Nursing

ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.

 

ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.

രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫയല്‍ ചെയ്യുന്ന എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധിക്യം വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അമിതജോലിഭാരവും വാര്‍ഡുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും മൂലം വിട്ടുനില്‍ക്കുകയാണ്. എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം തന്നെ 551 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി 55 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു.

95 ട്രസ്റ്റുകള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ 1500 കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ട്രസ്റ്റുകളുടെ കടമയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ.ജീവേശ് വിജെസൂര്യ പറയുന്നു. ബ്രിട്ടനില്‍ 1000 പേര്‍ക്ക് 2.8 ഡോക്ടര്‍മാര്‍ എന്നതാണ് നിലവിലെ ശരാശരിയെന്ന് കിംഗ്‌സ് ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.

സൂപ്പര്‍ബഗ്ഗുകള്‍ ബ്രിട്ടീഷ് ആശുപത്രികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. സിസേറിയന്‍, ഇടുപ്പ് ശസ്ത്രക്രിയ തുടങ്ങിയ സാധാരണ പ്രൊസിജ്യറുകള്‍ പോലും സുരക്ഷിതമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമാകുന്നതെന്ന് പ്രൊഫ.ഡെയിം സാലി ഡേവിസ് പറഞ്ഞു. ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധം നേടിയ രോഗാണുക്കളുടെ സാന്നിധ്യം വളരെ ഉയര്‍ന്നതാണെന്നും അവര്‍ വ്യക്തമാക്കി. സൂപ്പര്‍ബഗ്ഗുകളെ കീഴടക്കുന്നതിനായി ആധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങളും മരുന്നുകളും ഏര്‍പ്പെടുത്താന്‍ 30 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലൂടെ ഹെല്‍ത്ത് സര്‍വീസിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയെയാണ് ആരോഗ്യ മേഖല നേരിടാനിരിക്കുന്നതെന്നും ആന്റിബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രത്തിനും എന്‍എച്ച്എസിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഡെയിം സാലി പറഞ്ഞു. ചെറിയ മുറിവുകളും അണുബാധകള്‍ പോലും ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സിസേറിയന്‍, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കീമോതെറാപ്പി മുതലായവ രോഗികള്‍ക്ക് അപകടകരമാകുമെന്നും അവര്‍ പറഞ്ഞു.

മരുന്നുകളോട് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം ലോകമൊട്ടാകെ 7 ലക്ഷം പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 5000 മരണങ്ങള്‍ യുകെയില്‍ മാത്രമാണ് ഉണ്ടാകുന്നത്. ഈ രോഗാണുക്കളെ ചെറുക്കാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. സൂപ്പര്‍ബഗ്ഗുകളുടെ സാന്നിധ്യം അവഗണിച്ചാല്‍ 2050ഓടെ അവ 10 മില്യന്‍ ആളുകളെ കൊന്നൊടുക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്‍ മേധാവി ലോര്‍ഡ് ഒ’നീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിനോയ് ജോസഫ്, മലയാളം യുകെ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റര്‍

“ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും  വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും”. 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി.

ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ നയിച്ച വഴിയിലൂടെ, ലോകത്തെ ആരോഗ്യ ശുശ്രൂഷാ രംഗം അത്യധികം മുന്നേറിയിരിക്കുന്നു. അതെ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടർന്ന് 20 മില്യണിലധികം ആളുകളാണ് ഇന്ന് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ, വേദനയുടെ ലോകത്തിൽ സമാശ്വാസത്തിന്റെയും അനുകമ്പയുടെയും സ്നേഹ സന്ദേശവുമായി കടന്നു വന്ന ദി ലേഡി വിത്ത് ദ ലാംപ് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ  മെയ് 12,  അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു.

വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ..

നഴ്സുമാർ – നയിക്കുന്ന ശബ്ദം – ആരോഗ്യം മനുഷ്യാവകാശവും എന്നതാണ് 2018 ലെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശം. ആരോഗ്യ സംരക്ഷണം ഓരോരുത്തരുടെയും മൗലിക അവകാശമെങ്കിൽ അതു പോലെ നഴ്സുമാരും അവരുടെ അവകാശ സംരക്ഷണത്തിന് അർഹരാണ് എന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എടുത്തു പറയുന്നു. സുരക്ഷിതമായ ജോലി സ്ഥലം, തൃപ്തികരമായ പ്രതിഫലം, ട്രെയിനിംഗിനുള്ള സൗകര്യങ്ങൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാനുള്ള സാഹചര്യം, തീരുമാനങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയും നഴ്സുമാർക്ക് ലഭിക്കണമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.

നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്.

സ്റ്റാഫ് ഷോർട്ടേജ് മൂലം പല ഹോസ്പിറ്റലുകളുടെയും പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. അതിനെ മറികടക്കുവാൻ നഴ്സുമാർ അത്യദ്ധ്വാനം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നു. 12 മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകളും ഓവർടൈം വർക്കും നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. രോഗികൾക്ക് വേണ്ട തൃപ്തികരമായ പരിചരണം കൊടുക്കാൻ വേണ്ട സൗകര്യങ്ങളുടെ അഭാവവും നഴ്സുമാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും പീഡനങ്ങളും അവരുടെ ജീവിതം തന്നെ ദുസഹമാക്കുന്നു.

ലക്ഷക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയിൽ നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലയാളി നഴ്സുമാർ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്നു വേണം കരുതാൻ. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. പലരും നല്ല ജോലികൾ നേടിയെടുത്തെങ്കിലും കുറെപ്പേരെങ്കിലും റിക്രൂട്ട്മെൻറ് തട്ടിപ്പിന്റെയും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഇരകളായി.

കൂടുതലും വനിതകൾ ജോലി ചെയ്യുന്ന മേഖല എന്ന നിലയ്ക്ക് സംഘടിത ശക്തിയുടെ അഭാവം നഴ്സിംഗ് രംഗത്തെ ചൂഷണത്തിന് ആക്കം കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന ന്യായമായ അവകാശത്തിനായി  സമരരംഗത്തേയ്ക്ക് നയിക്കപ്പെടുന്ന നഴ്സിംഗ് സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. അവകാശങ്ങൾക്കായി തെരുവിൽ മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയിലേയ്ക്ക് നഴ്സുമാരെ തള്ളി വിടുന്ന പ്രവണത നാടിന്റെ ധാർമ്മിക നിലവാരത്തിന്റെ അധ:പതനത്തിന്റെ സൂചനയാണ്. നഴ്സുമാർക്ക്‌ അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് ഓരോ സർക്കാരിന്റെയും കടമയും ഉത്തരവാദിത്വവുമാണ്. നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകൾ.

ന്യൂസ് ഡെസ്ക്

ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.

യുകെയിൽ ആസ്തമയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാരീതി കാലഹരണപ്പെട്ടതാണെന്നും ഇതിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാവണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആസ്തമ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ ഈ രംഗത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എൻഎച്ച്എസ് ഒരുക്കങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.  മറ്റു രാജ്യങ്ങൾ ആസ്തമ ചികിത്സയിൽ വൻ പുരോഗതി നേടിയപ്പോൾ യുകെയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്തമ യുകെയുടെ റിസേർച്ച് ഡയറക്ടർ ഡോ. സാമന്ത വാക്കർ പറഞ്ഞു. രോഗികൾക്ക് ഇടയിലുള്ള പരിജ്ഞാനമില്ലായ്മയും മരണനിരക്ക് കൂടാൻ കാരണമായി കരുതപ്പെടുന്നു.

നേരത്തെ ആസ്തമ കണ്ടെത്തുക, ആസ്തമ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ തന്നെ എടുക്കുക, ഹെൽത്ത് കെയർ പ്രഫഷണലുകൾ ആസ്തമായ ഗൗരവകരമായ രീതിയിൽ സമീപിക്കുക എന്നീക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ശ്വസനനാളി ഇടുങ്ങിയതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്തമ രോഗികളിൽ ഉണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണവും മറ്റ് രോഗങ്ങളും ആസ്തമ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 5.4 മില്യൺ ആസ്തമ രോഗികളാണ് ബ്രിട്ടണിൽ ഉള്ളത്. ഇതിൽ 1.1 മില്യൺ കുട്ടികളാണ്. ഇൻഹെയ്ലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ആസ്തമ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ കഴിയും. അതുപോലെ തന്നെ വർഷാവർഷമുള്ള ആസ്തമ റിവ്യൂ ചെയ്യുന്നതു ആക്ഷൻ പ്ലാൻ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതും ആസ്തമ രോഗികൾക്ക് ആശ്വാസം നല്കും.

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാജ്യത്തെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും ഈടാക്കുന്ന ഇത്തരം നികുതികള്‍ അന്യായമാണെന്ന് എംപിമാരും ചാരിറ്റികളും ആരോപിക്കുന്നു. ക്രോയ്‌ഡോണ്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ പാര്‍ക്കിംഗ് ബേയുടെ എണ്ണം 15ല്‍ നിന്ന് 19 ആക്കിയിട്ടുണ്ട് എന്നാല്‍ സൗജന്യ ബേയില്‍ സ്ഥലം ലഭിച്ചില്ലെങ്കില്‍ ബ്ലൂ ബാഡ്ജുള്ളവര്‍ മണിക്കൂറിന് 3 പൗണ്ട് വീതം ഈടാക്കുന്ന കോമണ്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറേണ്ടി വരും. കഴിഞ്ഞ വര്‍ഷം മാത്രം ട്രസ്റ്റുകളുടെ പാര്‍ക്കിംഗ് വരുമാനം 147 മില്യണ്‍ പൗണ്ടാണ്. ഇത്രയധികം വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് പല ട്രസ്റ്റുകളുടെയും നിലപാട്.

കാന്‍സര്‍ രോഗികള്‍, അവരുടെ ബന്ധുക്കള്‍, ഭിന്നശേഷിക്കാരായ രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് മെഡിക്കല്‍ ട്രസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ ആശുപത്രിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ നിര്‍ദേശം മിക്ക ട്രസ്റ്റുകളും നിരാകരിച്ചു. ഇംഗ്ലണ്ടിലെ പകുതിയോളം വരുന്ന ആശുപത്രികള്‍ രോഗികളില്‍ നിന്നും ഭിന്നശേഷിക്കാരായവരില്‍ നിന്നും പാര്‍ക്കിംഗിനായി പണം ഈടാക്കുന്നുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ റോബര്‍ട്ട് ഹാഫോണാണ് ഇത്തരം ചാര്‍ജുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. ഭിന്നശേഷിക്കാരുടെ മേല്‍ ക്രോയ്‌ഡോണ്‍ ആശുപത്രി അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്ന രഹസ്യ നികുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടോറികളുടെ രാഷട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാരും രോഗികളുമായ ആളുകള്‍ ഇത്തരം ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതെന്നും ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്‌വെര്‍ത്ത് വിമര്‍ശിച്ചു. നിലവില്‍ ചാര്‍ജുകള്‍ ഏതാണ്ട് 400,000 പൗണ്ടിന്റെ വരുമാനം നല്‍കുന്നുണ്ട്. ഈ തുക 18ലധികം നഴ്‌സുമാരുടെ ശമ്പളത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ കഴിയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ ചാര്‍ജുകളില്‍ ഇളവു നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് മനസിലാക്കണമെന്നും ക്രോയ്‌ഡോണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് വക്താവ് അറിയിച്ചു.

ലണ്ടന്‍: ഒരു മില്യണോളം വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. യൂണിയനുകളുമായി എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 2010 മുതല്‍ നിലവിലുള്ള പേ ക്യാപ് എടുത്തുകളയാനും ജീവനക്കാരുടെ ശമ്പളത്തില്‍ 6.5 മുതല്‍ 29 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനുമാണ് തീരുമാനമായത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ശമ്പളം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ദിവസത്തെ അവധി വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തിനുള്ളിലാണ് നടപ്പിലാക്കുക. ഇതനുസരിച്ച് ഈ വര്‍ഷം 3 ശതമാനം വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് ലഭിക്കും.

ശമ്പള സ്‌കെയിലില്‍ മുന്‍നിരയിലുള്ള പകുതിയോളം ജീവനക്കാര്‍ക്ക് 6.5 ശതമാനം വര്‍ദ്ധന ലഭിക്കുമ്പോള്‍ കുറഞ്ഞ ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പകുതിയോളം ജീവനക്കാര്‍ക്ക് 9 മുതല്‍ 29 ശതമാനം വരെയാണ് ശമ്പളവര്‍ദ്ധനവ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി ബാന്‍ഡ്-സെവന്‍ പേയ് സ്‌കെയിലിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 31,696 പൗണ്ടാണ്. 29 ശതമാനം വര്‍ദ്ധനയുണ്ടാകുമ്പോള്‍ ഇവരുടെ ശമ്പളം 2020-21 വര്‍ഷത്തോടെ 37,890 പൗണ്ടായി മാറും. ബാന്‍ഡ് 5 പേയ് സ്‌കെയിലിന്റെ മധ്യഭാഗത്തുള്ള നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സയന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ശമ്പളത്തില്‍ 24.7 ശതമാനം വര്‍ദ്ധനയുണ്ടാകും. ഇവര്‍ക്ക് 24,460 മുതല്‍ 30,615 പൗണ്ട് വരെ ശമ്പളം ലഭിക്കും.

ഒരു പുതിയ നഴ്‌സിന്റെ ബാന്‍ഡ് 5ലുള്ള തുടക്ക ശമ്പളം 22,128 പൗണ്ടില്‍ നിന്ന് 26,970 പൗണ്ടായി ഉയരും. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് 17,460 പൗണ്ട് മിനിമം ശമ്പളം നല്‍കാനും പാക്കേജില്‍ നിര്‍ദേശമുണ്ട്. പുതിയ കരാറനുസരിച്ച് നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, പാരാമെഡ്ക്‌സ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ക്ക് 2018-19 വര്‍ഷത്തില്‍ 3 ശതമാനവും 2019-20 വര്‍ഷത്തില്‍ 2 ശതമാനവും 2020-21 വര്‍ഷത്തില്‍ 1 ശതമാനവുമാണ് വര്‍ദ്ധന വരുത്തുക. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്കായി 4.2 ബില്യന്‍ പൗണ്ടാണ് വിലയിരുത്തിയിട്ടുള്ളത്.

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്‍. പതിനൊന്നില്‍ ഒന്ന് വീതം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്‍സികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില്‍ ആശുപത്രികളില്‍ എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര ലക്ഷത്തോളം അധികം രോഗികള്‍ ആശുപത്രികളില്‍ എത്തിയെന്നാണ് കണക്ക്. ഡിസംബറില്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിന്ററില്‍ എന്‍എച്ച്എസിനു വേണ്ടി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെയും എന്‍എച്ച്എസ് നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു വിന്റര്‍ ക്രൈസിസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിശ്വരൂപം കാണിച്ചത്. എക്കാലത്തെയും മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയതെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ കെയറിലേക്ക് മാറ്റേണ്ട രോഗികളെ ആശുപത്രി ബെഡുകളില്‍ നിന്ന് മാറ്റുന്നതില്‍ ട്രസ്റ്റുകള്‍ പരാജയപ്പെട്ടു.

രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുകയും എ ആന്‍ഡ് ഇ, ഇലക്ടീവ് സര്‍ജറി ദേശീയ ടാര്‍ജറ്റുകള്‍ താഴേക്കാകുകയും ചെയ്തു. ട്രസ്റ്റുകളുടെ സാമ്പത്തിക നിലയില്‍ ഇടിവുണ്ടാകുകയും ചെയ്തു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തോടെ 931 മില്യന്‍ പൗണ്ടിന്റെ കമ്മി ട്രസ്റ്റുകള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രവചിക്കപ്പെട്ടതിനേക്കാള്‍ 435 മില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഓട്ടം ബജറ്റില്‍ 337 മില്യന്‍ പൗണ്ട് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്നിരിക്കെ ട്രസ്റ്റുകള്‍ കടക്കെണിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്നും സമ്മതിച്ച് സര്‍ക്കാര്‍. നിലവില്‍ നല്‍കി വരുന്ന ഗ്രാന്റ് വെട്ടിക്കുറച്ച് വര്‍ഷം 9,000 പൗണ്ടാക്കി മാറ്റിയ രീതി നഴ്‌സിംഗ് പഠിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഇജ്യൂക്കേഷന്‍സ് ഇക്യാലിറ്റി നടത്തിയ അനാലിസിസില്‍ പറയുന്നു. ഇത്തരത്തില്‍ പഠിക്കുന്നവര്‍ ജീവിത ചിലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമായി ലോണ്‍ എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് ഗ്രാജ്യൂറ്റ്‌സിന് നല്‍കിവരുന്ന ബര്‍സറികള്‍ വെട്ടിക്കുറക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണത്തെ കാര്യമായി ബാധിക്കുന്ന വിധത്തില്‍ ബര്‍സറികള്‍ കുറച്ചതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പിന്നോക്കം നില്‍ക്കുന്നതാണെന്നും ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിയാണെന്നും ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. അസമത്വം സൃഷ്ടിക്കുന്നതും ഹാനികരവുമായ നടപടികള്‍ തെരെഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് വ്യക്തമായതായി ആഞ്ചല റൈനര്‍ പറയുന്നു. സ്റ്റാഫുകളുടെ ദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുകയാണ് നിലവില്‍ എന്‍എച്ച്എസ്, രോഗികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നഴ്‌സുമാരെയും മിഡ്‌വൈവ്‌സിനെയും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആശ്‌വെര്‍ത്ത് പറയുന്നു.

എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. കറുത്ത വര്‍ഗ്ഗക്കാരെയും ന്യൂനപക്ഷ എത്തിനിക്ക് ആളുകളേയുമാണ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി കാര്യമായി ബാധിക്കാന്‍ പോകുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ സമ്മതിച്ചിട്ടുണ്ട്. അടുത്ത ലേബര്‍ ഗവണ്‍മെന്റ് എന്‍എച്ചിഎസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കുമെന്നും ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്ന ഒരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട ബള്‍സറികള്‍ വിതരണം ചെയ്യുമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു.

ആസ്മ രോഗം മൂലം ശ്വാസ തടസ്സം നേരിട്ട അഞ്ച് വയസ്സുകാരിക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിന് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍ഗണന നല്‍കിയില്ല. ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജിപി നേരിട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്ത്മ മൂലം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ തന്നെ 999 വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നും കുട്ടിയെ ആംബര്‍ കോഡില്‍ പെടുത്താമെന്നും കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏതാണ്ട് മൂന്നു മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷം ജിപി നേരിട്ട് കുട്ടിയെ നോര്‍ത്ത് വെയില്‍സിലെ ഗ്ലാന്‍ ക്ലിവൈഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസം നിലച്ചതോ അല്ലെങ്കില്‍ ബോധരഹിതരായവരെയോ ആണ് എമര്‍ജന്‍സി കേസുകളായി പരിഗണിക്കുന്നതെന്ന് 999 കോള്‍ കൈകാര്യം ചെയ്തയാള്‍ ജിപിയോട് പറഞ്ഞിരുന്നു. വെല്‍ഷ് ആംബുലന്‍സ് സര്‍വീസ് ആണ് ഈ വീഴ്ച വരുത്തിയത്. ഒരു ഡോക്ടര്‍ വിളിച്ചതും കുട്ടിയുടെ പ്രായവും എമര്‍ജന്‍സി സര്‍വീസ് കണക്കിലെടുത്തില്ലെന്നതാണ് വിചിത്രം.

ഡോക്ടര്‍ പിന്നീട് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും അല്‍പ സമയത്തിനു ശേഷം പോസ്റ്റ് നീക്കം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തിനു വനിതാ ജിപി മറുപടി നല്‍കിയില്ല. കുട്ടി നേരിട്ട ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വെല്‍ഷ് ആബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഡോക്ടര്‍ നേരിട്ട് സഹായം അഭ്യര്‍ഥിക്കുമ്പോള്‍ രോഗിയായി കുട്ടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണെന്നും വെല്‍ഷ് അസംബ്ലി മെമ്പര്‍ ഡാരന്‍ മില്ലര്‍ അഭിപ്രായപ്പെട്ടു. അടിയന്തിര സാഹചര്യത്തില്‍ കൃത്യമായി ഇടപ്പെട്ട ജിപിയുടെ സമര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും കുട്ടിയുടെ ജീവന്‍ രക്ഷിച്ചുവെന്നും മില്ലര്‍ തന്റെ പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.


ജനുവരി 26ന് വൈകീട്ട് 3.30ന് ആബുലന്‍സിന് വേണ്ടി അഭ്യര്‍ഥിച്ചിരുന്നെങ്കിലും 7 മണിയായിട്ടും സഹായം ലഭ്യമായില്ല. ഈ സമയത്ത് അവിടെ ലഭ്യമായിരുന്ന ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജിപി പറഞ്ഞിരുന്നു. റെഡ് പ്രയോറിറ്റി അടിയന്തിര ആബുലന്‍സ് സേവനം ലഭിക്കാതിരുന്നത് കുട്ടിക്ക് ശ്വാസം നിലക്കാഞ്ഞത് കൊണ്ടാണ്. ഇത്തരമൊരു സാഹചര്യം തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ കരിയറില്‍ ആദ്യമാണെന്ന് കുട്ടിയെ ആശുപത്രിയെത്തിച്ച ഡോക്ടര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved