Obituary

പ്രസ്റ്റണ്‍. തൊടുപുഴ സ്വദേശിനിയായ ജയ നോബി മരണത്തിന് കീഴടങ്ങി. പ്രെസ്റ്റണില്‍ താമസിക്കുന്ന ജയ നോബി (47) അല്പ സമയം മുന്‍പ് പ്രെസ്റ്റണില്‍ വച്ച് നിര്യതയായത് . മൂന്നു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതതായി ചികിത്സയില്‍ ആയിരുന്നു . റോയല്‍ പ്രെസ്റ്റന്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യയാണ് ജയ . ജി സി എസ് ഇ വിദ്യാര്‍ഥിനി ആയ നിമിഷ , അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ് . ഈരാറ്റുപേട്ട ക്കടുത്തുള്ള കളത്തിക്കടവ് സ്വദേശിനിയാണ് . മൂന്നു വര്‍ഷമായി ക്യാന്‍സര്‍ ബാധിത ആയി ചികിത്സയില്‍ ആയിരുന്നു എങ്കിലും ആറുമാസം മുന്‍പ് വരെ രോഗം ഭേദമായി വന്ന സ്ഥിതിയില്‍ ആയിരുന്നു . അതിനു ശേഷം കാതറിന്‍ ഹോസ്‌പൈസില്‍ പരിചരണത്തില്‍ ആയി ഇരുന്നു . ജയയുടെ സഹോദരി സുവര്‍ണയും പ്രെസ്റ്റണില്‍ തന്നെ ആണ് താമസിക്കുന്നത് , മരണ സമയത്തു കൂടെ ഉണ്ടായിരുന്നു , റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥന്‍ ആണ് നോബി..മരണ വിവരം അറിഞ്ഞു പ്രെസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ കാതറിന്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട് . ഉച്ചക്ക് പ്രെസ്റ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഫാ.ബാബു പുത്തന്‍പുര എത്തി വിശുദ്ധ കുര്‍ബാന നല്‍കിയിരുന്നു.

നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലിന് പാലക്കാട് കൂറ്റനാട് പെരിങ്ങോട്ടെ കണ്ണത്ത് വസതിയിലായിരുന്നു അന്ത്യം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി തുടങ്ങി പിന്നീട് മാനേജറും നടനുമൊക്കെയായി സിനിമാ മേഖലയിൽ സജീവമായിരുന്നു വിജയൻ.

ദേവാസുരം, ഒപ്പം തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഐവി ശശിയും ബാലചന്ദ്രമേനോനും ഉൾപ്പെടെയുള്ളവരോടൊന്നിച്ച് നിരവധി സിനിമകളുടെ നിർമ്മാണത്തിലും കഴിവ് തെളിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

യുകെയില്‍ ഉള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാവ് ഇവിടെ വച്ച് നിര്യാതയായി. ഹേസ്റ്റിംഗ്സില്‍ താമസിക്കുന്ന സോണി സേവ്യറിന്‍റെ മാതാവ് വത്സമ്മ സേവ്യര്‍ ആണ് യുകെയില്‍ വച്ച് മരണമടഞ്ഞത്. ലിയാണോര്‍ഡ്സ് ഓണ്‍ സീയിലെ  കോണ്‍ക്വസ്റ്റ്  ഹോസ്പിറ്റലില്‍  വച്ചായിരുന്നു വത്സമ്മ സേവ്യര്‍ മരണമടഞ്ഞത്.

മകനും കുടുംബത്തിനും ഒപ്പം കുറച്ച് നാള്‍ ചെലവഴിക്കാന്‍ എത്തിയതായിരുന്നു വത്സമ്മ. ഏപ്രില്‍ 28ന് യുകെയിലെത്തിയ വത്സമ്മയ്ക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മേയ് 6 ന് ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും ഉണ്ടായിരുന്നു.

എന്നാല്‍ രോഗനില വഷളാവുകയും അണുബാധ കിഡ്നിയെ ബാധിക്കുകയും ചെയ്തതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ന്യൂമോണിയ ബാധ കൂടിയതിനാലും ആരോഗ്യനില മോശമായതിനാലും ഡയാലിസിസ് ചെയ്യാവുന്ന സ്ഥിതിയില്‍ ആയിരുന്നുമില്ല.

സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് (90) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍മഠം വസതിയില്‍ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ശബരിമല തന്ത്രിയായി സേവനമനുഷ്ഠിച്ച കണരര് മഹേശ്വരര് നിരവധി മറ്റു ക്ഷേത്രങ്ങളിലും തന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

1928 ജൂലായ് 28നായിരുന്നു ജനനം. കേരളത്തിനകത്തും പുറത്തുമായി 500 ഓളം ക്ഷേത്രങ്ങളിലായി പ്രതിഷ്ഠ നടത്തിയിട്ടുള്ള കണ്ഠരര് മഹേശ്വരര്‍ക്ക് 700 ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. ശബരിമലയിലെ താന്ത്രിക ചുമതല പരമ്പരാഗതമായി താഴമണ്‍ കുടുംബത്തിനാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ചുകാലമായി കൊച്ചുമകന്‍ കണ്ഠരര് മഹേഷ് മോഹനര് ആണ് ശബരിമലയില്‍ തന്ത്രിക ചുമതല നിര്‍വഹിക്കുന്നത്.

ശബരിമല തന്ത്രിയായിരുന്ന മകന്‍ കണ്ഠരര് മോഹനര് മകനാണ്. മുന്‍ തന്ത്രി കണ്ഠരര് രാജീവരര് സഹോദര പുത്രനും രാഹുല്‍ ഈശ്വര്‍ മകളുടെ മകനുമാണ്.

 

കൊച്ചി: പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക), വിശ്വനാഥൻ(അയർലണ്ട്)  എന്നിവർ മക്കളാണ്. മരുമകൻ: ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).

സഹോദരങ്ങൾ: ശ്രീദേവി രാജൻ (നൃത്തക്ഷേത്ര,എറണാകുളം), കലാ വിജയൻ(കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാർ, ശ്രീകുമാർ, ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം. നാടകാഭിനയത്തിൽ തുടങ്ങി  സീരിയൽ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

ടു കൺട്രീസ് , റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരന്‍ ശ്രീ ഫീലിപ്പോസ് ആലഞ്ചേരി(അപ്പച്ചന്‍) 88 വയസ് ചങ്ങനാശ്ശേരി തുരുത്തിയില്‍ നിര്യാതനായി. ഷെഫീല്‍ഡിലുള്ള മേരിക്കുട്ടിയുടെ പിതാവ് ശ്രീ ഫിലിപ്പോസ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്.

വ്യാഴാഴ്ച (10/5/2018) ഉച്ച തിരിഞ്ഞു 2.30നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര കര്‍മ്മം നടത്തുന്നതാണ്. അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്ത്യോപചാര ശുശ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം നിര്‍വ്വഹിക്കുന്നതാണ്.

പരേതയായ ഇടയാടി കുടുംബാഗം അന്നമ്മ ഇത്തിത്താനം ഭാര്യ. മക്കള്‍: ഫിലിപ്പ് (എറണാകുളം), മേരിക്കുട്ടി (ഷെഫീല്‍ഡ്, യു കെ), തെരേസ് (അദ്ധ്യാപിക സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, കുറുന്പനാടം), ജയിംസ്(ദുബായ്), ജോസ് .

മരുമക്കള്‍: പുഷ്പമ്മ മനയത്തുശേരി (മാമ്മൂട്), സിബിച്ചന്‍ കണ്ണമ്പള്ളി (ചീരഞ്ചിറ), ബിജി കല്ലൂക്കളം (മാമ്മൂട്), സിനി കുളത്തൂപ്പുരയിടം (വെള്ളയാംകുടി, കട്ടപ്പന), ശാലിനി വടകരപുത്തന്‍പറന്പ് (കിടങ്ങറ).

സഹോദരങ്ങള്‍: മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി), പരേതനായ അഗസ്റ്റിന്‍, റവ.ഡോ.ജോസ് ആലഞ്ചേരി(വികാരി, യൂദാപുരം സെന്റ് ജൂഡ് പള്ളി), ഫാ.ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിബി (ബംഗ്ലാദേശ്), സിസ്റ്റര്‍ ചെറുപുഷ്പം ആലഞ്ചേരി എസ്എബിഎസ്(കൂത്രപ്പള്ളി റീത്താഭവന്‍), തോമസ് ആലഞ്ചേരി (യുഎസ്എ), ഏലിയാമ്മ ജേക്കബ് പാമ്പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ സ്‌കറിയ തെക്കത്ത് (തൃക്കൊടിത്താനം).

യുവകവി ജിനേഷ് മടപ്പള്ളി(35)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് ജിനേഷ് ഈ ലോകത്തോട് വിടപറയുന്നത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെ കോണിപ്പടിക്ക് മുകളിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജിനേഷിന്റെ അമ്മ രണ്ടാഴ്‌ച്ച മുൻപാണ് നിര്യാതയായത്. അമ്മ നഷ്ടപ്പെട്ട വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നതായി അടുപ്പമുള്ളവര്‍ പറയുന്നു. അരക്ഷിത യൗവനത്തെയും സമൂഹത്തിലെ അമര്‍ത്തിയ നിലവിളികളേയും തന്റെ കവിതകളിലേക്ക് തീക്ഷ്ണമായി ആവാഹിച്ച കവിയായിരുന്നു ജിനേഷ്. പല വിഷയങ്ങളിലും ആത്മഹത്യയെന്ന വിഷയം ഒരു മര്‍മ്മംപോലെ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു.

വിഷാദത്തെ പ്രണയിച്ച കവിയെന്ന നിലയില്‍ ആസ്വാദകര്‍ക്കിടയില്‍ ഇടംപിടിച്ച ജിനേഷ് ഒടുവില്‍ എല്ലാവരോടും വിടപറയാന്‍ ആത്മഹത്യയില്‍ തന്നെ അഭയംപ്രാപിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, ടി ഐ എം ട്രെയിനിങ് കോളേജ് നാദാപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍, കച്ചിത്തുരുമ്ബ് തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. മുറുവശ്ശേരി പുരസ്‌കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കവിതകള്‍ പലതും ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്നാഥ് അന്തരിച്ചു. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരുമാസം തികയുംമുമ്പാണ് അന്ത്യം. എണ്‍പത് വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകള്‍ എഴുതിയിട്ടുണ്ട്. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും.

ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പുഷ്‌പനാഥിന്റെ സ്‌കൂൾ വിദ്യാഭ്യാസം.

പിന്നീട് കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1972-ൽ ചരിത്രത്തിൽ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കോട്ടയം ജില്ലയിൽ അധ്യാപകനായിരുന്ന പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയിൽനിന്ന് സ്വയം വിരമിച്ചശേഷം പൂർണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂർ പ്രൈവറ്റ് സ്‌കൂൾ, ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്, ആർപ്പൂക്കര ഗവൺമെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കൃതികൾ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികൾക്ക് ചലച്ചിത്ര ഭാഷ്യമുണ്ടായി. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.

കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ.

മലയാളത്തില്‍ ഒരു തലമുറയെ തന്‍റെ പ്രത്യേകതകള്‍ നിറഞ്ഞ എഴുത്തുശൈലിയിലൂടെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുകയായിരുന്നു പുഷ്പനാഥ്. കോട്ടയം എം.ടി.സെമിനാരി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അമ്മയായിരുന്നു വായനയുടെ ലോകത്തേയ്‌ക്ക് കൊണ്ടുവന്നത്. കുട്ടിക്കാലത്തേ നോവലുകളും ആഴ്‌ചപ്പതിപ്പുകളുമൊക്കെ വായിച്ചുവളര്‍ന്നു. രാത്രി വൈകും വരെ അമ്മ അടുത്തിരുന്നു വായിപ്പിക്കും. ഒരു ഓണക്കാലത്ത് അമ്മ മരിച്ചുപോയി. അതോടെ ഏകാന്തതയായി. പുസ്‌തകങ്ങളെ കൂട്ടു തന്നിട്ടാണ് അമ്മ പോയതെന്ന് പുഷ്പനാഥ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അപ്പോ പിന്നെ ആ ചങ്ങാത്തം തുടർന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞുപോയതോടെ ശരിക്കും ഒറ്റപ്പെട്ടു. പട്ടിണിയൊന്നുമില്ല. ചിലപ്പോൾ കൂട്ടുകാർ അല്ലെങ്കിൽ ആയൽ വീട്ടുകാർ ഭക്ഷണം തരും.

അപ്പോഴും എഴുത്തുകാരനാവണമെന്നൊന്നും തോന്നിയില്ല. ഉടൻ ജോലി വേണം. അങ്ങനെ ടിടിസി കഴിഞ്ഞിറങ്ങി പത്തൊമ്പതാമത്തെ വയസ്സിൽ മലപ്പുറം മഞ്ചേരിയിൽ ഒരു സ്‌കൂളിൽ താൽക്കാലിക ജോലി കിട്ടി. പിന്നെ സർക്കാർസ്‌കൂളിൽ സ്‌ഥിരം ജോലി. ദേവികുളത്ത്, പി്‌ന്നെ ഒരു പാടു സ്‌കൂളുകളിൽ മാഷായി. ഒടുവിൽ കാരാപ്പുഴ സർക്കാർ സ്‌കൂളിൽ വച്ച് റിട്ടയർചെയ്‌തു. ജ്യോഗ്രഫിയും സോഷ്യൽ സറ്റഡീസുമായിരുന്നു വിഷയങ്ങൾ.

അപസർപ്പക കഥയുടെ ആമുഖം പോലെ ഒരു നിമിഷം നിശബ്‌ദം. അധ്യാപകനായി കഴിഞ്ഞിട്ടും കുട്ടിക്കാലത്ത് മനസ്സിൽ കയറിയ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയില്ല. ഫൗണ്ട് ഓഫ് ദ ബാസ്‌കർ വിൽസിലെ ചെന്നായ മനസ്സിൽ ഓരിയിട്ടു. ഒടുവിൽ പുഷ്‌പനാഥ് എന്ന ഡിറ്റക്‌ടീവ് നോവലിസ്‌റ്റിന്‍റെ പേനയിൽ അപസർപ്പക നോവലിന്റെ ചുവന്ന മഷി നിറഞ്ഞു. ആദ്യ നോവൽ പിറന്നു- ചുവന്ന മനുഷ്യൻ.. പഠിപ്പിക്കുന്നത് സോഷ്യൽസ്‌റ്റഡീസ് ആയതുകൊണ്ട് വിദേശരാജ്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്നു. ഇതുവരെ ഒരു വിദേശരാജ്യത്തുപോലും പോയിട്ടില്ലെങ്കിലും കഥാപാത്രങ്ങളെ വിമാനം കയറ്റി ലണ്ടനിലേക്കും കാർപാത്യൻ മലനിരകളിലേക്കുമൊക്കെ അയക്കുവാൻ ഒരു വിഷമവും ഉണ്ടായില്ല.

മകനും വൈൽഡ്‌ ലൈഫ് ഫൊട്ടോഗ്രഫറും എഴുത്തുകാരനുമായ കോട്ടയം സലിം പുഷ്പനാഥ് കുഴഞ്ഞുവീണായിരുന്നു മരിച്ചത്. കുമളിക്കു സമീപം സലിമിന്റെ റിസോർട്ടായ ആനവിലാസം ലക്‌ഷ്വറി പ്ലാന്റേഷൻ ഹൗസിൽ ആയിരുന്നു സംഭവം.

കാലടി: കാലടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടിക്കടുത്ത് കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ആറാട്ടുകടവിൽ ശ്രീമൂലനഗരം സ്വദേശികളായ മണിയന്തറ സലാം മകൻ റിസ്വാൻ (23), കാനാപ്പിള്ളി പീറ്റർ – ജിഷ ദമ്പതികളുടെ മകൻ ഐബിൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് (ഏപ്രിൽ 28 ശനി) വൈകീട്ട് 3.45നാണ് അപകടം ഉണ്ടായത്. ഐരാപുരം ശങ്കര കോളജ് വിദ്യാര്‍ഥിയാണ് മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെയും മാതാവിന്‍റെയും സഹോദരങ്ങള്‍ യുകെയിലാണ് താമസം. അത് കൊണ്ട് തന്നെ ഈ ദുരന്തം യുകെ മലയാളികളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സോഫി  നൈജോയുടെ സഹോദരി പുത്രനാണ് അപകടത്തിൽ മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെ അനുജന്‍ ഫെലിക്സ് ആന്റണി സ്വാന്‍സിയിലെ മോറിസ്ടനില്‍ ആണ് താമസം. ദുരന്ത വാര്‍ത്തയറിഞ്ഞ ഫെലിക്സ് നാളെ നാട്ടിലേക്ക് തിരിക്കും.

സുഹൃത്തുക്കളുമൊത്ത് ഇരുവരും ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ശ്രീമൂലം മൂലേപ്പടവില്‍ രാമചന്ദ്രന്റെ മകന്‍ മൃദുല്‍ (23) നെ നാട്ടുകാര്‍ രക്ഷിച്ചു. ഇരുവരുടെയും മൃതദേഹം കാഞ്ഞൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി പുത്രന് പറ്റിയ അപകട വർത്തയറിഞ്ഞ സോഫിയും കുടുംബവും നാട്ടിലേക്ക് നാളെയാണ് പുറപ്പെടുക. പോലീസിന്റെ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം ശവസംസ്ക്കാരം നടക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

കെന്റില്‍ കഴിഞ്ഞ 15ന് അന്തരിച്ച ആര്‍. ഗോപിനാഥപിള്ളയുടെ സംസ്‌കാരം ഏപ്രില്‍ 30ന് നടക്കും. ഉച്ചക്ക് 12.45ന് മെഡ്വേ ക്രിമറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍.

വിലാസം,
Medway Crematorium, Robin Hood Lane, Blue Bell Hill, Chatham, Kent, ME5 9QU.

സംസ്‌കാരത്തിന് മുമ്പ് ഭൗതികദേഹം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോര്‍ഡ്‌സ് വര്‍ത്ത് സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബില്‍ രാവിലെ 10 മണി മുതല്‍ 11 വരെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിലാസം
Lordswood Sports and Social Club, North Dane Way, Lordswood, Chatham, Kent, ME5 8YE. From 10:00 am to 11:00

തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ സ്വദേശിയായ ഗോപിനാഥപിള്ള ഗില്ലിംങ്ഹാമില്‍ താമസം ആരംഭിച്ച ആദ്യ മലയാളി കുടുംബത്തിലെ അംഗമായിരുന്നു. കെന്റ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗോപിനാഥന്‍ പിള്ള.

നിലവില്‍ കെന്റ് മലയാളി അസോസിയേഷന്റെ ട്രഷററായ രാജന്‍ പിള്ളയുടെ പിതാവാണ് ഗോപിനാഥന്‍ പിള്ള. ഭാര്യ രുഗ്മിണി അമ്മ പിള്ള, രാജന്‍ പിള്ള, രാധാകൃഷ്ണന്‍ പിള്ള, സിന്ധു പിള്ള ഹില്‍ എന്നിവര്‍ മക്കളാണ്, ബിന്ദു പിള്ള, സംഗീത പിള്ള, മാത്യൂ ഹില്‍ എന്നിവര്‍ മരുമക്കളാണ്, ഗായത്രി പിള്ള ജാസ് മഹല്‍, ധന്യ പിള്ള, വിസ്മയ പിള്ള, വിനായക് പിള്ള, ലിയാം പിള്ള ഹില്‍, ശിവന്‍ പിള്ള ഹില്‍, മായ പിള്ള ഹില്‍ എന്നിവര്‍ മരുമക്കളാണ്.

 

Copyright © . All rights reserved