അപ്പച്ചൻ കണ്ണഞ്ചിറ
പത്തനംതിട്ട: യു കെ യിലെ സ്റ്റീവനേജിൽ നിന്നും, ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷീക പ്രാർത്ഥനയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം ആകസ്മിക മരണം സംഭവിച്ച ജേക്കബ് ജോർജ്ജിന് ( ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന പ്രണാമവും, യാത്രാമൊഴിയുമേകി. ആംഗ്ലിക്കൻ ബിഷപ്പ് റൈറ്റ് റവ ഡോ. നോബിൾ ഫിലിഫ് പ്രാർത്ഥന നേരുകയും, കുടുംബവുമായുള്ള വലിയ ബന്ധങ്ങൾ അനുസ്മരിക്കുകയും ചെയ്തു.
പത്തനംതിട്ട മാർത്തോമ്മാ പള്ളി വികാരി റവ. സജി തോമസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ റവ.വി.റ്റി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം.തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി. എം. സക്കറിയ, റവ.ജോൺ തോമസ് അടക്കം വൈദികർ സഹകാർമികരായി പങ്കുചേർന്നു.

യു കെ യിലെ സ്റ്റീവനേജിൽ നിന്നും, പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രതിനിധികൾ അടക്കം കൂടാതെ ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാനും, തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാനും എത്തിയിരുന്നു.
പരേതന്റെ ആത്മാർത്ഥതയുടെയും, സൗഹൃദത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, ആത്മീയതയുടെയും അപദാനങ്ങൾ അനുസ്മരിച്ചു കൊണ്ട് നിരവധി ആളുകൾ നൽകിയ അനുശോചന സന്ദേശങ്ങൾ ഏവരെയും വികാരസാന്ദ്രമാക്കി.

കുടുംബാംഗങ്ങളെ ഏറെ വേദനയിൽ ആഴ്ത്തിയ ആകസ്മിക മരണം ഉൾക്കൊള്ളുവാനാവാതെ തളം കെട്ടിനിന്ന രോദനങ്ങളും, അണപൊട്ടിയ കണ്ണീർ കണങ്ങളും അമീജിയോ ഭവനത്തെ ശോകമൂകമാക്കി. ജന്മനാടിനെ ഏറെ പ്രണയിച്ച ജേക്കബ്, വർഷത്തിൽ നാലഞ്ചു തവണയെങ്കിലും നാട്ടിൽ സന്ദർശനം നടത്തുമായിരുന്നു. ജന്മാനാട്ടിൽത്തന്നെ അവസാനം എത്തുവാനും, അവിടെ പ്രിയ മാതാപിക്കളും, സഹോദരനോടൊപ്പവും നിത്യ വിശ്രമം ഒരുക്കപ്പെട്ടതും, നാടും കുടുംബവുമായുള്ള ആത്മബന്ധത്തിന്റെ വേദന പകർന്ന നേർക്കാഴ്ച്ചയായി.

രാവിലെ ഏഴു മണിക്ക് ആരംഭിച്ച പൊതുദർശ്ശനം മുതൽ സ്വസതിയിലേക്കും, പള്ളിയിലേക്കും ഒഴുകിയെത്തിയ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയ-പ്രവാസ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ അടക്കം വൻ ജനാവലിയാണ് ഷാജിയെ അവസാനമായി കാണുവാനും, അന്ത്യോപചാരം അർപ്പിക്കുന്നതിനും, ആത്മാശാന്തി നേരുന്നതിനുമായി എത്തിയത്.

പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്നു പരേതൻ. ഭാര്യ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്, സാരു ജേക്കബ്. സാരു കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ്, മിഗി മറിയം ജേക്കബ്, നിഗ്ഗി സൂസൻ ജേക്കബ് എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ (സ്റ്റീവനേജ്) മരുമകനും അഷർ കൊച്ചു മകനുമാണ്.

സർഗ്ഗം സ്റ്റീവനേജ്, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, ഐഒസി സ്റ്റീവനേജ് തുടങ്ങി നിരവധി സംഘടനകളും, സ്ഥാപനങ്ങളും, കുടുംബങ്ങളും, വ്യക്തികളും പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു. പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ അന്ത്യോപചാര തിരുക്കർമ്മങ്ങൾ അർപ്പിച്ച് പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കാരം നടത്തി.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ മെമ്പറും, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയംഗവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പ്രവർത്തകനുമായിരുന്ന ജേക്കബ് ജോർജ്ജ് നാട്ടിൽ നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്. ഒന്നാം ചരമ വാർഷീക പ്രാർത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളിൽ സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരിൽക്കണ്ട് ഹസ്തദാനം ചെയ്ത്, നർമ്മസംഭാഷണങ്ങൾ നടത്തിയും, വിശേഷണങ്ങൾ തേടിയും കൂട്ടത്തിലൊരാളായി നിഴൽപോലെ കണ്ടു വന്നിരുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാർത്ഥത്തിൽ ശോകമൂകമാക്കിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജേക്കബ് ലണ്ടനിലെ ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന ജേക്കബ് ലണ്ടനിൽ കോൺഗ്രസ്സ് നേതാക്കൾ ആരെങ്കിലും എത്തിയാൽ അവിടെ എത്തി കാണുകയും, ഐഒസി യുടെ പരിപാടികളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരാളായിരുന്നു.
സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്, സാരു ജേക്കബാണ് ഭാര്യ. സാരു ജേക്കബ്, കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ് (ഫൈനാൻസ് ഓഫീസർ) മിഗി മറിയം ജേക്കബ് (ആർക്കിടെക്ട്), നിഗ്ഗി സൂസൻ ജേക്കബ് ( ലീഡ്സിൽ മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ മരുമകനും ( സ്റ്റീവനേജ്, ലിസ്റ്റർ ഹോസ്പിറ്റൽ ബയോമെഡിക്കൽ എഞ്ചിനീയർ), അഷർ കൊച്ചു മകനുമാണ്.
സ്റ്റീവനേജിൽ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരൻ സാബു ഡാനിയേൽ, പീടികയിൽ നാട്ടിൽ പരേതനോടൊപ്പം ഉണ്ടായിരുന്നു. സംസ്ക്കാരം പിന്നീട് പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. യു കെ യിലുള്ള പരേതന്റെ മക്കൾ നാട്ടിലേക്ക് ഇന്നുതന്നെ തിരിക്കുന്നതാണ്.
യുക്മ നാഷണൽ കമ്മിറ്റിക്കുവേണ്ടി എബി സെബാസ്റ്റ്യൻ, സർഗ്ഗം സ്റ്റീവനേജിനുവേണ്ടി മനോജ് ജോൺ, ഐഒസിക്കുവേണ്ടി ജോണി കല്ലടാന്തിയിൽ, മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ മാത്യു തുടങ്ങിയവർ പരേതന് ആത്മശാന്തി നേരുകയും, സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ജേക്കബ് ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന ജോൺ തോപ്പിൽ വർഗീസിന്റെ മാതാവ് പരേതനായ റ്റി . വി ജോണിന്റെ ഭാര്യ എരുമേലി, കനകപ്പാലം തോപ്പിൽ ഏലിയാമ്മ ജോൺ (82) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് കനകപ്പാലം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടും. ജോൺ തോപ്പിൽ വർഗീസ് യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ മുൻ ഭാരവാഹിയും സജീവ അംഗവുമാണ്.
മക്കൾ: ജോൺ തോപ്പിൽ വർഗീസ് (യുകെ), ജോൺ തോപ്പിൽ ജോസഫ്.
മരുമക്കൾ: ബിന്ദു, മിനി.
ജോൺ തോപ്പിൽ വർഗീസിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെയിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന റെജി സേവ്യറിന്റെയും ലണ്ടനിൽ താമസിക്കുന്ന മനോജ് സേവ്യറിന്റെയും മാതാവായ അന്നമ്മ സേവ്യർ (81) നിര്യാതയായി. പുതുക്കരി വല്ലിശേരിൽ പരേതനായ മാത്യു സേവ്യർ (ശൗരിക്കുട്ടി)യുടെ ഭാര്യയാണ്. പരേത ചമ്പക്കുളം കടുക്കാത്ര കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുതുക്കരി സെന്റ് സേവ്യേഴ്സ് ദൈവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.
മക്കൾ: ഡോളി, ജോസ്മോൻ, റെജി, റിൻസി, മനോജ്. മരുമക്കൾ: മോൻസി ദേവസ്യ (ചീരംവേലിൽ, മുട്ടാർ), ജിജി (കപ്രായിൽ, വില്ലുന്നി, കോട്ടയം), ടൈനി റെജി (മലയിൽ, ആലപ്പുഴ), കുഞ്ഞ് (കളപ്പുര, വില്ലുന്നി, കോട്ടയം), മിനിമോൾ (പുളിമുട്ടിൽ, ചങ്ങനാശേരി). കൊച്ചുമക്കൾ: മനു, മിലു, കൃപ, ക്രിസ്റ്റിൻ, ക്രിസ്റ്റി, ആൽബിൻ, അനു, ജെറിൻ, ജെസ്ന, കാരുണ്യ സ്നേഹ, സാം, എയ്ഞ്ചൽ, ജുവാൻ, ഫൗസ്റ്റീന, നില.
റെജി സേവ്യറിന്റെയും മനോജ് സേവ്യറിന്റെയും മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങൾ യൂട്യൂബിലൂടെ ലഭ്യമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രാമധ്യേ ദാരുണാന്ത്യം. ബര്മിങ്ഹാമില് താമസിച്ചിരുന്ന കോട്ടയം പനച്ചിക്കാട് സ്വദേശി ടോമി പി.കെ. യാണ് അപ്രതീക്ഷിതമായി മരിച്ചത്. സഹോദരന്റെ മരണവിവരം അറിഞ്ഞതിനെ തുടര്ന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് ബോംബെയില് വെച്ച് മരണം സംഭവിച്ചതെന്നാണ് അറിയാൻ സാധിച്ചത്.
മുംബൈ വിമാനത്താവളത്തില് വെച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഉടന് തന്നെ നാനാവതി ആശുപത്രിയില് പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല് ആശുപത്രിയിലെത്തിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല. നിലവില് മൃതദേഹം ബോംബെ നാനാവതി ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയം പനച്ചിക്കാട് സ്വദേശിയായ ടോമി എന്ന ടോമിച്ചന് ഏറെക്കാലമായി മാഞ്ചസ്റ്ററില് താമസിച്ചിരുന്നുവെന്നും പിന്നീട് ബര്മിങ്ഹാമിലേക്ക് താമസം മാറ്റിയതാണെന്നും ബന്ധുക്കള് അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും യുകെയിൽ ആണ് ഉള്ളത് . കൂടുതല് വിവരങ്ങള് പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.
ടോമിച്ചൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മോങ്ടൺ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ന്യൂ ബ്രൺസ്വിക്കിലെ മോങ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായ വർക്കി (23) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണിൽ എത്തിയതായിരുന്നു യുവാവ്.
വർക്കി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക സൂചനകളാണ് ലഭ്യമായിട്ടുള്ളത്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
മാതാവ് ബിന്ദു തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. കണ്ണൂർ ജില്ലയിൽ ആലക്കോടിന് സമീപം തർത്തള്ളി സ്വദേശിയും കടിയൻകുന്നേൽ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലിൽ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടർന്നാണ് ഇന്ന് വിടവാങ്ങിയത്.
ഭാര്യ എൽസമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് കെവിൻ ബിജുവുമാണ് ഏകമകൻ. ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ, ന്യൂകാസിൽ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
യുകെയിലെത്തിയ ആദ്യകാലം മുതൽ തന്നെ സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും മടിയില്ലാതെ സഹായിക്കാൻ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സൗമ്യതയും സഹാനുഭൂതിയും നിറഞ്ഞ സമീപനത്തിലൂടെ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു.
ബിജു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിര്യാതനായ ജിജിമോൻ കെ. സ്റ്റീഫൻ (ജിജി) ൻ്റെ ശുശ്രൂഷകൾ , 2025 ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 8.00 ന് ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ബഴ്സ്ലം ഹാൾ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്സ് ആർ.സി. ചർച്ചിൽ (ST6 4BB) നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30 ന് സ്റ്റോക്ക് (ഹാർട്ട്ഷിൽ) സെമിത്തേരിയിൽ മൃതസംസ്കാരം നടത്തും.
മൃതസംസ്കാരം നടക്കുന്ന സ്ഥലത്തിൻ്റെ വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.
Stoke (Hartshill) Cemetery,
Queens Road, Hartshill, Stoke-on-Trent, ST4 7LH.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹൃത്തുക്കളും പരിചയക്കാരും സ്നേഹത്തോടെ ജിജിമോൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കരിപ്പടം കരോട്ടുമുണ്ടക്കൽ കുടുംബാംഗമായ ജിജിമോൻ കെ. സ്റ്റീഫൻ (ജിജി) നിര്യാതനായത്. ഭാര്യ: ജോസ്സി ജിജി
മക്കൾ: ജോയൽ, നെഹ
സഹോദരങ്ങൾ: അജിമോൾ ജോണി (ഭർത്താവ്: ജോണി തുരുത്തിയിൽ), ജിജോ ജോർജ് (ഭാര്യ: ഷൈനി ജിജോ, കിഴക്കനാംതടത്തിൽ).
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന യുകെ മലയാളി ജിജിമോൻ മരണമടഞ്ഞ വാർത്ത വേദനയോടെ റിപ്പോർട്ടുചെയ്യുന്നു. അടുപ്പമുള്ളവർ ജിജിമോൻ ചേട്ടൻ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പ്രാദേശിക മലയാളി സമൂഹത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായിരുന്നു.
പൊതുദർശനത്തിൻ്റെയും മൃതസംസ്കാരത്തിൻ്റെയും കുടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അറിയിക്കുന്നതായിരിക്കും.
ജിജിമോൻ ചേട്ടന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ എറണാകുളം മരട് സ്വദേശി മനോജ് മാത്യു അന്തരിച്ചു. 52 വയസ് ആയിരുന്നു പ്രായം. ബിൻസി മാത്യുവാണ് ഭാര്യ.
ലെസ്റ്റർ അസൻഷൻ മാർത്തോമാ പള്ളി ഇടവകാഗംങ്ങൾ ആണ് മനോജ് മാത്യവും കുടുബവും . ലെസ്റ്ററിലെ മലയാളി അസോസിയേഷൻ്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന മനോജ് മാത്യുവിൻ്റെ അകാല വിയോഗത്തിൻ്റെ ഞെട്ടലിലാണ് ലെസ്റ്ററിലെ മലയാളി സമൂഹം. പൊതുദർശനത്തിൻ്റെയും മൃതസംസ്കാരത്തിൻ്റയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മനോജ് മാത്യുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.