Obituary

കെന്റ് മലയാളി അസോസിയേഷന്‍ സീനിയര്‍ അംഗമായിരുന്ന ആര്‍. ഗോപിനാഥന്‍ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുനനന്തപുരം ജില്ലയിലെ മടവൂര്‍ സ്വദേശിയായ ഇദ്ദേഹം ഗില്ലിംങ്ഹാമില്‍ താമസം ആരംഭിച്ച ആദ്യ മലയാളി കുടുംബത്തിലെ അംഗമായിരുന്നു. കെന്റ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗോപിനാഥന്‍ പിള്ള.

നിലവില്‍ കെന്റ് മലയാളി അസോസിയേഷന്റെ ട്രഷററായ രാജന്‍ പിള്ളയുടെ പിതാവാണ് ഗോപിനാഥന്‍ പിള്ള. ഭാര്യ രുഗ്മിണി അമ്മ പിള്ള, രാജന്‍ പിള്ള, രാധാകൃഷ്ണന്‍ പിള്ള, സിന്ധു പിള്ള ഹില്‍ എന്നിവര്‍ മക്കളാണ്, ബിന്ദു പിള്ള, സംഗീത പിള്ള, മാത്യൂ ഹില്‍ എന്നിവര്‍ മരുമക്കളാണ്, ഗായത്രി പിള്ള ജാസ് മഹല്‍, ധന്യ പിള്ള, വിസ്മയ പിള്ള, വിനായക് പിള്ള, ലിയാം പിള്ള ഹില്‍, ശിവന്‍ പിള്ള ഹില്‍, മായ പിള്ള ഹില്‍ എന്നിവര്‍ മരുമക്കളാണ്.

ഗോപിനാഥന്‍ പിള്ളയുടെ നിര്യായണത്തില്‍ കെന്റ് മലയാളി അസോസിയേഷന്‍ അനുശോചനം അറിയിച്ചു. സംസ്‌ക്കാകര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

പിറവം മണീട് സ്വദേശിനിയും അദ്ധ്യാപകനായിരുന്ന മാത്യു ടി.എസിന്റെ ഭാര്യയുമായിരുന്ന അന്നമ്മ ടീച്ചർ (65) നിര്യാതയായി. സംസ്കാര ശിശ്രുഷകൾ നാളെ (17.04.2018 ) 1മണിയോടുകൂടി വീട്ടിൽ നിന്നും ആരംഭിച്ചു, അടക്കം മണീട് സെന്റ് കുറിയാക്കോസ്ദേവാലയ സിമിത്തേരിയിൽ . നിര്യാതയായ അന്നമ്മ ടീച്ചർ പിറവം തകിടിനാൽ കുടുംബാംഗമാണ്. മക്കൾ ജോമി മാത്യു, ജോഷി മാത്യു.

ന്യൂസ് ഡെസ്ക്.

എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.

ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ബിനോയി ജോസഫ്

ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വവുമായി പ്രസരിപ്പോടെ പാറി നടന്ന ആ മാലാഖ യാത്രയാവുകയാണ്.. സ്വർഗ്ഗീയാരാമത്തിലെ വിശിഷ്ട പുഷ്പമായി വിരാജിക്കുവാൻ.. നോട്ടിംങ്ങാമിലെ സമൂഹത്തെ തീരാ ദു:ഖത്തിലാഴ്ത്തി ഏപ്രിൽ അഞ്ചാം തിയതി വ്യാഴാഴ്ചയാണ് ആൽഫിൻ എലിസബത്ത് എബ്രാഹാം അകാലത്തിൽ വേർപിരിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നോട്ടിംങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൽട്ടന്റായ ഡോ.അബ്രാഹാം നെടുവംകുന്നേലിന്റെയും മേരിയുടെയും മകളാണ് ആൽഫിൻ. നോട്ടിംങ്ങാം ദി ബെക്കറ്റ് സ്കൂൾ സിക്ത്  ഫോം വിദ്യാർത്ഥിനിയായ ആൽഫിന് ഒരു സഹോദരനുണ്ട് ആഷ് ലി.

പഠന രംഗത്തും കലാ സാമൂഹ്യ രംഗങ്ങളിലും പ്രതിഭ തെളിയിച്ച ആൽഫിന്റെ വേർപാട് നോട്ടിംങ്ങാം സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി. തങ്ങളോട് കളി പറഞ്ഞും ചിരിച്ചുല്ലസിച്ചും നടന്ന പ്രിയപ്പെട്ടവളായ ആൽഫിന്റെ വേർപാട് അദ്ധ്യാപകർക്കും  കൂട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.   സംഗീതത്തെ ജീവനോളം സ്നേഹിച്ച ആൽഫിന് പിയാനോയും വയലിനും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്നും പങ്കെടുത്തിരുന്ന ആൽഫിൻ നോട്ടിംങ്ങാമിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയിലും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.

നോട്ടിംങ്ങാമിലെ സെന്റ് ബർണാബാസ് കത്തീഡ്രലിലെ അൾത്താര സർവീസിലെ ടീമംഗമായിരുന്ന ആൽഫിൻ എലിസബത്ത് എബ്രഹാം, കമ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. താൻ ശുശ്രൂഷ ചെയ്ത ബലിപീഠം സാക്ഷിയാക്കി  തന്റെ ഉറ്റവരോടും സ്നേഹിതരോടും ആൽഫിൻ യാത്ര പറയും. ഏപ്രിൽ 14 ശനിയാഴ്ച രണ്ടു മണിക്ക്  ആൽഫിന്റെ സംസ്കാര ശുശ്രൂഷകൾ സെന്റ് ബർണാബാസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം ബ്രാംകോട്ട് ക്രെമറ്റോറിയത്തിലേയ്ക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ പുഷ്പങ്ങൾ അർപ്പിക്കേണ്ടതില്ലെന്നും ചാരിറ്റബിൾ ഡൊണേഷനുകൾ AW Lymn ഫ്യൂണറൽ സർവീസിന് കൈമാറാവുന്നതാണെന്നും ആൽഫിന്റെ കുടുംബം അറിയിച്ചു. ആൽഫിന്റെ ഇഷ്ട നിറമായിരുന്ന റെഡ് തീമിലുള്ള വസ്ത്രങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ അണിയുന്നത് അഭികാമ്യമാണെന്നും കുടുംബം പറഞ്ഞു.

ആൽഫിൻ എലിസബത്ത് എബ്രാഹാമിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കുചേരുന്നു.

 

സംസ്കാര ശുശ്രൂഷ നടക്കുന്ന നോട്ടിങ്ങാം സെന്റ് ബർണാബാസ് കത്തീഡ്രലിന്റെ അഡ്രസ്

Cathedral Church of St. Barnabas, Derby Road, Nottingham, NG1 5AE

കഴിഞ്ഞ പതിന്നാലര വര്‍ഷമായി ഗ്ലാസ്‌ഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു റെജി പോളും കുടുംബവും. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ റെജിയ്ക്കും കുടുംബത്തിനും പിന്നിൽ  ബന്ധുക്കളും സുഹൃത്തുക്കളും ഒരു താങ്ങായി നിലകൊണ്ടിരുന്നു. എന്നാൽ   പ്രാര്‍ത്ഥനകളും ചികിത്സകളും എല്ലാം വിഫലമാക്കി ഇന്നലെ റെജി മരണത്തിനു കീഴടങ്ങിയതോടെ അവരുടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഗ്ലാസ്‌ഗോയിലെ റെജി പോള്‍ എന്ന മലയാളി നഴ്‌സ് 45ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയപ്പോള്‍, സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും അനുഭവപ്പെട്ട മനോവികാരം ഒന്നുതന്നെയായിരുന്നു…. വിധിയുടെ വിളയാട്ടം… അല്ലാതെന്തു പറയാൻ…

കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം ഗ്ലാസ്‌ഗൊ മലയാളികള്‍ക്കെല്ലാം സുപരിചിതയായിരുന്നു റെജിപോളും കുടുംബവും. മലയാളി അസ്സോസിയേഷന്റേത് അടക്കമുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യം. സ്‌നേഹിതര്‍ക്കാകട്ടെ ഈ കിഴക്കമ്പലത്തുകാരി എപ്പോഴും സ്‌നേഹവും സന്തോഷവും പകരുന്ന കൂട്ടുകാരിയും ആയിരുന്നു. ഒരു വര്‍ഷം മുൻപ്  മാത്രമാണ് റെജിപോളിനെ അര്‍ബുദം കാര്‍ന്നുതിന്നു തുടങ്ങിയ വിവരം പരിശോധനയിലൂടെ അറിയുന്നത്. അറിയാന്‍ വൈകിയതിനാല്‍ത്തന്നെ രോഗം വല്ലാതെ മൂര്‍ഛിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കും സ്‌നേഹിതര്‍ക്കുമൊപ്പം ജീവിച്ചു കൊതിതീരുംമുമ്പെ റെജിപോള്‍ എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയും കോതമംഗലം പ്ലാംകുഴി വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യയുമാണ് റെജിപോള്‍. മെഡിസിനു പഠിക്കുന്ന ഫേഹ പോളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ കെസിയ പോളുമാണ് മക്കള്‍. ഇപ്പോള്‍ സെന്റ് മാര്‍ഗരെറ്റ് ഹോസ്‌പൈസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഏറെ വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ജോലി ചെയ്തതിനു ശേഷമാണ് പോളും കുടുംബവും യുകെയില്‍ എത്തിയത്.

 

സ്വന്തം ലേഖകന്‍

ചെല്‍ട്ടന്‍ഹാം : ചെല്‍ട്ടന്‍ഹാമില്‍ താമസിക്കുന്ന ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങളായ ജിബി ജോസിന്റെയും , ജിനി ജോസിന്റെയും പിതാവ് പി എം മാത്യു ( തമ്പി ) നിര്യാതനായി . അദ്ദേഹത്തിന് 80 വയസായിരുന്നു. ഇരവിപേരൂര്‍ പീടികയില്‍ കുടുംബാംഗമാണ് പി എം മാത്യു. സംസ്കാരം നാളെ 4 മണിക്ക് സെൻറ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടക്കും.  പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി ജിബിയും , ജിനിയും കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . ജൂബി , ജൂലി , ജിബി , ജിനി എന്നിവര്‍ മക്കളാണ് . ജോസ് അലക്സ്‌‌ , മാത്യൂസ് ഇടുക്കുള , ഷാജി , ജെക്കുട്ടി എന്നിവര്‍ മരുമക്കളാണ്‌

പരേതന്റെ നിര്യാണത്തില്‍ ജി എം  എ എക്സിക്യുട്ടീവ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .  പി എം മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ദു:ഖം രേഖപ്പെടുത്തുന്നു.

സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അല്‍ അഹ്‌സയിലാണ് തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ഷോക്കേറ്റ് മരിച്ചത്. തമീമി കോണ്‍ട്രാക്ടിങ് കമ്പനിയിൽ ഇലക്‌ട്രീഷ്യനായ അന്‍വർ വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെ ജോലിക്കിടയിൽ ഷോക്കേൽക്കുകയായിരുന്നു.

മൃതദേഹം അല്‍ അഹ്‌സ ആശുപത്രിയിലാണുള്ളത്. 15 വര്‍ഷത്തോളമായി സൗദിയിലാണ് ജോലി. കൊടുങ്ങല്ലൂര്‍ ഏറിയാട് കറുകപ്പാടത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകനാണ് അന്‍വര്‍ ശമീം. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: തമന്ന, റന.

 

പ്രവാസലോകത്ത് തന്നെ ജീവിതാന്ത്യമായിരുന്നു പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൌസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ വിധി. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന സെയ്തലവി ആറര വർഷങ്ങൾക്കു മുമ്പ് മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു. കേസിൽ കോടതി സെയ്തലവിയ്ക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വേണ്ടുന്ന തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു.

അവിശ്വസനീയമാം വിധം വധശിക്ഷ വഴിമാറിയെങ്കിലും കുടുംബത്തെ കാണാനും നാടണയാനും സെയ്തലവിയ്ക്കു വിധിയുണ്ടായില്ല. ഇയ്യിടെയായി ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ – ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അവിടെ മരണപ്പെടുകയുമായിരുന്നു.

ജിദ്ദയിൽ രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെ എം സി സി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.

ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിയ്ക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ ഇവർക്ക് അറിവായിട്ടില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. അതേസമയം, മൊത്തം മൂന്നു വർഷം ശിക്ഷയാണെങ്കിൽ, ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിയ്ക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു; അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട്. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ മറ്റൊരു അലംഘനീയമായ വിധി സെയ്തലവിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.

വിഷ ഉറുമ്പ് കടിച്ചതിനെത്തുടർന്ന് റിയാദിൽ ചികിൽസയിലായിരുന്ന അടൂർ കരുവാറ്റ ‘ഫിലാഡൽഫി’യിൽ സൂസി ജെഫി (33) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. റിയാദിലെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം 19ന് ഉറുമ്പ് കടിച്ചതാണ്. തുടർന്ന് അവിടെ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ മരിച്ചതായാണ് വിവരം. തുമ്പമൺ സ്വദേശി ജെഫിയുടെ ഭാര്യയാണ്.

മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.

കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം.

ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

RECENT POSTS
Copyright © . All rights reserved