ആസ്മ രോഗം മൂലം ശ്വാസ തടസ്സം നേരിട്ട അഞ്ച് വയസ്സുകാരിക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിന് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍ഗണന നല്‍കിയില്ല. ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജിപി നേരിട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്ത്മ മൂലം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ തന്നെ 999 വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നും കുട്ടിയെ ആംബര്‍ കോഡില്‍ പെടുത്താമെന്നും കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏതാണ്ട് മൂന്നു മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷം ജിപി നേരിട്ട് കുട്ടിയെ നോര്‍ത്ത് വെയില്‍സിലെ ഗ്ലാന്‍ ക്ലിവൈഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസം നിലച്ചതോ അല്ലെങ്കില്‍ ബോധരഹിതരായവരെയോ ആണ് എമര്‍ജന്‍സി കേസുകളായി പരിഗണിക്കുന്നതെന്ന് 999 കോള്‍ കൈകാര്യം ചെയ്തയാള്‍ ജിപിയോട് പറഞ്ഞിരുന്നു. വെല്‍ഷ് ആംബുലന്‍സ് സര്‍വീസ് ആണ് ഈ വീഴ്ച വരുത്തിയത്. ഒരു ഡോക്ടര്‍ വിളിച്ചതും കുട്ടിയുടെ പ്രായവും എമര്‍ജന്‍സി സര്‍വീസ് കണക്കിലെടുത്തില്ലെന്നതാണ് വിചിത്രം.

ഡോക്ടര്‍ പിന്നീട് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും അല്‍പ സമയത്തിനു ശേഷം പോസ്റ്റ് നീക്കം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തിനു വനിതാ ജിപി മറുപടി നല്‍കിയില്ല. കുട്ടി നേരിട്ട ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വെല്‍ഷ് ആബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഡോക്ടര്‍ നേരിട്ട് സഹായം അഭ്യര്‍ഥിക്കുമ്പോള്‍ രോഗിയായി കുട്ടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണെന്നും വെല്‍ഷ് അസംബ്ലി മെമ്പര്‍ ഡാരന്‍ മില്ലര്‍ അഭിപ്രായപ്പെട്ടു. അടിയന്തിര സാഹചര്യത്തില്‍ കൃത്യമായി ഇടപ്പെട്ട ജിപിയുടെ സമര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും കുട്ടിയുടെ ജീവന്‍ രക്ഷിച്ചുവെന്നും മില്ലര്‍ തന്റെ പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.


ജനുവരി 26ന് വൈകീട്ട് 3.30ന് ആബുലന്‍സിന് വേണ്ടി അഭ്യര്‍ഥിച്ചിരുന്നെങ്കിലും 7 മണിയായിട്ടും സഹായം ലഭ്യമായില്ല. ഈ സമയത്ത് അവിടെ ലഭ്യമായിരുന്ന ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജിപി പറഞ്ഞിരുന്നു. റെഡ് പ്രയോറിറ്റി അടിയന്തിര ആബുലന്‍സ് സേവനം ലഭിക്കാതിരുന്നത് കുട്ടിക്ക് ശ്വാസം നിലക്കാഞ്ഞത് കൊണ്ടാണ്. ഇത്തരമൊരു സാഹചര്യം തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ കരിയറില്‍ ആദ്യമാണെന്ന് കുട്ടിയെ ആശുപത്രിയെത്തിച്ച ഡോക്ടര്‍ പറയുന്നു.