ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ സങ്കട കണ്ണീരിലാക്കി അകാലത്തിൽ വിടപറഞ്ഞ ഷൈജു സ്കറിയ ജെയിംസിന്റെ (37) പൊതുദർശനം സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വെറും മുപ്പത്തിയേഴാമത്തെ വയസ്സിൽ വിടപറഞ്ഞ ഷൈജുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നത്. കണ്ണീരോടെ മൃതദേഹത്തിനരികിൽ നിൽക്കുന്ന ഭാര്യ നിത്യയുടെയും മക്കളുടെയും ദൃശ്യങ്ങൾ ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു . പ്ലൈമൗത്ത് സെന്റ് പീറ്റേഴ്സ് ഇടവക വികാരിയും സീറോ മലബാർ സഭ വൈദികനുമായ ഫാ. ടെറിൻ മുളക്കരയാണ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചത്.
മെയ് 13-ാം തീയതി ശനിയാഴ്ച ഷൈജുവിന്റെ മൃതദേഹം രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. വൈകിട്ട് 3. 30 -ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം സെൻറ് ആൻറണീസ് പള്ളിയിൽ സംസ്കാരം നടക്കും.
രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. ഏപ്രിൽ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു പ്ലേ മൗത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടർന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്ലെറ്റിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ) മക്കൾ: ആരവ്, അന്ന. പുന്നവേരി മുളയമ്പവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ) ജോളിമ്മ (നടുവിലേപറമ്പിൽ ) എന്നിവരാണ് അന്തരിച്ച ഷൈജുവിൻെറ മാതാപിതാക്കൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കയ്യൂർ കല്ലറങ്ങാട്ട് കെ എം മാത്യു (97) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും.
മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കെ എം മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ചങ്ങനാശ്ശേരി: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസ്സോസിയേഷൻ (sma) യുടെ പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസിന്റെ സഹോദരി പുത്രി മരണമടഞ്ഞു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ കരീന ജോൺ (14) ആണ് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്.
ചങ്ങനാശ്ശേരി ഫാത്തിമാപുരം ആണ് സ്വദേശം. ബൈജു ജോൺ – ബിൻസി ദമ്പതികളുടെ രണ്ട് കുട്ടികളിൽ ഇളയ ആള് ആണ് പരേത. കരീനയുടെ സഹോദരൻ കെന്നി ജോസഫ് യുകെയിലെ സീ സൈഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ബാംഗ്ലൂർ ആയിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. രണ്ട് ദിവസം മുൻപ് ഉണ്ടായ പനിയെ തുടർന്ന് ആശുപത്രിയിൽ ചികിസയിൽ ഇരിക്കെ ചെസ്റ് വേദനയുണ്ട് എന്ന് കരീന പറഞ്ഞുവെങ്കിലും അത് കാര്യമായി എടുത്തില്ല. പെട്ടെന്ന് തന്നെ കരീന ശർദിക്കുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി മരണപ്പെടുകയാണ് ഉണ്ടായത്.
ശവസംക്കാരം സംബന്ധിച്ച കാര്യം തീരുമാനം ആയിട്ടില്ല. കരീനയുടെ അകാല വേർപാടിൽ ഹൃദയം നുറുങ്ങി വേദനക്കുന്ന മാതാപിതാക്കളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈസ്റ്റ്ഹാം: ലണ്ടൻ ഈസ്റ്റ്ഹാമിൽ താമസിക്കുന്ന തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് (49) നിര്യാതയായി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗംമൂലം ഏറെ നാളുകളായി പോരാടിയ ഷെർലിനെ അപ്രതീക്ഷിതമായിട്ടാണ് മരണം കവർന്നത്. ഏറെക്കുറെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വിശ്രമത്തിലിരിക്കെയാണ് ദാരുണമായ സംഭവം. എന്നാൽ ഇതിനിടയിൽ രോഗം വീണ്ടും വർദ്ധിക്കുകയും, തുടർന്ന് വയ്യാതെ ആകുകയും ആയിരുന്നു.
തിരുവനന്തപുരം വലിയവേളി സ്വദേശിയായ ജെറാൾഡ് ജെറോമാണ് ഭർത്താവ്. മൂന്ന് മക്കൾ ഉണ്ട്. ഇവർ മൂന്നും നാട്ടിലാണ് താമസിക്കുന്നത്. ഇവർ മൂവരും എത്തിയ ശേഷം യുകെയിൽ തന്നെ സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
ഷെർലിൻ ജെറാൾഡിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യ (36) വാഹനാപകടത്തിൽ മരിച്ചു . ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ രമ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ . പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ മൃതദേഹം സംസ്കരിക്കും.
രമ്യയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ അപകടത്തിൽ 3 വിദ്യാർഥികൾ മരിച്ചു . കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിയുകയായിരുന്നു . 3 പേർക്കു ഗുരുതര പരുക്ക് പറ്റി. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്ഷനു സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. താഴ്ചയിലെ പ്ലാവിൽ കാർ വന്നിടിച്ച് പ്ലാവ് രണ്ടായി മുറിഞ്ഞു പോയി.
ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോൺ. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ: ജിസ് (യുകെ),ജിസൻ. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരൻ: ജസ്റ്റിൻ (യുകെ)
രാമപുരം ഇടിയനാൽ പാണംങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45 ) അപകടത്തിൽ മരിച്ചു. മാനത്തൂരിൽ നിന്നും ചെറുകുഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 6.30ന് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
പാലായിൽ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാറും ചെറു കുഞ്ഞിയിൽ നിന്നും ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്നു സ്കൂട്ടറുമാണ് ഇടിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സജുവിനെ (48) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടെ ഉണ്ടായിരുന്ന മകൻ ഇവാൻ (10) റോഡിലേയ്ക്ക് എതിരെ വന്ന മറ്റൊരു വാഹനത്തിന്റെ അടിയിൽ പെടുകയും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ബെഹറിനിൽ ജോലി ചെയ്തിരുന്ന സജുവും, സ്മിതയും ഏതാനും മാസങ്ങളെ ആയുള്ളൂ നാട്ടിൽ വന്നിട്ട് . സ്മിത ഈരാറ്റുപേട്ട പുളിക്കക്കുന്നേൽ കുടുംബാംഗമാണ്.
ലീഡ്സ്/ വെയിക്ഫീൽഡ്: ഇരട്ടി നൊമ്പരമായി യുകെ പ്രവാസി മലയാളികൾ. ഇന്ന് ഉച്ചക്ക് മരിച്ച ചിചെസ്റ്റർ മലയാളി നഴ്സായ റെജി ജോണി മരിച്ച വാർത്ത യുകെ മലയാളികൾ അറിഞ്ഞു വരുന്നതിനകം തന്നെ വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുടെ (48) മരണവാർത്ത അക്ഷരാർത്ഥത്തിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഠിന ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 7.45pm ന് ചികിത്സയിൽ ഇരിക്കെ മഞ്ജുഷ് മാണി വിടപറഞ്ഞത്. ഇവിടെയും വില്ലൻ ക്യാൻസർ തന്നെ.
ഭാര്യ – ബിന്ദു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ആൻ മേരി, അന്ന എന്നിവർ യഥാക്രമം എ ലെവലിനും പത്താം ക്ളാസ്സിലും പഠിക്കുന്നു.
യുകെയിലെ തന്നെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ മോറിസണിലെ കെയിറ്ററിങ് ഡിപ്പാർട്മെന്റ് മാനേജർ ആയിട്ടാണ് പരേതൻ ജോലി ചെയ്തിരുന്നത്. രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എങ്കിലും കുടുംബത്തോടോ, കൂട്ടുകാരോട് പോലും ഈ കാര്യം പങ്ക്വെച്ചിരുന്നില്ല. എന്നാൽ തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതം കൃത്യമായി മുന്നോട്ട് പോകാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും നടത്തുകയായിരുന്നു മഞ്ജുഷ്. ഇതിനിടയിൽ ചികിത്സകളും മറ്റും കൃത്യമായി ചെയ്തു പോന്നു. ഈ കാര്യങ്ങൾ എല്ലാം തിരിച്ചറിയുന്നത് പിന്നീട് ആയിരുന്നു എന്ന് മാത്രം.
എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ലീഡ്സ് ഇടവക വികാരിയായ ഫാദർ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം അരികെ നിൽക്കുമ്പോൾ ആണ് മഞ്ജുഷ് മരണമടഞ്ഞത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്കാരം നടത്തുന്നത്. പരേതന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ : ചിചെസ്റ്ററിൽ മലയാളി നഴ്സിന്റെ മരണം. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ NHS ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്സാണ് ജോലി ചെയ്തിരുന്ന റെജി ജോണിയാണ് (49) അല്പം മുൻപ് മരണമടഞ്ഞിരിക്കുന്നത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.
കഴിഞ്ഞ വർഷം 2022 മെയ് മാസത്തിലാണ് സാധാരണപോലെ ആശുപത്രിയിൽ ജോലി ചെയ്യവേ റെജിക്ക് ഒരു ചെസ്റ് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വൈദ്യസഹായം ലഭിക്കുകയും ചെയ്തിരുന്നു. കോവിഡിന് ശേഷം ഉണ്ടായ ഈ വേദന കോവിഡിന്റെ പരിണിതഫലമാണ് എന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ തുടന്ന് നടന്ന പരിശോധനകളിൽ ക്യാൻസർ ആണ് എന്നുള്ള വസ്തുത മനസ്സിലാക്കുന്നത്.
പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേ രോഗം തിരിച്ചറിഞ്ഞു ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപേ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.
റെജിയുടെ ശവസംസ്കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും. യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. പരേതയായ റെജിയുടെ മൂത്ത സഹോദരനാണ് ഈ വിവരം മലയാളം യുകെയുമായി വേദനയോടെ പങ്കുവെച്ചത്.
മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.
റെജിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
റെജിയുടെ സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പുകൂടി വായിക്കാം..
റെജീ ,നീയും കാണാമറയത്ത് പോയി മറഞ്ഞല്ലോ ? നമ്മൾ 50 പേരിൽ ഓരോരുത്തരായി യാത്ര ആവുകയാണ് എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ലെടാ .2022 June 24 ന് രണ്ടാഴ്ചത്തേക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണണം എന്ന് പറഞ്ഞ് May 10th ന് ticket എടുത്തപ്പോൾ തന്നെ എൻ്റെ Leave ok ആക്കണമെന്ന് വിളിച്ച് പറഞ്ഞ നീ ,പിന്നീടുള്ള സംസാരങ്ങൾ എല്ലാം നമ്മളുടെ കണ്ടുമുട്ടലുകളെ കുറിച്ചായിരുന്നു ,പക്ഷേ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീ നടത്തിയ പരിശോധനയിൽ May 26 ന് ആണ് CA Liver Secondary ആണെന്ന സത്യാവസ്ഥ മനസ്സിലായത് ,ആദ്യത്തെ കുറെ ദിവസം മനസ്സ് വേദനിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം കരകയറി ,വീണ്ടും നമ്മുടെ സംസാരങ്ങൾ പഴയത് പോലെ ആയി ,നാട്ടിൽ വരണം എല്ലാവരെയും കണ്ട് പോരണം എന്ന് February വരെ നീ ആഗ്രഹിച്ചിരുന്നു ,പക്ഷേ March ആയപ്പോഴേക്കും നിൻ്റെ ആരോഗ്യനില മോശമായി തുടങ്ങി ,എന്നിരുന്നാലും നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ,ദൈവം നല്ല മനുഷ്യരെ അധികകാലം ഭൂമിയിൽ നിർത്തില്ല ,അവരെ നേരത്തേ ദൈവസന്നിധിയിലേക്ക് വിളിക്കും ആകൂട്ടത്തിൽ നിന്നെയും വിളിച്ചു. മിനിമം ഒന്നര മണിക്കൂർ ആയിരുന്നു നമ്മുടെ ഫോൺ സംഭാഷണം ,എടീ എന്നാട്ടടീ വിശേഷം എന്ന നിൻ്റെ ചോദ്യം ഇനി എങ്ങനെ ഞാൻ കേൾക്കും .വീണ്ടും കണ്ട് മുട്ടും വരെ പ്രിയകൂട്ടുകാരി നിനക്കും വിട 🙏🙏😪😪 അമ്മുവിനും ജോണിക്കും സങ്കടകരമായ ഈ അവസ്ഥ തരണം ചെയ്യാൻ ജഗദീശരൻ ശക്തി നല്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു