Movies

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വിട്ടത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ ദിലീപിനെ അറിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

‘എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കു, ഞാന്‍ ഒറ്റക്ക് ആരുടെയും സഹായമില്ലാതെയാണ് ചെയ്യുന്നത്’ എന്നും ശ്രീലേഖ ചാറ്റില്‍ പറയുന്നു. ‘ഓകെ ഷുവര്‍’ എന്നാണ് ദിലീപ് മറുപടി നല്‍കിയിരിക്കുന്നത്.

2021 ജൂലൈ ഒന്നിന് നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റുകള്‍.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക.

ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം.

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നടന്നുകൊണ്ടിരിക്കെ, കേസിലെ പ്രതിയെക്കുറിച്ച് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും എന്നാണ് നിയമവിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ കടുവ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് സ്വന്തമായി മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെയും ദോഷത്തെയും കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘ഒരു മാനേജറോ, ഈ കഥ കേട്ടിട്ട് കൊള്ളാം ഈ കഥ സാര്‍ കേള്‍ക്കൂ എന്ന് പറയാന്‍ ഫില്‍റ്ററോ എനിക്ക് ഇല്ല. അതിനു ഗുണവും ദോഷവുമുണ്ട്. ഗുണമെന്ന് പറഞ്ഞാല്‍ എന്റെ അടുത്ത് നിങ്ങള്‍ക്ക് ഡയറക്ട് ആക്‌സസ് ഉണ്ടാകും.

എന്റെ ലൊക്കേഷനില്‍ വരികയോ എനിക്ക് മെസേജ് ചെയ്യുകയോ അല്ലെങ്കില്‍ എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോണ്‍ടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്റെ അടുത്താണ് വരിക. അല്ലാതെ എന്റെ ഒരു മാനേജറോ അല്ലെങ്കില്‍ മറ്റൊരാളോ അല്ല കഥ കേള്‍ക്കുക. നടന്‍ പറഞ്ഞു.

അതിന്റെ ദോഷം എന്ന് പറയുന്നത് എനിക്ക് കുറച്ച് കഥകളെ കേള്‍ക്കാന്‍ പറ്റൂ. ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോള്‍ ഷോട്ടുകള്‍ക്കിടയില്‍ കേള്‍ക്കാം എന്ന് വിചാരിച്ചാല്‍ പോലും ഒരു ദിവസം രണ്ട് കഥകള്‍ മാത്രമാണ് കേള്‍ക്കാന്‍ പറ്റുക. എന്തുകൊണ്ട് കഥ കേള്‍ക്കാന്‍ ഒരു മൂന്നുപേരെ നിയമിച്ചുകൂടാ എന്ന്. അതില്‍ എന്റെ സംശയം അങ്ങനെ നിയമിച്ചാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാന്‍ കേള്‍ക്കുക. എന്റെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ഞാന്‍ തീരുമാനങ്ങള്‍ എടുക്കുക. അതിനൊരു പ്രതിവിധിയില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്.

സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.

മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ശരി തെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

നടന്‍ ചിയാന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.

രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.

കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.

ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.

രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.

ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.

ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.

കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…

താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്.

ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.

ഇന്ന് നടന്ന ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു ചെറിയ കലാകാരൻ ആണ് സാജന്‍ പള്ളുരുത്തി.മകാരം കൊണ്ട് മലയാളിയെ അതിശയിപ്പിച്ച താരം വര്‍ഷത്തോളം സിനിമയില്‍ നിന്നും മിമിക്രി വേദികളില്‍ നിന്നുമെല്ലാം ഇടവേള എടുത്ത് മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അമൃത ടിവിയിലെ ഷോയില്‍ പങ്കെടുക്കവെ സാജന്‍ വെളിപ്പെടുത്തുകയുണ്ടായി. അതിനിടയില്‍ താന്‍ മരിച്ചു എന്ന വാര്‍ത്ത വന്നതിനെ കുറിച്ചും, കിടപ്പിലായപ്പോള്‍ നടന്‍ വിഡി രാജപ്പന് സുരേഷ് ഗോപി സഹായധനമായി നല്‍കിയ ഒരു ലക്ഷം രൂപയില്‍ നിന്ന് മോഷ്ടിച്ചുവെന്ന ആരോപണനും മറുപടി നല്‍കി. സാജന്‍ പള്ളുരുത്തി. ആരോപണത്തിന്റെ സത്യാവസ്ഥ പിന്നീടാണ് പലര്‍ക്കും ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

സാജന്‍ പള്ളുരുത്തിയുടെ വാക്കുകള്‍

അദ്ദേഹം കിടപ്പിലായ സമയത്ത് ഒരു സഹായം എന്നോണം ഞാന്‍ വീട്ടില്‍ പോയി ഒരു വീഡിയോ എടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ചാനലിലൂടെ പുറത്ത് വിട്ടു. അത് കണ്ട് സുരേഷേട്ടന്‍ (സുരേഷ് ഗോപി) ചാനലില്‍ നിന്ന് എനിക്ക് ലഭിയ്ക്കുന്ന പൈസയില്‍ നിന്ന് ഒരു ലക്ഷം രാജപ്പന്‍ ചേട്ടന്റെ കുടുംബത്തിന് നല്‍കാം എന്ന് പറഞ്ഞു.

ആ പൈസ ചാനലില്‍ നിന്ന് വാങ്ങി വി.ഡി രാജപ്പന്‍ ചേട്ടന് കൊടുക്കേണ്ടത് ഞാന്‍ ആണ്. പക്ഷെ പെട്ടന്ന് ഒന്നും അത് കിട്ടില്ലല്ലോ. ചാനലുകാരുടെ നടപടിക്രമങ്ങള്‍ എല്ലാം കഴിഞ്ഞ് ടിഡിഎസ്സും കഴിഞ്ഞാണ് നമുക്ക് കാശ് തരുന്നത്. ഒരുലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി പത്തായിരം രൂപ പോകും. ബാക്കിയുള്ള തൊണ്ണൂറായിരം വാങ്ങി, അത് അങ്ങനെ തന്നെ ഞാന്‍ വി. ഡി രാജപ്പന്‍ ചേട്ടന്റെ ഭാര്യയ്ക്ക് കൊണ്ടു പോയി കൊടുത്തു.

എന്നാല്‍ സായാഹ്നപത്രത്തില്‍ വാര്‍ത്ത വന്നത് ഞാന്‍ പറ്റിച്ചു എന്നാണ്. ഒരു ലക്ഷം തരാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്, അതില്‍ നിന്ന് പത്തായിരം രൂപ സാജന്‍ പള്ളുരുത്തി മോഷ്ടിച്ചു എന്ന് രാജപ്പന്‍ ചേട്ടന്റെ ഭാര്യ പറഞ്ഞു. അത് വലിയ വാര്‍ത്തയായി, വിവാദമായി. അത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു. സാജന്‍ പറഞ്ഞു.

 

തന്റെ പുതിയ ചിത്രമായ ‘കാളി’യുടെ പോസ്റ്റര്‍ റിലീസിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡോക്യുമെന്ററി ഡയറക്ടര്‍ ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം. ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് #arrestleenamanimakelai അടക്കമുള്ള ഹാഷ്ടാഗുകള്‍ സജീവമാകുകയാണ് ട്വിറ്ററില്‍.

പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. പോസ്റ്റര്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം. പോസ്റ്റര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ലീന രംഗത്തെത്തി. ചിത്രം കണ്ടിട്ട് അഭിപ്രായം പറയണമെന്നും സിനിമ കണ്ടുകഴിഞ്ഞാല്‍ ഹാഷ്ടാഗ് ലവ് യൂ ലീന മണിമേകലയ് എന്നാക്കി നിങ്ങള്‍ മാറ്റുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

 

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.

അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.

‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.

നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

തെലുങ്ക് നടന്‍ നരേഷിനെയും നടി പവിത്രാ ലോകേഷിനെയും ചെരിപ്പൂരി തല്ലാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.

ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വിഡിയോയിലുള്ളത്. മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റില്‍ നിന്ന് പിന്തിരിഞ്ഞ് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും കാണാം.

നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു.

കര്‍ണാടക സ്വദേശിനിയായ പവിത്ര, സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ വൈമാത്രയ സഹോദരന്‍ (സ്റ്റെപ് ബ്രദര്‍) നരേഷിനെ വിവാഹം ചെയ്തു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് ബാബുവിന്റെ അച്ഛന്‍ തെലുങ്ക് സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് നരേഷ്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി നരേഷ് തന്നെ വഞ്ചിച്ചതായും ചൂഷണം ചെയ്താതായും ആരോപിച്ച് രംഗത്ത് വന്നിരുന്നു.

Copyright © . All rights reserved