പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയം ഏറെ പ്രശംസകളേറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്. തീയ്യേറ്ററിനു പിന്നാലെ ചിത്രം ഒടിടിയിലും പ്രദർശിപ്പിച്ചതിനു ശേഷം വൻ പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെ അഭിനയവും ചിത്രത്തിന് മികച്ച പ്രതികരണം നേടികൊടുത്തിരുന്നു.
താരപുത്രൻ എന്ന ലേബലിൽ നിന്നും ഒരു നടൻ എന്ന ലേബലിലേക്ക് പ്രണവിനെ പറിച്ചു നട്ടതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു. ഇപ്പോൾ പ്രണവിനെ കുറിച്ച് മനസ് തുറക്കുകയാണ് സിനിമ-സീരിയൽ താരം കൊല്ലം തുളസി. വിമർശിച്ചാണ് താരത്തിന്റെ പരാമർശം. പ്രണവ് കൊച്ചുകുട്ടിയാണെന്നും മോഹൻലാൽ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
കൊല്ലം തുളസിയുടെ വാക്കുകൾ;
‘പ്രണവിന്റെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരുടെ കഴിവിൽ എനിക്കേറ്റവും അപ്രിസിയേഷൻ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്. എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാൾ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.
മമ്മൂട്ടിയുടെ മകൻ ആണെന്നുള്ള കാര്യം ദുൽഖർ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ. പ്രണവിനെ കാണുമ്പോൾ എനിക്ക് വിഷമമാണ് തോന്നുന്നത്. അവനെ കാണുമ്പോൾ കൊച്ചു നേഴ്സറി കുട്ടിയെയാണ് ഓർമ വരുന്നത്.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹൻലാലും സുചിത്രയും നിർബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളർന്നു വരും, പക്ഷേ ഒരു കാലഘട്ടം കഴിയണം.
മിന്നൽ മുരളി സിനിമയിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന ടൊവീനോ തോമസിനെ പോലെ ആകാൻ ആഗ്രഹിക്കുന്നവരാണ് ആരാധകരിൽ പലരും. ഇത്രയും സന്തോഷം നിറഞ്ഞ സെലിബ്രിറ്റി ജീവിതം തനിക്കും ലഭിച്ചിരുന്നെങ്കിൽ എന്നൊക്കെയാകും പലരും ചിന്തിക്കുക. എന്നാൽ സോഷ്യൽമീഡിയയിൽ കാണുന്നതല്ല യഥാർഥത്തിൽ ഒരു സെലിബ്രിറ്റിയുടെ ജീവിതമെന്നും ധാരാളം സമ്മർദ്ദം അനുഭവിച്ചാണ് ഓരോ സിനിമയും പുറത്തെത്തുന്നതെന്നും പറയുകയാണ് പ്രിയതാരം ടൊവീനോ. തന്റെ സിനിമ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് നടൻ.
‘പുറത്തുനിന്ന് കാണുന്നതുപോലെയല്ല ഇൻഡസ്ട്രിക്ക് അകത്ത്. എന്താണോ പുറത്തേക്ക് വിടുന്നത് അത് മാത്രമല്ലേ കാണുന്നുള്ളു. എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ എടുത്ത് നോക്കിയാൽ, ഞാൻ ഭയങ്കര സന്തോഷത്തിൽ മാത്രം ജീവിക്കുന്ന ആളാണെന്ന് തോന്നും. കാരണം ഞാൻ ഇൻസ്റ്റഗ്രാമിൽ ഇടുന്ന ഫോട്ടോ ചിരിച്ചുകൊണ്ടുള്ളതാണ്. എന്നാൽ അതല്ല, എനിക്കും ബാക്കിയുള്ള എല്ലാ മനുഷ്യരെ പോലെ നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും ഉണ്ടാകും. അതൊക്കെ നമ്മൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കണോ. അതൊക്കെ നമ്മൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ നിന്നാലേ യഥാർത്ഥ നമ്മളെ മനസിലാക്കാൻ ആളുകൾക്ക് പറ്റുകയുളളൂ. മറ്റേത് അവർ എന്താണോ കാണണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത് അതാണ് അവർ കാണുന്നത്.’-താരം പറയുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്ന ഫോട്ടോ വെച്ച് ആരേയും ജഡ്ജ് ചെയ്യരുതെന്നും താനും വളരെയധികം സമ്മർദ്ദത്തിലൂടെ കടന്നു പോകുന്നയാളാണെന്നും ടൊവീനോ പറയുന്നു.‘ ഇൻസ്റ്റയിലൊക്കെ ബ്രോ നിങ്ങളുടെ പോലെ ഒരു ജീവിതം എനിക്ക് വേണമെന്നൊക്കെ കമന്റ് ഇടുന്നത് കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയാൻ പാടില്ല, ഈ കാണുന്ന ഫോട്ടോ വെച്ചിട്ട് വിധിക്കരുതെന്ന് പറയാൻ തോന്നും അപ്പോൾ. എങ്കിൽ പോലും, ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ വന്നു. അതിന്റെ കൂടെ വേറെ ചില കാര്യങ്ങളും വന്നുവെങ്കിലുമത് ആശ്ചര്യപ്പെടുത്തുന്നതാണ്,’ താരം പറയുന്നു.
‘സ്വപ്നം സാക്ഷാത്കരിച്ച ശേഷം പിന്നെ വിജയം എന്നതൊരു ട്രാപ്പായി മാറുമ്പോൾ, ആ സ്വപ്നം ചെയ്യാൻ തുടങ്ങുമ്പോൾ അത് ചെയ്യേണ്ട അതിനേക്കാളും ഭേദം നിർത്തുന്നതല്ലേയെന്ന് ചിന്തിച്ചിട്ടുണ്ട്. സാധാരണ ഒരു മനുഷ്യനുള്ള കപ്പാസിറ്റി തന്നെയുള്ള ആളാണ് ഞാൻ. പക്ഷെ ഞാൻ എടുക്കുന്ന ജോലിയും എന്റെ തലയിൽ വരുന്ന സമ്മർദവും വലുതാണ്. ഒരു സിനിമയുടെ റിലീസ് കഴിയുമ്പോഴേക്കും ആയുസിൽ രണ്ട് വയസ് കുറഞ്ഞിട്ടുണ്ടാകും. ടെൻഷനും യാത്രയും, പകൽ വർക്കും രാത്രി യാത്രയുമൊക്കെയാണ്. പലതവണ അഭിനയം നിർത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ട്,’- ടൊവീനോ പറയുന്നു
കാരവനില്‍ ഇരിക്കാന്‍ പേടിയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. അതിനുള്ളില്‍ ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ ഐസിയുവില്‍ ഇരിക്കുന്ന പ്രതീതി ആണെന്നും താരം പറയുന്നു. മരണം എപ്പോഴും കൂടെയുണ്ടെന്നും ഇന്ദ്രന്‍സ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ് എന്നും നനടന്‍ പറയുന്നു.
ജാഡയുണ്ടോ എന്ന ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു. ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ലെന്നും നടന്‍ പറഞ്ഞു.
ഫാന്‍സ് ഷോയെ കുറിച്ചും ഇന്ദ്രന്‍സ് സംസാരിച്ചു. സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും.
പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
പൃഥ്വിരാജ് ഉൾപ്പെടുയുള്ള ചുരുക്കം ചിലർ മാത്രമാണ് തനിക്കൊപ്പം നിന്നതെന്ന് ഭാവന. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കിയ ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലാണ് ഭാവന അതി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
തീര്‍ച്ചയായും എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ഭദ്രന് സാര്‍ , ഷാജി കൈലാസ് സാർ, ജയസൂര്യ തുടങ്ങിയവര്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും അതേ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വര്‍ഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു.
എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നു. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമയുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്.
ചില മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഒരു സംഘം ഭാവനയ്ക്ക് നേരെ അതിഭീകരമായ ആക്രമണം നടത്തിയെന്ന് സംവിധായകൻ ആഷിഖ് അബു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സർക്കാരും മാധ്യമങ്ങളും നീതിയ്ക്കൊപ്പം നിന്നെന്നും ആഷിഖ് അബു വ്യക്തമാക്കി.
തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ഭാവനയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകൾക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുൻപ് നിരവധി തവണ സിനിമകളുടെ ആവശ്യത്തിനായി ഞാൻ ഭാവനയെ ക്ഷണിക്കുകയും ചെയ്തിരുന്നു.- ആഷിഖ് അബു പറഞ്ഞു.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ ഇദ്ദേഹം ഉണ്ട് എന്നാണ് സൂചന. ഇപ്പോഴിതാ ജഗതിക്ക് അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള സംഭവം പറയുകയാണ് മകൾ പാർവ്വതി ഷോൺ.
പപ്പയ്ക്ക് അപകടം നടക്കുന്ന ദിവസം എല്ലാം ദുശകുനം ആയിരുന്നു എന്ന് പാർവ്വതി പറയുന്നു. പൂജാമുറി യാതൊരു പ്രകോപനവുമില്ലാതെ തീപിടിച്ചിരുന്നു. ഇപ്പോഴും ആ ദിവസം ഓർമ്മയുണ്ട് എന്ന് പാർവതി പറഞ്ഞു. പപ്പ വിളിച്ചു പറഞ്ഞതിനാൽ താൻ വീട്ടിലെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. കാരണം മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു.
ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. പക്ഷേ അന്ന് വണ്ടി ഓടിച്ചത് പപ്പേടെ ഡ്രൈവർ അല്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്. ഷൂട്ട് കഴിഞ്ഞ് പപ്പാ ക്ഷീണിച്ച് പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. സീ ബെൽറ്റ് ഒക്കെ ധരിച്ചിട്ട് ഉണ്ടായിരുന്നു. പക്ഷേ ആ കാറിൽ എയർബാഗ് സംവിധാനം ഇല്ലായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് പറയുന്നത്. പപ്പയുടെ സുഹൃത്ത് തങ്ങളെ ആദ്യം വിളിച്ച അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ കോൾ കട്ടായി. പിന്നെ നിരവധി കോളുകൾ വന്നു. ആശുപത്രിയിൽ എത്തിയപ്പോഴും ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുകൈ മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ എന്ന് പാർവതി പറയുന്നു. അവിടെനിന്ന് പപ്പ ഇവിടെ വരെ എത്തി എന്നും ഇനി എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസമുണ്ട് എന്നും പാർവതി പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.
ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗീകാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.’ ബർഖാ ദത്ത്.
‘നടി ഭാവന ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു’ എന്ന പോസ്റ്റർ ‘വി ദ വുമൻ ഏഷ്യ’യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാവനയുടെ വെളിപ്പെടുത്തൽ ഉണ്ടായേക്കുക. വി ദ വുമൻ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റർ ഹാൻഡിലുകളിലും, ബർഖാ ദത്തിന്റെ ‘മോജോ സ്റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.
അസ്മ ഖാൻ, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചൻ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോൺ ബെൻസൺ, അമീര ഷാ, ഡോ. ഷാഗുൻ സബർവാൾ, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് അതിഥികൾ.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിന് വിനീത് നല്‍കിയ പേരിനെ കുറിച്ച് പലരും ചോദിച്ചിരുന്നു. എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്ന്.. ‘ക്യാംപസുകളില്‍ എവിടെ നോക്കിയാലും വരച്ചു വച്ചിരിക്കുന്നത് ഹൃദയചിത്രങ്ങളാണ്. ഒരു പ്രണയകഥ പറയുമ്പോള്‍ ഈ പേര് എന്തുകൊണ്ടും നല്ലതാണെന്നു തോന്നിയെന്നാണ് വിനീത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം പ്രണയത്തെ ഇത്ര മനോഹരമായി എങ്ങനെ കൈകാര്യം ചെയ്തുവെന്നതിനും വിനീതിന് വ്യക്തമായ ഉത്തരമുണ്ട്.
‘അച്ഛന്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളാണ്. ഞാനും അങ്ങനെ തന്നെയാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള സാമ്യം. സിനിമയില്‍ ഞങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമെന്നാണ് എനിക്കു തോന്നുന്നത്.
അച്ഛന്റെ സിനിമകളില്‍ പ്രണയം പറയാതെ പറയുകയാണ്. ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതി അച്ഛന് പ്രണയം പറയാന്‍. ഞാന്‍ അങ്ങനെയല്ല. എ നിക്കു പ്രണയം ആഘോഷമാണ്. പാട്ടും ഡാന്‍സും അലറിവിളിക്കലും നിറങ്ങളും… അങ്ങനെ ഞാന്‍ പ്രണയത്തെ ഉത്സവമാക്കുന്ന ആളാണെന്നാണ് വിനീത് പറയുന്നത്.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.
ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.
ഷെറിൻ പി യോഹന്നാൻ
“ഭീഷ്മ പർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം”? Movie Man ന്റെ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നതാണ്. “ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന മറുപടിയാണ് അദ്ദേഹം ക്യാമറയിലേക്ക് നോക്കി പറയുന്നത്. അമൽ നീരദിന്റെ ഫിലിം മേക്കിങ് സ്റ്റൈലിലേക്ക് കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷയും ഉയരും… അത് സ്വാഭാവികം.
1980കളുടെ അവസാനമാണ് കഥ നടക്കുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിൾ. സഹോദരന്മാരും അവരുടെ മക്കളും ഭയത്തോടെ സമീപിക്കുന്ന വ്യക്തി. മൈക്കിളിന്റെ ഭൂതകാലവും അധികാരവുമാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറായി കുടുംബാംഗങ്ങൾ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച്, കപ്പൽ മുങ്ങാതെ കാക്കുന്ന കപ്പിത്താനാവുകയാണ് മൈക്കിൾ.
അൻപത് വർഷം പിന്നിട്ട ഹോളിവുഡ് ചിത്രമായ ‘ഗോഡ്ഫാദറി’ൽ നിന്നും മഹാഭാരത കഥയിൽ നിന്നും അമൽ നീരദ് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ക്രെഡിറ്റ് ലൈനിൽ മരിയോ പൂസോയുടെയും വ്യാസന്റെയും പേരുകളൊക്കെ കാണാം. ഒരു കുടുംബത്തിനുള്ളിലെ കഥയെ സ്റ്റൈലിഷായി, എൻഗേജിങ് ആയി ഒരുക്കിയെടുത്തിട്ടുണ്ട് അമൽ. സാങ്കേതിക വശങ്ങളിലെ പെർഫെക്ഷനും സ്റ്റൈലിഷായ മേക്കിങ്ങുമാണ് ‘ഭീഷ്മ പർവ്വ’ത്തെ ഗംഭീരമാക്കുന്നത്. മഴയും സ്ലോ മോഷൻ സീനുകളും അമൽ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. സ്ലോ മോഷൻ രംഗങ്ങളുടെ എണ്ണം ഇവിടെ കൂടുന്നുണ്ടെങ്കിലും എല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.
ആദ്യമേ തന്നെ ഒരു ക്ലാസ്സ് സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. മൈക്കിളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങളെയും അവരുടെ ഇമോഷൻസിനെയും കൃത്യമായി കഥയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നേരത്തെ തന്നെ പ്ലേലിസ്റ്റിൽ ഇടം നേടിയതാണ്.
മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഫലപ്രദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി, മാനറിസം, വേഷം എന്നിവയൊക്കെ ഗംഭീരം. ഷൈൻ ടോം, സൗബിൻ, ദിലീഷ് പോത്തൻ, ജിനു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. അതിൽ ഷൈൻ, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയുയുമെന്ന് തീർച്ച. അമൽ നീരദ് ചിത്രങ്ങളിൽ കണ്ടുവരുന്ന സാമൂഹിക വിമർശനം ഇവിടെയും ദൃശ്യമാണ്. സിനിമയുടെ ആദ്യ രംഗങ്ങളിൽ അത് പ്രകടമായി കാണാം.
മികച്ച ക്യാമറ ആംഗിളുകളും ഗംഭീര ഫ്രെയിമുകളും ചേരുന്ന ആദ്യ ഫൈറ്റ് സീൻ പ്രേക്ഷകന് നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സാഹചര്യങ്ങളുമാണ് ചിത്രത്തിൽ. പ്രെഡിക്ടബിളായ സ്റ്റോറി ലൈനെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതിനാൽ ഇവിടെ ബോറടിയില്ല. അത് തന്നെയാണ് ഭീഷ്മയെ മികച്ചതാക്കുന്നത്.
Last Word – തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ഗംഭീര മേക്കിങ്ങിനൊപ്പം കഥാപാത്രനിർമിതിയും ശക്തമാകുമ്പോൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. അമൽ നീരദ് – മമ്മൂട്ടി കോമ്പോയുടെ ഗംഭീര ക്രൈം ഡ്രാമ. ബിഗ് സ്‌ക്രീനിൽ മിസ്സ് ചെയ്യരുതാത്ത ചിത്രം.