Obituary

ലണ്ടന്‍ : എല്‍ദോ വര്‍ഗീസിന്  ടണ്‍ബ്രിഡ്ജ് മലയാളി സമൂഹം നാളെ വിട നല്‍കും. അപ്രതീക്ഷിതമായി എത്തിയ പനിയെയും ശാരീരികാസ്വാസ്ഥ്യങ്ങളെയും തുടര്‍ന്ന് മരണം വിളിച്ച ടണ്‍ബ്രിഡ്ജ് മലയാളി എല്‍ദോ വര്‍ഗീസിന് നാളെ യുകെയിലെ മലയാളി സമൂഹം വിട നല്കും. എല്‍ദോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വിട്ട് കിട്ടിയതോടെയാണ് പൊതുദര്‍ശനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശനിയാഴ്ച്ച സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം. യാക്കോബായ സഭയിലെ അച്ചന്‍മാരുടെ കാര്‍മികത്വത്തിലായിരിക്കും ശ്രുശ്രൂഷകള്‍ നടക്കുക. മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമായിരുന്നു എല്‍ദോയ്ക്ക് വിട നല്കാന്‍ മെയ്ഡ്സ്റ്റോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും നിരവധി മലയാളികൾ എത്തിച്ചേരും.

യുകെ മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്നതിന്റെ ആഘോഷങ്ങള്‍ക്കിടയായിരുന്നു എല്‍ദോയുടെ മരണവാര്‍ത്ത എത്തിയത്. രണ്ടു ദിവസമായി അനുഭവപ്പെട്ട പനിയെ തുടര്‍ന്ന് ഡോക്ടറെ കണ്ടു മരുന്നുകളും വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കുഴഞ്ഞു വീണാണ് എല്‍ദോ മരിച്ചത്. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുമ്പ് തന്നെ എല്‍ദോയുടെ മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ എല്‍ദോ കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ ജെസി എല്‍ദോ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആയും ജോലി ചെയ്യുകയാണ്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ എന്നിവര്‍ മക്കളാണ്.

അപ്പച്ചന്‍ കണ്ണഞ്ചിറ

ബെല്‍ഫാസ്റ്റ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുരസേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്‍ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ആതുരശുശ്രൂഷാ രംഗത്തെ വിശിഷ്ട സേവനത്തിന് എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്‌കാരവും ലഭിച്ചിട്ടുള്ള ഡോ. ജോര്‍ജ്ജ്, അര്‍ഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു. വര്‍ഷങ്ങളായി ഗോള്‍ഫ് കളിയോട് ഉണ്ടായിരുന്ന അതീവ താല്‍പര്യം സമീപകാലം വരെ പരേതന്‍ കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇടക്കാലത്തു വെച്ച് തന്നെ ആകര്‍ഷിച്ച തേനീച്ച വളര്‍ത്തലിലുള്ള ഹോബിയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രതികൂല കാലാവസ്ഥയിലും ഉത്സാഹപൂര്‍വ്വം നടത്തിപ്പോരുകയായിരുന്നു.

കഴിഞ്ഞ 49 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിച്ചുവന്നിരുന്ന ജോര്‍ജ്ജിന് ഹൃദയ സംബന്ധമായ രോഗമാണ് മരണ കാരണമായത്. പരേതന്‍ കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗമാണ്. കോഴിക്കോട് തിരുവമ്പാടി ഇളംതുരുത്തില്‍ കുടുബാംഗം ഡോ.മേരി ആണ് ഭാര്യ. ജോസഫ് (ഐറ്റി കണ്‍സല്‍ട്ടന്റ്) ഡോ.എലിസബത്ത് എന്നിവര്‍ മക്കളും ഡോ.ലീ റെയ്ലി മരുമകനുമാണ്.

ജനുവരി 26 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ബെല്‍ഫാസ്റ്റിലുള്ള ഡങ്കാനണ്‍ സെന്റ് പാട്രിക് ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രൂഷാ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. അന്ത്യോപചാര ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ദേവാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. മെഡിക്കല്‍-മലയാളി അസോസിയേഷനുകള്‍ ഡോ.ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

St.patrick’s Church, 1 Circular Rd, Dungannon BT71 6BE

പൂളില്‍ താമസിക്കുന്ന ചകിരിയില്‍ ഷാജി ജോസഫിന്‍റെ ഭാര്യ ജോളി ഷാജിയുടെ മാതാവ് നാട്ടില്‍ നിര്യാതയായി. താമരക്കാട് ഇടവക തോലംപ്ലാക്കില്‍ ഏലി കുര്യാക്കോസ് ആണ് മരണമടഞ്ഞത്. 85 വയസ്സ് ആയിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ആറു മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. തോലംപ്ലാക്കില്‍ കുര്യാക്കോസ് ആണ് ഭര്‍ത്താവ്.

യുകെയില്‍ താമസിക്കുന്ന ജോളി ഉള്‍പ്പെടെ ആറ് മക്കളാണ്. എല്‍സി, ജോസ്,ലിസി,ലില്ലി,ടോം, ജോളി എന്നിവരാണ്‌ മക്കള്‍. സംസ്കാരം പിന്നീട് താമരക്കാട് പള്ളിയില്‍.

യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കിക്കൊണ്ട് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ മലയാളി ഗൃഹനാഥന്‍ നിര്യാതനായി. ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന എല്‍ദോ വര്‍ഗീസ്‌ ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാതിരുന്ന എല്‍ദോയ്ക്ക് രണ്ട് ദിവസമായി കടുത്ത പനിയും അതെ തുടര്‍ന്നുള്ള അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ഭാര്യയോടൊപ്പം സര്‍ജറിയില്‍ പോയി ഡോക്ടറെ കണ്ട് തിരികെ വന്നതായിരുന്നു എല്‍ദോ.

എല്‍ദോ വര്‍ഗീസ്‌

എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ കുഴഞ്ഞു വീണ എല്‍ദോ അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുന്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഏറണാകുളം പെരുമ്പാവൂര്‍ ഐരാപുരം സ്വദേശിയാണ് എല്‍ദോ വര്‍ഗീസ്‌. ഭാര്യ ജെസി എല്‍ദോ. രണ്ട് മക്കള്‍ ആണ് ഇവര്‍ക്ക്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ.

കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു എല്‍ദോ ജോലി ചെയ്തിരുന്നത്. ഭാര്യ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആണ്. ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളികള്‍ മിക്കവരും തന്നെ എല്‍ദോയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

എല്‍ദോയുടെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.

സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രന്‍ നായര്‍. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര്‍ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടു.

2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വീണ്ടും കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് നറുക്ക് വീണു. 7983 വോട്ടുകള്‍ക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു.

ശാസ്ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനനായി സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ബൈക്ക് മിനിലോറിയിലിടിച്ച്‌ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അടൂര്‍ ഏഴംകുളം മാങ്കുളം സ്വദേശി ചാള്‍സ് , കൈതപ്പറമ്ബ് സ്വദേശി വിശാഭ് അടൂര്‍ ഏനാത്ത് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്.  ഏഴംകുളം നെടുമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. 16 വയസുള്ള ഇവര്‍ ഒരു ക്ലാസില്‍ പഠിക്കുന്നവരാണ്. ഞായറാഴ്ച രാത്രി 12.30 ഓടെ അടൂര്‍ വടക്കടത്ത് കാവ് എം സി റോഡില്‍ കിളിവയലില്‍ ആയിരുന്നു അപകടം. തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ച്‌ മടങ്ങിയ വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ വരുന്ന വഴി മിനിലോറിയില്‍ ഇടിക്കുകയായിരുന്നു’തമിഴ്നാട് മര്‍ത്താണ്ഡത്തു നിന്നും വന്ന മിനിലോറിയിലാണ് ഇടിച്ചത്. മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തി.

സ്വന്തം ലേഖകന്‍

ബെര്‍മ്മിംഗ്ഹാം  : എര്‍ഡിംഗ്ടണില്‍ താമസിക്കുന്ന കുട്ടനാട്  –  പുതുക്കരി സ്വദേശി ബിജു കൊച്ചുതെള്ളിയുടെയും , ബീന ബിജുവിന്റെയും പിതാവ് ജോയിച്ചന്‍ ( 77 ) നാട്ടില്‍ വച്ച് നിര്യാതനായി . രണ്ട് ദിവസം മുന്‍പ് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജോയിച്ചന് അടിയന്തിര ചികിത്സ നല്‍കിയിരുന്നു . ചികിത്സയിലായിരുന്ന ജോയിച്ചന്‍ ഇന്നു രാവിലെ 11 : 30 യോടാണ്  അന്തരിച്ചത് . ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാനായി ബിജുവും കുടുംബവും നാളെ നാട്ടിലേയ്ക്ക് തിരിക്കും . ശവസംസ്കാരം പുതുക്കരി സെന്റ്‌ സേവ്യേര്‍സ് ദൈവാലയത്തില്‍ വച്ച്  ഞായറാഴ്ചയോ അല്ലെങ്കില്‍ തിങ്കളാഴ്ചയോ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ബിജുവിന്റെ ബന്ധുമിത്രാദികള്‍ നടത്തികൊണ്ടിരിക്കുകയാണ് .

യുകെയിലെ സീറോമലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ബിജു കൊച്ചുതെള്ളിയാണ് . അതോടൊപ്പം എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളുമാണ്  ബിജുവും കുടുംബവും.

പരേതയായ മേരിക്കുട്ടി ജോസഫാണ് ജോയിച്ചന്റെ ഭാര്യ . വത്സമ്മ ഷാജി , സാലിമ്മ റ്റിറ്റു , റോയി കൊച്ചുതെള്ളിയില്‍ , മിനി കൊച്ചുതെള്ളിയില്‍ , ബിജു കൊച്ചുതെള്ളിയില്‍, ജയന്തി ബാബു എന്നിവര്‍ മക്കളാണ് . ഷാജി , റ്റിറ്റു , റോസിലി , ഡെയിസി, ബീന , ബാബു എന്നിവര്‍ മരുമക്കളാണ്.

പിതാവിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്ഥരായ ബിജുവിന്റെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ മലയാളം യുകെ ന്യുസ് ടീമും പങ്കുചേരുന്നു.

 

കില്‍കോക്ക്:  ‘നാളെ നമുക്ക് കാണാം,വരുമല്ലോ?’ പ്രത്യാശയോടെ മനോജ് സക്കറിയ ആ വാക്കുകള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കില്ല അതിനും മുമ്പേ സ്വര്‍ഗ്ഗീയ മാലാഖമാര്‍ തന്നെ നിത്യതയുടെ തീരത്തേക്ക് കൂട്ടാനെത്തുമെന്ന്….നിറഞ്ഞ പ്രതീക്ഷയോടെ അയര്‍ലണ്ടിന്റെ സ്വപ്നഭൂമിയിലെത്തിയ കോട്ടയം ചിങ്ങവനം സ്വദേശിയായ കില്‍കോക്കിലെ മനോജ് സക്കറിയ എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമായിരുന്നു ആ സന്ദേശം അയച്ചത്.

അയര്‍ലണ്ടിലെ ഹെവന്‍ലീ ഫീസ്റ്റ് കൂട്ടായ്മയുടെ പാസ്റ്റര്‍ നൈജു ഡാനിയേലിനെ സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മനോജ് സന്ദേശം അയച്ചത്. മനോജും മക്കളും അയര്‍ലണ്ടില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കില്‍കോക്കിലെ ഇവരുടെ ഭവനത്തില്‍ ഒരു പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്താമെന്ന് നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. അതനുസരിച്ച് ഇന്നലെയായിരുന്നു ആ പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നത്. ഏറെപേരെ ആ യോഗത്തിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തിരുന്നു. മരണത്തിലെയ്ക്കാണ് താന്‍ പോവുന്നതെന്ന് അറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഫോണ്‍ സന്ദേശത്തിലൂടെ പാസ്റ്റര്‍ നൈജുവിനോടും നടത്തിയത്. പക്ഷേ ആ പുതിയ തുടക്കത്തിനും അനുഗ്രഹം തേടിയുള്ള അര്‍ത്ഥനയ്ക്കും മുമ്പേ മനോജിനെ സ്വന്തം സന്നിധിയിലേക്ക് വിളിയ്ക്കാനായിരുന്നു ദൈവത്തിനിഷ്ടം.

സൗദിയില്‍ വര്‍ഷങ്ങള്‍ കൂട്ടിവെച്ച സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ചതിനൊപ്പം ബാങ്ക് വായ്പ കൂടിയെടുത്താണ് കൂരോപ്പടയില്‍ സ്വന്തമായി ഒരു കൊച്ചു വീട് മനോജ്‌ പണിതത്. കഴിഞ്ഞ വര്‍ഷം വീടിന്റെ കേറിത്താമസം കഴിയുമ്പോള്‍ തന്നെ അയര്‍ലണ്ടിലേക്കുള്ള ജോലി ഏതാണ്ട് ഉറപ്പാക്കിയിരുന്നു. നല്ല കാലത്തിന്റെ ആ സ്വപ്‌നം കൂടി കണ്ടുകൊണ്ടാണ് ബാങ്ക് ലോണ്‍ എടുത്തത്.

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ വിട്ട് അയര്‍ലണ്ടിലേക്ക് പോരുമ്പോള്‍ ഷിജിയും പ്രതീക്ഷിച്ചത് ഭര്‍ത്താവിനെയും, മക്കളെയും എത്രയും വേഗം കൂട്ടി ഇവിടെയെത്താമെന്നാണ്. അങ്ങനെ ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മനോജും, മക്കളും ഡിസംബര്‍ 27 ന് അയര്‍ലണ്ടില്‍ എത്തിയത്. ഒരു പകലിന് ശേഷം വീണ്ടും ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ആ വിശ്രമദിനത്തിന്റെ അവസാനമാണ് മനോജ് നിത്യവിശ്രമത്തിലേയ്ക്ക് യാത്രയായത്.

മക്കളായ പത്തുവയസുകാരി മിക്ക എലിസബത്തിനെയും, സാവിയോ സക്കറിയായെയും (5 വയസ്) തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഇനിയും വിശ്വസിക്കാനായിട്ടില്ല ഷിജിയ്ക്ക്. അസ്വസ്ഥതകള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. കാലാവസ്ഥാവ്യത്യാസത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് എന്നാണ് അവര്‍ കരുതിയത്. ഒറ്റനോട്ടത്തില്‍ കുഴപ്പങ്ങള്‍ ഒന്നും കാണാനും ഇല്ലായിരുന്നു. പുലര്‍ച്ചെ അടുക്കളയിലേയ്ക്ക് വെള്ളമെടുക്കാന്‍ പോയ മനോജ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

അയര്‍ലണ്ടിലെ മലയാളികള്‍ ഇന്നലെ ദിവസം തുടങ്ങിയത് ആ ദുഃഖവാര്‍ത്ത അറിഞ്ഞു കൊണ്ടായിരുന്നു. ഈ മനോഹരനാട്ടില്‍ ജീവിതം തുടങ്ങാനെത്തിയ മലയാളി സഹോദരന്റെ നിര്യാണവാര്‍ത്ത ഏവരെയും ഞെട്ടിച്ചു.

കില്‍കോക്കിലെ മലയാളി സമൂഹം മാത്രമല്ല, ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ അജ്ഞാതനായ ആ സുഹൃത്തിന്റെ വിയോഗമറിഞ്ഞു പാഞ്ഞെത്തിയിരുന്നു. മനോജും കുടുംബവും ഉള്‍പ്പെട്ട ഹെവന്‍ലീ ഫീസ്റ്റ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളും തന്നെ കില്‍കോക്കിലെത്തിയിരുന്നു. സംഘടനാ പ്രതിനിധികളും, മത സാംസ്‌കാരികനേതാക്കളും ആ കുടുംബത്തിന് ആശ്വാസവുമായെത്തി. പാസ്റ്റര്‍ നൈജു ഡാനിയേലിന്റെയും,  പാസ്റ്റര്‍ ബിനിലിന്റേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തപ്പെട്ടു. വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യനും സാന്ത്വനവുമായെത്തി.

ഈ വിദൂരദേശത്ത് ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സമാശ്വാസം ആ കുടുംബത്തെ ഒട്ടൊന്നുമല്ല ആശ്വസിപ്പിച്ചത്. കൈയ്യിലും,ബാങ്കിലുമെല്ലാം ഉണ്ടായിരുന്ന പണമെല്ലാം കൂട്ടിവെച്ചാണ് അയര്‍ലണ്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്.  ആ കുടുംബത്തിന്റെ അപ്രതീക്ഷിത ദുഃഖത്തിലും നഷ്ടത്തിലും, മനസറിഞ്ഞു സഹായിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍  വളരെ പെട്ടന്ന് തന്നെ തയാറെടുക്കുകയാണ്. ഫ്യുണറല്‍ ഹോമിന്റെ ചിലവുകളിലേയ്ക്കും,നാട്ടിലേക്കുള്ള യാത്രയ്ക്കും ,സംസ്‌കാര ചടങ്ങുകള്‍ക്കും മാര്‍ഗം കണ്ടെത്തണമെന്ന ഉദ്ദേശ്യമെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഷിജിമോള്‍ എവിടെ നിന്നും ഇതൊക്കെ പെട്ടന്ന് എങ്ങനെ കണ്ടെത്തും ?

സഹായിക്കേണ്ടത് അയര്‍ലണ്ടിലെ മലയാളി സമൂഹമാണ് എന്ന തിരിച്ചറിവിലാണ് ഷിജിമോളുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കില്‍കോക്കിലെ മലയാളികളും, വിവിധ സാമൂഹ്യപ്രവര്‍ത്തകരും, സംഘടനകളും രംഗത്തിറങ്ങുന്നത്. പാസ്റ്റര്‍ നൈജു ഡാനിയേല്‍ ,വിനോദ് ഓസ്‌കാര്‍, ചില്‍സ് കുര്യാക്കോസ്,വിധു സോജിന്‍ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു താത്കാലിക സംവിധാനം ഈ ആവശ്യത്തിലേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രതിസന്ധിയിലും സങ്കടത്തിലും അലയുന്ന മനോജിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക് താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണ്.

Shijimol Thomas
IBAN -IE93AIBK93320134398056 .
BIC-AIBKIE2D.

കില്‍ഡെയര്‍ :അയര്‍ലണ്ടിലെ കില്‍ഡെയറിലെ കില്‍കോക്കില്‍ മലയാളി യുവാവ് മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.കോട്ടയം ചിങ്ങവനം സ്വദേശി മനോജ് സക്കറിയ   (37) എന്നയാളാണ് മരണപ്പെട്ടത്.

ഡിസംബര്‍ 27 നാണ് മനോജ് അയര്‍ലണ്ടില്‍ ആദ്യമായി എത്തിയത്. ന്യൂമോണിയ ബാധിതനായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി അടുക്കളയില്‍ വെള്ളം കുടിയ്ക്കാനെത്തിയ മനോജ് അവിടെ കുഴഞ്ഞു വീഴുകയായായിരുന്നു എന്നാണ് നിഗമനം. ഭാര്യ ഷിജി കില്‍കോക്കിലെ പാര്‍ക്ക് ഹൌസ് നഴ്സിംഗ് ഹോമിലെ നഴ്സാണ്. ആറ് മാസം മുമ്പാണ് ഷിജിയും ഇവിടെ ജോലിക്കെത്തിയത്.

മനോജിന്റെ ആകസ്മിക നിര്യാണവാര്‍ത്ത അറിഞ്ഞു കില്‍കോക്കിലെ മലയാളികളെല്ലാം തന്നെ ഇവരുടെ ഭവനത്തില്‍ എത്തിയിട്ടുണ്ട്. കില്‍കോക്ക് പള്ളിയിലെ ക്യുറേറ്ററും,വോയിസ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടറുമായ ഫാ.ജോര്‍ജ് അഗസ്റ്റിന്‍ ഓഎസ്ബിയും സ്ഥലത്തെത്തിയിരുന്നു.

ഗാര്‍ഡ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

 

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച കാര്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് അബ്ദുള്‍ റഹീമിന്റെ കാറില്‍ ഇടിച്ചായിരുന്നു അപകടം. ഓക്ലാന്‍ഡില്‍ പഠിക്കുകയായിരുന്ന അബ്ദുള്‍ റഷീദ്
പഠനത്തിനൊപ്പം ഡ്രൈവറായും ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി വാഹനത്തില്‍ പോകുമ്പോഴാണ് അമിത വേഗത്തില്‍ സിഗ്‌നല്‍ മറികടന്നെത്തിയ കാര്‍ റഷീദിന്റെ കാറില്‍ ഇടിച്ചു കയറിയത്. റഷീദിന്റെ കാര്‍ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അബ്ദുള്‍ റഷീദിന്റെ ബന്ധുവായ ഫൈസലാണ് മരണ വിവരം അറിയിച്ചത്. ഹൈദരബാദിലെ ചഞ്ചല്‍ഗുഡ മേഖലയിലാണ് അബ്ദുള്‍ റഷീദിന്റെ കുടുംബം താമസിക്കുന്നത്.

അബ്ദുള്‍ റഷീദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഫൈസല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ എംബസിയിലും സഹായം അഭ്യര്‍ഥിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കാന ബിജെപി പ്രസിഡന്റ് കെ. ലക്ഷ്മണനും സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Copyright © . All rights reserved