Movies

25 വർഷത്തിന് ശേഷം പിണക്കങ്ങൾ തീർത്ത് വീണ്ടും താരസംഘടനയായ അമ്മയിലേക്ക് എത്തി നടൻ സുരേഷ് ഗോപി.അഭിനേതാക്കളുടെ സംഘടനയുമായി നിലനിൽക്കുന്ന വർഷങ്ങൾ നീണ്ട പിണക്കത്തിന് വിരാമമിട്ടാണ് ഞായറാഴ്ച കലൂർ ‘അമ്മ ആസ്ഥാനത്ത് നടന്ന ‘ഉണർവ്’ പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തിയത്.

1997ൽ ഒരു സ്റ്റേജ് പ്രോഗ്രാമിൻറെ ഭാഗമായി അമ്മയുടെ ഭാരവാഹികളും സുരേഷ് ഗോപിയും തമ്മിൽ ഒരു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷമാണ് സുരേഷ് ഗോപി അമ്മ ഭാരവാഹിത്വത്തിൽ നിന്നും വിട്ടുനിന്നത്. താൻ അമ്മയിൽ നിന്നും വിട്ടുനിൽക്കാനുണ്ടായ കാരണം ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിരുന്നു.

പിണക്കത്തിലേക്ക് വഴി വെച്ച കാരണം ഇങ്ങനെ ;

1997ൽ ദുബായിൽ നടന്ന അറേബ്യൻ നൈറ്റ്‌സ് സ്റ്റേജ് ഷോ നാട്ടിൽ അഞ്ചിടത്ത് നടത്തിയിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാനായിരുന്നു അത് നടത്തിയത്. തിരുവനന്തപുരത്തെ ക്യാൻസർ സെൻററിന് വേണ്ടി, കണ്ണൂർ കലക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാനായി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടി എന്നിങ്ങനെയുള്ള പല ആവശ്യങ്ങൾ. അതുകൊണ്ട് തന്നെ പങ്കെടുത്തതിൽ സുരേഷ് ഗോപി, ബിജു മേനോൻ, കൽപന എന്നിവർ പണം വാങ്ങിയില്ല. പരിപാടി നടത്തിയ ആൾ അമ്മ സംഘടനയിലേക്ക് നാലോ അഞ്ചോ ലക്ഷം രൂപ തരാമെന്ന് പറഞ്ഞിരുന്നു. അത് സുരേഷ് ഗോപിയാണ് സംഘനയെ അറിയിച്ചത്.

ആ സ്റ്റേജ് ഷോ നടത്തിയതിൻറെ പേരിൽ മീറ്റിങ്ങിൽ ചർച്ചയുണ്ടായി. അത് തർക്കത്തിലേക്ക് വഴിതെളിച്ചു. ഷോ നടത്തിയ ആൾ സംഘടനക്ക് പണം നൽകിയില്ല. അത് സുരേഷ് ഗോപി തൻറെ സ്വന്തം കയ്യിൽ നിന്നും എടുത്ത് കൊടുത്തു. അതിന് ശേഷം അമ്മയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ല എന്ന് തീരുമാനിച്ചു. പിന്നീട് സംഘടനയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഷെറിൻ പി യോഹന്നാൻ

1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.

കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.

സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ്‌ ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.

സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ്‌ എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.

Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.

 

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമപ്രേമികള്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പുകള്‍ക്ക് ഒരവസാനമെന്നോണം ‘അവതാര്‍ 2’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന് പേരു നല്‍കിയിരിക്കുന്നത്. ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇവരാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിനൊപ്പം റിലീസ് ചെയ്യുന്ന തിയതിയും പുറത്തുവിട്ടിരിക്കുന്നത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

മെയ് ആറിന് ചിത്രത്തിന്റെ ട്രെയിലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പമാണ് അവതാര്‍ 2വിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുക.

 

മോഹന്‍ലാലുമായി പിണങ്ങിയതിനെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം, 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.

ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.

ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. പിന്നീട്, ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി.

ആ പിണക്കം മാറിയത് . മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്’, സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കാണാന്‍ വന്ന അനുഭവമാണ് പറയുന്നത്. ഒപ്പം സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ: എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതെന്ന് ചോദിച്ചപ്പോല്‍ വരേണ്ടി വന്നു എന്നാണ് ലാല്‍ പറഞ്ഞത്. ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഞാന്‍ മുഖം മറച്ചു പിടിച്ചിട്ടാണ് വഴി ചോദിച്ചത്’ എന്നാണ് ലാല്‍ മറുപടി പറഞ്ഞത്. എത്ര മുഖം മറച്ചു പിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും സത്യന്‍ ഓര്‍ക്കുന്നു.

‘ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു.’ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്.’ ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.’

‘ഞാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചിട്ടും, പല കാരണങ്ങല്‍ പറഞ്ഞിട്ടും ലാല്‍ വിടുന്നില്ല. “അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.” എന്നായി ലാല്‍. ഒടുവില്‍ സൗമ്യത വെടിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല.’ പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.” അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ?” എന്നായി ലാല്‍.

ഇതോടെ ലാലിന്റെ കുസൃതി തനിക്ക് പിടികിട്ടിയെന്നും സത്യൻഅന്തിക്കാട് പറയുന്നു. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.’

സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്ന മീ ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇപ്പോഴിതാ, അത്തരമൊരു വെളിപ്പെടുത്തൽ നടത്തുകയാണ് നർത്തകി വർണിക സിന്ധു. സിനിമാതാരം ആകണമെന്ന് തനിക്ക് ഒരുകാലത്ത് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്നും വർണിക പറയുന്നു.

അക്ഷയ് കുമാർ നായകനായെത്തിയ സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും എന്നാൽ തന്നെ ദുരുപയോഗം ചെയ്യാൻ നോക്കിയെന്നുമാണ് വർണിക വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിന്ധു.

അക്ഷയ് കുമാർ നായകനായ ഹിന്ദി സിനിമയിൽ അഭിനയിച്ചാൽ 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. പകരം മൂന്ന് പേർക്ക് അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു മാനേജർ ആവശ്യപ്പെട്ടതെന്നും വർണിക വെളിപ്പെടുത്തുന്നു.

’24 ലക്ഷമാണ് അവർ ഓഫർ ചെയ്തത്. എന്നാൽ, ആ സിനിമ ചില കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകൻ. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചിട്ട് രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോൾ അയാളെ അടിക്കാനാണ് തോന്നിയത്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള എന്റെ മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാൻസിലേക്ക് മാറിയത്.’- താരം വെളിപ്പെടുത്തി.

ഈ സംഭവത്തോടെയാണ് തനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതിയെന്ന ചിന്ത വന്നത്. ‘ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുൻപുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാൽ മതി എന്നതിനാൽ ജീവിതം വിട്ടൊരു കളിയ്ക്ക് ഞാനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്’-വർണിക പറയുന്നു.

മലയാള സിനിമയിലെ യുവനടി നിർമ്മാതാവ് വിജയ് ബാബുവിന് എതിരെ നൽകിയ ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇരയെ അവഹേളിച്ച് കുറിപ്പ്. വാസ്തവിക അയ്യർ എന്ന മലയാള ഷോർട്ട്ഫിലിം-സിനിമ നടിയാണ് സിനിമാലോകത്തെ പീഡനങ്ങൾക്ക് ഉത്തരവാദി സ്ത്രീകളാണെന്ന വാദവമായി രംഗത്തെത്തിയിരിക്കുന്നത്.സിനിമയിലെ അവസരത്തിനായി സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നു എന്നാണ് വാസ്തവികയുടെ കണ്ടെത്തൽ.

നടി വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാൻസ് നു വേണ്ടി ചില സ്ത്രീ കൾ സ്വാന്തം മാനം കളയാൻ തയ്യാർ ആകുന്നു ..സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോൾ റെഡി ആണ് യെന്നുചില സ്ത്രീ കൾ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങ്‌നെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശം ആയഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക .

സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ശരികും ഞാൻ സ്ത്രീക്ക് ഒപ്പം നില്കും എന്നാൽ സിനിമ യിൽ നടക്കുന്ന ഇപ്പോൾരണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാംയെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല with പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ. കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം ??????

തന്റെ അച്ഛനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഗോകുലിന്റെ മറുപടിയാണിപ്പോൾ സൈബറിടങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലെ ചിത്രവും മറുഭാഗത്ത് സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തുവച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ? എന്ന കുറിപ്പും നൽകിയായിരുന്നു ഒരാളുടെ കമന്റ് പോസ്റ്റ്.

ഇതിന് മറുപടിയായി ഉടൻ തന്നെ ഗോകുൽ രംഗത്തെത്തുകയായിരുന്നു. രണ്ട് വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്നായിരുന്നു ഗോകുൽ നൽകിയ മറുപടി. നിമിഷ നേരം കൊണ്ടാണ് ഗോകുലിന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സംവിധായകൻ നാദിർഷയും ഗോകുലിന്റെ മറുപടിയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അച്ഛന്റെ മകൻ, കലക്കി മോനെ എന്നായിരുന്നു നാദിർഷ ചിത്രം പങ്കുവച്ച് കുറിച്ചത്.

പാപ്പൻ ആണ് സുരേഷ് ഗോപിയുടേതായി ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 252 -ാം ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. നൈല ഉഷ, നിത പിള്ള, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മലയാളികളുടെ പ്രീയപെട്ടതാരമായ ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തിൽ ചെയ്ത ചിത്രമാണ് ഇന്ന് റിലീസ് ആയ മകൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജയറാമിനൊപ്പം മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇതിന്റെ ടീസ, ട്രൈലെർ, ഇതിലെ കണ്ണാണ് എന്നിവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും സ്വീകരിക്കുന്ന പ്രേക്ഷകർ കാണാൻ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് മകൾ. മോഹൻലാലിന് ശേഷം സത്യൻ അന്തിക്കാടുമായി ചേർന്ന് ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ നടൻ ആണ് ജയറാം എന്നതും ആ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു.

ജയറാം അവതരിപ്പിക്കുന്ന നന്ദകുമാർ, മീര ജാസ്മിൻ അവതരിപ്പിക്കുന്ന ജൂലിയറ്റ് എന്നിവരും അവരുടെ മകൾ ആയെത്തുന്ന അപർണ്ണ എന്ന ദേവികയുടെ കഥാപാത്രത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. മിശ്ര വിവാഹമാണ് നന്ദന്റെ എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഇല്ല. എന്നാൽ മകൾ ജനിച്ചു കുറെ കാലം കഴിഞ്ഞു പ്രവാസി ആയ നന്ദൻ, പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ചു തിരിച്ചെത്തുന്നതോടെയാണ് അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതു.

പ്രധാനമായും പ്രായപൂർത്തിയായ മകളെ മനസ്സിലാക്കാൻ നന്ദൻ എന്ന അച്ഛന് കഴിയുമോ എന്നതും അതിന്റെ പശ്‌ചാത്തലത്തിൽ അവരുടെ കുടുംബത്തിലും ബന്ധങ്ങളിലും ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. വളരെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യണം എന്നാഗ്രഹിക്കുന്ന നന്ദൻ പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തുമ്പോൾ, ടീനേജുകാരിയായ മകൾക്ക് അവളും അമ്മയും ഉള്ള ലോകത്തെ സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതായിട്ടാണ് തോന്നുന്നത്. ആ സാഹചര്യത്തിൽ നന്ദൻ എന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളാണ് ഈ ചിത്രത്തിന്റെ കഥയുടെ പ്രധാന ഭാഗം.

സത്യൻ അന്തിക്കാട് ഒരിക്കൽ കൂടി ഒരു ഫീൽ ഗുഡ് കുടുംബ ചിത്രം സമ്മാനിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പ്രേക്ഷകർക്ക് അത് മാത്രം മതിയോ എന്ന ചോദ്യം ബാക്കിയാണ്. പതിവ് പോലെ തന്നെ, വളരെ ലളിതമായ ഒരു കഥയിൽ കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ചിരിയും ചിന്തയും ചാലിച്ച് സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോൾ, അത് മലയാളി കുടുംബങ്ങളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായി മാറുന്നുണ്ട് എന്നത് സത്യമാണ്. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ രചന സത്യൻ അന്തിക്കാടിന്റെ ശൈലിയിലൂടെ വെള്ളിത്തിരയിൽ വന്നപ്പോൾ, കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമായി ഒരു പരിധി വരെ മകൾ മാറി.

ഒരു ഇന്ത്യൻ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിൽ ഒക്കെ നമ്മൾ കണ്ടത് പോലെ, ലളിതമായ സന്ദര്ഭങ്ങളിലൂടെ കഥ പറയാൻ ഇക്ബാൽ കുറ്റിപ്പുറത്തിനു സാധിച്ചെങ്കിലും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആയി നിലനിൽക്കുന്നത് തിരക്കഥയിലെ പിഴവുകളാണ്. പ്രത്യേകിച്ചും ചിത്രത്തിന്റെ രണ്ടാം പകുതി സഞ്ചരിക്കുന്നത് ഒരു ലക്ഷ്യബോധം ഇല്ലാതെയാണ് എന്നുള്ള തോന്നലാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്. ആദ്യ പകുതി അവസാനിക്കുന്നിടത്തു നിന്നതു ക്‌ളൈമാക്‌സ് വരെ എത്തുമ്പോഴും കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്നതും, അതുപോലെ രണ്ടാം പകുതിയിൽ കടന്നു വരുന്ന ഒരു പുതിയ കഥാപാത്രവും അയാളുടെ ഫ്ലാഷ്ബാക്കുമെല്ലാം വളരെയധികം മുഴച്ചു നിൽക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ കലർത്തി കഥ പറഞ്ഞ സത്യൻ അന്തിക്കാടിന് തിരക്കഥയുടെ ദുര്ബലത കാരണം കൊണ്ട് തന്നെ വൈകാരിക രംഗങ്ങളുടെ തീവർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. ചില സമയത്തു സംഭാഷണങ്ങളിലടക്കം കടന്നു വന്ന അസ്വാഭാവികതയും കല്ലുകടി ആയി. എന്നിരുന്നാലും മകൾ, പ്രേക്ഷകനെ വലിയ രീതിയിൽ ബോറടിപ്പിക്കാതെ മുന്നോട്ടു പോയി ആണ് അവസാനിക്കുന്നത് എന്നത് പ്ലസ് പോയിന്റാണ്.

നന്ദൻ എന്ന കഥാപാത്രമായുള്ള ജയറാമിന്റെ പ്രകടനം അദ്ദേഹത്തിന്റെ സമീപകാലത്തെ നല്ലൊരു പ്രകടനമാണ്. ഒരിടവേളക്ക് ശേഷമാണു ജയറാം എന്ന നടനെ കുറച്ചെങ്കിലും ഉപയോഗിച്ച ഒരു ചിത്രം നമ്മുക്ക് കാണാൻ സാധിക്കുന്നത് എന്ന് തന്നെ പറയണം. അത് പോലെ തന്നെ ജൂലിയറ്റ് ആയുള്ള മീരാ ജാസ്മിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ ആണ്. വളരെ മികച്ച രീതിയിൽ തന്നെ, വളരെ പക്വമായ പ്രകടനം ആണ് മീര ജാസ്മിൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരുടെ മകളായി എത്തിയ ദേവിക സഞ്ജയ് തന്റെ കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ, മറ്റു അഭിനേതാക്കൾ ആയ സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ, ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ എസ് കുമാർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള രീതിയിൽ ദൃശ്യങ്ങൾ ഒരുക്കിയ അദ്ദേഹം ഈ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ കൂടി സഹായിച്ചിട്ടുണ്ട്. രാജ ഗോപാലിന്റെ എഡിറ്റിംഗ് മികച്ചു നിന്നതും ചിത്രത്തിന് മുതൽക്കൂട്ടായി. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് രാഹുൽ രാജ് ഒരുക്കിയ ഇതിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ മികവ്.

മകൾ ഒരു സ്ഥിരം സത്യൻ അന്തിക്കാടൻ അച്ചിൽ വാർത്തെടുത്ത കുടുംബ ചിത്രമാണ്. ചിരിയും ചിന്തയും കുടുംബത്തിൽ ഉണ്ടാവുന്ന സങ്കടങ്ങളും സ്നേഹവും പരിഭവവും എല്ലാം കൂട്ടിച്ചേർത്ത ശരാശരി ഫാമിലി ഡ്രാമ. അമിത പ്രതീക്ഷകളുടെ ഭാണ്ഡകെട്ട് തലയിലേറ്റാതെ കണ്ടാൽ, ബോറടിക്കാതെ ഒന്ന് കണ്ടു മറക്കാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രം.

കിച്ചാ സുദീപും അജയ് ദേവ്ഗണും ഉള്‍പ്പെട്ട ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടുന്നത് കൊണ്ട് വടക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയുണ്ടെന്നും അവര്‍ അരക്ഷിതാവസ്ഥയിലാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

കെജിഎഫ് ഹിന്ദി ഡബ്ബിങ് ആദ്യം ദിവസം 50 കോടിയാണ് നേടിയത്. ഇനി വരാനുള്ള ഹിന്ദി സിനിമകളുടെ ആദ്യദിന വരുമാനം എത്രയാണെന്ന് നമുക്ക് നോക്കി കാണാം.

അതേസമയം, ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു.

കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിലപാട് വിശദീകരിച്ച് നടി മല്ലിക സുകുമാരന്‍. സംഭവത്തിന്റെ പിന്നില്‍ ആരാണെന്നും എന്തുകൊണ്ടാണെന്നും കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതി ന്യായവ്യവസ്ഥ ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇക്കാര്യങ്ങളാണ് അറിയേണ്ടതെന്നും മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ പാടെ തുടച്ചുനീക്കുന്ന രീതിയിലുള്ള ശിക്ഷാവിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നാളെ പെണ്‍കുട്ടികളെ നമ്മള്‍ പുറത്തിറക്കിവിടുന്നത്. മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

Copyright © . All rights reserved