Movies

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ വൈകിട്ട് അഞ്ച് മണിക്ക്. മന്ത്രി സജി ചെറിയാനാണ് ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഇത്തവണ മുന്‍നിര താരങ്ങളും അവാര്‍ഡിനായി അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങളും മത്സരത്തിന് എത്തിയിട്ടുണ്ട്. ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും മത്സരത്തിനുണ്ട്.

മമ്മൂട്ടിയുടെ മത്സര ചിത്രങ്ങളായി ‘വണ്‍’, ‘ദി പ്രീസ്റ്റ്’ എന്നിവയാണ് എത്തിയിട്ടുള്ളത്. ‘ദൃശ്യം-2’ ആണ് മോഹന്‍ലാല്‍ ചിത്രം. ‘കാവലിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ബിജു മേനോന്‍, ആസിഫ് അലി, ചെമ്പന്‍ വിനോദ്, ദിലീപ്, സൗബിന്‍ ഷാഹിര്‍, നിവിന്‍ പൊളി, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.

നടിമാരില്‍ പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍, നിമിഷ സജയന്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ദര്‍ശന രാജേന്ദ്രന്‍, രജീഷ് വിജയന്‍, ഗ്രേസ് ആന്റണി, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി, മമ്ത മോഹന്‍ദാസ്, മീന, നമിത പ്രമോദ്, ലെന, സാനിയ ഇയപ്പന്‍, മഞ്ജു പിള്ള, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, ശ്രുതി സത്യന്‍, റിയ സൈര, ഡയാന, വിന്‍സി അലോഷ്യസ്, ദിവ്യ എം നായര്‍ തുടങ്ങിയവരും മത്സരത്തിനുണ്ട്.

‘ഹോം’, ‘ഹൃദയം’, എന്നീ ചിത്രങ്ങളും. ഐഎഫ്എഫ്‌കെയിലടക്കം കയ്യടി നേടിയ ‘നിഷിദ്ധോ’ എന്ന ചിത്രവും ‘ആണ്’, ‘ഖെദ’, ‘അവനോവിലോന’, ‘ദി പോര്‍ട്രെയ്റ്റ്‌സ്’ എന്നെ ചിത്രങ്ങളും ജയരാജ് സംവിധാനത്തിലൊരുങ്ങിയ മൂന്ന് ചിത്രങ്ങളും മത്സരിക്കാനുണ്ട്.പ്രാഥമിക ജൂറികള്‍ ചിത്രം കണ്ടതിനു ശേഷം 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താന്‍ വിട്ടത്.

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം കാരാഗ്രഹവാസമാണ് കോടതി വിധിച്ചത്. ഒപ്പം പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായികയായ സിത്താര കൃഷ്ണകുമാര്‍.

സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിത്താര. വിസ്മയയുടെ അമ്മ പറഞ്ഞതുപോലെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടത് വളരെ പ്രധാനപെട്ടതാണ്.

കുട്ടികള്‍ അവരുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യത്തിലേക്ക് അവരുടെ കൈ പിടിച്ചു ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ഒരാള്‍ മുന്നില്‍ നടക്കാനോ അല്ലെങ്കില്‍ പിന്നില്‍ നിന്ന് ഉന്താന്‍ ആളോ അല്ല വേണ്ടത്. നമുക്ക് ഒപ്പം നടക്കാനാണ് ആളുവേണ്ടത്. അങ്ങനെ ആളുകളുണ്ടാകുമ്പോള്‍ നമുക്ക് ധൈര്യം വരും.’ സിത്താര പറഞ്ഞു.

ഓരോ കാര്യങ്ങള്‍ പഠിക്കാനായി വിസ്മയയുടെ മരണം പോലെയുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കരുത്. എന്റെ വിവാഹത്തിന് ഞാന്‍ സ്വര്‍ണം ധരിക്കുന്നില്ലെന്നത് എന്റെ തീരുമാനമായിരുന്നു. എന്റെ അമ്മക്കും അച്ഛനും അതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. എന്നിട്ടും കുടുംബക്കാര്‍ക്കിടയില്‍ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. അത്തരം തീരുമാനങ്ങള്‍ കുട്ടികള്‍ എടുക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം സൗഹൃദമാണ്. ആര് തന്നെയായാലും തമ്മില്‍ സൗഹൃദം വേണം. ഭാര്യാ ഭര്‍ത്താവ് എന്ന റിലേഷന്‍ഷിപില്‍ ഭാര്യ ഭര്‍ത്താവ് എന്നുള്ള ഒരു കണക്ഷനുണ്ട്. അതിനപ്പുറത്തേക്ക് സൗഹൃദവും വേണം. സുഹൃത്ത് ബന്ധമാണ് ഒട്ടും ജഡ്ജ്മെന്റല്‍ അല്ലാത്ത അണ്‍കണ്ടീഷണല്‍ ആയിട്ടുള്ള സ്‌നേഹം എന്ന് പറയുന്നത്. അതില്‍ അധികാരമില്ല, ആരും ആരുടേയും മുകളിലാണെന്ന ചിന്തയില്ല. തുല്യരായി കാണാന്‍ സാധിക്കുന്നത് സുഹൃത്തുക്കള്‍ക്കാണ്. അത് വളരെ പ്രധാനപെട്ടതാണ്. അപ്പോള്‍ നമുക്ക് എന്തും തുറന്നുപറയാന്‍ സാധിക്കും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കും.

പിന്നെ ഡൊമസ്റ്റിക് വയലന്‍സിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ആളുകള്‍ കാലങ്ങളായി കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുറെ ധാരണകളുടെ പുറത്താണ് ആളുകള്‍ ജീവിച്ചിരിക്കുന്നത്. ഇത് പുരാതനകാലം മുതല്‍ തുടങ്ങിയതാണ്. ഭാര്യ എങ്ങനെ പെരുമാറണം, മകള്‍ എങ്ങനെ പെരുമാറണം, മകളുടെ കല്യാണം കഴിഞ്ഞാല്‍ ഫാമിലി വേറെയാണ് എന്നൊക്കെ ചിന്തയാണ്. കാരണം പെട്ടെന്ന് എല്ലാ ബന്ധങ്ങളും ഒഴിവാക്കി പുതിയ ഒരാളായി ജീവിക്കുക എന്നതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണത് എന്നും സിത്താര പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സുബി സുരേഷ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന താരം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇപ്പോള്‍ താന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് സുബി മനസ് തുറന്നത്. ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്നാണ് താരം പറയുന്നത്.

സുബി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ, ”ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്‍പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു.

ആദ്യം ഞാന്‍ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാന്‍ പ്രണയിക്കുന്ന ആള്‍ ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാന്‍ വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം’ എന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍, എന്നെ വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തില്‍ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാന്‍ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാന്‍ തുടങ്ങി.

അതൊരു ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരന്‍ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കില്‍ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നില്‍ക്കാന്‍ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങള്‍ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാന്‍ വീട്ടില്‍ ലൈസന്‍സൊന്നും തന്നിട്ടില്ലായിരുന്നു.ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നുണ്ട്, ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്‌നമല്ല’ എന്ന്. പക്ഷേ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല. ഒന്നുരണ്ടു പ്രൊപോസല്‍ വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്നുണ്ട്.”

 

 

വിനീത് ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് സ്വന്തമാക്കിയത്. കേരളത്തിലെ കുടുംബ-യുവ പ്രേക്ഷകരെ ചിത്രം ഏറെ സ്വാധീനിച്ചു. തട്ടത്തിൻ മറയത്ത് എന്ന ക്യാമ്പസ്‌ പ്രണയചിത്രം വിനീത് ഒരുക്കിയപ്പോൾ മലയാളി യുവത്വം ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഹൃദയവും അതുപോലെതന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ സ്വീകാര്യത നേടി. കോവിഡ് മഹാമാരി സിനിമാ മേഖലയിൽ

പ്രതിസന്ധികൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു തിയറ്റർ റിലീസ് ആയി ചിത്രം ജനുവരി 21ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ തിയറ്ററുകൾ വീണ്ടും സജീവമായി. 25 ദിവസങ്ങൾ പിന്നിട്ടപ്പോൾ ചിത്രം ഒറ്റിറ്റി യിലും പ്രദർശനത്തിന് എത്തി. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒടിടി റിലീസ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായപ്പോൾ പ്രണവിന്റെ അഭിനയത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദർശന രാജേന്ദ്രനും, കല്യാണി പ്രിയദർശനും മികച്ച

പ്രകടനത്തിലൂടെ ചിത്രത്തിന്റെ മാറ്റ് കൂട്ടി. പ്രിയദർശൻ ലിസി ദമ്പതികളുടെ മകളായ കല്യാണി ബ്രോ ഡാഡിയിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത വിനീത് ശ്രീനിവാസൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കല്യാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയുടെ ചില തമിഴ്, തെലുങ്ക് സിനിമകൾ കാണുമ്പോൾ സ്ക്രീനിൽ വല്ലാത്തൊരു തിളക്കം കൊണ്ടുവരാൻ കഴിവുള്ള നടിയാണെന്നു തോന്നിയിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്. കല്യാണി സിനിമയുടെ ഓരോ സീനും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആ സീൻ വർക്കു ചെയ്യുമോ എന്ന് കല്യാണിയുടെ മുഖം കണ്ടാൽ അറിയാമെന്നും വിനീത് പറയുന്നു.

“ആദ്യത്തെ ഒന്നുരണ്ടു ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടു ഇവൾ പ്രിയൻ അങ്കിളിന്റെ മകൾ തന്നെ. ചില സീനുകളിൽ അത്ര നന്നായി അവൾ ഹ്യൂമർ ചെയ്തു” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി സിനിമയിൽ കണ്ട പല സീനുകൾക്കും ഇത്ര ദൈർഘ്യം ഇല്ലായിരുന്നുവെന്നും അതു സ്പോട്ടിൽ ഇംപ്രൂവ് ചെയ്തതാണെന്നും വിനീത് കൂട്ടിച്ചേർത്തു. ‘ഉപ്പുമാവ് ഇഷ്ടമാണോ?’ എന്നു ചോദിക്കുന്ന സീനാണ് വിനീത് ഉദാഹരണമായി പറയുന്നത്. ‘”ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയൻ അങ്കിളിന്റെ കഴിവും കല്യാണിക്കു കിട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നത് എന്നും വിനീത് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ജന ഗണ മന’ എന്ന ചിത്രത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ജന ഗണ മനയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നതിൽ പ്രയാസവും പ്രശ്നവുമുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമർശം.

സന്ദീപ് വാര്യരുടെ വാക്കുകൾ;

കേരളത്തിൽ ദേശ വിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയ്യാറാണ്. ആരും ഇല്ല. നമ്മുടെ നിർമാതാക്കളുടെ കയ്യിൽ പണമില്ല. നമ്മുടെ ഇടയിൽ നല്ല സംരംഭകരില്ല.

അപ്പുറത്തോ, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ രാജ്യവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി.

താരസംഘടന ‘അമ്മ’ തുടരുന്ന ഇരട്ടത്താപ്പിന് എതിരെ ഹരീഷ് പേരടിയും ഷമ്മി തിലകനും രംഗത്ത്. രാജ്യം പാസ്‌പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് ‘അമ്മ’യിൽ മെമ്പർഷിപ്പുണ്ടാകും പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റൂവെന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു. അച്ചടക്കമില്ലാതെ സംഘടനയ്ക്ക് മുന്നോട്ട് പോകാൻ പറ്റില്ലെന്നും അമ്മ ഡാ..സംഘടന ഡാ.. എന്നും ഹരീഷ് പേരടി കളിയാക്കി പറയുന്നുണ്ട്.

‘മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.’- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് മാനിഷാദാ എന്ന ശ്ലോകം തലക്കെട്ടാക്കി ഷമ്മി തിലകൻ പങ്കുവെച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാജ്യം പാസ്‌പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും…പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു…കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല….A.M.M.A ഡാ…സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല..തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്… ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക…??????

കേരളാ പോലീസിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചന കവി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് നടി പറയുന്നു. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചോദിക്കുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.

വളരെ പരുക്കമായാണ് അവർ പെരുമാറിയതെന്നും സുരക്ഷിതമായി തോന്നിയില്ലെന്നും അർച്ചന ആരോപിച്ചു. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ രൂപം ;

ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല.

ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു.

ഷെറിൻ പി യോഹന്നാൻ

സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.

ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.


പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട്‌ സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.

രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ്‌ ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.

പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.

Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.

മമ്മൂട്ടി-പാർവതി ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. സിനിമയിൽ അഭിനേതാക്കൾ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമ ബ്രാഹ്മണ സുമാദായമാകെ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നും രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.’എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ​ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ​ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ,’ രാഹുൽ ഈശ്വർ ചോദിച്ചു.

സിനിമയിലെ ഒരു രം​ഗം ദളിത്, പിന്നോക്ക വിഭാ​ഗ സംരക്ഷണ നിയമത്തെ ദുരുപയോ​ഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ‘പുഴുവിൽ ഒരു രം​ഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ് സി,എസ് ടി ആക്ടിന്റെ പേരിൽ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവ​ഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോ​ഗമാണെന്നും നമ്മൾ മറക്കരുത്,’ രാഹുൽ ഈശ്വർ പറഞ്ഞു.

മമ്മൂട്ടി ​ഗംഭീരമായി അതഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിർപ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെൺകുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്. ചിലപ്പോൾ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളിൽ ​ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും.

കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പക്ഷെ സിനിമ നല്ലതാണെന്നും പാർവതി ​ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

മീ ടൂവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മീ ടൂ മൂവ്‌മെന്റിനെ ഒരിക്കലും താന്‍ നിസാരമായി കണ്ടിട്ടില്ലെന്നും വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആദ്യമായി പറയട്ടെ, മീ ടൂ മൂവ്‌മെന്റിനെ ഞാന്‍ നിസ്സാരമായിട്ടേ അല്ല കാണുന്നത്. എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളാണ്, ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് എന്നോട് ചോദിക്കുന്നത്. ബേസിക്കലി അത് സബ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ചോദ്യമാണ്. എന്തിനാണ് അങ്ങനെയൊരു ചോദ്യമെന്ന് എനിക്ക് മനസിലായിട്ടില്ല.

ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ? ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട്. ഞാന്‍ വെറുതെ അങ്ങ് തട്ടുവാ. എന്നെ കുറേ പേര് തേച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ആരൊക്കെയാണ് അത് എന്ന് അടുത്ത ചോദ്യം വരും. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന്. ഇതിനെ ഫോളോ ചെയ്താണ് ഞാന്‍ ആ സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞത്.

പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടുപോയേനെ, കുറേ വര്‍ഷം ഞാന്‍ അകത്തുകിടന്നേനെ എന്ന് ഞാന്‍ പറഞ്ഞു. ചെറുതായി ഒന്ന് ചിരിച്ചിട്ടാണ് ഞാന്‍ അത് പറഞ്ഞത്. ആ ചിരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ആയ ഒരു ചേച്ചി ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടു.

ഞാന്‍ പണ്ടുചെയ്ത തോന്നിവാസവും പോക്രിത്തരവുമൊക്കെ ആലോചിക്കുന്നതിന് മുന്‍പ് ഞാന്‍ സാധാരണ ഒന്ന് ചിരിക്കും. അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാന്‍ വേണ്ടിയുള്ള ചിരിയോ അല്ലെങ്കില്‍ ഇപ്പറഞ്ഞ അതിജീവിതരെ ഇന്‍സള്‍ട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊലച്ചിരിയോ അല്ല.

മറിച്ച് എന്റെ കഥകള്‍ ആലോചിച്ചിട്ടുള്ള ചിരിയാണ്. ആ ചിരി ചിലരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പുപറയുകയാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ആ ചിരി ചിരിച്ചത്. പിന്നെ ഞാന്‍ പറഞ്ഞ പ്രസ്താവന. ഞാന്‍ മീ ടൂ ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും സ്വയം പറഞ്ഞ് കേട്ടിട്ടുണ്ടോ? അങ്ങനെ ലോകത്തില്‍ ആരെങ്കിലും ഉണ്ടാകുമോ?

അങ്ങനെ ആരും പറയില്ല. അങ്ങനെ ഒരാള്‍ പറയണമെങ്കില്‍ അയാള്‍ അത് ചെയ്തിട്ടുണ്ടാകണം. ഞാന്‍ ചെയ്തിട്ടുണ്ട്. അതാണ് ഏറ്റവും വലിയ പോയിന്റ്. ഞാന്‍ പറഞ്ഞത് വെറുതെ ഒരു സ്റ്റേറ്റ്‌മെന്റല്ല. എന്റെ ഒരു പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ, ടീനേജ് സമയത്ത് ഞാന്‍ ചെയ്തിട്ടുള്ള പ്രധാന രണ്ട് മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഈ മൂവ്‌മെന്റ് വരുന്നതിനും മുന്‍പ് ഞാന്‍ തിരിച്ചറിഞ്ഞ കാര്യങ്ങളാണ്,

ഒന്ന് സെക്‌സ് ജോക്ക്‌സാണ്. അതായത് എന്റെ സോഷ്യല്‍ സര്‍ക്കിളിനകത്തും നമ്മുടെ കൂട്ടുകാരും കൂട്ടുകാരികളും നില്‍ക്കുന്ന സര്‍ട്ടക്കിളിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ്. അല്ലാതെ റാന്‍ഡം ആയി ആളുകളുള്ള സര്‍ക്കിളിലല്ല അത് പറഞ്ഞത്. ആവശ്യമില്ലാത്ത കുറേ തമാശകള്‍. 18,19,20 വയസിലെ കാര്യമാണ് ഇത്. അതും കൂടി പരിഗണിക്കണം.

എന്റെ കോളേജ് സമയം. ഈ തമാശ പറയുന്നത് ആള്‍ക്കാരെ ചിരിപ്പിക്കാനൊക്കെ ആയിരിക്കണം. അത് ആ സെന്‍സില്‍ എല്ലാവരും എടുത്തോളണം എന്നും ഇല്ല. അന്ന് കൂട്ടത്തില്‍ ഇരുന്ന് ചിരിക്കുകയും പിന്നീട് ഇതിനെ കുറിച്ച് ചിന്തിച്ചവരും ഉണ്ട്. എന്റെ ഒരു പെണ്‍സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ഒരു പരിധിയുണ്ട്. അതിന്റെ മുകളില്‍ നീ പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല എന്ന്.

അന്നാണ് ഞാന്‍ ചിന്തിച്ചുതുടങ്ങുന്നത്. ഇതൊന്നും ഞാന്‍ പറയാന്‍ പാടില്ലെന്ന് മനസിലാക്കുന്നത് അപ്പോഴാണ്. ഒരു പെണ്‍കുട്ടി തന്നെയാണ് എനിക്ക് ഇത് പറഞ്ഞു തരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. അന്ന് കുറേ റിസേര്‍ച്ച് ചെയ്ത സംഭവമായിരുന്നു ഹറാസ്സിങ്ങും ടോര്‍ച്ചറിങ്ങും ട്രാഫിക്കിങ്ങും എല്ലാം. ഞാന്‍ വായിച്ച ഒരുപാട് മെറ്റീരിയല്‍സ് ഉണ്ട്. അന്ന് ഞാന്‍ ശരിക്കും തിരിച്ചറിയുകയാണ് എന്റെ പ്രായത്തില്‍ ഞാന്‍ ചെയ്തിരുന്ന, ഈ തമാശയടക്കം എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാകും വിഷമിപ്പിച്ചിട്ടുണ്ടാകും എന്ന്.

മീ ടൂ എന്ന് പറയുന്നത് അടിസ്ഥാനപരമായി സെക്ഷ്വല്‍ അസോള്‍ട്ട് മാത്രമല്ല എന്ന് പലരും മനസിലാക്കിയിട്ടില്ല. എല്ലാവരുടേയും വിചാരം മീ ടൂ എന്ന് പറയുന്നത് ഫിസിക്കലി അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണെന്നാണ്. ഒരാളോട് പോയിട്ട് എനിക്ക് സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ചോദിക്കുന്നത് പോലും മീ ടൂ ആണ്.

ഇപ്പോഴും ഇത്തരം സെക്‌സ് ജോക്ക്‌സ് പറയുന്നവര്‍ ഉണ്ട്. നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ ഉണ്ട്. സ്ത്രീകള്‍ ഇരിക്കുന്ന സമയത്ത് ഓപ്പണ്‍ ആയി സെക്‌സ് ജോക്ക്‌സ് പറയുന്നവര്‍. അതൊക്കെ ഹറാസ്‌മെന്റാണ്, വെര്‍ബല്‍ ഹറാസ്‌മെന്റാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ല. നമ്മള്‍ ഉദ്ദേശിച്ചത് എന്താണെന്നതല്ല, അതാണ് സത്യം.

ആ പ്രായത്തില്‍ ഞാന്‍ മനസിലാക്കാത്ത കാര്യങ്ങളാണ് ഇത്. മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് ഞാന്‍ ചെയ്തതൊക്കെ തിരിച്ചറിയുകയും സ്ത്രീകളെ മനസിലാക്കാനും ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് പിന്നീടാണ്.

ഒരു സ്ത്രീയെ അണ്‍ കംഫര്‍ട്ടബിള്‍ ആക്കുന്ന രീതിയില്‍ നോക്കുന്നത് പോലും വലിയ ഒഫന്‍സാണ്. ഇത് ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്നെ കണ്ണുരുട്ടി തിരിച്ച് നോക്കിയവരുണ്ട്. ബെംഗളൂരുവിലൊക്കെ നോര്‍ത്ത് ഇന്ത്യന്‍ പിള്ളേരെ പിറകെ പോയ് വായ്‌നോക്കിയിട്ടുണ്ട്. ഒരു പരിധിവിട്ടുള്ള വായ്‌നോട്ടം മീ ടൂ ആണ്. ഒരു സ്ത്രീയെ അത് അണ്‍ കംഫര്‍ട്ടിബിള്‍ ആക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഹറാസ്‌മെന്റാണ്.

അന്ന് അവിടെ ബ്രിഗേഡ് റോഡില്‍ നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളെ വായ്‌നോക്കിയവരില്‍ ഭൂരിഭാഗവും മലയാളികള്‍ ആണെന്നതുകൂടിയാണ് കാര്യം. അതെന്താണ്? ഇവിടെ മാത്രമേ ഇങ്ങനെ പൊത്തിപ്പിടിച്ച് മൂടി വളര്‍ത്തിയിട്ടുള്ളൂ. ഇത് പുറമെ പോയി കാണുന്ന സമയത്ത് അവന് കൗതുകമാണ്. മിനി സ്‌കര്‍ട്ട് ഇട്ടുപോകുന്നതും മറ്റും കാണുമ്പോള്‍. നമ്മുടെ നാട്ടിലേ ഈ പ്രശ്‌നമുള്ളൂ. അവനാണ് സെക്ഷ്വലി ഏറ്റവും കൂടുതല്‍ ഫ്രസ്‌ട്രേറ്റഡ് ആയി നില്‍ക്കുന്നത്.

സെന്‍സിറ്റീവ് ആയ വിഷയത്തെ ഞാന്‍ സില്ലിയായി പറഞ്ഞു എന്നതാണ് അന്ന് അത്രയും വിവാദം ഉണ്ടായത്. ഇപ്പോള്‍ എനിക്ക് ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ അത് വിശദീകരിച്ചു എന്ന് മാത്രം,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved