴിലേക്ക് ചേക്കേറിയ താരത്തിന് അവിടെയും മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. നടി ഇപ്പോള്‍ അഹങ്കാരത്തിന്റെ പരകോടിയിലാണെന്നാണ് തമിഴ്സിനിമലോകത്തിന്റെ പ്രധാന പരാതി. തമിഴ് മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.
വലിയ തലക്കനമാണത്രെ സെറ്റില്‍ മഡോണ സെബാസ്റ്റിന്. ആരോടും സംസാരിക്കില്ല. സംസാരിച്ചാവും പരുക്കാന്‍ സ്വഭാവം. ഒന്നിലും പങ്കാളിയാകില്ല. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിക്കുക. സഹകരണ സ്വഭാവം നടിയുടെ ഭാഗത്ത് നിന്നില്ല എന്നൊക്കെയാണ് നടിക്കെതിരെയുള്ള ആരോപണങ്ങൾ.
ഇതിനിടെ മഡോണ പ്രതിഫലം ഉയര്‍ത്തിയതാണ് പുതിയ വിഷയം. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ, അതിന് തനിക്ക് പ്രതിഫലം കൂടുതല്‍ വേണം എന്നൊക്കെയാണത്രെ നടിയുടെ ഡിമാന്‍ഡ്. ഈ അടുത്ത നാളിൽ പുതിയ ഒരു താരചിത്രത്തിൽ നടിയെ കാസ്റ്റുചെയ്യുന്നതുമായി ബന്ധപെട്ടു നടിയോട് സംസാരിച്ച ഒരു പ്രശസ്‌ത പ്രൊഡക്ഷൻ കോൺട്രോളറോട് നടി ചൂടായതായും പിന്നീട് ആളെ മനസിലായപ്പോൾ മാപ്പ് ഇരന്നതായും അറിയാൻ കഴിഞ്ഞത്.
പ്രേമത്തിന് ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലെത്തി. തമിഴില്‍ കാതലും കടന്ത് പോകും, കവന്‍, പവര്‍ പാണ്ടി എന്നീ ചിത്രങ്ങളും ചെയ്തു. ഇപ്പോള്‍ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

പ്രിയാ രാമനെ മലയാളികള്‍ അങ്ങനെ ഒന്നും മറക്കില്ല .സൈന്യം, കാഷ്മീരം, മാന്ത്രികം… എണ്ണിയാലൊടുങ്ങാത്ത ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രിയ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്.

മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയ അടുക്കുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ ഇവരുടെ  വിവാഹം നടന്നു.  രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും.

പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു.

Image result for priya raman

2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ് താമസം. ഏഴും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. കുട്ടികള്‍ ഇപ്പോള്‍ പ്രിയയ്‌ക്കൊപ്പമാണ് താമസം. ഇതിനിടെ രഞ്ജിത്ത് പുനര്‍ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രിയാരാമന്‍.
Image result for priya raman

സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്നുളളതാണ്. ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് തിങ്കളാഴ്‌ച കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.ട്രോൾ മലയാളം, ഇന്റർനാഷണൽ ചളു യൂണിയൻ എന്നിവരാണ് ട്രോളുകളുടെ പിറകിൽ.

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശന്റെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്.

നടിയും ശരത്‍കുമാറിന്‍റെ മകളുമായ വരലക്ഷ്മിയെ തട്ടിക്കൊണ്ടുപോയെന്ന് വാർത്ത .സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട നടി വരലക്ഷ്മിയുടെ ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇരുണ്ട മുറിയില്‍ കൈകള്‍ രണ്ടും ബന്ധിച്ച് വായ് മൂടിക്കെട്ടിയ നിലയില്‍ ഭയന്നിരിക്കുന്ന നടിയുടെ ചിത്രമാണ് ട്വിറ്ററിലൂടെ പ്രചരിച്ചത്.

എന്താണ് സത്യാവസ്ഥയെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ചര്‍ച്ചയാണ് പിന്നെ നടന്നത് . അവസാനം ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ ട്വിറ്ററിലെത്തി. ഇതൊരു സിനിമയുടെ ഭാഗമാണെന്നും താന്‍ സുരക്ഷിതയാണെന്നും വരലക്ഷ്മി ട്വീറ്റ് ചെയ്തു. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ അതിരുവിടുന്ന സിനിമാപ്രചാരണതന്ത്രങ്ങള്‍ നിയന്ത്രിക്കേണ്ടതാണെന്ന അഭിപ്രായവും സിനിമാമേഖലയില്‍ ഉയരുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയം, വിവാഹം, വിവാഹസത്കാരം എന്നിവ കോർത്തിണക്കിയ വിഡിയോയ്ക്ക് പിന്നിൽ ടുസ്ഡേ ലൈറ്റ്സ് ആണ്.

ഏപ്രില്‍ ഏഴിന് കണ്ണൂരിൽവച്ചായിരുന്നു ധ്യാനിന്റെയും അർപിതയുടെയും വിവാഹം. എറണാകുളം ഗോകുലം പാര്‍ക്കിലാണ് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം ഒരുക്കിയത്. മമ്മൂട്ടിയുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലോകസിനിമയിൽ തന്നെ ചരിത്രമാവാൻ പോകുന്ന മലയാളത്തിലെ ഏറ്റവും മുതൽമുടക്കുളള ചിത്രം മഹാഭാരതം നിിർമ്മിക്കുന്നത് യുഎഇയിലെ പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടി.യുഎഇ എക്‌സ്ചേഞ്ചിന്റെയും എൻഎംസി ഹെൽത്ത് കെയറിന്റെയും സ്ഥാപകനാണ് ബി.ആർ.ഷെട്ടി. 1,000 കോടി ബഡ്‌ജറ്റിലാണ് ( യുഎസ് ഡോളർ 150 മില്ല്യൺ) മഹാഭാരതം നിർമ്മിക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ നോവലായ രണ്ടാമൂഴത്തെ ആസ്‌പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. കേന്ദ്രകഥാപാത്രമായ ഭീമിനായെത്തുന്നത് മോഹൻലാലാണ്.

‘എല്ലാ ഇതിഹാസങ്ങളുടെയും ഇതിഹാസമാണ് മഹാഭാരതം. വിസ്മയിപ്പിക്കുകയും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യുന്ന കവിതയാണത്. ഈ അഭിമാന സംരംഭത്തിന്റെ ഭാഗമായത് ഏറെ ആവേശം തരുന്നു. ഇന്ത്യയുടെ കാവ്യേതിഹാസത്തെ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ലഭിച്ച അവസരമാണിത്. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്ര രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. ഇത് ഒരു നാഴികക്കല്ലു മാത്രമാകില്ല. ഇന്ത്യന്‍ മിഥോളജിയുടെ ഇന്നേവരെയില്ലാത്ത ദൃശ്യസാക്ഷാത്കാരം കൂടിയാകും–ഷെട്ടി പറഞ്ഞു.100 ഭാഷകളിലായി മൂന്നുദശലക്ഷം ജനങ്ങളിലേയ്ക്ക് മഹാഭരത കഥയെത്തുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും പ്രൗഢമായ ഉറവകളാകും ലോകമെങ്ങും പരന്നൊഴുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ഒരിക്കലും സാധിക്കില്ലെന്ന് മറ്റുള്ളവര്‍ കരുതിയ വലിപ്പത്തിലും വിസ്തൃതിയിലുമാണ് ഈ ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ എല്ലാ അര്‍ഥത്തിലും സ്തബ്ധരാകാന്‍ പോകുകയാണ് ഈ ചലച്ചിത്രകാവ്യത്തിലൂടെ.

എം.ടി.വാസുദേവന്‍നായര്‍ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈ സൃഷ്ടിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. കാലത്തെ ജയിക്കുന്ന ഈടുവയ്പാണ് എം.ടിയുടെ അക്ഷരങ്ങള്‍. ഇത്രയും കാലം ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ക്കുള്ളില്‍ നിറഞ്ഞ ആ മഹാനായ എഴുത്തുകാരന്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണമികവിലും പൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ അതിരില്ലാത്ത അര്‍പ്പണബോധവും ഊര്‍ജവും തന്നെ ആകര്‍ഷിച്ചുവെന്ന് ഷെട്ടി പറയുന്നു.

പരസ്യ സംവിധാകനെന്ന നിലയിൽ ശ്രദ്ധേയനായ വി.എ. ശ്രീകുമാർ മേനോനാണ് മഹാഭാരരതം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ പരസ്യ ചിത്ര സംവിധായകരിൽ ഒരാളാണ് ശ്രീകുമാർ മേനോൻ. കല്ല്യാൺ ജ്വല്ലേഴ്‌സ് പരസ്യങ്ങളിലൂടെയാണ് മലയാളിക്ക് പരിചിതനാകുന്നത്. പുഷ് ഇന്റ്‌ഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് എം.ഡിയും സിഇഒയുമാണ് ശ്രീകുമാർ മേനോൻ. മണപ്പുറം ഫിനാൻസിന് വേണ്ട് വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങളെ അണിനിരത്തിയുളള പരസ്യമൊരുക്കിയതും ഇദ്ദേഹമാണ്.

മലയാളം കൂടാതെ ഹിന്ദി, ഇംഗ്ളീഷ്, തമിഴ്,തെലുങ്ക് ഭാഷകളിലും കൂടിയാണ് മഹാഭാരതം ഒരുങ്ങുന്നത്. മികച്ച സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ധരുമായിരിക്കും മഹാഭാരതത്തിൽ അണിനിരക്കുക. ലോക സിനിമയില തന്നെ പ്രഗല്ഭരായവർ മഹാഭാരതത്തിന്റെ ടെക്‌നിക്കൽ ടീമിലുണ്ടായിരിക്കും. ഹോളിവുഡിലെയും ഇന്ത്യയിലെ സിനിമയിലെയും മികച്ച താരങ്ങൾ മഹാഭാരതത്തിലുണ്ടാവും.

രണ്ട് ഭാഗങ്ങളിലായാണ് മഹാഭാരതം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം സെപ്‌റ്റംബറിൽ തുടങ്ങും. 2020 ൽ റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുളളിൽ രണ്ടാം ഭാഗം തിയേറ്ററിലെത്തും.

മലയാള സിനിമയിലും വലിയ തോതില്‍ കാസ്റ്റിങ് കൗച്ചിങ് നടക്കുന്നുണ്ട് എന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടി പാര്‍വതി നടത്തിയിരുന്നു .പ്രമുഖ സംവിധായകന്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുഎന്നും നടി പറഞ്ഞിരുന്നു .എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി നില്‍ക്കുന്ന നടി സുരഭിയ്ക്ക് ഇത്തരത്തിലുള്ള അനുഭവം സിനിമയില്‍ ഉണ്ടായിട്ടുണ്ടോ? ഒരു  അഭിമുഖത്തില്‍ നേരിട്ട ചോദ്യത്തോട് സുരഭി ഇതിനെ കുറിച്ചു  പ്രതികരിച്ചത് ഇങ്ങനെ :

അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. തമാശയ്‌ക്കെങ്കിലും അശ്ലീല സംഭാഷണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് സുരഭി പറഞ്ഞത്.ചെറിയ ചെറിയ റോളുകളാണ് ഞാന്‍ സിനിമയില്‍ ചെയ്തിട്ടുള്ളത്. സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരില്‍ കിട്ടുന്ന അത്തരം വേഷങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ജോലി മാത്രമേ ഉണ്ടാകൂ. ആ ജോലി ചെയ്യുക പൈസ വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ഒരിക്കല്‍ ഒരു സംവിധായകനില്‍ നിന്നൊരു അനുഭവം ഉണ്ടായി. വളരെ തമാശയിലാണ് അദ്ദേഹമത് ചോദിച്ചത്. പക്ഷെ അത് എന്റെ  സ്ത്രീത്വത്തെ വ്രണപ്പെടുത്തി. മറ്റൊരു നടിയുടെ  അല്പം അശ്ശീലമെന്നു പറയാവുന്ന ഒരു  ചിത്രം കാണിച്ച് ‘ഇത് പോലെയൊക്കെ ആകണ്ടേ സുരഭി’ എന്ന് ചോദിച്ചു. വളരെ തമാശയെന്നോണമാണ് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്നെ അത് വേദനിപ്പിച്ചു.അപ്പോള്‍ തന്നെ അതിന് ഞാന്‍ മറുപടി നല്‍കി. ‘നിങ്ങളുടെ മകള്‍ക്ക് 18 വയസ്സായില്ലേ. അവള്‍ക്ക് എന്നെക്കാള്‍ നല്ല പുഷ്ടിയുണ്ട്. അവളീ കുപ്പായം ഇട്ടാല്‍ ഉഷാറായിരിക്കും. നിങ്ങള്‍ക്കതല്ലേ നല്ലത്’ എന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടപ്പോള്‍ പുള്ളി ഐസായിപ്പോയി. പിന്നെ അതിന്റെ പേരില്‍ യാതൊരു സംഭാഷണവും നടന്നിട്ടില്ല.

സമൂഹത്തില്‍ പൊതുവേ ഉള്ള ആണുങ്ങളുടെ സ്വഭാവമുണ്ടല്ലോ.. അത് മാത്രമേ സിനിമാ ലോകത്തുമുള്ളൂ. സമൂഹത്തിന്റെ ഭാഗമാണ് അത്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് എന്നപോലെ സിനിമയിലുമുണ്ട്. അതിനെ അതിന്റെ രീതിയില്‍ കൈകാര്യം ചെയ്യുക എന്ന് മാത്രമേയുള്ളൂ. എന്റെ സുഹൃത്തുക്കളില്‍ തൊണ്ണൂറ് ശതമാനവും ആണ്‍ സുഹൃത്തുക്കളാണ്- സുരഭി പറഞ്ഞു.

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. എന്നാൽ മലയാളി ആരാധകർക്ക് ചെറിയൊരു നിരാശയും ഉണ്ടായേക്കാം. കാരണം പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്.

‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.പുതുമുഖങ്ങളെയാണ് ഇത്തവണയും അൽഫോൻസ് തേടുന്നത്. അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് അല്‍ഫോണ്‍സ് തേടുന്നത്. കര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ നല്ല സന്തോഷമാണെന്നും അല്‍ഫോൻസ് പറയുന്നു.

ചിത്രത്തില്‍ നായിക ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ പാട്ടും കൂടി അയക്കണമെന്ന് അല്‍ഫോണ്‍സ് വ്യക്തമാക്കി. ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റ് വെയറുകള്‍ അറിയാമെന്നും അല്‍ഫോൻസ് ‌രസകരമായി പറയുന്നു.

അഭിനേതാക്കളെ മാത്രമല്ല തമിഴും ഇംഗ്ലീഷും അറിയാവുന്ന രണ്ടു സഹസംവിധായകരെ കൂടി അല്‍ഫോണ്‍സ് തേടുന്നുണ്ട്. ‘തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണ് വേണ്ടത്. ഇപ്പോള്‍ ഞാന്‍ എഴുതുന്ന തമിഴും ഇംഗ്ലീഷും മനസിലാക്കുന്ന ആളുകളായിരിക്കണം. അതു മാത്രമെ ഞാന്‍ തേടുന്ന യോഗ്യത’. അൽഫോൻസ് പറഞ്ഞു.

സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാളസിനിമയിലേക്ക് കടക്കുന്നത്.കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി ആരാധകർക്കും കുടുംബങ്ങൾക്കും രസിക്കുന്ന ചേരുവകൾ സിനിമയുടെ പ്രത്യേകതയാകും. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താൻ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക.

ഇവരെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Copyright © . All rights reserved