കഴിഞ്ഞ പതിന്നാലര വര്‍ഷമായി ഗ്ലാസ്‌ഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു റെജി പോളും കുടുംബവും. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ റെജിയ്ക്കും കുടുംബത്തിനും പിന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒരു താങ്ങായി നിലകൊണ്ടിരുന്നു. എന്നാൽ പ്രാര്‍ത്ഥനകളും ചികിത്സകളും എല്ലാം വിഫലമാക്കി ഇന്നലെ റെജി മരണത്തിനു കീഴടങ്ങിയതോടെ അവരുടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഗ്ലാസ്‌ഗോയിലെ റെജി പോള്‍ എന്ന മലയാളി നഴ്‌സ് 45ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയപ്പോള്‍, സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും അനുഭവപ്പെട്ട മനോവികാരം ഒന്നുതന്നെയായിരുന്നു…. വിധിയുടെ വിളയാട്ടം… അല്ലാതെന്തു പറയാൻ…
കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം ഗ്ലാസ്‌ഗൊ മലയാളികള്‍ക്കെല്ലാം സുപരിചിതയായിരുന്നു റെജിപോളും കുടുംബവും. മലയാളി അസ്സോസിയേഷന്റേത് അടക്കമുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യം. സ്‌നേഹിതര്‍ക്കാകട്ടെ ഈ കിഴക്കമ്പലത്തുകാരി എപ്പോഴും സ്‌നേഹവും സന്തോഷവും പകരുന്ന കൂട്ടുകാരിയും ആയിരുന്നു. ഒരു വര്‍ഷം മുൻപ് മാത്രമാണ് റെജിപോളിനെ അര്‍ബുദം കാര്‍ന്നുതിന്നു തുടങ്ങിയ വിവരം പരിശോധനയിലൂടെ അറിയുന്നത്. അറിയാന്‍ വൈകിയതിനാല്‍ത്തന്നെ രോഗം വല്ലാതെ മൂര്‍ഛിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കും സ്‌നേഹിതര്‍ക്കുമൊപ്പം ജീവിച്ചു കൊതിതീരുംമുമ്പെ റെജിപോള്‍ എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയും കോതമംഗലം പ്ലാംകുഴി വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യയുമാണ് റെജിപോള്‍. മെഡിസിനു പഠിക്കുന്ന ഫേഹ പോളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ കെസിയ പോളുമാണ് മക്കള്‍. ഇപ്പോള്‍ സെന്റ് മാര്‍ഗരെറ്റ് ഹോസ്‌പൈസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഏറെ വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ജോലി ചെയ്തതിനു ശേഷമാണ് പോളും കുടുംബവും യുകെയില്‍ എത്തിയത്.
സ്വന്തം ലേഖകന്‍
ചെല്‍ട്ടന്‍ഹാം : ചെല്‍ട്ടന്‍ഹാമില്‍ താമസിക്കുന്ന ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങളായ ജിബി ജോസിന്റെയും , ജിനി ജോസിന്റെയും പിതാവ് പി എം മാത്യു ( തമ്പി ) നിര്യാതനായി . അദ്ദേഹത്തിന് 80 വയസായിരുന്നു. ഇരവിപേരൂര്‍ പീടികയില്‍ കുടുംബാംഗമാണ് പി എം മാത്യു. സംസ്കാരം നാളെ 4 മണിക്ക് സെൻറ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടക്കും. പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി ജിബിയും , ജിനിയും കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . ജൂബി , ജൂലി , ജിബി , ജിനി എന്നിവര്‍ മക്കളാണ് . ജോസ് അലക്സ് , മാത്യൂസ് ഇടുക്കുള , ഷാജി , ജെക്കുട്ടി എന്നിവര്‍ മരുമക്കളാണ്
പരേതന്റെ നിര്യാണത്തില്‍ ജി എം എ എക്സിക്യുട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . പി എം മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ദു:ഖം രേഖപ്പെടുത്തുന്നു.
സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അല്‍ അഹ്‌സയിലാണ് തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ഷോക്കേറ്റ് മരിച്ചത്. തമീമി കോണ്‍ട്രാക്ടിങ് കമ്പനിയിൽ ഇലക്‌ട്രീഷ്യനായ അന്‍വർ വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെ ജോലിക്കിടയിൽ ഷോക്കേൽക്കുകയായിരുന്നു.
മൃതദേഹം അല്‍ അഹ്‌സ ആശുപത്രിയിലാണുള്ളത്. 15 വര്‍ഷത്തോളമായി സൗദിയിലാണ് ജോലി. കൊടുങ്ങല്ലൂര്‍ ഏറിയാട് കറുകപ്പാടത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകനാണ് അന്‍വര്‍ ശമീം. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: തമന്ന, റന.
പ്രവാസലോകത്ത് തന്നെ ജീവിതാന്ത്യമായിരുന്നു പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൌസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ വിധി. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന സെയ്തലവി ആറര വർഷങ്ങൾക്കു മുമ്പ് മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു. കേസിൽ കോടതി സെയ്തലവിയ്ക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വേണ്ടുന്ന തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു.
അവിശ്വസനീയമാം വിധം വധശിക്ഷ വഴിമാറിയെങ്കിലും കുടുംബത്തെ കാണാനും നാടണയാനും സെയ്തലവിയ്ക്കു വിധിയുണ്ടായില്ല. ഇയ്യിടെയായി ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ – ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അവിടെ മരണപ്പെടുകയുമായിരുന്നു.
ജിദ്ദയിൽ രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെ എം സി സി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.
ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിയ്ക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ ഇവർക്ക് അറിവായിട്ടില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. അതേസമയം, മൊത്തം മൂന്നു വർഷം ശിക്ഷയാണെങ്കിൽ, ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിയ്ക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു; അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട്. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ മറ്റൊരു അലംഘനീയമായ വിധി സെയ്തലവിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.
വിഷ ഉറുമ്പ് കടിച്ചതിനെത്തുടർന്ന് റിയാദിൽ ചികിൽസയിലായിരുന്ന അടൂർ കരുവാറ്റ ‘ഫിലാഡൽഫി’യിൽ സൂസി ജെഫി (33) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. റിയാദിലെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം 19ന് ഉറുമ്പ് കടിച്ചതാണ്. തുടർന്ന് അവിടെ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ മരിച്ചതായാണ് വിവരം. തുമ്പമൺ സ്വദേശി ജെഫിയുടെ ഭാര്യയാണ്.
മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.
കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം.
ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ടുമായിരുന്ന രഞ്ജിത് കുമാറിന്‍റെ വേര്‍പാട് യുകെ മലയാളി സമൂഹത്തിന് കനത്ത ആഘാതമായി. സുഹൃത്തുക്കളും പരിചയക്കാരും എല്ലാം സ്നേഹപൂര്‍വ്വം രഞ്ജിത് ചേട്ടന്‍ എന്ന് മാത്രം വിളിച്ചിരുന്ന രഞ്ജിത് കുമാര്‍ യുകെയിലെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ പ്രാരംഭ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജിത് കുമാര്‍. അസോസിയേഷന്‍റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ രഞ്ജിത് കുമാര്‍ ഇക്കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മലയാളികളുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന രഞ്ജിത് കുമാര്‍ സൗമ്യമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.
യുക്മയുടെ പ്രാരംഭം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജിത്ത് കുമാര്‍ ആ നിലയില്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുക്മയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിനും അതീതനായി നില കൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പ്രിയ സുഹൃത്ത് ആയിരുന്നു രഞ്ജിത് കുമാര്‍. തന്‍റെ അസുഖത്തിനും ചികിത്സകള്‍ക്കും ഇടയില്‍ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാനും ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരെയും ഇടയ്ക്ക് ഫോണ്‍ വിളിച്ച് കുശലാന്വേഷണം നടത്താനും രഞ്ജിത് കുമാര്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.
തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന കേംബ്രിഡ്ജിലെ രഞ്ജിത് കുമാറിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാവുകയും ഇന്നു വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ആയിരുന്നു. 55 വയസ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം.
തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നില്ല. ഓരോ ദിവസങ്ങളിലായി മുഴുവന്‍ ശരീരാവയവങ്ങളെയും രോഗം ബാധിക്കുകയായിരുന്നു. അത് കിഡ്‌നിയെ കഴിഞ്ഞ ദിവസം ഗുരുതരമായി ബാധിക്കുകയും ന്യുമോണിയ ആവുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.
രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന രഞ്ജിത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പുകള്‍ യുകെ മലയാളികള്‍ക്ക് പ്രചോദനാത്മകമായി മാറിയിരുന്നു. രോഗാവസ്ഥയിലും സാമൂഹ്യ ബോധത്തില്‍ അടിയുറച്ചു നിന്ന രഞ്ജിത് കഴിഞ്ഞ യുക്മ തെരഞ്ഞെടുപ്പില്‍ വീണ്ടും ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രോഗം ഉണ്ടായപ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും നിലനിര്‍ത്തിയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുക്മ കലാമേളയില്‍ സദസിനിടയില്‍ നിന്നും വിളിച്ച് ആദരിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത ആയിരുന്നു.
തലച്ചോറില്‍ തുടരെയുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ 2015 ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അന്ന് സുഖം പ്രാപിച്ച് തിരിച്ചു വന്നപ്പോള്‍ ആറുമാസത്തെ ആയുസ് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, അതിനെ എല്ലാം അതിജീവിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം രഞ്ജിത് കുമാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രസന്നവദനനായി നടന്ന രഞ്ജിത്ത് ഇത്തവണ സുഖമില്ലാതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത എത്തുകയായിരുന്നു.
കടുത്ത തലവേദനയോടെയാണ് രഞ്ജിത്തിന് അസുഖം തുടങ്ങിയത്. ജോലിത്തിരക്കും സംഘടനാപ്രവര്‍ത്തനവുമായി ഓടിനടന്നിരുന്നതിനാല്‍ തലവേദന രഞ്ജിത്ത് കാര്യമായി എടുത്തിരുന്നില്ല. തലവേദനിക്കുമ്പോള്‍ പാരസെറ്റാമോളോ മറ്റെതെങ്കിലും വേദനാസംഹാരികളോ കഴിച്ച് ജോലികളില്‍ വ്യാപൃതനാവുകയായിരുന്നു രഞ്ജിത്തിന്റെ പതിവ്. എന്നാല്‍ തലവേദന കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതിനിടെ വയറ്റിലും കലശലായ വേദന തുടങ്ങി. തലവേദനയും വയറുവേദനയും കലശലായതോടെ രഞ്ജിത്തിനെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രഞ്ജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അടിയന്തര സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും നാലുദിവസം കഴിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ആശുപത്രിയിലെ തിരക്കുമൂലമാണ് ഓപ്പറേഷന്‍ വൈകിയത്. ഇതില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും രഞ്ജിത്തിന്റെ സ്ഥിതി വഷളാകാന്‍ കാരണമായെന്നാണ് അനുമാനം.
തുടര്‍ന്ന് ആദ്യ സര്‍ജറി നടത്തി സുഖംപ്രാപിച്ചു വരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇതിനാല്‍ അടുത്ത ദിവസം തന്നെ രണ്ടാമതും രഞ്ജിത്തിനെ ഓപ്പറേഷനു വിധേയനാക്കി. എന്നാല്‍ അതുകൊണ്ടും രക്തസ്രാവം നിലച്ചില്ല. അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടാകുകയും ഇതിനെതുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. അങ്ങനെ നിരവവധി ശസ്ത്രക്രിയകള്‍ക്കും സ്‌നേഹിതരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് രഞ്ജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും. രണ്ട് കുട്ടികളും ഉണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.
രഞ്ജിത് കുമാറിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 55 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ മൈനര്‍ അറ്റാക്കിനെ തുടര്‍ന്ന് ഭാര്യ പങ്കജ് താക്കൂറിനൊപ്പം വാഡയില്‍ വിശ്രമത്തിലായിരുന്നു. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു.
ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്സ് 2 എന്നിവയാണ് ഝാ വേഷമിട്ട പ്രധാനചിത്രങ്ങള്‍.
ബാഹുബലി താരം പ്രഭാസ് കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ചിത്രം സാഹോയില്‍ ഝാ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 12 നാണ് സാഹോ പുറത്തിറങ്ങുക.
ജിമ്മി ജോസഫ്, ഗ്ലാസ്ഗോ
ഗ്ലാസ്ഗോയിലെ ആദ്യകാല മലയാളി കുടിയേറ്റക്കരനായിരുന്ന ഡോ.ജോര്‍ജ്ജ് മേച്ചേരില്‍ നിര്യാതനായി. ഗ്ലാസ്ഗോ മലയാളികള്‍ സ്നേഹപൂര്‍വ്വം ജോര്‍ജ്ജ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന ഇദ്ദേഹം യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസ്സില്‍ യുകെയിലെത്തിയ ഡോ. ജോര്‍ജ്ജ് മേച്ചേരില്‍ യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ പരിചിതനും സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യവുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ഹെയര്‍മയെര്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ജോര്‍ജ്ജ് എഴുപതാം വയസ്സില്‍ മരണമടഞ്ഞത്.
ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാകേരളത്തിന്‍റെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഡോ. ജോര്‍ജ്ജ്. പഴയ തലമുറയില്‍ പെട്ട ആളുകളെ കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ച് നിര്‍ത്തുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. സ്കോട്ട്ലന്‍ഡിലെ പ്രഥമ മലയാളി സംഘടനയായ ക്ലൈഡ് കലാസമിതിയുടെ നേതൃത്വത്തിലും ഡോ. ജോര്‍ജ്ജ് പ്രവര്‍ത്തന നിരതനായിരുന്നിട്ടുണ്ട്.
സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ജോര്‍ജ്ജിന്‍റെ എന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഡോ. ജോര്‍ജ്ജിന്‍റെ ആഗ്രഹപ്രകാരം സംസ്കാര ശുശ്രൂഷകള്‍ കേരളത്തിലായിരിക്കും നടത്തുക. ഗ്ലാസ്ഗോ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം മണര്‍കാട് സെന്റ് മേരീസ് ഇടവകക്കാരനാണ് ഡോ. ജോര്‍ജ്ജ് മേച്ചേരില്‍. ഭാര്യ റീന ജോര്‍ജ്ജ്. മക്കള്‍ ഡോ. സിമി ജോര്‍ജ്ജ്, ഡോ. റയാന്‍ ജോര്‍ജ്ജ്.
ലൈംഗിക പീഡനാരോപണം നേരിട്ട ദക്ഷിണ കൊറിയൻ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയോംഗ്ജു സർവകലശാലയിൽ ഡ്രാമ വിഭാഗം അധ്യാപകൻ കൂടിയായ ജോ മിൻകി(52) ആണ് മരിച്ചത്. നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം മിൻകിക്കെതിരെ പരാതിയുമായി എട്ടു വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു മിൻകിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ മിൻകി വിദ്യാർഥിനികളോട് ക്ഷമ ചോദിച്ചിരുന്നു.
മീ ടൂ ഹാഷ് ടാഗ് കാമ്പയിന്റെ ചുവടുപിടിച്ചാണ് ദക്ഷിണ കൊറിയയിലും കലാരംഗത്തുമുള്ള നിരവധി പേർക്കെതിരെ പീഡനാരോപണം ഉയരുന്നത്.