ബേണ്: യുഎൻ മുൻ സെക്രട്ടറി ജനറലും നോബൽ ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു കോഫി അന്നാൻ. 1997 ജനുവരി മുതൽ 2006 ഡിസംബർ വരെയാണ് കോഫി അന്നാൻ സേവനമനുഷ്ഠിച്ചത്.
ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാൻ. 2001ലാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനായത്.
ന്യൂസ് ഡെസ്ക്
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം 19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇനി യമുനാതീരത്തെ സ്മൃതിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളും. വാജ്പേയിയുടെ ദത്തുപുത്രി നമിത ഭട്ടാചാര്യ അന്ത്യകർമങ്ങൾ ചെയ്തു. മരണത്തിലും, ആൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യുക എന്ന പരമ്പരാഗത രീതിക്കെതിരെ ശക്തമായ സന്ദേശമാണ് വാജ്പേയി നൽകിയത്.

പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിൽ പരമോന്നത ബഹുമതികളോടെയാണ് അന്ത്യകർമങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാവ് എൽ.കെ അദ്വാനി, വിദേശപ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ബി.ജെ.പി ആസ്ഥാനത്ത് നിന്ന് സ്മൃതിസ്ഥലിലേക്ക് നടന്ന വിലാപയാത്രയിൽ പങ്കെടുത്തു.

ബി.ജെ.പി ആസ്ഥാനത്ത് രാവിലെ മുതൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരക്കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പൊതുദർശനത്തിനുശേഷം വാജ്പേയിയുടെ മൃതദേഹം സംസ്കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു. വിലാപയാത്ര കടന്നുപോകുന്ന വീഥിയിൽ അർധസൈനിക വിഭാഗത്തെയും പൊലീസിനെയും വലിയതോതിൽ നിയോഗിച്ചിരുന്നു. വാജ്പേയിയോടുള്ള ആഗരസൂചകമായി യു.കെ ഹൈ കമ്മീഷൻ ആസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തി കെട്ടി.
മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 94 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിഉൾപ്പെടെയുള്ള ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതകാ ബാനർജി, ബി.ജെ.പി മുതിർന്ന നേതാവ് എൽ.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, രാധാമോഹൻസിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, സുരേഷ് പ്രഭു, ബി.ജെ.പി എം.പി മീനാക്ഷി ലേഖി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയില് സന്ദർശിച്ചിരുന്നു.
ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്പേയിയുടെ ഭരണകാലത്തായിരുന്നു.
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.
1966നും 1974നും ഇടയിിൽ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചു. ഇടംകൈയൻ ബാറ്റ്സ്മാനായ അദ്ദേഹം ക്രീസിലെ അക്രമണകാരിയായാണ് അറിയപ്പെടുന്നത്.
ഇന്ത്യൻ വേരുകളുള്ള വിഖ്യാത സാഹിത്യകാരനും നൊബേൽ പുരസ്കാര ജേതാവുമായ വി.എസ്.നയ്പാൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണ് നയ്പാളിന് സാഹിത്യ നോബേൽ ലഭിച്ചത്.
1932ൽ ട്രിനിടാഡിൽ ജനിച്ച നയ്പാൾ, മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’, ‘എ ബെൻഡ് ഇൻ ദ റിവർ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മനുഷ്യ സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും ദുരിതങ്ങളുടെയും തീവ്രത നിറഞ്ഞ എഴുത്തുകളായിരുന്നു നയ്പാളിന്റേത്. 1950ൽ ഒരു സ്കോളർഷിപ് ലഭിച്ചതോടെ ബ്രിട്ടനിലേക്ക് കുടിയേറിയ നയ്പാൾ, അവിടെവച്ചാണ് കൃതികളിലേറെയും രചിച്ചത്.
ബജാജ് ഇലക് ട്രിക്കൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.
ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിന്റെ ഏകമകനാണ്.
ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം 1999ലാണ് ആനന്ദ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജോയിന്റ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ആറ് വർഷം ആ തസ്തികയിൽ തുടർന്നു. ഈ വർഷം ജൂണിലാണ് അദ്ദേഹത്തെ മാനേജിങ് ഡയറക്ടറായി പ്രൊമോട്ട് ചെയ്തത്. പൂജയാണ് ഭാര്യ, വൻരാജ് ഏക മകനാണ്.
ഹൂസ്റ്റണ്: അമേരിക്കയിലെ ഹൂസ്റ്റണിൽ ബോട്ട് യാത്രക്കിടയിൽ കടലിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫി(39)ന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്.
മലയാളികളായ മറ്റു മൂന്നു കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു.
വിവാഹിതനായ ശേഷം നാല് ദിവസം മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ നവവരൻ അൽഐനിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ അൽഐൻ അബുദാബി റോഡ് മഖാമയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. ഡ്രൈവറായ മുഹമ്മദ് അലി കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി. ഏറെനേരം കഴിഞ്ഞിട്ടും അലി പുറത്ത് വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. താമസിക്കുന്ന മുറിക്ക് പുറത്ത് ഇലക്ട്രിക്കല് ജോലി നടന്നിരുന്നു. ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. ഒരു മാസം തികയുന്നതിന് മുൻപേ 29ന് അൽഐനിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു.
നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുൻപാണ് യുഎഇയിലെത്തിയത്. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കൂടെ ജോലി ചെയ്യുന്ന അഷ്റഫ് ചങ്ങരംകുളം പറഞ്ഞു
മലയാള ഗസല്ഗാന ശാഖയിലെ അതുല്യപ്രതിഭ ഉമ്പായി അന്തരിച്ചു. കരളിലെ കാന്സര് രോഗത്തെത്തുടര്ന്ന് നാലുമാസമായി ചികില്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര് സെന്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് നാലേമുക്കാലോടെയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഗസല്ഗാന ശാഖയില് മൗലികതയിലൂന്നി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു പി.അബു ഇബ്രാഹിം എന്ന ഉമ്പായി. നോവല് എന്ന സിനിമയ്ക്ക് എം.ജയചന്ദ്രനുമായിച്ചേര്ന്ന് സംഗീതം നല്കിയിട്ടുണ്ട്. ഒഎന്വി കുറുപ്പ് എഴുതിയ ഗാനങ്ങള്ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്കിയ ആല്ബം ‘പാടുക സൈഗാള് പാടുക’ ഏറെ ശ്രദ്ധ നേടിയിരുന്നു. കവി സച്ചിദാനന്ദനുമായിച്ചേര്ന്ന് അദ്ദേഹം ആല്ബം ഒരുക്കി. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. ഗസല്ലോകത്ത് ഒട്ടേറെ ആസ്വാദകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃതദേഹം മട്ടാഞ്ചേരിക്ക് സമീപം കൂവപ്പാടത്ത് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ഫോര്ട്ട്കൊച്ചി കല്വത്തി ജുമാ മസ്ജിദില്
മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില് ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില് ജനകീയമാക്കിയ പ്രതിഭാധനന്. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്ന്ന കയ്പനുഭവങ്ങള് ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.
പേര് ഇബ്രാഹിം. ജീവിതത്തിന്റെ കയ്പുനിറഞ്ഞ വഴികളില് പല വേഷങ്ങള്. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.
അനുഭവങ്ങളുടെ കടല് താണ്ടി പിന്നെ പിറന്ന കൊച്ചിയില്. മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്. പാട്ടിലും ആ നന്മയും ഊഷ്മളതയും സദാ കെടാതെ നിന്നു.
ഓഎന്വിക്കവിതകളെ ഗസലുകളുമായി ചേര്ത്തുകെട്ടി അന്നോളം കേള്ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.
എണ്ണമറ്റ ആല്ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന് പുഷ്കലമാക്കി. പാട്ടിന്റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര് വിളിച്ച സ്നേഹധനനായ മനുഷ്യന് നടന്നെത്തി.
ഗസലിന്റെ സുല്ത്താനെന്ന വിളിപ്പേരില് ഇനിയുമൊരുപാട് കാലം ആ പാട്ടുകള് മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല് ഹൃദ്യമായ ശബ്ദത്തോടെ പാടാന്, അത്രമേല് നിഷ്കളങ്കതയോടെ പാട്ടിനുമുന്പിലിരുന്ന് ചിരിക്കാന് ഇനി ഉമ്പായിക്കയില്ല.