കവന്‍ട്രി: മാര്‍ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്‍സെറ്റിലെ പൂളില്‍ നിന്നും ഒന്‍പതുവയസുകാരന്‍ റെയ്‌സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്‌കോട്ട്ലന്റിലെ ഫല്‍കിര്‍ക്കില്‍ നിന്നും റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണത്തിനു കീഴടങ്ങി എന്ന ദുരന്ത വാര്‍ത്തയും യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. നീണ്ട പതിനൊന്നു മാസം രോഗത്തോട് പൊറുതിയായാണ് ഈ 48 കാരന്‍ ഭാര്യയെയും മൂന്നു മക്കളെയും തനിച്ചാക്കി യാത്ര ആയിരിക്കുന്നത്.
ഫല്‍കിര്‍ക്കില്‍ മരണമടഞ്ഞ എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ വീടിനു സമീപമുള്ള ഹോസ്പീസില്‍ സാന്ത്വന ചികിത്സയില്‍ ആയിരുന്നു. അവിടെ വച്ച് തന്നെയാണ് അന്ത്യം ഉണ്ടായതും. ഇദ്ദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ഏവര്‍ക്കും സഹായമായിരുന്ന സൗമ്യനായ റാന്നിക്കാരനാണ് ഇവിടുത്തെ മലയാളികള്‍ക്ക് എബ്രഹാം. നീണ്ട കാലത്തേ പരിചയമുള്ളവര്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ എന്തു പറയണം എന്നറിയാതെ വിഷമിക്കുകയാണ്. അവസാന നാളുകളില്‍ കുടുംബവുമായി ഏറെ സന്തോഷം പങ്കിട്ടാണ് അദ്ദേഹം യാത്ര ആയിരിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.
പ്രിയതമന്റെ വിയോഗ വാര്‍ത്ത സൃഷ്ടിച്ച ഞടുക്കവും വേദനയും സുഹൃത്തുക്കളുമായി പങ്കിട്ടാണ് പത്നി ജിനി എബ്രഹാം ആശ്വാസം പങ്കിടുന്നത്. ഇനി പ്രതീക്ഷ വേണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് മാനസികമായി മരണത്തെ നേരിടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ജിനിയെന്നു അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. വേദ പുസ്തകത്തിലെ മനോധൈര്യം നല്‍കുന്ന വാക്കുകള്‍ പങ്കിട്ടു ജീവിതത്തില്‍ ഒറ്റയാകുന്നതിന്റെ വേദന കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന ജിനി ഭര്‍ത്താവിന്റെ മരണം പങ്കു വയ്ക്കുന്നതും ധീരത കൈവിടാതെയാണ്. വേദന കടിച്ചമര്‍ത്തി നീങ്ങിയ നാളുകള്‍ക്കു ശേഷം മക്കള്‍ക്ക് മുന്നില്‍ ധൈര്യം സംഭരിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ഈ വീട്ടമ്മ നടത്തുന്നത്. മരണ വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് ഇവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നത്. ഫോര്‍ത്ത് വലി റോയല്‍ ഹോസ്പിറ്റലിലെ നഴ്സാണ് ജിനി എബ്രഹാം.
കുട്ടികള്‍ മൂവരും കളിപ്രായം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ വേദനകള്‍ ഒന്നും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അവസാന സമയങ്ങളില്‍ പെരുമാറിയിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഭര്‍ത്താവിന്റെ മനസിന് ആശ്വാസം നല്‍കാന്‍ കുട്ടികളും ഒത്തു സാധിക്കും വിധം ഉല്ലാസ യാത്രകളും മറ്റും നടത്തി ജിനിയും എബ്രഹാമിന് ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നിരുന്നു. ജീവിതത്തിന്റെ നിറമുള്ള ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ പുഞ്ചിരി മായാതെ നിര്‍ത്തുവാനുള്ള ശ്രമത്തിലായിരുന്നു ഈ കുടുംബമെന്നു അവരുടെ ചിത്രങ്ങള്‍ തന്നെ പറയുന്നു.
ജീവിതത്തില്‍ സന്തോഷവും സങ്കടവും സമപ്പെടുത്തി എല്ലാം ദൈവം തന്നെ സമ്മാനിക്കുമ്പോള്‍ അതില്‍ പതറാതെ നില്‍ക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത് എന്ന വേദ വചനം മുഖപുസ്തകത്തില്‍ കവര്‍ ചിത്രമാക്കിയിരിക്കുന്ന ജിനി താന്‍ ജീവിതത്തെ അതിന്റെ പ്രതിസന്ധികളില്‍ ഏതു വിധമാണ് നേരിടുകയെന്നും വ്യക്തമാണ്. അസാധാരണ ധീരത മുഖത്തു പ്രകടിപ്പിക്കുന്ന, ഫല്‍കിര്‍ക്കിലെ മലയാളി വനിതകളുടെ പ്രിയ ജിനി ചേച്ചിക്ക് കൂടുതല്‍ മനോധൈര്യം ധൈര്യം നല്‍കാന്‍ പ്രദേശത്തെ മലയാളികളും തദ്ദേശവാസികളായ വനിതകളും കൂടെയുണ്ട്.
Leave a Reply